Global block

bissplus@gmail.com

Global Menu

k-bip അടിത്തറയൊരുക്കി; ലക്ഷ്യം നേടാൻ മിഷൻ 1000

മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാവുന്ന വ്യവസായ  അന്തരീക്ഷത്തിന്  അടിത്തറയൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്. ഒരു വർഷത്തിനുള്ളിൽ (2022-23)  1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച സംരംഭകവർഷം പദ്ധതിയുടെ തുടർച്ചയായി സംരംഭക വർഷം 2.0. യാണ്  2023-24  സാമ്പത്തിക വർഷത്തിൽ  സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത 1,000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയർത്തുന്ന മിഷൻ 1000 പദ്ധതിയുൾപ്പടെയുള്ളവ ഈ കാലഘട്ടത്തിൽ നടപ്പാക്കും.
സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കി, കേരളത്തിന് തന്നെ അഭിമാനം സമ്മാനിച്ച പദ്ധതിയായിരുന്നു സംരംഭക വർഷം 2022-23. കേരള ചരിത്രത്തിൽ തന്നെ ഒരു സാമ്പത്തിക വർഷം ഏറ്റവുമധികം സംരംഭങ്ങളാരംഭിച്ചുകൊണ്ട്, ഏറ്റവുമധികം തൊഴിലുകൾ സൃഷ്ടിച്ചുകൊണ്ട്  സുവർണ ലിപികളാൽ ആലേപനം ചെയ്യപ്പെട്ട സംരംഭക വർഷം പദ്ധതി മറ്റൊട്ടനവധി നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 1,39,828 സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട് 2,99,932 തൊഴിലുകൾ നൽകിക്കൊണ്ട് 8,417/- കോടി രൂപ നിക്ഷേപമാകർഷിച്ചുകൊണ്ട്  രാജ്യത്തെ തന്നെ എം.എസ്.എം.ഇ. മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസെന്ന അംഗീകാരം നേടിക്കൊണ്ടാണ് സംരംഭക വർഷം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായത്.സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങൾ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് സംരംഭക വർഷം പദ്ധതി രചിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്തിരട്ടിയോളം സംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കാനും രാജ്യത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാനും സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിന് സാധിച്ചു. സംരംഭക വർഷം പദ്ധതിയിൽ ആരംഭിച്ച സംരംഭങ്ങളെ കൈപിടിച്ചുയർത്തുന്നതിനും സംരംഭകർക്ക് കൈത്താങ്ങാകുന്ന നടപടികൾ കൈകൊള്ളുന്നതിനുമായി  സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളിൽ 1,000 എണ്ണം തിരഞ്ഞെടുത്ത് നൂറ് കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്ന  മിഷൻ 1000 പദ്ധതിയുൾപ്പെടെ വിപുലമായ പദ്ധതികളാണ് കൃത്യമായ ആസൂത്രണത്തോടെയും ദീർഘവീക്ഷണത്തോടെയും വ്യവസായ വകുപ്പ്  2023- 24 സാമ്പത്തിക വർഷത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.  
2023 ഏപ്രിൽ 10ന്, എറണാകുളം, ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംരംഭക വർഷം 2.0. യുടെ ഉദ്ഘാടനം നിർവഹിച്ചു.  ചടങ്ങിൽ  മിഷൻ 1000 പോർട്ടലിന്റെ  ഉദ്ഘാടനം ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ്  സന്നിഹിതനായിരുന്നു.

 

3 വർഷമായി കേരളത്തിൽ ഉൽപാദന/സേവന രംഗത്ത് സംരംഭം നടത്തുന്ന,  ഉദ്യം പോർട്ടലിൽ  കേരളത്തിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്കാണ്  100 കോടി രൂപ വിറ്റുവരവുള്ള സംരംഭമായി വളരാനുള്ള വ്യവസായ വകുപ്പിന്റെ  സഹായം ലഭിക്കാൻ അർഹത. നിഷ്‌കർഷിച്ച അടിസ്ഥാന യോഗ്യതകളുള്ള എം.എസ്.എം.ഇകളെ സുതാര്യമായ സംവിധാനത്തിലൂടെ സ്‌കെയിൽ അപ്പ് സ്‌കീമിനായി തിരഞ്ഞെടുത്ത് വ്യവസായ വകുപ്പ് പൂർണ പിന്തുണ നൽകും.
2023 മാർച്ച് 31നുള്ളിൽ 3 വർഷം പൂർത്തിയാക്കിയ സംരംഭങ്ങളിൽ നിന്ന് മാനദണ്ഡങ്ങൾക്കനുസൃതമായി 1000 സംരംഭങ്ങളെ തെരഞ്ഞെടുക്കുകയും ഇവർക്കാവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിക്ക് mission1000.industry.kerala.gov.in എന്ന വെബ്സൈറ്റിൽ സംരംഭകർക്ക് അപേക്ഷക്കാവുന്നതാണ്.
ഇങ്ങനെ രജിസ്റ്റർ ചെയ്യപ്പെടുന്ന സംരംഭങ്ങളിൽ നിന്ന് നിക്ഷേപം, വാർഷിക വിറ്റുവരവ്, ലാഭം, ശേഷി വിനിയോഗം, കയറ്റുമതി, ജീവനക്കാർ, പ്രമോട്ടർമാരുടെ സിബിൽ സ്‌കോർ, മുൻഗണനാ മേഖലയിലുള്ള വ്യവസായങ്ങൾ, ലഭിച്ച സർട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ച് മികച്ച 1000 യൂണിറ്റുകളെ സ്‌കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും. സ്‌കെയിൽ അപ്പ് മിഷൻ - 'മിഷൻ 1000' പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പദ്ധതികൾക്ക് മൂലധന സബ്‌സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്‌സിഡി, ഡിപിആർ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം, ടെക്‌നോളജി നവീകരണത്തിനുള്ള സഹായം, ഗുണനിലവാര സർട്ടിഫിക്കേഷൻ നേടാൻ പ്രത്യേക സഹായം തുടങ്ങിയ ലഭ്യമാക്കും. ഇതിനൊപ്പം സ്‌കെയിലിങ്ങ് അനുബന്ധ പ്രവർത്തനങ്ങളിൽ യൂണിറ്റുകളെ സഹായിക്കാൻ വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും വ്യവസായ വകുപ്പിന്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകൾക്ക് മുൻഗണന നൽകുകയും ചെയ്യും.

 

സെൽഫി പോയിന്റ്
യുട്യൂബ് ചാനൽ

 

സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും വിപണനത്തിന് സഹായിക്കാനുമായുള്ള സംവിധാനമാണ് വ്യവസായ വകുപ്പ് പുതുതായി ആരംഭിച്ച സെൽഫി പോയിന്റ് യുട്യൂബ് ചാനൽ. നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനാണ് വ്യവസായ വകുപ്പ് ഈ  പ്രത്യേക യൂട്യൂബ് ചാനലിലൂടെ ലക്ഷ്യമിടുന്നത്. സംരംഭകർക്ക് അവരുടെ സംരംഭങ്ങളുടെ പ്രത്യേകതകൾ പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും വിപണനത്തിൽ സഹായിക്കുന്നതിനും സെൽഫി പോയിന്റ് (https://www.youtube.com/@selfiepointdic) വഴിയൊരുക്കും.
നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ  സംരംഭങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫി വീഡിയോസ്  ചാനലിൽ അപ്ലോഡ് ചെയ്യുന്നത് വഴി ലഭിക്കുന്ന പുതിയ നെറ്റ് വർക്കുകൾ സംരംഭം വിപുലപ്പെടുത്തുന്നതിനുൾപ്പെടെ സഹായകമാകും. ചാനലിന്റെ പ്രൊമോഷൻ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതാണ്.

 

എം.എസ്.എം.ഇ സുസ്ഥിരതാ പദ്ധതി  
സംരംഭക വർഷം (2022-23) പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായി ആരംഭിക്കുന്ന പദ്ധതിയാണ് എം.എസ്.എം.ഇ സുസ്ഥിരതാ പദ്ധതി. എം.എസ്.എം.ഇകളുടെ അടച്ചുപൂട്ടൽ നിരക്ക് കുറക്കുന്നതിനും പുതിയ എം.എസ്.എം.ഇകളുടെ വിറ്റുവരവിൽ 5% വളർച്ചാ നിരക്ക് ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി  35,000 ത്തോളം സംരംഭങ്ങളുടെ നേരിട്ടുള്ള വിവരണ ശേഖരണം ഇന്റേൺസിന്റെ സഹായത്തോടെ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.
പദ്ധതിയുടെ രണ്ടാം ഘട്ടമായി എം.എസ്.എം.ഇ പെർഫോമൻസ് മോണിറ്ററിങ്ങിനായി ഓട്ടോമേറ്റഡ് സിസ്റ്റം കൊണ്ടു വരുന്നതിനൊപ്പം എം.എസ്.എം.ഇകൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതല നെറ്റ് വർക്കിങ്ങ്  ക്ലസ്റ്ററും സൃഷ്ടിക്കും. പ്രത്യേക ഇൻസെന്റീവുകളും ഈ പദ്ധതിയിലൂടെ എം.എസ്.എം.ഇകൾക്ക് ലഭ്യമാക്കും.
സംരംഭക വർഷം 2.0
2023-24 സാമ്പത്തിക വർഷത്തിലും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയാണ് 'സംരംഭക വർഷം 2.0. ബോട്ടംഅപ്പ് പ്ലാനിങ്ങിലൂടെയായിരിക്കും ഇത്തവണ ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക.

Post your comments