Global block

bissplus@gmail.com

Global Menu

"ജൈവ നേർവളങ്ങൾ ചാണകവും ആട്ടിൻ കാഷ്ടവും ഉണക്കി വില്ക്കാം" ബൈജു നെടുംകേരി

കേരളത്തിൽ സംരംഭകത്വ വികസനം ലഭ്യമിട്ടുള്ള തീവ്രയത്‌ന പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. നല്ല ജീവിതം കെട്ടി പെടുക്കാൻ അവസരം ഉള്ള ഗൗരവമുള്ള ഒരു മേഖലയായി സംരംഭകത്വത്തെ മലയാളികൾ സ്വീകരിച്ച് തുടങ്ങി. ഉല്പാദന സേവന മേഖലകളിൽ പാരാശ്രയത്വമുള്ള നമ്മുടെ സംസ്ഥാനത്ത് നിരവധി അവസരങ്ങൾ ഉണ്ടെന്നും നാം തിരിച്ചറിയുന്ന കാലം കൂടിയാണിത്. സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും ഏറ്റെടുത്ത വലിയ ദൗത്യത്തിന് സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചു. വിവിധ വകുപ്പുകളും സഹായ സംഘടനകളും സർവീസ് സംഘടനകളും അടക്കം വലിയ പിന്തുണ നൽകി. ഭാവി കേരളത്തിന് തൊഴിലും വരുമാനവും  ഉറപ്പ് വരുത്തുന്ന സംരംഭകത്വ വികസന ദൗത്യം സന്പൂർണ്ണ വിജയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ്. ചാണകവും ആട്ടിൻ കാഷ്ടവും യന്ത്ര സഹായത്തോടെ ഉണക്കി പൊടിച്ച് പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത് മികച്ചൊരു സംരംഭക മാതൃകയാണ്.
തനത് വളങ്ങൾ
നമ്മുടെ നാട്ടിലെ ക്ഷീര കർഷകർ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് ചാണകത്തിന്റെ സൂക്ഷിപ്പും വിപണനവും. വിപണിയിൽ ആവശ്യക്കാരും നല്ല വിലയുമുണ്ടെങ്കിലും അതിന്റെ സാന്പത്തിക നേട്ടം പലപ്പോഴും കർഷകർക്ക് ലഭിക്കുന്നില്ല. കൃത്യമായി സംസ്‌കരിച്ച് വിപണിയിലെത്തിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്‌നം. ജൈവ കൃഷിയിലേക്കുള്ള മാറ്റം പുരയിട കൃഷിയിലും വീട്ടുവളപ്പിലെ കൃഷിയിലും മട്ടുപ്പാവ് കൃഷിയിലും എല്ലാം വേഗത്തിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഉണക്കി പൊടിച്ച ചാണകം, ആട്ടിൻ കാഷ്ടം, ചാണക പാൽ, കോഴി കാഷ്ടം  തുടങ്ങിയ തനത് നേർവളങ്ങൾക്ക് വിപണി വർദ്ധിച്ച് വരുകയാണ്. ഇപ്പോൾ പച്ച ചാണകവും ആട്ടിൻ കാഷ്ടവും എല്ലാം ജലാംശം വറ്റിച്ചെടുക്കുന്നതിനും പൊടിച്ച് എടുക്കുന്നതിനുമെല്ലാം ചിലവ് കുറഞ്ഞ യന്ത്രങ്ങൾ ലഭ്യമാണ്. ടി യന്ത്രങ്ങൾ വാങ്ങി വെച്ച് ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ജൈവ നേർവളങ്ങളുടെ നിർമ്മാണം. ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ചുറ്റുവട്ടത്തുള്ള കർഷകരിൽ നിന്ന് ശേഖരിക്കാം. ചെറിയ പായ്ക്കുകളും വലിയ പായ്ക്കുകളും ആയി വള വില്പന കേന്ദ്രങ്ങൾ മുതൽ ഹൈപ്പർ മാർക്കറ്റുകൾ വരെ വിൽക്കാം.
നിർമ്മാണരീതി
പച്ച ചാണകം ഡ്രയിങ്  യന്ത്രത്തിലൂടെ കടത്തിവിടും. യന്ത്രത്തിൽ വച്ച് ചാണകത്തിൽ നിന്നുള്ള ജലാംശം പുറത്തേക്കെടുക്കും. ടി  ജലാംശം വീപ്പയിൽ  ശേഖരിക്കും. പുറത്തേക്കെത്തുന്ന ചാണകത്തിൽ 20% ൽ  താഴെയാണ് ജലാംശം ഉണ്ടാവുക. ജലാംശം നീക്കം ചെയ്ത് ചാണകം തണലത്ത്  രണ്ട്  ദിവസം ഉണക്കിയാൽ പൊടിക്കാൻ കഴിയുന്ന പരുവത്തിലാകും. തുടർന്ന്  ചാണകവും ആട്ടിൻകാഷ്ടവുമൊക്കെ പൊടിക്കാൻ പ്രത്യേകം തയാറാക്കിയ പൾവറൈസറിൽ പൊടിച്ചെടുക്കും. തുടർന്ന് 1 kg, 2kg, 5kg പായ്ക്കുകളിലാക്കാം . ചാണകപ്പാൽ 1kg, 5kg ബോട്ടിലുകളിലുമാക്കി വിപണിയിൽ എത്തിക്കാം.
മൂലധന നിക്ഷേപം
ഡീ വാട്ടറിംഗ്  യന്ത്രം - 2,30,000.00  
FLSR പൾവറൈസർ -1,20,000.00  
പായ്ക്കിംഗ്  & സീലിംഗ് -30,000.00
....................................................................................
ആകെ                        -  3,80,000.00  

തണൽ ബയോ ഫാർമസി
കോട്ടയം ജില്ലയിലെ വെളിയന്നൂർ  ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ തനത് ജൈവവളങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം പ്രവർത്തിച്ച് വരുന്നു . 5 പേർ ചേർന്നാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത് . പ്രാദേശികമായി ലഭ്യമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് വളങ്ങളുടെ നിർമ്മാണം. പ്രാദേശിക വിപണിയോടൊപ്പം പുറം വിപണിയും ലക്ഷ്യം വച്ചാണ് സംരംഭം പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലാപഞ്ചായത്ത്  നൽകിയ സബ്സിഡിയും വായ്പയും പ്രയോജനപ്പെടുത്തിയാണ് യൂണിറ്റ് ആരംഭിച്ചിട്ടുള്ളത് . പഞ്ചായത്ത് ഭരണസമിതിയും പൂർണ്ണ പിന്തുണ നൽകി വരുന്നു.
യന്ത്രങ്ങൾ - പരിശീലനം
പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485 -2999990
ലൈസൻസ്  സബ്സിഡി
തനത് ജൈവവളം ആയതിനാൽ വലിയ ലൈസൻസുകൾ ആവശ്യമില്ല. ഉദ്യം രജിസ്ട്രേഷൻ, പായ്ക്കിംഗ്  ലൈസൻസ്, ജി.എസ്.ടി.  ,കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. മൂലധന നിക്ഷേപത്തിന് ആനുപാതികമായി സബ്സിഡി ലഭിക്കും.

 

ആണിനിർമാണം

 

 
കേരളത്തിൽ  ചെറുകിട വ്യവസായ രംഗത്ത് ധാരാളം അവസരങ്ങൾ നിലനിൽക്കുന്നുണ്ട്. ചെറുകിട ഉല്പന്നങ്ങളുടെ നിർമാണത്തിലും സേവന മേഖലയിലും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലവിൽ നാം മുന്നോട്ടു പോകുന്നത് .സംരംഭക സൗഹൃദ സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ലൈസൻസിങ് നടപടിക്രമങ്ങൾ ലഘൂകരിച്ചും ഏകജാലക സംവിധാനം ഏർപ്പെടുത്തിയും സാമൂഹിക അന്തരീക്ഷം വ്യവസായങ്ങൾക്ക് അനുകൂലമാകത്തക്ക  വിധം നിരവധി പ്രവർത്തനങ്ങൾ ഗവണ്മെന്റ് തന്നെ മുൻകൈ എടുത്തു നടപ്പാക്കി വരുന്നുണ്ട് . സമയബന്ധിതമായ വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകളും താല്പര്യപ്പെടുന്നുണ്ട് . വ്യവസായം ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക്  സഹായങ്ങളുമായി വ്യവസായവകുപ്പ് ഗ്രാമങ്ങളിൽ പോലും സജീവമായിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പിന്റെ  ഇന്റേൺമാർ  കൂടി എത്തിയതോടെ പ്രാദേശിക ഭരണകൂടത്തിന്റെ മനോഭാവങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് കേരളത്തിൽ വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അനുകൂല ഘടകങ്ങൾ എല്ലാം തന്നെ പ്രയോജനപ്പെടുത്താൻ സാധിക്കും.
കേരളത്തിൽ ധാരാളമായി ആവശ്യമുള്ളതും  കേരളത്തിൽ  ഉല്പാദനം  കുറവുള്ളതും ആയ ഉല്പന്നങ്ങൾ കേരളത്തിൽ തന്നെ നിർമിച്ചു വിപണിയിൽ എത്തിക്കുന്നത് വിജയകരമായ ഒരു സംരംഭക മാതൃകയാണ്.കേരളത്തിൽ ആരംഭിക്കാൻ കഴിയുന്ന വിപണി സ്വീകാര്യതയുള്ള സംരംഭമാണ് ആണിയുടെ നിർമാണം.
നിർമാണ മേഖലയിൽ ധാരാളമായി ഉപയോഗപ്പെടുത്തുന്ന ഉല്പന്നമാണ് ആണി . ഹാർഡ്വെയർ ഷോപ്പുകളിലൂടെയാണ് ആണി വില്പനയുടെ പ്രധാന പങ്ക് നടക്കുന്നത്. 25  കിലോ ബാഗുകൾ ആയാണ് വിപണിയിൽ എത്തുന്നത്. അസംസ്‌കൃത വസ്തു ഹാർഡ് ബ്രൈറ്റ് വയർ ആണ്. ഭിലായിൽ നിന്നാണ് ഹാർഡ് ബ്രൈറ്റ് വയർ ലഭിക്കുക.
മാർക്കറ്റിംഗ്
വിതരണക്കാരെ നിയമിച്ചും  നേരിട്ടുള്ള വിതരണത്തിലൂടെയും വില്പന കണ്ടെത്താം. നിലവിൽ ആണി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂണിറ്റുകൾ എല്ലാം മുഴുവൻ കപ്പാസിറ്റിയും ഉപയോഗിച്ചാണ് ഉല്പാദനം  നടത്തുന്നത് .ഓർഡർ നൽകിയാൽ പത്തു ദിവസം വരെ സമയം എടുത്താണ് ആണി ലഭ്യമാകുന്നത് .
 അസംസ്‌കൃത വസ്തു വിവരങ്ങൾ
ഹാർഡ് ബ്രൈറ്റ് (എച്ഛ്  ബി ) വയറാണ്  പ്രധാന അസംസ്‌കൃത വസ്തു. 8 മുതൽ 14  വരെ ഗേജുകളിൽ ഉള്ള എച്ഛ് ബി വയറുകൾ ആണ് ആണി നിർമാണത്തിന് ഉപയോഗിക്കുന്നത്
2', 1', 3', 1.5', 1/ 2  ഇഞ്ച് തുടങ്ങിയ അളവുകളിൽ വലിപ്പം  കൂടിയതും വലിപ്പം കുറഞ്ഞതും വില്പനക്കെത്തുന്നുണ്ട്.
2', 1', 1.5' ആണികൾക്കു ആണ് വിപണിയിൽ കൂടുതൽ ഡിമാന്റുള്ളത്.
 നിർമാണ രീതി
ആണി  നിര്മ്മാണ യന്ത്രത്തിൽ ഡൈ സെറ്റ് ചെയ്തതിന്  ശേഷം യന്ത്രത്തിൽ ഹാർഡ് ബ്രൈറ്റ് വയർ റോൾ ലോഡ് ചെയ്യും . തുടർന്ന് യന്ത്രം തനിയെ പ്രവർത്തിച്ചു ആണിയുടെ ഉല്പാദനം നടത്തും. തുടർന്ന് അറക്കപ്പൊടിയോ ഉമിയോ ഉപയോഗിച്ച് പോളിഷിംഗ് മെഷീനിൽ പോളിഷ് ചെയ്തു എടുക്കും. പിന്നീട് 25 kg  വീതമുള്ള ബാഗുകളിൽ നിറച്ചു വിപണനത്തിന് എത്തിക്കും. പ്രധാനമായും മെഷീൻ പ്രവർത്തിപ്പിക്കാൻ നൈപുണ്യം ഉള്ള ഒരു ഓപ്പറേറ്റർ ആവശ്യമാണ്. അസിസ്റ്റന്റ് ആയി പാക്കിങ്ങിനും മറ്റും ഒരു വനിതയെ നിയമിച്ചാലും കമ്പനി സുഗമമായി പ്രവർത്തിപ്പിക്കാം.
മൂലധന നിക്ഷേപം
(പ്രതിദിനം 700 kg  ആണി ഉല്പാദിപ്പിക്കുന്നതിന് )
ആണിനിർമാണയന്ത്രം 5,30,000/-
പോളിഷിംഗ്  യന്ത്രം               1,00,000/-
അനുബന്ധ സൗകര്യങ്ങൾ         25,000/-
ആകെ 6,55,000/-

പ്രവർത്തന വരവ് ചിലവ് കണക്ക്
(പ്രതിദിനം 700 kg ആണി നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നതിന്റെ ചിലവ്)
വയർ 705 * 64.00 = 45120.00
തൊഴിലാളികളുടെ വേതനം = 1000.00
ഇലക്ട്രിസിറ്റി അനുബന്ധ ചിലവുകൾ = 300.00
പായ്ക്കിംഗ് & മാർക്കറ്റിംഗ്  = 1500.00
ആകെ ചിലവ് = 47920.00

വരവ്
(700 kg വിറ്റഴിക്കുന്‌പോൾ ലഭിക്കുന്നത്)
700 * 79.00 = 55300.00
ലാഭം
55300 - 47920 = 7380.00
യന്ത്രങ്ങൾ, പരിശീലനം
ആണി നിർമ്മാണത്തിന്റെ  പരിശീലനവും യന്ത്രങ്ങളും അഗ്രോപാർക്കിൽ ലഭിക്കും. ഫോൺ - 0485 - 2999990
 ലൈസൻസ്, വായ്പ്പാ സബ്സിഡി
ഉദ്യം രജിസ്ട്രേഷൻ, ജി എസ് ടി, കെ സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. വിവിധ സ്‌കീമുകളിൽപ്പെടുത്തി വായ്പ്പയും സബ്സിഡിയും ലഭിക്കും.

Post your comments