Global block

bissplus@gmail.com

Global Menu

സമൂഹത്തിൽ നിന്ന് ലഭിക്കുന്നത് സമൂഹത്തിലേക്ക്

Dr. R Unnikrishnan Nair
Medical Director & Managing Partner

 

പിതാവ് കെ.ജി.രാമചന്ദ്രൻ നായർ ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച കാലം മുതൽ ഈ മേഖലയുമായി അടുത്തിടപഴകുന്നവരാണ് അദ്ദേഹത്തിന്റെ മക്കളും നിലവിൽ സ്ഥാപനത്തിന്റെ അമരക്കാരുമായ ഡോ.ആർ.ഉണ്ണിക്കൃഷ്ണൻനായരും ഡോ.ആർ.അനിൽകൃഷ്ണൻ നായരും. 2005ലാണ് ഡോ.ആർ.ഉണ്ണിക്കൃഷ്ണൻനായർ ചൈതന്യയിൽ കൺസൾട്ടന്റായി ജോയിൻ ചെയ്തത്. 2010ൽ ഡോ.ആർ.അനിൽകൃഷ്ണൻ നായരും കാറ്ററാക്ട് കൺസൾട്ടന്റായി ജോയിൻ ചെയ്തു.  ഗ്രൗണ്ട് ലെവലിൽ നിന്ന് ഓരോന്നായി പഠിച്ച് ഉയർന്നുവരണമെന്ന കാര്യത്തിൽ കെജിആർ വലിയ നിഷ്‌ക്കർഷ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ മക്കൾ രണ്ടുപേരും ചികിത്സാരംഗത്തും അതുപോലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് തലത്തിലും ഘട്ടംഘട്ടമായി കാര്യങ്ങൾ ഗ്രഹിച്ചു.   നിലവിൽ ചൈതന്യയുടെ സിഇഒയും മെഡിക്കൽ ഡയറക്ടറും വിട്രിയോ റെറ്റിനൽ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റുമാണ് ഡോ.ഉണ്ണിക്കൃഷ്ണൻ. കാറ്ററാക്ട്, ആന്റീരിയർ സെഗ്മെന്റ് വിഭാഗത്തിലാണ് ഡോ.അനിൽകൃഷ്ണൻ സേവനമനുഷ്ഠിക്കുന്നത്.
കൊവിഡ് കാലത്ത് പഠനം ഓൺലൈനാവുകയും കുട്ടികളുടെ സ്‌ക്രീൻ ടൈം വർദ്ധിക്കുകയും ചെയ്തു. കൊവിഡനന്തരവും കുട്ടികളിൽ ഗാഡ്ജറ്റ് അഡിക്ഷൻ ഉണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളിലെ നേത്രരോഗങ്ങളെ പറ്റിയും സ്ഥാപനത്തിന്റെ ഇതരപ്രവർത്തനങ്ങളെ പറ്റിയും ഡോ.ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നു......

 

 

കുട്ടികളിൽ കാഴ്ചപ്രശ്‌നങ്ങൾ കൂടി വരികയാണല്ലോ?
അതെ, വർഷങ്ങൾക്കു മുമ്പു തന്നെ സ്‌കൂൾ കുട്ടികളിലെ കാഴ്ചവൈകല്യങ്ങൾ കണ്ടെത്തുന്നതിനായി ചൈതന്യ സൗജന്യ നേത്രപരിശോധനാ ക്യാമ്പുകൾ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്തിവന്നിരുന്നു.ഒരു ലക്ഷത്തോളം കൂട്ടികളെ ഇത്തരത്തിൽ സ്‌ക്രീൻ ചെയ്തു. കെറോണ സമയത്ത് അതിനൊന്നും സാധിച്ചില്ല. മറിച്ച് ആ സമയത്ത് കുട്ടികളുടെ സ്‌ക്രീൻ ടൈം കൂടുകയും ചെയ്തു. അതുകൊണ്ടുതന്നെ, മയോപിയ അഥവാ ഹ്രസ്വദൃഷ്ടി ഇന്ന് ലോകത്ത് ഒരു എപിഡെമിക് ആയി മാറിയിരിക്കുന്നു. വിദേശത്തൊക്കെ ചില സ്‌കൂളുകളിൽ നിർബന്ധിത ഔട്ട്‌ഡോർ ടൈം ഉണ്ട്. അതായത് എട്ട് മണിക്കൂർ സ്‌കൂളുണ്ടെങ്കിൽ 2 മണിക്കൂർ ക്ലാസിന് പുറത്ത് ചെലവിടുന്ന രീതിയിലുളള പഠനരീതിയാണ് അവിടങ്ങളിൽ അവലംബിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലും പഠനം അത്തരത്തിലേക്ക് മാറേണ്ടതുണ്ട്.
അതുപോലെ,  നവജാതശിശുക്കളിലെ അന്ധതയുമായി ബന്ധപ്പെട്ട് ചൈതന്യയിൽ പ്രത്യേക ക്രേഡിൽ ആർഒപി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ആർഒപി എന്നാൽ റെറ്റിനോപ്പതി ഓഫ് പ്രീമച്ച്വെറിറ്റി. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പ്രത്യേകിച്ചും ഭാരം കുറവായ കുഞ്ഞുങ്ങളിൽ റെറ്റിനയുമായി ബന്ധപ്പെട്ട് അന്ധതയിലേക്ക് നയിക്കുന്ന രോഗം വരാൻ സാധ്യതയുണ്ട്. അത് ശരിയായ സമയത്ത് കണ്ടെത്തി ലേസർ ചികിത്സ നൽകിയാൽ ആജീവനാന്ത അന്ധത ഒഴിവാക്കാം. പ്രസവാനന്തരം ഒന്നോ ഒന്നരയോ മാസത്തിനുളളിൽ കണ്ടെത്തി ചികിത്സിക്കണം. നിർഭാഗ്യവശാൽ നമ്മുടെ പല ആശുപത്രികളിലും അതിനുളള സംവിധാനമില്ല.  ഇത്തരത്തിലുളള എൻഐസിയുകൾ സന്ദർശിച്ച് നവജാത ശിശുക്കളെ സ്‌ക്രീൻ ചെയ്ത് ട്രീറ്റ്‌മെന്റ് നൽകുകയാണ് ചൈതന്യ ചെയ്യുന്നത്. തിരുവനന്തപുരം മുതൽ കൊച്ചിവരെ അത്തരത്തിൽ ഇരുപതോളം എൻഐസിയുകളുമായി സഹകരിക്കുന്നു.  പ്രതിദിനം ഞങ്ങളുടെ ഡോക്ടർമാർ ഇതിനായി യാത്ര ചെയ്യുന്നു. നാലഞ്ചുവർഷമായി ഈ സേവനം ആരംഭിച്ചിട്ട്.ഇതിനകം നിരവധി ശിശുക്കളിൽ രോഗനിർണ്ണയം നടത്തി. നിയോനേറ്റൽ ബ്ലൈൻഡ്‌നെസ് ഇല്ലാതാക്കാനുളള ചൈതന്യയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്രവർത്തനം.
ചൈതന്യയുടെ ജീവകാരുണ്യപ്രവർത്തനങ്ങളും നേത്രപരിരക്ഷയുമായി ബന്ധപ്പെട്ടാണല്ലോ?
അതെ, നേത്രപരിരക്ഷയുമായി ബന്ധപ്പെട്ട സാമൂഹികപ്രവർത്തനങ്ങളാണുളളത്. ഇതാണ് ഞങ്ങളുടെ ഏരിയ ഓഫ് ഫോക്കസ്. സമൂഹത്തിന്റെ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് ചൈതന്യ എന്നും പ്രവർത്തിച്ചിട്ടുളളത്. സൗജന്യ തിമിരശസ്ത്രക്രിയകൾ, നേത്രപരിശോധന ക്യാമ്പുകൾ എന്നിവ നടത്തുന്നു. അതുപോലെ 2007-മുതൽ 2011 വരെ ഡയബറ്റിക് റെറ്റിനോപ്പതി പ്രൊജക്ടിന്റെ ഭാഗമായി ഒരു ലക്ഷം പേരിൽ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തി. നേത്രദാനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണപരിപാടികളും മാരത്തണുകളും നടത്തി.  ഗ്ലോക്കോമ സ്‌ക്രീനിംഗ് വീക്ക്, ആർഒപി എന്നിങ്ങനെ പല പദ്ധതികളുണ്ട്. ഞങ്ങളുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്ന പദ്ധതി , ചാരിറ്റബിൾ ഐ ഹോസ്പിറ്റൽ, ഈ വർഷമാണ് സഫലമായത്. ദാരിദ്രരേഖയ്ക്ക് താഴെയുളളവർക്ക് സൗജന്യ ചികിത്സയും സേവനവും  വെളളനാട്ട് ആരംഭിച്ച ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിൽ ലഭ്യമാക്കുന്നു. അത് ഞങ്ങളുടെ പിതാവിന്റെ വലിയ സ്വപ്‌നമായിരുന്നു. പാങ്ങോട് സൈനിക ക്യാമ്പിൽ  2003 മുതൽ എല്ലാ വെള്ളിയാഴ്ചയും ചൈതന്യ കണ്ണാശുപത്രിയുടെ നേത്ര പരിശോധനയും ചികിത്സയും നടത്തിവരുന്നു. പ്രതിരോധ വകുപ്പ് ചൈതന്യയുടെ ഇപ്രകാരമുള്ള സേവനങ്ങളെ പരിഗണിച്ച് പ്രത്യേകം അവാർഡും നൽകിയിട്ടുണ്ട്. അതുപോലെ ആർസിസിയിലെ രോഗികൾക്ക് സൗജന്യ കൺസൾട്ടേഷൻ ലഭ്യമാക്കുന്നു. ഞങ്ങളെ സംബന്ധിച്ച് വാക്കല്ല പ്രവൃത്തിയാണ് പ്രധാനം.
എല്ലാത്തരം അന്ധതയും നേത്രദാനത്തിലൂടെ പരിഹരിക്കാനാവുമോ?
കോർണിയ തകരാറുമൂലമുളള അന്ധതമാത്രമേ നേത്രദാനത്തിലൂടെ പരിഹരിക്കാനാകൂ. അത്തരത്തിലുളള അന്ധത തന്നെ ഇന്ത്യയിൽ കൂടുതലാണ്.
നിലവിൽ എത്ര ബ്രാഞ്ചുകൾ ഉണ്ട്?
നിലവിൽ 10 ബ്രാഞ്ചുകളാണ് ഉള്ളത്. പത്താമത്തെ ശാഖ നെയ്യാറ്റിൻകരയിൽ ആരംഭിച്ചു.2007-2008ൽ കൊച്ചിയിലെ രവിപുരത്താണ് ആദ്യ ശാഖ ആരംഭിച്ചത്. 2013-ൽ കൊല്ലത്ത് അടുത്ത ശാഖ തുടങ്ങി. 2015ന് ശേഷമാണ് മറ്റ് ശാഖകൾ ആരംഭിച്ചത്. ഇതെല്ലാം ഒരുമിച്ച് മികച്ചരീതിയിൽ നടത്തിക്കൊണ്ടുപോകുക   എന്നത് അനായാസകരമല്ല. എന്നാൽ ചൈതന്യയ്ക്ക് കോർപറേറ്റ് മാതൃകയിൽ പ്രവർത്തിക്കുന്ന മികച്ച ടീമാണുളളത്. മീഡിയ, ഹെൽത്ത്‌കെയർ പ്രൊമോഷൻ, മാർക്കറ്റിംഗ്, സ്റ്റാറ്റ്യൂട്ടറി, പർച്ചേസ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി വിദഗ്ദ്ധ ടീമുകൾ അതത് വിഭാഗങ്ങളെ മികച്ച രീതിയിൽ മുന്നോട്ടുനയിക്കുന്നു. ഡീസെൻട്രലൈസ്ഡ് രീതിയിലാണ് പ്രവർത്തനം. അതുപോലെ തന്നെ ഓരോ ശാഖയും ഒരു പ്രത്യേക സ്ഥാപനമെന്ന പോലെ ഫെഡറൽ സ്വഭാവത്തിൽ പ്രവർത്തിക്കുന്നു. ഹെഡ് ഓഫീസ് വഴികാട്ടിയായി വർത്തിക്കുന്നു. അതുപോലെ സെൻട്രൽ പർച്ചേസുകളും ഫിനാൻസും ഹെഡ്ഓഫീസ് നിയന്ത്രിക്കുന്നു.
നേത്രരോഗചികിത്സയിൽ ഇന്ത്യയുടെ സ്ഥാനം?
നേത്രചികിത്സാരംഗത്തെ പുത്തൻ ചികിത്സാരീതികളിലും സങ്കേതങ്ങളിലും നമ്മുടെ നാട് വളരെയധികം പുരോഗമിച്ചുകഴിഞ്ഞു. നമ്മുടെ പല ആശുപത്രികളിലുളള അത്രയും സംവിധാനങ്ങൾ പോലും യുകെയിലെയും മറ്റും പല ജനറൽ ആശുപത്രികളിലുമില്ല എന്നതാണ് വാസ്തവം. ലേസർ ചികിത്സയുമായി ബന്ധപ്പെട്ട അത്യന്താധുനിക സംവിധാനം ഇന്ത്യയിൽ തന്നെ ആകെ 50 ആശുപത്രികളിലാണുളളത്. അതിലൊന്ന് ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. 2012ൽ തന്നെ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് (എൻഎബിഎച്ച്) അംഗീകാരം നേടി. അത്തരത്തിൽ അപ്‌ഡേറ്റഡും ലോകോത്തരനിലവാരമുളളതുമാണ് ഇവിടത്തെ ചികിത്സയും ചികിത്സാസംവിധാനങ്ങളും. ചികിത്സയിലും രോഗനിർണ്ണയത്തിലും ഉൾപ്പെടെ ഞങ്ങളുടെ റിസർച്ച് വിഭാഗം ദേശീയതലത്തിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.  
മാത്സര്യത്തിന്റെ കാലമാണല്ലോ?
ഞങ്ങൾ ഞങ്ങളോടാണ് മത്സരിക്കുന്നത്. സ്വയം മത്സരിച്ച് പുതുക്കിക്കൊണ്ടേയിരിക്കുക എന്നതാണ് രീതി. അതുപോലെ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുക എന്നതല്ല ആത്യന്തികമായ ലക്ഷ്യം. ശാഖകൾ തുടങ്ങുന്നത് ക്ലിനിക്കൽ കെയർ മെച്ചപ്പെടുത്താനാണ്.  കരുത്തുറ്റ ഒരു അടിസ്ഥാനമുണ്ടായി കഴിഞ്ഞാൽ പിന്നെ ശ്രദ്ധിക്കേണ്ടത് വെർട്ടിക്കൽസിലാണ്്. ചൈതന്യയും അതാണ് ചെയ്യുന്നത്. ബേസിക് ഒഫ്താൽമോളജി റിസർച്ച്, മോളിക്യൂലർ ഡയഗ്നോസ്റ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷൻസ്,പീടീയാട്രിക് ഒഫ്താൽമോളജിക് കെയർ തുടങ്ങി മുന്നോട്ടുപോകാൻ നിരവധി വിഭാഗങ്ങളുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്വാർട്ടേനറി കെയർ ഐ ഹോസ്പിറ്റൽ ആയി വളരുക എന്നതാണ് ചൈതന്യയുടെ ലക്ഷ്യം. അതുപോലെ തിരുവനന്തപുരത്തിനായി ഒരു ബൃഹദ് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്.  ഞങ്ങളുടെ സ്വന്തം നഗരത്തിന് അഭിമാനമേകുന്ന വിധത്തിലുളള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
മൈക്രോ ക്ലിനിക്‌സിന് സ്‌കോപ്പുണ്ടോ?
തീർച്ചയായും, മൈക്രോ ക്ലിനിക്‌സിന് ഈ മേഖലയിൽ വലിയ സ്‌കോപ്പുണ്ട്. നിങ്ങൾ അതിലേക്കിറങ്ങിയാൽ അതിനായി പൂർണ്ണമായും സജ്ജരായിരിക്കണമെന്ന് മാത്രം.
വെല്ലുവിളി?
സ്റ്റാഫിനെ നിലനിർത്തിക്കൊണ്ടുപോകൽ കേരളത്തിൽ പൊതുവെ സ്ഥാപനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഞങ്ങൾക്ക് എല്ലാ ബ്രാഞ്ചുകളിലുമായി 600 സ്റ്റാഫുണ്ട്. ക്രിട്ടിക്കൽ ഏരിയയിലെ ഒരു സ്റ്റാഫിനെ നിലനിർത്തിക്കൊണ്ടുപോകുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഒരു സ്ഥലത്ത് പോയി ക്ലിനിക്ക് തുടങ്ങി. അവിടത്തെ ഇൻ ചാർജ്ജ് പെട്ടെന്ന് ജോലിവിട്ടുപോയാൽ അത് വലിയ തിരിച്ചടിയാണ്. അത്തരത്തിലുളള അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടാനുളള ഒരു നെറ്റ് വർക്ക് സജ്ജമാക്കുക എന്നതാണ് ഭാവി പദ്ധതികളിലൊന്ന്. അതുപോലെ നേത്രരോഗവിഭാഗവുമായി ബന്ധപ്പെട്ട പുത്തൻ സ്റ്റാർട്ടപ്പുകളെയും ആ രംഗത്തെ നവസങ്കേതങ്ങളെയും മറ്റും വളരെ പ്രതീക്ഷയോടെയാണ് ഞങ്ങൾ നോക്കിക്കാണുന്നത്.
സമൂഹത്തിൽ നിന്ന് ലഭിക്കുന്നത് സമൂഹത്തിലേക്ക്                  
സമൂഹത്തിൽ നിന്ന് ലഭിക്കുന്നത് സമൂഹത്തിന് മടക്കിനൽകുക എന്നതാണ് ചൈതന്യയുടെ അമരക്കാരുടെ നയം. തങ്ങൾക്ക് ഇതിൽ നിന്ന് കിട്ടുന്നത് രണ്ട് രീതിയിലാണ് ചൈതന്യ മാനേജ്‌മെന്റ്  ഇൻവെസ്റ്റ് ചെയ്യുന്നത്. ആദ്യഭാഗം സേവനം മികച്ചതാക്കുന്നതിനും പുതിയ സങ്കേതങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടി ആ തലത്തിൽ നിക്ഷേപം നടത്തുന്നു. രണ്ടാമതായി ബാക്ക് ടു ദ കമ്മ്യൂണിറ്റി-അതായത് സമൂഹത്തിന്റെ ഉന്നതിക്കായി നിക്ഷേപം നടത്തുന്നു.
അനന്തപുരിയിൽ ഒരു വ്യക്തിയുടെ സ്വപ്‌നസാക്ഷാത്ക്കാരമായി ഉയർന്നുവരികയും അഞ്ചുജില്ലകളിലായി വേരുപടർത്തുകയും ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളിൽ വെളിച്ചം നിറയ്ക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ചൈതന്യ.
ഈ മേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്നവരോട്                             പറയാനുളളത്?
ചെറിയ സ്വപ്‌നങ്ങൾ കണ്ടാൽ നിങ്ങൾ ചെറിയ നേട്ടങ്ങളേ കൊയ്യാനാകൂ. വലിയ സ്വപ്‌നങ്ങൾ കാണുന്നവർക്ക് വൻ നേട്ടമുണ്ടാക്കാനാകും.
 

 

 

അർഹരായവർക്ക് സൗജന്യ ചികിത്സ ലക്ഷ്യമിട്ട്
ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ

1997 ജൂലൈയിൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണ് ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ സ്ഥാപിതമായത്.  ചൈതന്യ ഐ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ ശാഖയാണിത്്. ഈ ISO 9001:2000 സർട്ടിഫൈഡ് ഹോസ്പിറ്റൽ പ്രതിവർഷം വിദേശികളടക്കം 80,000-ത്തിലധികം രോഗികളെ ചികിത്സിക്കുന്നു. വിവിധ സർക്കാരുകളും മറ്റ് ഏജൻസികളും അവരുടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും നേത്ര ചികിത്സയ്ക്കായി ചൈതന്യയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആധുനിക ചികിത്സ ആവശ്യമായ, എന്നാൽ ചെലവ് താങ്ങാൻ കഴിയാത്ത ഒരു നല്ല വിഭാഗം ആളുകൾ സമൂഹത്തിലുണ്ടെന്ന ബോധ്യത്തിൽ  ഇത്തരം ചികിത്സ അർഹതപ്പെട്ടവർക്ക് സൗജന്യമായി ലഭ്യമാക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് കരുതുന്നു. അന്ധത തടയുക എന്ന പരമമായ ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ചൈതന്യ ഹോസ്പിറ്റൽ പാവപ്പെട്ടവർക്ക് അർഹമായ ചികിത്സ ലഭ്യമാക്കുന്നതിനും അർഹരായവരെ കണ്ടെത്തുന്നതിനുമാണ് ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ ആരംഭിച്ചത്.

 

 

Dr. R Anilkrishnan Nair
Consultant Cataract Surgeon & Partner

 

ഉയർച്ച താഴ്ചകളിൽ മനുഷ്യരാശിയെ സേവിക്കുന്നതിനായി ഡോക്ടർമാർ തങ്ങളുടെ ജീവിതം സമർപ്പിക്കുന്നു. അതുപോലെ തന്നെ  സമഗ്രവും നൈതികവും അത്യാധുനികവുമായ നേത്ര പരിചരണം ജനങ്ങൾക്ക് നൽകുന്നതിനായി ചൈതന്യ 27 വർഷം സമർപ്പിച്ചു. 

 

Post your comments