Global block

bissplus@gmail.com

Global Menu

സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറിയുമായി അനന്തപുരിയിലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ

രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളിൽ തലസ്ഥാനഗരിയുടെ സ്ഥാനം പരമപ്രധാനമാണെന്ന കാര്യം എടുത്തുപറയേണ്ടതില്ല. അനന്തപുരിയുടെ സാംസ്‌കാരിക വിഹായസ്സിലെ നക്ഷത്രമാണ്  നന്തൻകോട് നളന്ദയിൽ  2.06 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവൻ. 2001 ജനുവരി 7-ാം തീയതി ഈ വിവിധോദ്ദേശ്യ സാംസ്‌കാരിക സമുച്ചയം  രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ടു. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണാർത്ഥമാണ് ഈ സാംസ്‌കാരിക സമുച്ചയത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ എന്ന് നാമകരണം ചെയ്തത്. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിവിധോദ്ദേശ്യ സാംസ്‌കാരിക സമുച്ചയംകഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സാംസ്‌കാരിക രംഗത്തെ സജീവ ഇടപെടലുകളിലൂടെ അനന്തപുരിയുടെ സാംസ്‌കാരിക മണ്ഡലത്തിൽ നക്ഷത്രമായി തിളങ്ങി നിൽക്കുന്നു.  കേരളീയ വാസ്തുവിദ്യാ പാരമ്പര്യത്തിൽ തീർത്ത പടിപ്പുര, കൂത്തമ്പലം, കൽമണ്ഡപം, നൃത്തമണ്ഡപം, രാകേന്ദു ഓപ്പൺ എയർ ആഡിറ്റോറിയം, എയർ കണ്ടീഷൻഡ് കോൺഫറൻസ് ഹാൾ, ടി.കെ.രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാല, ഡോർമിട്രി തുടങ്ങി സമുച്ചയത്തിലെ മുഴുവൻ വേദികളും കാഴ്ചക്കാരിൽ കൗതുകവും ആകർഷണവും ഉണർത്തുന്നതാണ്.
വിശാലമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ
സാംസ്‌കാരികവും ചരിത്രപരവുമായ വസ്തുവകകൾ ശേഖരിച്ച് സംരക്ഷിച്ച് പ്രദർശനവും ബോധവൽക്കരണവും നടത്തുക, പരമ്പരാഗത ചിത്രകല, ശില്പകല, സംഗീതം, മോഡലിംഗ് തുടങ്ങിയവയിൽ പരിശീലനം നേടുന്നവരെ പ്രോത്സാഹിപ്പിക്കുക, സാംസ്‌കാരിക രംഗത്തെ വിവിധ സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക, അന്തർ സംസ്ഥാന സാംസ്‌കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ സാംസ്‌കാരിക പരിപാടികൾക്ക് വേദി ഒരുക്കുക, വ്യത്യസ്ത കലാരൂപങ്ങളുടെ ആചാര്യന്മാരെ ആദരിക്കുക തുടങ്ങി വിശാലമാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ. കേരളത്തിനകത്തും  പുറത്തും ഉള്ള അസംഖ്യം കലാരൂപങ്ങൾക്ക് ഇതിനോടകം വേദി ഒരുക്കിയ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ ഇന്നും ജാഗ്രതയോടെ അതിന്റെ യാത്ര തുടരുന്നു.
ക്ഷേത്രകലകൾ, ശാസ്ത്രീയ കലകൾ, അനുഷ്ഠാനകലകൾ, ആദിവാസി കലകൾ തുടങ്ങി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ നമ്മുടെ കലാപൈതൃകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും ഒപ്പം കലാകാരന്മാർക്ക് തലസ്ഥാനത്ത് ഒരു വേദി നൽകി ആദരിക്കുവാനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന് കഴിയുന്നുണ്ട്. നാനാത്വത്തിൽ ഏകത്വം കണ്ടെത്തുന്ന ഇന്ത്യയുടെയും അതിന്റെ ഭാഗമായ  കേരളത്തിന്റെയും സാംസ്‌കാരിക ഉണർവിനെ ഉത്തേജിപ്പിക്കുകയും പരിപോഷിപ്പിക്കുകയും വരുംതലമുറകൾക്കായി സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്  വിവിധോദ്ദേശ്യ സാംസ്‌കാരിക സമുച്ചയത്തിന്റെ (വൈലോപ്പിള്ളി സംസ്‌കൃതിഭവൻ) പ്രധാന ലക്ഷ്യം.  
സാംസ്‌കാരിക പോഷണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ചെയ്യുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയിലൂന്നിയ സാംസ്‌കാരിക ശീലങ്ങൾ സമൂഹത്തിൽ വളർത്തിയെടുക്കാനും  ഉതകുന്ന പ്രവർത്തനങ്ങൾ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിവരുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ രൂപം കൊള്ളുന്ന കലാ-സാംസ്‌കാരിക കൂട്ടായ്മ നാടിന്റെ സംസ്‌കാര നിർമിതിയിലും വളർച്ചയിലും വലിയ സംഭാവന നൽകുന്നുണ്ട്.
കുറ്റമറ്റ ഭരണസംവിധാനം
ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പു മന്ത്രിസജി ചെറിയാൻ ചെയർമാനായും ഗ്രാൻഡ് മാസ്റ്റർ  ജി. എസ്. പ്രദീപ് വൈസ് ചെയർമാനായും  പി.എസ്. മനേക്ഷ് സെക്രട്ടറിയായുമുളള, അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. ശശിതരൂർ എം,പി,. സാംസ്‌കാരിക വകുപ്പു സെക്രട്ടറി, സാംസ്‌കാരികവകുപ്പ് ഡയറക്ടർ തുടങ്ങി സാംസ്‌കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ ഉൾപ്പെട്ട 18 അംഗ ഭരണസമിതിയാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കെട്ടിലും മട്ടിലും പ്രൗഢഗംഭീരം
പടിപ്പുര മുതൽ എയർ കണ്ടീഷൻഡ് ഡാൻസ് & മ്യൂസിക് ഹാൾ വരെ കെട്ടിലും മട്ടിലും സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അനുഗുണമായാണ് വൈലോപ്പിളളി സംസ്‌കൃതി ഭവൻ ഒരുക്കിയിരിക്കുന്നത്. സംസ്‌കൃതി ഭവന്റെ അകക്കാഴ്ചകളിലൂടെ........
വാസ്തുശില്പകലയുടെ ഉദാത്തമാതൃകയായി പടിപ്പുര
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ  പ്രധാന കവാടമായി തലയെടുപ്പോടുകൂടി സന്ദർശകരെ സ്വീകരിക്കുന്നത് പടിപ്പുരയാണ്. തടികൊണ്ട് നിർമ്മിച്ച പടിപ്പുര 1400 ച. അടി വിസ്തീർണ്ണമുള്ള ഇരുനിലകെട്ടിടമാണ്. കേരളീയ വാസ്തുശില്പകലയുടെ ഉത്തമമാതൃകയായ ഈ പടിപ്പുര പത്മനാഭപുരം കൊട്ടാരത്തിന്റെ പടിപ്പുരയോട് സാമ്യമുള്ളതാണ്. കേരളീയ വാസ്തുശില്പ മാതൃകയിലുള്ള സമുച്ചയത്തിന്റെ പടിപ്പുരയിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണ നിലനിറുത്തുന്നതിന് അദ്ദേഹം  ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടുത്തി ഒരു സാങ്കല്പിക എഴുത്തുമുറി സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം പ്രശസ്ത വാദ്യകലാകാരൻ പല്ലാവൂർ അപ്പുമാരാരുടെ വാദ്യോപകരണങ്ങളും ഭംഗിയോടെ ക്രമീകരിച്ചിട്ടുണ്ട്. സാംസ്‌കാരിക സമുച്ചയം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക രംഗത്ത് ഈടുറ്റ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളുടെ അമൂല്യ ശേഖരങ്ങൾകൂടി ഉൾപ്പെടുത്തി  അന്താരാഷ്ട്ര നിലവാരമുള്ള ഒരു സാംസ്‌കാരിക മ്യൂസിയമായി ഉയർത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നതിനൊപ്പം വിജ്ഞാനം പകരുന്നതിനും സാംസ്‌കാരിക മ്യൂസിയം പ്രയോജനപ്പെടും.  
കൂത്തമ്പലം
കേരളത്തിൽ കൂത്തമ്പലങ്ങളും കൂത്തുമാടങ്ങളും അന്യം നിന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തലസ്ഥാന നഗരിയിൽ മാതൃകാപരമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കൂത്തമ്പലം നിർമ്മിച്ച് സംരക്ഷിച്ചുപോരുന്നത്. 5300 ച.അടി വിസ്തീർണ്ണമുള്ള കൂത്തമ്പലത്തിന് രംഗമണ്ഡപവും (ടമേഴല) കാണികൾക്ക് ഇരുന്നു കാണാനുള്ള സഭയും ഉണ്ട്. സ്റ്റേജിന് പിന്നിലായി അണിയറയും സജ്ജമാക്കിയിട്ടുണ്ട്.
കൽമണ്ഡപം
നാലുകൽത്തൂണുകളിലായി നിർമ്മിച്ച് തറയിൽ ഗ്രാനൈറ്റ് സ്ലാബുകൾ പാകിയിട്ടുള്ള കൽമണ്ഡപത്തിന്റെ  മേൽക്കൂര ഓട് മേഞ്ഞതാണ്. നാടൻകലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഈ വേദിയ്ക്ക് 110 ച. അടിയാണ് വിസ്തീർണ്ണം.  നാലുവശത്തുനിന്നും പ്രേക്ഷകർക്ക് കാണാവുന്ന തരത്തിലാണ് കൽമണ്ഡപത്തിന്റെ രൂപകൽപ്പന.
കലാമണ്ഡലം കല്യാണികുട്ടിഅമ്മ നാട്യഗൃഹം
നൃത്ത അഭ്യസനത്തിനും അവതരണത്തിനുമായി തയ്യാറാക്കിയിട്ടുള്ളതാണ് നൃത്തമണ്ഡപം. തടിയിൽ നിർമ്മിച്ച സ്റ്റേജും ചുറ്റും ഗ്രാനൈറ്റ് സ്ലാബ് പാകിയ വരാന്തയുമുള്ള ഈ മണ്ഡപത്തിന് 200 ച. അടിയാണ് വിസ്തീർണ്ണം. കേരളത്തിന്റെ തനത് ക്ലാസിക്കൽ നൃത്തരൂപമായ മോഹിനിയാട്ടത്തിന്റെ പരിഷ്‌ക്കരണത്തിന്  നെടുനായകത്വം വഹിച്ച കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ പേരിൽ കേരളത്തിലുള്ള ഏകസ്മാരകമാണ് സമുച്ചയത്തിലെ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ നാട്യഗൃഹം  എന്ന  നൃത്തമണ്ഡപം.
രാകേന്ദു ഓപ്പൺ എയർ ആഡിറ്റോറിയം
സാംസ്‌കാരിക സമുച്ചയത്തിലെ ഏറ്റവും വലിയ വേദിയാണ് ഓപ്പൺ എയർ ഓഡിറ്റോറിയം. രണ്ടായിരത്തിൽപ്പരം പേർക്കിരിക്കാവുന്ന തരത്തിലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാടൻകലകളും അനുഷ്ഠാനകലകളും അവതരിപ്പിക്കുന്നതിനും സിനിമ പ്രദർശനത്തിനും അനുയോജ്യമായ രീതിയിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. വിശാലമായ സ്റ്റേജിനും അണിയറയ്ക്കുമൊപ്പം പ്രൊജക്ടർ മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്  
എയർ കണ്ടീഷൻഡ് ഡാൻസ് & മ്യൂസിക് ഹാൾ
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ബ്ലോക്ക് 2 ൽ  ആധുനിക സജ്ജീകരണങ്ങളോടു കൂടിയ എയർകണ്ടീഷൻഡ് കോൺഫറൻസ് ഹാളും സ്ഥിതിചെയ്യുന്നു. നൂറ് പേർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ള കോൺഫറൻസ് ഹാളിൽ വീഡിയോ പ്രോജക്ഷൻ സൗകര്യവും സൗണ്ട് സിസ്റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഡോർമിട്രി
കലാകാരന്മാർക്ക് വിശ്രമിക്കുന്നതിനായി 20 കിടക്കകളോടു കൂടിയ 2 ഡോർമിട്രികൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കൂത്തമ്പലം, കൽമണ്ഡപം, നൃത്തമണ്ഡപം, എയർകണ്ടീഷൻഡ് കോൺഫറൻസ് ഹാൾ, ഓപ്പൺ എയർ ആഡിറ്റോറിയം തുടങ്ങിയ വേദികൾ വിവിധ പരിപാടികൾക്കും ചിത്രീകരണങ്ങൾക്കും വാടകയ്ക്ക് നൽകി വരുന്നു.  
ടി.കെ.രാമകൃഷ്ണൻ ഗ്രന്ഥശാല
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ബ്ലോക്ക് 1 സമുച്ചയത്തിലെ ഒന്നാം നിലയിൽ ആണ് ടി.കെ.രാമകൃഷ്ണൻസ്മാരക ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും പ്രവർത്തിക്കുന്നത്. ടി.കെ.രാമകൃഷ്ണൻ സ്മാരക ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും 2008 മാർച്ച് 14 ന് പ്രവർത്തനം ആരംഭിച്ചു. 5029 പുസ്തകങ്ങളും 24 മാഗസിനുകളും 60 കാസറ്റുകളും 14 പ്രധാന ദിനപത്രങ്ങളും 1194 സിഡി ഡിവിഡികളും മിനി ഡിവി ഡിവി ക്യാം എന്നിവയും ഈ ഗ്രന്ഥശാലയിൽ ലഭ്യമാണ്. ഡ്യൂയി ഡെസിമൽ ക്ലാസിഫിക്കേഷൻ പ്രകാരം പുസ്തകങ്ങൾ തരംതിരിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഒരു വായനാ മുറിയും ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രന്ഥശാലയിൽ കമ്പ്യൂട്ടറൈസേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സാംസ്‌കാരിക മേഖലയിലുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിച്ചു വരുകയാണ്. ലൈബ്രറി സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും ഗ്രന്ഥശാല ഉപയോഗിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.  
പി. കുഞ്ഞിരാമൻ നായർ സ്മൃതി
അന്തരിച്ച പ്രമുഖ കവി പി. കുഞ്ഞിരാമൻ നായർക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സ്മാരകം ഒരുക്കിയിട്ടുണ്ട്.  പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്തതാണ് പി. കുഞ്ഞിരാമൻ നായർ സ്മൃതി. കവിയുടെ ജന്മദിനത്തിലും ചരമദിനത്തിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
സാംസ്‌കാരിക പരിപാടികൾ
കേരളത്തിലെ വൈവിധ്യമാർന്ന കലകളെയും കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും വ്യത്യസ്തങ്ങളായ കലാരൂപങ്ങൾ ആസ്വദിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്നതിന്റെയും ഭാഗമായി എല്ലാ മാസവും കലാ സാംസ്‌കാരിക പരിപാടികൾ  ഒരു മാസത്തിൽ നാലു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽക്കുന്ന സംസ്‌കൃതി സാംസ്‌കാരികോത്സവം എന്ന പേരിൽ പ്രതിമാസ പരിപാടിയായി സംഘടിപ്പിച്ച് വരുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവൻ സംസ്ഥാനത്തിന്റെ ഒട്ടാകെയുള്ള കലാസാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രതിഭകളുടെ സംഗമ ഭൂമിയാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പരിപാടിയാണ് സംസ്‌കൃതി സാംസ്‌കാരികോത്സവം. കലാകാരന്മാർ  ആവശ്യപ്പെടുന്ന പ്രകാരം  യോഗ്യതയെയും അംഗീകാരത്തെയും അടിസ്ഥാനപ്പെടുത്തി പ്രതിഫലം നൽകിയും വാരന്ത്യ പരിപാടികളെയും മറ്റു ചെറിയ സാംസ്‌കാരിക ഉത്സവങ്ങളെയും സമന്വയിപ്പിച്ചും ആണ്് സംസ്‌കൃതി സാംസ്‌കാരികോത്സവം വിജയകരമായി സംഘടിപ്പിച്ചു വരുന്നത്.
പാരമ്പര്യം എന്നത് നിശ്ചലതയല്ല, നിരന്തരമായ ഒഴുക്കാണ്. ജീവിക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ പ്രവാഹം. ജീവിതത്തിന്റെ ആത്മസംഘർഷത്തിൽപ്പെട്ട് കലയ്ക്കും ആയിരം കൈകളുണ്ടായിട്ടുണ്ട്. എന്നാൽ ജീവിക്കുന്ന പാരമ്പര്യ കലകളെ നിലനിറുത്തുക എന്നത് ഏറെ ശ്രമകരവും നിരന്തരമായ ജാഗ്രതയോടെയുളള ഇടപെടലുകളും ആവശ്യമായ ഒന്നുമാണ്. ഇത്തരത്തിലുള്ള ചിന്തയിൽ നിന്ന് ഇന്ത്യയിലെ തന്നെ അപൂർവ്വ താളവാദ്യങ്ങളെയും ആദിവാസി ഗോത്ര ക്ഷേത്രകലാ പാരമ്പര്യങ്ങളെയും ഉൾക്കൊണ്ടുള്ള താളം ഫെസ്റ്റിവൽ, ഇന്ത്യൻ ശാസ്ത്രീയ നൃത്തോത്സവങ്ങളായ മുദ്ര, ചിലങ്ക എന്നിവയ്‌ക്കൊപ്പം അക്ഷര നൈപുണിയുടെ  മഹത്വവും വാമൊഴി പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുവാൻ അക്ഷരശ്ലോകം, കാവ്യകേളി എന്നിവയുടെ സംഘാടനത്തിലൂടെ സ്ഥാപനത്തിന് സാധിച്ചു. മഹാമാരിയുടെ കാലത്ത് സ്വയംവരിച്ച ഏകാന്തതയുടെ മടുപ്പുളവാക്കുന്ന നാളുകളിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്ഷരമധുരം ആയിരങ്ങളിൽ എത്തിക്കാൻ വൈലോപ്പിള്ളി സംസ്‌കൃതി ഭവന് സാധിച്ചത് അതിജീവനത്തിന്റെ പുതിയ സമവാക്യവും മുദ്രയുമായി.
മഹാമാരിക്ക് ശേഷം  കല സാംസ്‌കാരിക രംഗം വഴിമുട്ടിനിന്ന നാളുകളിൽ ഹേമന്തം 22, വിജ്ഞാനവേനൽ, ഇടയരാഗം, കഥകളി, യവനിക22, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, ഉയരും ഞാൻ നാടാകെ സർഗ്ഗാത്മക ക്യാമ്പ്, ലഹരിവർജ്ജന ബോധവത്ക്കരണ നാടകം, ചെങ്ങന്നൂർ പെരുമ, കേരളപ്പെരുമ, ചിത്രശലഭങ്ങളുടെ വീട്, ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഉഷ്ണരാശി നാടകം, ഇന്ത്യൻ ഭരണഘടന ദിനാചരണം, പെൺപകൽ,ദേശീയ സ്ത്രീ നാടകോത്സവം, ജനുവരി പൂക്കൾ, ഫാബുലസ് ഫെബ്രുവരി എന്നിങ്ങനെ 70 ഓളം വിവിധ പരിപാടികൾ സംഘടിപ്പിച്ച് കലാകാരന്മാർക്ക് കൈത്താങ്ങാകാൻ സ്ഥാപനത്തിന് കഴിഞ്ഞു. കൂടാതെ മുതിർന്ന പൗരന്മാർക്ക് ഒത്തുച്ചേർന്ന് കലാ-സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനും ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കാനും എല്ലാമാസവും ഉണർവ് കൂട്ടായ്മയും നടത്തിവരുന്നു.
വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സംഘടിപ്പിക്കുന്ന പരിപാടികൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ മാത്രം ഒതുങ്ങാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ വ്യത്യസ്തമായ പരിപാടികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു.   ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുന്നു.
ആധുനിക സംവിധാനങ്ങളിലേക്ക്
പ്രധാന വേദിയായ കൂത്തമ്പലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ മികവുറ്റ ശബ്ദമിശ്രണത്തോടു കൂടി ആസ്വാദകരിലെത്തിക്കുന്നതിനായി ആധുനിക സംവിധാനത്തോടുകൂടിയ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു. കൂത്തമ്പലത്തിലെ രംഗമണ്ഡപം നവീകരിക്കുകയും വേദിയുടെ നവീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പടിപ്പുരയുടെ ചുമരുകളിൽ വൈലോപ്പിള്ളികവിതയുടെ ചുമർചിത്രഭാഷ്യം ആലേഖനം ചെയ്ത് മനോഹരമാക്കി. പിന്നണിയിൽ വൈലോപ്പിള്ളി കവിതകളുടെ ഓഡിയോ സംവിധാനവും ഒരുക്കി. ക്യാമ്പസ് മുഴുവൻ ക്യാമറ നിരീക്ഷണത്തിൽ കൊണ്ടുവന്ന് സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തിയതും ഈ കാലയളവിൽ തന്നെ. പൂന്തോട്ടം നവീകരിക്കുകയും സ്ഥലപരിമിതി മറികടന്ന് ചെടിച്ചട്ടികളിൽ ജൈവപച്ചക്കറിത്തോട്ടം ഒരുക്കി സ്ഥാപനത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിഞ്ഞു. നേട്ടങ്ങളുടെ പട്ടികയിൽ ചിലതുമാത്രമാണ് ഇവ.
പുതുപദ്ധതികൾ
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി കലാസാഹിത്യ മേഖലകളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം, ലൈബ്രറി സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്‌സ്, യോഗ, കളരി പരിശീലനം തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഒരു നവസമൂഹ നിർമ്മിതിയ്ക്കും നിലനിൽപ്പിനും പ്രയോജനപ്രദമാകുംവിധം വൈലോപ്പിള്ളി സംസ്‌കൃതി ഭവന് കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ ഇടപെടൽ നടത്തുന്നതിനും യുവജനങ്ങൾക്കും വളർന്നു വരുന്ന കലാപ്രതിഭകൾക്കും കൂടുതൽ അവസരം നൽകുന്നതിനുള്ള ഒരു സമഗ്രവേദിയായി ഈ സ്ഥാപനത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന്  കഴിഞ്ഞിട്ടുണ്ട്. അധിനിവേശവും മൂല്യചുതിയും സമസ്തമേഖലകളിലും എന്ന പോലെ സാംസ്‌കാരിക രംഗത്തും പിടിമുറുക്കുമ്പോൾ തനതുകലകളും കലാരൂപങ്ങളും നിലനിൽപ്പിനായി ഏറെ ശ്രമപ്പെടുന്ന ഈ വർത്തമാനകാല ചിത്രത്തിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ  ഈ ഇടപെടൽ അന്ധകാരത്തെ ചെറുത്തു നിൽക്കുന്ന സന്ധ്യാദീപം പോലെ നമുക്കിടയിൽ ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും.

 

 

ജി. എസ്. പ്രദീപ്
വൈസ് ചെയര്‍മാന്‍

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍

 

 

പി.എസ്.മനേക്ഷ്
സെക്രട്ടറി

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍

Post your comments