Global block

bissplus@gmail.com

Global Menu

വികസനനായകൻ വിടവാങ്ങുമ്പോൾ

 

വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന 

 

പുതുപ്പളളിയെക്കാൾ ഉമ്മൻചാണ്ടി കൂടുതൽ സമയം ചിലവഴിച്ചത് കർമ്മമണ്ഡലവുമായ തിരുവനന്തപുരത്താവാം.
ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നത്. 2023 സെപ്തംബറിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തും എന്ന വിശേഷം അറിഞ്ഞ ശേഷം തന്നെയാണ് വിഴിഞ്ഞത്തിന്റെ ശില്പി യാത്രയാവുന്നത്.  പാതിരി മുതൽ പരിസ്ഥിതിവാദി വരെ, പ്രതിപക്ഷം മുതൽ ഹൈക്കമാൻഡ് വരെ എതിർത്തിട്ടും വിഴിഞ്ഞം തുറമുഖം ഞാൻ തന്നെ തറക്കല്ലിടും എന്ന വാശിയോടെ ഉമ്മൻചാണ്ടി മുന്നോട്ടുപോയി. നെടുമ്പാശ്ശേരി കരാറുകാരന്റെ വാശി ആയിരുന്നു എങ്കിൽ, വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ വാശിയായിരുന്നു. രണ്ടു വാശിയും ജയിച്ചു. കേരളവും.
വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർത്ഥ്യമാക്കാൻ ഉമ്മൻചാണ്ടി കാണിച്ച ധിഷണത സുവർണ്ണലിപികളിൽ എഴുതിവയ്ക്കണം. വിഴിഞ്ഞം പദ്ധതിയോട് അദ്ദേഹം കാട്ടിയ ആത്മാർത്ഥത ഒരു രാഷ്ട്രീയ നേതാവും കാണിച്ചിട്ടില്ല. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ആരാണ് വിഴിഞ്ഞം തുറമുഖം സ്ഥാപിച്ചത് എന്ന് പിഎസ് സി ചോദ്യം ഉണ്ടായാൽ നിസ്സംശയം പറയാം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന്. നാളെ തുറമുഖം ഉദ്ഘാടനം ചെയ്യുമ്പോൾ എതിർത്തവരെല്ലാം അവകാശവാദവുമായി എത്തും ഞങ്ങളാണ് ഉപജ്ഞാതാക്കളെന്ന്. ആർക്കും ഒരു സംശയവും വേണ്ട. അർദ്ധശങ്കയ്ക്ക് ഇടയില്ലാത്തവിധം പറയാൻകഴിയും ഉമ്മൻചാണ്ടി എന്ന ജനനായകൻ ഇല്ലായിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഉണ്ടാവുകയില്ലായിരുന്നു എന്ന്.

 

വികസനനായകൻ വിടവാങ്ങുമ്പോൾ 

രാഷ്ട്രീയ-സാംസ്‌കാരികമണ്ഡലങ്ങളിൽ തിളങ്ങിയവർ വിടവാങ്ങുമ്പോൾ നടത്തുന്ന പതിവ് പ്രശംസാവചനങ്ങളുടെയും അനുശോചനങ്ങളിലുടെയും പട്ടികയിലേക്ക് വീഴുന്നതല്ല ഇക്കഴിഞ്ഞ ജൂലൈ 18ന് കേരളം വിടപറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ച് ഹൃദയത്തിൽ തൊട്ടു പറഞ്ഞവാക്കുകൾ.   വിഴിഞ്ഞം തുറമുഖം,കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ,  കൊച്ചി സ്മാർട്ട് സിറ്റി,പ്രാതിനിധ്യപെൻഷൻ എന്നിങ്ങനെ വരുംകാല സർക്കാരുകൾ നേട്ടം കൊണ്ടുപോകുമെന്നറിഞ്ഞിട്ടും  സംസ്ഥാനവികസനം മാത്രം ലക്ഷ്യം കണ്ടുളള എത്രയോ പദ്ധതികളുടെ അമരക്കാനായിരുന്നു അദ്ദേഹം. അക്ഷരാർത്ഥത്തിൽ ജനനായകൻ.
ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി. എല്ലാ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കും വ്യക്തിഗത നേട്ടങ്ങൾക്കും അപ്പുറമാണ് സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ ഭാവിയുമെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം എന്നും പ്രവർത്തിച്ചത്.  അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയർത്തി ഉമ്മൻചാണ്ടി കേരളത്തെ മുന്നോട്ടു നയിച്ചത് വികസന കാലഘട്ടത്തിലേക്കായിരുന്നു.സംസ്ഥാനത്തെ നിരവധി വികസന പദ്ധതികളുടെ നിർണായക ചുവടുവെപ്പുകൾ നടന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്. ഇത്രയുംസഹാനുഭൂതിയും വിനയവുമുള്ള ഒരു നേതാവ് അപൂർവമായിരുന്നു.തൊഴിലില്ലായ്മ വേതനം, ശ്രവണ പരിമിതർക്കുള്ള ശ്രവണ സഹായ പദ്ധതി എന്നിങ്ങനെ കരുതൽ പദ്ധതികളും ഏറെ.ലോട്ടറി വാങ്ങുമ്പോൾ സമ്മാനത്തിനൊപ്പം ജീവകാരുണ്യവും എന്ന കാരുണ്യ ലോട്ടറി നടപ്പാക്കിയതും ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ആശയത്തിന് ഉമ്മൻചാണ്ടി മികച്ച പിന്തുണയാണ് നൽകിയത്. ഗുരുതരമായ പതിനൊന്നോളം രോഗങ്ങൾ ബാധിച്ച പാവപ്പെട്ടവർക്ക് രണ്ട് ലക്ഷം വരെ ധനസഹായമായി നൽകുന്ന കാരുണ്യ പദ്ധതിയിൽ 1.42 ലക്ഷംപേർക്ക് 1200 കോടിയുടെ ചികിത്സാസഹായമാണ് നൽകാനായത്
വിഴിഞ്ഞം വിജയഗാഥ
സർ സിപിയുടെ കാലം മുതൽ കടലാസുകളിലും ചർച്ചകളിലുമായി ഒതുക്കപ്പെട്ടിരുന്ന വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവില്ലെന്നും തമിഴ്‌നാട്ടിലെ കുളച്ചലിൽ പുതിയ തുറമുഖം വരുമെന്നും എല്ലാവരും ഉറപ്പിച്ച് പറഞ്ഞിരുന്ന വേളയിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ ഉമ്മൻചാണ്ടി മുന്നിട്ടിറങ്ങിയത്.  വികസനത്തിനായി വായ്പയെടുക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടി ക്ഷണിച്ചുകൊണ്ടുവന്ന വേൾഡ് ബാങ്കിന്റേയും എ.ഡി.ബി.യുടേയും പ്രതിനിധികളെ കേരളത്തിൽ കായികമായി കയ്യേറ്റം ചെയ്തു. മുറിയിൽ പൂട്ടിയിട്ടു, കരി ഓയിൽ ഒഴിച്ചു.എന്നിട്ടും ഉമ്മൻചാണ്ടി പിൻമാറിയില്ല. പിന്നീട് ഈ പദ്ധതിക്ക് തടയിടാൻ ശ്രമിച്ചവർ തന്നെ പിന്നെ അതിനെ വാഴ്ത്തിപ്പാടുന്ന അവസ്ഥയുണ്ടായി.
വ്യത്യസ്ത ജാതി,മത,രാഷ്ട്രീയ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വിഴിഞ്ഞം പോലൊരു സ്ഥലത്ത് അവരെ വിശ്വാസത്തിലെടുത്ത്, ഒരുമിപ്പിച്ച് നിർത്തി പദ്ധതിയെ കരയ്ക്കടുപ്പിച്ചത് ഉമ്മൻചാണ്ടിയിലെ ജനനായകന്റെ കഴിവാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉൾപ്പെടെ എതിർവിഭാഗം മുട്ടുന്യായങ്ങളായി നിരത്തിയെങ്കിലും സധൈര്യം അദ്ദേഹം മുന്നോട്ടുപോയി. ആരുടെയും കണ്ണുനീർ വീഴ്ത്താതെ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ നഷ്ടപരിഹാരപാക്കേജ് പ്രഖ്യാപിച്ചും അദ്ദേഹം ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടി. സ്വദേശത്തെയും അന്യസംസ്ഥാനത്തെയും എന്തിന് രാജ്യാന്തര ലോബികളുടെ പോലും എതിർപ്പുകളും ഇടപെടലുകളും അതിജീവിച്ചാണ് ഉമ്മൻ ചാണ്ടി 2015 ഡിസംബറിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയത്. ഇപ്പോഴിതാ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിട്ട് എട്ട് വർഷമാകുന്നു. ഏതാനും മാസം കഴിയുമ്പോൾ വിഴിഞ്ഞത്ത് കപ്പലടുക്കുന്നു. അത് കാണാൻ പദ്ധതിക്കായി അചഞ്ചലം നിലകൊണ്ട, നിലപാടുകളിൽ മാറ്റമില്ലാത്ത ഉമ്മൻ ചാണ്ടിയെന്ന നേതാവില്ല എന്നത് വിധിവൈപരീത്യമല്ലാതെ മറ്റൊന്നല്ല തന്നെ.
കൊച്ചി മെട്രായും കണ്ണൂരും സ്മാർട്ട് സിറ്റിയും
കേരളത്തിലെ പൊതു ഗതാഗതത്തിലെ വിപ്ലവമായ കൊച്ചിമെട്രോയ്ക്ക് തുടക്കമിട്ടത് 1999ൽ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്താണ്. എന്നാൽ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2004 കാലത്താണ്. 2006ൽ നിർമാണവും തുടങ്ങി. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2017 ജൂൺ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കൊച്ചിമെട്രോ യാഥാർത്ഥ്യമാക്കുന്നതിൽ ഉമ്മൻചാണ്ടിക്കുള്ള പങ്ക് ഒരാൾക്കും വിസ്മരിക്കാനാവുന്നതല്ല.
കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയതിലും ഉമ്മൻചാണ്ടിക്ക് നിർണ്ണായക പങ്കുണ്ട്. 1996 ജനുവരി 19ന് അന്നത്തെ വ്യോമയാനമന്ത്രി സി.എം.ഇബ്രാഹിം പ്രഖ്യാപിച്ച കണ്ണൂർവിമാനത്താവളത്തിന്റെ നിർണായകമായ പലനടപടികളും പൂർത്തിയാക്കിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2016 ഏപ്രിൽ30ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യവിമാനം പറന്നിറങ്ങി. പരീക്ഷണ പറക്കൽ വിജയകരമായി നടത്താൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു.  കൊച്ചിയിലെ സ്മാർട്ട് സിറ്റി. പദ്ധതിയുടെ പഠനത്തിന് ദുബായ് ഇന്റർനെറ്റ് സിറ്റിയെ കേരളത്തിലേക്ക് ക്ഷണിച്ചത് ഉമ്മൻചാണ്ടിയാണ്. സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലാണ് നിർവ്വഹിച്ചത്.
കരുതലിന്റെ കരങ്ങൾ
കുഞ്ഞുങ്ങളിൽ ശ്രവണശേഷിയില്ലായ്മ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള നൂതനപദ്ധതിയായ കോക്‌ളിയർ ഇംപ്‌ളാന്റേഷൻ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് നടപ്പിലാക്കിയത്. നടപ്പാക്കിയതാകട്ടെ ഉമ്മൻചാണ്ടിയും. 640 കുട്ടികൾക്ക് സൗജന്യമായി കോക്‌ളിയർ ഇംപ്‌ളാന്റേഷൻ നടത്തി. സർക്കാർ ആശുപത്രിയിൽ 595 ഇനം മരുന്നുകൾ സൗജന്യമാക്കി.ം 18 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സർക്കാർ ആശുപത്രിയിൽ സൗജന്യചികിത്സ ഉറപ്പാക്കുന്ന ആരോഗ്യകിരണം പദ്ധതി, ഗർഭസ്ഥാവസ്ഥ മുതൽ കുഞ്ഞിന് ഒരുവയസാകുന്നതുവരെയുള്ള ചികിത്സ സൗജന്യമാക്കി കൊണ്ടുള്ള അമ്മയുംകുഞ്ഞും പദ്ധതി എന്നിങ്ങനെ  ആരോഗ്യരംഗത്ത് വൻമാറ്റങ്ങൾക്കാണ് ഉമ്മൻചാണ്ടി തുടക്കമിട്ടത്. എല്ലാ ജില്ലകളിലും മെഡിക്കൽകോളേജ് പദ്ധതിപ്രകാരം ഇടുക്കിയിലും മഞ്ചേരിയിലും കോന്നിയിലും മെഡിക്കൽ കോളേജിന് തുടക്കമിട്ടതും അദ്ദേഹത്തിന്റെ കാലത്താണ്.
ഉമ്മൻചാണ്ടി തൊഴിൽവകുപ്പു മന്ത്രിയായിരിക്കേയാണ് തൊഴിലില്ലായ്മവേതനം നൽകാനുള്ള തീരുമാനമുണ്ടായത്.ആരോഗ്യ ഇൻഷുറൻസ്, ഒരു രൂപയ്ക്ക് അരി എല്ലാ കുടുംബങ്ങൾക്കുംറേഷൻ കാർഡ്, ജനസമ്പർക്ക പരിപാടി, വല്ലാർപാടം കണ്ടെയ്‌നർ തുറമുഖം, പെട്രോനെറ്റ് എൽ.എൻ.ജി. പദ്ധതി, മലയോര ഹൈവേ, ശബരിമല വികസനം തുടങ്ങി നിരവധി പദ്ധതികളിൽ ഉമ്മൻചാണ്ടിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. എല്ലാ മണ്ഡലത്തിലുംആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകൾ, 1970 കോടിയുടെ ബൈപാസുകൾ, 400 ദിവസംകൊണ്ട് 100 പാലം, മലയാളം സർവകലാശാല, ദേശീയ ഗെയിംസ് നടത്തിപ്പ്, 3000 കോടിയുടെ ജപ്പാൻ കുടിവെള്ള പദ്ധതി, അധ്യാപക പാക്കേജ് തുടങ്ങി നിരവധി പദ്ധതികളാണ് ഉമ്മൻചാണ്ടി കേരളത്തിന് സമ്മാനിച്ചത്. അതിനാൽ അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ വികസനനായകനാണ് ഉമ്മൻചാണ്ടി...യഥാർത്ഥ ജനനായകൻ.

 

 കണ്ടാൽ സൗമ്യൻ എന്നാൽ ഉദ്ദേശിച്ച കാര്യം നേടിയിട്ടേ മാറൂ. ഇഷ്ടം തോന്നിയാൽ കൂടെ നിർത്തും അനിഷ്ടം തോന്നിയാലോ പിന്നെ ശത്രു. നക്ഷത്ര ഗുണം എന്ന് ഒരു ജ്യോതിഷി. ഉമ്മൻചാണ്ടിയുടെ നക്ഷത്രം അനിഴം ആണ്. നരേന്ദ്ര മോദിയുടെ നക്ഷത്രവും അനിഴം ആണ്. ഏറെ നന്മ ഉളളവരാണെങ്കിലും ഇഷ്ടമുളളവരോട് പെരുത്ത ഇഷ്ടവും അനിഷ്ടമുളളവരോട് കടുത്ത വിരോധവും. ഉമ്മൻചാണ്ടിയുടെയും നരേന്ദമോദിയുടെയും കാര്യത്തിൽ നക്ഷത്രഗുണം ശരി തന്നെ.

Post your comments