Global block

bissplus@gmail.com

Global Menu

നേത്രചികിത്സയിൽ കേരളത്തിന്റെ മാർഗ്ഗദർശി ഡോ.കെ.ജി.ആർ

ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്.... തന്നെക്കുറിച്ചും തന്റെ കാലത്തെ കുറിച്ചും മാത്രമല്ല......തനിക്കുശേഷമുളള കാലത്തെയും മനുഷ്യരെയും കുറിച്ചുകൂടി ചിന്തിക്കും. ആ ചിന്തയുടെ ഊർജ്ജത്തിൽ പ്രവർത്തിക്കും....പുതിയ മാതൃകകൾ സൃഷ്ടിക്കും...കാലാതിവർത്തിയായ മാതൃകകൾ. അത്തരത്തിലൊരാൾ നമുക്കിടയിലുണ്ടായിരുന്നു. പോയ കാലത്ത് നിസാരമായി സമൂഹം കണ്ടിരുന്ന ഗുരുതരമായ ഒരു പ്രശ്‌നത്തെക്കുറിച്ച് വളരെ ദീർഘദർശനത്തോടെ ചിന്തിക്കുകയും ആ പ്രശ്‌നപരിഹാരത്തിനായി സ്വന്തം നാട്ടിൽ അനുപമമായ ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്ത ഒരാൾ ഡോ. കെ. ജി. ആർ നായർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന-ഡോ.കെ.ജി.രാമചന്ദ്രൻ നായർ- ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ.
മെഡിക്കൽ പഠനം പൂർത്തിയാക്കിയ ഡോ.  കെ.ജി.ആർ നായർ നേത്രരോഗ വിഭാഗത്തിൽ സ്പെഷ്യലൈസ് ചെയ്ത് FRCS (London)- നും FRCS (Glasgow) - യും കരസ്ഥമാക്കി. തുടർന്ന് യുകെയിലും സൗദി അറേബ്യയിലും യുഎഇയിലും പരിശീലനം നേടി.. 1983-ൽ കെജിആറിന് കേശവദാസപുരത്ത് ഒരു ക്ലിനിക്ക് ഉണ്ടായിരുന്നു. കേരളത്തിൽ അന്ന് നേത്രരോഗപരിരക്ഷയുമായി ബന്ധപ്പെട്ട് സ്വകാര്യആശുപത്രികളൊന്നും ഉണ്ടായിരുന്നില്ല. സർക്കാർ ആശുപത്രികളിൽ മാത്രമേ നേത്രരോഗവിഭാഗമുണ്ടായിരുന്നുളളു. അതുകൊണ്ടുതന്നെ നേത്രപരിരക്ഷയിലും ചികിത്സയിലും പരിമിതികളും ഉണ്ടായിരുന്നു.  വിദേശപരിശീലനം പൂർത്തിയാക്കിയ കെജിആറിന് കേരളത്തിൽ നേത്രരോഗചികിത്സയിലെ പരിമിതികൾ ബോധ്യപ്പെടുകയും സ്വകാര്യമേഖലയിൽ മികച്ച നേത്രപരിരക്ഷ സാധ്യമാക്കുന്ന ഒരു ആശുപത്രി എന്ന ആശയം അദ്ദേഹത്തിൽ ഉടലെടുക്കയും ചെയ്തു. ആ ലക്ഷ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് അദ്ദേഹം കർമനിരതനായി.
പിന്നീട് 1995ൽ അൽ ഐൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരിക്കെ ജോലി രാജിവച്ച് നാട്ടിലെത്തി തന്റെ സ്വപ്‌നം സഫലമാക്കാനുളള പ്രവർത്തനങ്ങളാരംഭിച്ചു. അങ്ങനെ 52-ാം വയസ്സിൽ അദ്ദേഹം ചൈതന്യ ഐ ഹോസ്പിറ്റൽ ആരംഭിച്ചു. ശക്തമായ എതിർപ്പുകൾ നേരിട്ടാണ് അദ്ദേഹം ആ സ്വപ്‌നത്തിലേക്ക് നടന്നുകയറിയത്. മെഡിക്കൽ കോളേജ് ആസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നേത്രരോഗവിഭാഗം മാത്രം കൈകാര്യം ചെയ്യുന്ന സ്‌പെഷ്യാലിറ്റി കെയർ ഹോസ്പിറ്റൽ എന്നത് ഒരിക്കലും വിജയകരമാകില്ല എന്നായിരുന്നു പൊതുഅഭിപ്രായം. കാരണം 1995 കാലത്ത് സ്വകാര്യആശുപത്രി എന്ന ആശയം തന്നെ അത്ര ജനകീയമായിരുന്നില്ല.  കുറച്ച് ഡോക്ടർമാർ  ചേർന്ന് ക്ലിനിക്കുകൾ തുടങ്ങുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. അവിടേക്കാണ് കെ.ജി.ആർ എന്ന വ്യക്തി സ്വന്തം സംരംഭത്തിന് അടിത്തറയിട്ടത്. എതിർപ്പുകളൊക്കെ അവഗണിച്ച് അദ്ദേഹം ചൈതന്യ ഐ ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കി.
1995 ഒക്ടോബർ 26-നാണ് ചൈതന്യ ഐ  ഹോസ്പിറ്റൽ ആരംഭിച്ചത്. ആദ്യകാലത്ത് നാല് ഡോക്ടർമാരുടെ സേവനമാണ് ലഭ്യമായിരുന്നത്. അദ്ദേഹത്തിന്റെയും സഹപ്രവർകരുടെയും പ്രതിബദ്ധത കൊണ്ട് ഒന്നരവർഷത്തിനുളളിൽ തന്നെ ചൈതന്യയ്ക്ക് ഒരു കോർ വാല്യു ഉണ്ടായി.  അതായത് ടെക്‌നോളജിയിൽ വൻ മുതൽമുടക്കു നടത്തിയും മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയും തികച്ചും എത്തിക്കലായ ചികിത്സാരീതികളിലൂടെ ചൈതന്യ വളർച്ചയുടെ പടവുകൾ കയറി. നേത്രരോഗചികിത്സയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കെയർ എന്നത് കേരളത്തിൽ ചൈതന്യയിലൂടെ യാഥാർത്ഥ്യമായി. റെറ്റിനൽ,കോർണിയൽ, ഗ്ലോക്കോമ പ്രശ്‌നങ്ങൾക്കെല്ലാം അത്യന്താധുനിക ചികിത്സ ലഭ്യമാക്കിയതിലൂടെ ശരീരത്തിലെ ഒരു ചെറിയ അവയവത്തിന്റെ പ്രശ്‌നങ്ങൾക്ക് മാത്രമായി തുടങ്ങിയ ചൈതന്യ, ആ വിഭാഗത്തിൽ മറ്റെവിടെയും ലഭിക്കാത്ത സൂപ്പർസ്‌പെഷ്യാലിറ്റി കെയർ കിട്ടുന്ന, അത് എത്രത്തോളം പ്രധാനമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ സ്ഥാപനമായി വളർന്നു.

1997-ൽ തന്നെ റെറ്റിനൽ സ്‌പെഷ്യാലിറ്റി ട്രീറ്റ്‌മെന്റ് തുടങ്ങി. 2000 മുതൽ ദേശീയ ബോർഡ് ഓഫ് എക്‌സാമിനേഷൻസുമായി ചേർന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിംഗ് പ്രോഗ്രാം, ഐ ബാങ്ക്, ടെലിഒഫ്താൽമോളജി എന്നിങ്ങനെ പല നൂതന സംരംഭങ്ങളും   ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ആരംഭിച്ചു. ഇക്കാലഘട്ടത്തിനിടയിൽ ഇരുട്ടിലേക്ക് ആണ്ടുപോകേണ്ട എത്രയെത്ര ജീവിതങ്ങളെയാണ്  ഈ സ്ഥാപനം വെളിച്ചത്തിന്റെ വഴിയിലേക്ക് നടത്തിയത്. അന്ധതാപ്രശ്‌നങ്ങളുടെ അറിവല്ലായ്മയുടെ ലോകത്ത്  അറിവും പരിഹാരവുമായി വെളിച്ചംവിതറി നിലകൊളളുകയാണ് കെ.ജി.ആറിന്റെ ഈ സ്വപ്‌നസംരംഭം.

 

 

Post your comments