Global block

bissplus@gmail.com

Global Menu

അത്യുന്നതങ്ങളിൽ നിയുസാറ്റ് ഇനി വരുന്നത് സ്വന്തം ഹ്യുമനോയ്ഡ്

വിദ്യാഭ്യാസ മേഖല പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസമേഖല വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പോയകാലത്തെ അപേക്ഷിച്ച് ഉപരിപഠനമേഖലകളും അഭിരുചികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോളതലത്തിൽ തന്നെ അടിമുടി മാറിയിരിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഉപരിപഠനത്തിന് മറ്റേതൊരു വിദേശ സർവ്വകലാശാലയെയും വെല്ലുന്ന സൗകര്യങ്ങളും കോഴ്‌സുകളും ഇന്ന് സ്വദേശത്ത് ലഭ്യമാണ്. അത്തരത്തിൽ അനുദിനം മാറുന്ന വിദ്യാഭ്യാസരംഗത്തിനും ആഗോളസാങ്കേതികവിദ്യയ്ക്കും അനുസരിച്ച് അപ്‌ഡേറ്റഡ് ആയ കോഴ്‌സുകളെല്ലാം ലഭ്യമായ സർവ്വകളാശാലയാണ് നിഷ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 69 വർഷത്തെ മികവുറ്റ പ്രവർത്തന പാരമ്പര്യവുമായി മുന്നേറുന്ന നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യൂക്കേഷൻ (നിഷ് - NICHE) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ പ്രൊ വൈസ് ചാൻസലർ യുഎന്നിൽ വരെ കേരളത്തിന്റെ ഖ്യാതി എത്തിച്ച ഡോ. എം.എസ്.ഫൈസൽ ഖാനാണ്.  നൂറുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ കൂടിയാണ് തികഞ്ഞ എജ്യുക്കേഷനിസ്റ്റും അതിലുപരി കളങ്കമില്ലാത്ത മനുഷ്യസ്‌നേഹിയുമാണ് ഡോ.ഫൈസൽ ഖാൻ. ചുമതലകളുടെ തിരക്കിനിടയിലും എഴുതാനും ജീവകാരുണ്യപ്രവർത്തനത്തിനും സമൂഹവുമായുളള സംവാദത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെയാവണം തിരക്കിടയിലെ വിലപ്പെട്ട സമയം ബിസിനസ് പ്ലസിന് അനുവദിച്ചത്. ഡോ.ഫൈസൽഖാനുമായി ബിസിനസ് പ്ലസ് നടത്തിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ നിന്ന്.  

 

 

വിദ്യാഭ്യാസം നമ്മുടെ മസ്തിഷ്‌കത്തെ പുതിയതും വിലയേറിയതുമായ വിവരങ്ങളാൽ വികസിപ്പിക്കുക മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ലോകത്തെ ക്കുറിച്ച് ചിന്തിക്കാനും വിശകലനം ചെയ്യാനും പ്രോസസ്സ് ചെയ്യാനുമുള്ള നമ്മുടെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ അറിവിനെ വിശാലമാക്കുന്നു. അത് നമ്മുടെ മനസ്സിനെ പുതിയ കാഴ്ചപ്പാടുകളിലേക്കും വീക്ഷണങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും സംസ്‌കാരങ്ങളിലേക്കും തുറക്കുന്നു.
നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ, ഉന്നത പഠന കേന്ദ്രമെന്ന നിലയിൽ പഠനം സുഗമമാക്കുന്നതിനുളള മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മികച്ച അന്തർദേശീയ സമ്പ്രദായങ്ങൾ കണ്ടെത്തുന്നതിലും ഇനവേഷൻസും സർഗ്ഗാത്മകതയും പോഷിപ്പിക്കുന്നതിലും വിജയിച്ചു. ഉന്നതവിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ അറിവുകളെല്ലാം വിനിയോഗിക്കുന്നതിന് ആവശ്യമായ അവസരങ്ങളും സ്വാതന്ത്ര്യവും നൽകി അവരെ മാനവരാശിക്ക് മികച്ച സംഭാവന നൽകുന്നവരായി മാറ്റിയെടുക്കുന്നതിന് നിഷ് സർവ്വകലാശാല തുടർച്ചയായി പരിശ്രമിക്കുന്നു-
ഡോ.എം.എസ്. ഫൈസൽ ഖാൻ
പ്രോ ചാൻസലർ-
നൂറുൽ ഇസ്ലാം സർവ്വകലാശാല

 

 

 

കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തോടുളള കാഴ്ചപ്പാട്?
ഓരോ അഞ്ചുവർഷം കൂടുമ്പോഴും വിദ്യാഭ്യാസമേഖലയും ഉന്നതവിദ്യാഭ്യാസരംഗവും വളരെയധികം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വിദ്യാഭ്യാസകേന്ദ്രങ്ങളെല്ലാം കാലോചിതമായി ഉയർന്നുവരുന്നു. സർവ്വകലാശാലകളുടെ എണ്ണം തന്നെ 1100ന് മുകളിലായി. പല സംസ്ഥാനങ്ങളിലും സർവ്വകലാശാലകളുടെ എണ്ണം കൂടി. എന്നാൽ അങ്ങനെ എണ്ണത്തിലെ വർദ്ധനവ് കൊണ്ടുമാത്രം കാര്യമില്ല. ക്വാളിറ്റി എജ്യുക്കേഷനാണ് പ്രധാനം. മറ്റ് സർവ്വകലാശാലകളിൽ നിന്ന് എത്രത്തോളം മികവ് പുലർത്തി മുന്നോട്ടുപോകുന്നുവെന്നതാണ് അളവുകോൽ. അങ്ങനെ നോക്കുമ്പോൾ  വളരെയധികം പുരോഗമപരമായ കോൺസെപ്റ്റ് ആണ് ഇപ്പോഴത്തേത്. അപര്യാപ്തയായി ചൂണ്ടിക്കാട്ടാനുളളത് കൂടുതൽ തിയറി കേന്ദ്രീകൃതമാണ് എന്നതാണ്. അത് മാറണം പ്രയോഗികപരിശീലനത്തിനും നൈപുണ്യവികസനത്തിനും വിദ്യാഭ്യാസനയത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ദേശീയ നൈപുണ്യവികസന മിഷൻ (എൻഎസ്ഡിസി), കേരളത്തിലെ അസാപ് തുടങ്ങിയവ ഉണ്ടെങ്കിലും അക്കാദമികതലത്തിൽ പ്രയോഗികപരിശീലനം കുറവാണ്. ആരോഗ്യമേഖലയിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പും ഹൗസ് സർജൻസിയും ഒക്കെ നിർബന്ധമായതിനാൽ മറ്റ് കോഴ്‌സുകളേക്കാൾ പ്രായോഗികപരിശീലനം ലഭിക്കുന്നു.എംബിബിസ് കഴിഞ്ഞതിനുശേഷം രോഗിയെ ചികിത്സിക്കാൻ പഠിപ്പിക്കാം എന്നുവച്ചാൽ അത് പ്രയോഗികമല്ലല്ലോ.  എന്നാൽ സാങ്കേതിക കോഴ്‌സുകളുടെ കാര്യത്തിൽ നിലവിലെ പ്രായോഗികപരിശീലന സംവിധാനം അപര്യാപ്തമാണ്.
നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യുക്കേഷന്റെ (നിഷ്) പ്രത്യേകത
നിഷിന്റെ ഏറ്റവും വലിയ പ്രത്യേകത കൂടുതൽ വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ലഭ്യമാക്കുന്നു എന്നതാണ്.പ്ലേസ്‌മെന്റ് ലഭിക്കണമെങ്കിൽ ക്യാമ്പസ് ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. അതിനുവേണ്ടി വാല്യു ആഡഡ് കോഴ്‌സുകൾ അക്കാദിമിക് പ്രോഗ്രാമിനൊപ്പം തന്നെ നല്കി വരുന്നു. ഇൻഡസ്ട്രി കണക്ട് എന്ന പദ്ധതിയിലൂടെ ഇൻഡസ്ട്രികളുമായി ചേർന്നുളള പ്രവർത്തനത്തിന് വലിയ പ്രധാന്യം നല്്കുന്ന സർവ്വകലാശാലയാണ് നിഷ്. കഴിഞ്ഞ എട്ടുമാസത്തിനുളളിൽ ഏകദേശം ഇരുനൂറോളം കമ്പനികളാണ് നിഷുമായി ധാരണാപത്രം (MoU)  ഒപ്പുവച്ചത്. കേന്ദ്രസർക്കാരിന്റെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടായ ഐഎഎസ്ടി മുതൽ ഐബിഎം, ഇൻഫോസിസ് , ലൂക്ക തുടങ്ങി നിരവധി ദേശീയ-രാജ്യാന്തര സ്ഥാപനങ്ങളും കമ്പനികളും ഇതിൽ ഉൾപ്പെടുന്നു. അവരുമായൊക്കെ സഹകരിച്ച് വിദ്യാർത്ഥികളും കമ്പനികളുമായുളള ആശയവിനിമയം സാധ്യമാക്കുന്നു. ശില്പശാലകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നു. ഉദാഹരണത്തിന്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, പൈതൺ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടെക്‌നോപാർക്കിലെ തന്നെ എട്ടോളം കമ്പനികൾ നിഷ് ക്യാമ്പസിലെത്തി വിദ്യാർത്ഥികളുമായി സംവദിക്കുന്നു. അതിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക ജ്ഞാനം ലഭിക്കുന്നു. ജോലിസാധ്യതയെപ്പറ്റി മനസ്സിലാക്കാനും ജോലിക്കുവേണ്ടി സ്വയം സജ്ജരാകാനും അവർക്ക് കഴിയുന്നു.
ഗ്രീൻ ക്യാമ്പസ് എന്ന ആശയം
പ്രകൃതിരമണീയമായ സ്ഥലത്താണ് ഈ സർവ്വകലാശാല ഉയർന്നുവന്നിരിക്കുന്നത്. സ്വാഭാവികപ്രകൃതിയെ അധികം ബാധിക്കാതെയാണ് ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. അതുകൊണ്ടുതന്നെ ഇതൊരു സ്വാഭാവിക ഗ്രീൻ ക്യാമ്പസ് ആണ്. മയിലും കുരങ്ങുകളും കഴുതകളുമൊക്കെയായി ധാരാളം മൃഗങ്ങളെ കാണാം. വിദ്യാർത്ഥികൾക്ക് എതേങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കുകമാത്രമാണ് ചെയ്യുന്നത്. അല്ലാതെ അവയെ അവയുടെ ആവാസവ്യവസ്ഥയിൽ നിന്നും തുരത്തുന്ന രീതിയിലുളള പ്രവർത്തനങ്ങൾ ഇവിടെയില്ല. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്താൽ പ്രകൃതിയെ ദുരുപയോഗം ചെയ്യാതെ സ്വാഭാവികമായി നിലനിർത്തിക്കൊണ്ടുളള പ്രവർത്തനങ്ങളാണ് നിഷിൽ നടക്കുന്നത്.
നിലവിൽ കേരളത്തിൽ ബിടെക്ക് പോലുളള കോഴ്‌സുകൾ കഴിഞ്ഞ് വിദേശത്തോ, വിദേശ കമ്പനികളിലോ ജോലി തേടുമ്പോൾ കമ്പനികൾ ആവശ്യപ്പെടുന്ന പ്രയോഗികജ്ഞാനം പലപ്പോഴും നമ്മുടെ ഉദ്യോഗാർത്ഥികൾക്കുണ്ടാവാറില്ല. പലപ്പോഴും നമ്മുടെ സിലബസിലെ പരിമിതികൾ  ആഗ്രഹിച്ച പോസ്റ്റിൽ നിയമനം ലഭിക്കുന്നതിന് തടസ്സമാകുന്നു. അത്തരത്തിൽ ജോബ് ഓറിയന്റഡ് ആയിട്ടുളള കോഴ്‌സുകൾ നിഷിൽ ധാരാളമുണ്ട്. അതെപ്പറ്റി പറയാമോ?
സർവ്വകലാശാല എന്നത് വലിയ പ്ലസ് പോയിന്റാണ്.  എന്റെ കാഴ്ചപ്പാടിൽ മൈനസ് പോയിന്റും അതുതന്നെയാണ്. സർവ്വകലാശാല എന്ന നിലയ്ക്ക് മാദനണ്ഡങ്ങൾ പാലിച്ചാൽ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുളള കോഴ്‌സുകൾ തുടങ്ങാനാകും എന്നതാണ് പ്ലസ് പോയിന്റ്. യുജിസിയിൽ അവതരിപ്പിച്ച് അനുമതി വാങ്ങി നമുക്കത് സാധ്യമാക്കാവുന്നതാണ്. എന്നാൽ വലിയ നിക്ഷേപം നടത്തി അത്തരത്തിൽ അഡ്വാൻസ്ഡ് ആയ കോഴ്‌സുകൾ കൊണ്ടുവരുമ്പോൾ അതിന് വിദ്യാർത്ഥികളെ ലഭിക്കുന്നില്ല എന്നതാണ്  മൈനസ് പോയിന്റ്. ഉദാഹരണത്തിന് നാനോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന്റെ കാര്യമെടുക്കാം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നാനോടെക്‌നോളജി റിസർച്ച് ലാബുളളത് നിഷിലാണ്. കേന്ദ്രസർക്കാർ ഫണ്ട് ചെയ്യുന്ന റിസർച്ച് ലാബാണ്. നാനോടെക്‌നോളജിയുമായി ബന്ധപ്പെട്ട് വേണ്ട എല്ലാ സജ്ജീകരണങ്ങളുമുണ്ട്. എന്നാൽ ആ കോഴ്‌സിനേക്കാൾ മറ്റ് കോഴ്‌സുകളാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നത്. അപ്പോൾ നിക്ഷേപതലത്തിൽ നോക്കുമ്പോൾ അത് വേണ്ട ഫലം കണ്ടിട്ടില്ല. അതുപോലെ ഹ്യൂമൻ ജെനിറ്റിക്‌സ് ആൻഡ് മോളിക്യുലാർ ബയോളജി ഡിപ്പാർട്ടുമെന്റിനായി പന്ത്രണ്ടു കോടി രൂപയാണ് നിക്ഷേപിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള കോളേജുകളിൽ ഈ വിഷയം പഠിക്കുന്ന കുട്ടികൾ പ്രൊജക്ടിനായി നിഷിൽ വരുന്നുണ്ട്. എന്നാൽ അതുപോര, ആ കോഴ്‌സിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ വരണം. നിലവിൽ മാത്രമല്ല ഭാവിയിലും വളരെ സാധ്യതകളുളള മേഖലയാണത്. അതെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ധാരണയില്ല എന്നതാണ് വാസ്തവം.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതൊരു പഴമൊഴിയാണ്. സ്റ്റഡി എബ്രോഡ് എന്ന ആശയത്തിന്റെ കാലത്ത് സ്വദേശത്തെ മികച്ച സ്ഥാപനങ്ങളും സജ്ജീകരണങ്ങളും കോഴ്‌സുകളും നമ്മുടെ വിദ്യാർത്ഥികൾ അറിയാതെ പോകുന്നുണ്ടോ?
സ്റ്റഡി എബ്രോഡ് എന്ന ആശയം പുതിയ തലമുറയ്ക്കു തലയ്ക്കുപിടിച്ചിരിക്കുന്നു എന്നത് വാസ്തവമാണ്. ഉദാഹരണമായി ഒരു സംഭവം പറയാം. ജൂലൈ ആദ്യം നെയ്യാറ്റിൻകര മണ്ഡലത്തിൽ എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യവകുപ്പു മന്ത്രിയായിരുന്നു ഉദ്ഘാടക. ചടങ്ങിൽ 11 പേരുടെ പേര് വിളിച്ചപ്പോൾ 9 പേരും ഉണ്ടായിരുന്നില്ല.
പണ്ടൊക്കെ അത്തരം ചടങ്ങുകൾ സംഘടിപ്പിച്ചാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തോഷത്തോടെയും ആവേശത്തോടെയും പങ്കെടുക്കും.ഇന്ന് അതല്ല സ്ഥിതി.  ഞാൻ പഠിച്ചു മാർക്കുകിട്ടി. കേന്ദ്രസർവ്വകലാശാലയിൽ അല്ലെങ്കിൽ വിദേശത്ത് ഉപരിപഠനം നടത്തണം. ഇത്തരം ചടങ്ങുകൾക്കായി പാഴാക്കാൻ സമയമില്ല എന്ന മട്ടാണ്.
രണ്ടാമതായി  പ്രസംഗിക്കാൻ കയറിയപ്പോൾ ഞാൻ പറഞ്ഞു എല്ലാവർക്കും സ്റ്റഡി എബ്രോഡ് എന്ന ആശയം തലയ്ക്കുപിടിച്ചിരിക്കുകയാണ്. എന്നാൽ ഞാൻ നിങ്ങളെ കുറച്ചു പിന്നിലേക്ക്, കൊവിഡ് കാലത്തേക്ക് കൊണ്ടുപോകുകയാണ്. മഹാമാരി പടർന്നുപിടിച്ചപ്പോൾ അമേരിക്ക വാക്‌സിൻ കണ്ടുപിടിച്ചു. റഷ്യ കണ്ടുപിടിച്ചു. ആസ്ട്ര സിനിക്ക എന്ന വാക്‌സിനെക്കുറിച്ചുളള കാര്യമെല്ലാം നിങ്ങൾക്കറിയാം. എന്നാൽ ആ സമയത്താണ് ഇന്ത്യയിലെ ഭാരത് ബയോടെക് കോവാക്‌സിൻ കൊണ്ടുവന്നത്. വിജയിക്കില്ല എന്ന ഉറപ്പിൽ 16-ാമത്തെ സ്ലോട്ടാണ് ഡബ്ല്യുഎച്ച്ഒ ഇന്ത്യയ്ക്ക് നൽകിയത്. അവിടെ നിന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കോവാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്റെ പേര് ഇവിടെ ഇരിക്കുന്നവരിൽ എത്രപേർക്കറിയാം.60 രാജ്യങ്ങളിലേക്ക് കയറ്റി അയച്ച ആ വാക്‌സിൻ കണ്ടുപിടിച്ചത് തമിഴ്‌നാട്ടുകാരനാണ്. ഇവിടെ നിന്ന് 600 കി.മി അകലെയുളള തിരുവളളൂർ ജില്ലക്കാരനായ അദ്ദേഹത്തിന്റെ പേര് ആർക്കുമറിയില്ല. ഡോ.കൃഷ്ണ എല്ല (Krishna Ella)  എന്നാണ് അദ്ദേഹത്തിന്റെ പേര്. അപ്പോൾ പുസ്തകത്തിലെ കാര്യം മാത്രം പഠിച്ചാൽ പോര സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളും അറിഞ്ഞിരിക്കണം.
കൊവിഡനന്തരവും, യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിലും വിദേശപഠനം എന്ന കാഴ്ചപ്പാടിൽ പിന്നോട്ടുപോക്കല്ലേ ഉണ്ടാവേണ്ടത്?
പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. നിലവിൽ ഓരോ ജില്ലയിൽ നിന്നും 17000 പേരോളമാണ് വിദേശപഠനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. നിരുപാധികമായ സ്വാതന്ത്ര്യം എന്നതാണ് പ്രധാന ആകർഷണം. തന്റെ കാര്യം മാത്രം നോക്കി ജീവിക്കുക. മാതാപിതാക്കളുടെ കാര്യമോ, ബന്ധുവീടുകളിലെ സന്ദർശനമോ ചടങ്ങുകളോ ഒന്നും വേണ്ട. സ്മാർട്ട് ഫോണിലൂടെ നാട്ടിലെ കാര്യങ്ങൾ ഏറെക്കുറെ മാനേജ് ചെയ്യാം.
എയ്‌റോനോട്ടിക്കൽ വിഭാഗത്തിലും മറ്റും സജ്ജീകരണങ്ങളൊരുക്കുന്നതിനായി വലിയ നിക്ഷേപമാണല്ലോ നടത്തിയിരിക്കുന്നത്?
ഓരോ ഫാക്കൽറ്റിയും പ്രതിവർഷം രണ്ടോ മൂന്നോ പേപ്പറുകൾ അവതരിപ്പിക്കണം. പേറ്റന്റുണ്ടായിരിക്കണം.ഒരു പിഎച്ച്ഡിക്കാരന്  നാലോ ആറോ പിഎച്ച്ഡി സ്‌കോളർമാരരുണ്ടാവണം. ഓരോ പിഎച്ച്ഡി സ്‌കോളറും കുറഞ്ഞത് 2 പേപ്പർ അവതരിപ്പിച്ചിരിക്കണം-സർവ്വകലാശാലയെ സംബന്ധിച്ച് ഇങ്ങനെ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. കോളേജ് തുടങ്ങാൻ എളുപ്പമാണ്. എന്നാൽ സർവ്വകലാശാല നടത്തിക്കൊണ്ടുപോകൽ അത്രകണ്ട് അനായാസകരമല്ല. വരുംകാലത്ത് വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനും മറ്റും ഉപകാരപ്രദമാകും എന്നതാണ് സർവ്വകലാശാലയുടെ പ്ലസ് പോയിന്റ്. നിഷിൽ 23 ഡിപ്പാർട്ടുമെന്റുകളുണ്ടെങ്കിൽ അവ 23 ഇൻസ്റ്റിറ്റിയൂഷൻസ് പോലെയാണ്. ഓരോ ഡിപ്പാർട്ട്‌മെന്റിലും പിഎച്ച്ഡി വരെ ചെയ്യാനുളള സംവിധാനങ്ങളുണ്ട്. 23 കോളേജുകൾ ഒരുമിച്ചിരിക്കുന്ന സ്ഥലം എന്ന് കണക്കാക്കാം. മറൈൻ എഞ്ചിനീയറിംഗ് കഴിഞ്ഞ ഒരു വിദ്യാർത്ഥി കപ്പൽ കണ്ടിട്ടില്ല എന്നു പറയുന്നത് മോശമല്ലേ. നിഷിൽ യ്‌റോനോട്ടിക്കൽ വിഭാഗത്തിനായി ഫൈ്‌ളറ്റ് ഉൾപ്പെടെയുളളവയും മറൈൻ എഞ്ചിനീയറിംഗ് വിഭാഗത്തിനായി കപ്പൽ ഉൾപ്പെടെയുളളവയും ക്യാമ്പസ്സിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു.
വിദേശ സർവ്വകലാശാലകളൊക്കെ സന്ദർശിച്ചിട്ടുളള വ്യക്തിയെന്ന നിലയിൽ ഭാവിയിൽ നാം വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി?
നോക്കു, പഴയകാലത്തെ ഓടോ, ഓലയോ മേഞ്ഞ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സ്‌കൂളുകളിൽ നിന്ന് ഇന്ന് ഹൈടെക് ക്ലാസ് റൂമുകളിലേക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മാറിയിരിക്കുന്നു. ഏത് വിദേശ സ്‌കൂളിനോടും കിടപിടിക്കുന്ന സംവിധാനങ്ങൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ട്. പിന്നെ എവിടെയാണ് പാളിച്ച എന്നുചോദിച്ചാൽ മാനവവിഭവശേഷി മാനേജ്‌മെന്റിലാണ് എന്നു പറയാം. അതുപോലെ പ്രാഫഷണലായ ഒരു അക്കാദമിക് സംവിധാനം നമുക്കില്ല.നിശ്ചിത ഫ്‌ളോച്ചാർട്ടിലൂടെയാണ് വിദേശവിദ്യാഭ്യാസസംവിധാനം പ്രവർത്തിക്കുന്നത്. നമുക്ക് അത്തരം പ്രൊഫഷണലിസം ഇല്ല. മറ്റ് ലതരം അനാവശ്യ സ്വാധീനങ്ങളും നമുക്ക് വിലങ്ങുതടിയാകുന്നു. വിദേശത്ത് അത്തരം സ്വാധീനങ്ങളില്ല. അപ്പോൾ നാമും അത്തരത്തിൽ മാറണം. ക്വാളിറ്റിയെ കോംപ്രമൈസ് ചെയ്യുന്ന സ്വാധീനങ്ങളിൽ നിന്ന് വിടുതൽ നേടണം. ഇന്ത്യയിൽ അത് സാധ്യമാണോ എന്ന് ചോദിച്ചാൽ അതെ എന്നാണ് ഉത്തരം. ഉദാഹരണത്തിന് 20 ലക്ഷം പേർ എഴുതുന്ന സിവിൽ സർവ്വീസ് പരീക്ഷ തന്നെയെടുക്കാം. 20 ലക്ഷത്തിൽ നിന്ന് പല കടമ്പകൾ കടന്ന് ഏറ്റവും മികച്ച ആയിരം പേരാണ് വിജയികളാകുന്നത്.
പ്ലസ് ടു കഴിഞ്ഞാൽ എൻജി, മെഡിസിൻ എന്നതിലുപരി മറ്റ് സാധ്യതകളെപ്പറ്റി ചിന്തിക്കുന്നവർ കുറവാണ്.അതെപ്പറ്റി പറയാമോ
നമ്മുടെ സമൂഹത്തിന്റെ ചിന്താഗതി പുതിയ തലമുറയെ ഒരു വലിയ അളവിൽ സ്വാധീനിക്കുന്നു എന്നത് വാസ്തവമാണ്. പ്ലസ് ടു സയൻസ് പഠിച്ച വിദ്യാർത്ഥിയോട് ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ ഡോക്ടറാവണം എന്ന മറുപടി സാധാരണമാണ്. എന്ത് ഡോക്ടർ എന്നു ചോദിച്ചാൽ കുഴങ്ങും. അതിന് കാരണം ആ മേഖലയെക്കുറിച്ചുളള അറിവില്ലായ്മയാണ്. അവിടെയാണ് ക്യാമ്പസ് സന്ദർശനങ്ങളുടെ പ്രാധാന്യം. ഉദാഹരണത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാനുളള അവസരമുണ്ടാകണം. അവർക്ക് വിവിധവിഭാഗങ്ങളെ പരിചയപ്പെടുത്തണം. അങ്ങനെ പത്താംക്ലാസ് ആവുമ്പോൾ വിദ്യാർത്ഥികളിൽ ഒരു സയന്റിസ്റ്റാവണം, പൈലറ്റാവണം, അസ്ഥിരോഗ വിദഗ്ദ്ധനാവണം,ഐഎഎസുകാരനാവണം എന്നിങ്ങനെയുളള ലക്ഷ്യബോധം വികസിക്കണം. ഏത് മേഖലയ്ക്കും അതിന്റേതായ മഹത്വമുണ്ട്. പക്ഷേ അതെക്കുറിച്ച് പരിമിതമായ അറിവുപോലുമില്ലാതെയാണ് പലരും തങ്ങൾക്ക് അങ്ങനെയാകണം എന്ന് പറയുന്നത്.
റോബോട്ടിക്്‌സ് , എഐ പോലുളള ഭാവിയിലെ സങ്കേതങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകൾ
സാറ്റലൈറ്റ് സ്‌പേസ് സെന്ററുളള ഏക സർവ്വകലാശാലയാണ് നിഷ്. 2017ൽ ഇന്ത്യ 31 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചപ്പോൾ അതിലൊരെണ്ണം വികസിപ്പിച്ചത് നിഷിലെ വിദ്യാർത്ഥികളാണ്്.അതാണ് നിയുസാറ്റ്. എഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ മാർഗ്ഗനിർദ്ദേശം കുട്ടികൾക്ക് ലഭിച്ചിരുന്നു. അത്തരത്തിൽ എക്കാലവും മാതൃകാപരമായാണ് നിഷ് മുന്നോട്ടുപോകുന്നത്. റോബോട്ടിക്‌സിനെ സംബന്ധിച്ചിടത്തോളം നിലവിൽ ഹ്യൂമനോയ്ഡുകളെക്കുറിച്ചാണ് നിഷിലെ റോബോട്ടിക്‌സ് വിഭാഗം ഗവേഷണം നടത്തുന്നത്.20 കോടി വരെ ഈ വിഭാഗത്തിൽ നിക്ഷേപിക്കാൻ നിഷ് തയ്യാറാണ്. ഹ്യുമനോയ്ഡുകളുടെ വക്താക്കളായ ബോസ്റ്റൺ ഡൈനമിക്‌സുമായി ചർച്ചയ്ക്കുളള നടപടികൾ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടർ സയൻസ്, ഐടി, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒരു ടീമാണ് ഹ്യുമനോയ്ഡ് ഗവേഷണത്തിലേർപ്പെട്ടിരിക്കുന്നത്. ഒന്നുകിൽ നിലവിലെ ടീം അവരുടെ പിഎച്ച്ഡി സമയത്ത് ഇത് പൂർത്തിയാക്കാം. അതല്ലെങ്കിൽ അടുത്ത ടീം അത് ഏറ്റെടുക്കും. നിയുസാറ്റിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. 2004-ൽ തുടങ്ങിയ പ്രവർത്തനം 2014ലാണ് ഫലം കണ്ടത്.
സ്‌കൂൾ വിദ്യാർത്ഥികൾ പല പുതിയ കാര്യങ്ങളും കണ്ടെത്തുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനായുളള പദ്ധതികൾ?
25 വർഷം മുമ്പ് തമിഴ്‌നാട്ടിൽ നിന്നും മറ്റുമുളള വിദ്യാർത്ഥികൾക്ക് കംമ്പ്യൂട്ടറും മറ്റും പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് ദീർഘദർശനത്തോടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനമാണ് നിഷ്. നിലവിൽ 'സ്‌കൂൾ കണക്ട്'എന്നൊരു പദ്ധതി തന്നെ നിഷ് നടപ്പിലാക്കി വരുന്നു.എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്ക് നിഷ് സന്ദർശനം സാധ്യമാക്കുകയും അവർക്ക് ക്യാമ്പസിലെ എല്ലാ വിഭാഗങ്ങളും കണ്ട് മനസ്സിലാക്കാനുളള അവസരം നൽകുകയും ചെയ്യുന്നു. ഒപ്പം അവരോട് സംവദിക്കുന്നു. 'ടെക്‌നോളജി ഇന്നും നാളെയും'എന്നൊരു പുതിയ ഗ്രൂപ്പും സജ്ജമാക്കിയിട്ടുണ്ട്.  നാളത്തെ സാങ്കേതികവിദ്യയെകുറിച്ച് എഴുതുക, പബ്ലിഷ് ചെയ്യുക എന്നിവയാണ് ദൗത്യം. അതുപോലെ ഒരു ഇന്റർയൂണിവേഴ്സ്റ്റി ടെക്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.ഏത് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. സെമിനാറുകൾ, പ്രബന്ധാവതരണം, ഇനവേഷൻസ് തുടങ്ങി വിവിധ വിഭാഗങ്ങളുണ്ട്. ഇനവേഷൻസ് ആൻഡ് പ്രസന്റേഷൻ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ-യൂറോപ്യൻ ഫോറത്തിന്റെ സ്‌പോൺസർഷിപ്പിൽ ബ്രിട്ടീഷ് പാർലമെന്റിൽ പേപ്പർ പ്രസന്റേഷനുളള അവസരം ലഭിക്കും. അഞ്ചുപേർക്കാണ് അവസരം.
ടെക്‌നോളജിയിൽ മുന്നിൽ നില്ക്കുന്ന രാജ്യമാണല്ലോ ഇസ്രയേൽ. ആ രാജ്യവുമായുളള സഹകരണം?
നിയുസാറ്റുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റെ റിസർച്ച് ലാബുമായി സഹകരണമുണ്ട്. ഈയിടെ സന്ദർശനം നടത്തിയിരുന്നു.
പുതിയ കോഴ്‌സുകൾ പ്ലേസ്മന്റ്
ബിടെക് റോബോട്ടിക്‌സ് ആൻഡ് ഡേറ്റ സയൻസ് കോഴ്‌സ്, എംടെക് സിവിൽ എൻജിനീയറിംഗ് വിത് ഫോറൻസിക് സയൻസ് എന്നിവയാണ് നിഷിൽ പുതുതായി അനുവദിക്കപ്പെട്ട കോഴ്‌സുകൾ. ഇന്ത്യയിൽ തന്നെ വളരെ ചുരുക്കം സർവ്വകലാശാലകളിലാണ് ഈ കോഴ്‌സുകളുളളത്.  120 ദിവസം കൊണ്ട് 143 പേർക്കും 150 ദിവസം കൊണ്ട് 160 പേർക്കും പ്ലേസ്‌മെന്റ് നേടിക്കൊടുത്ത് നിഷ് റെക്കോർഡ് നേട്ടം കൈവരിച്ചു.  കൊവിഡനന്തരം വർക്ക് ഫ്രം ഹോമൊക്കെയായി പ്ലേസ്‌മെന്റ് സാധ്യത കുറഞ്ഞ കാലത്താണ് നിഷ് ഇത്രയധികം പ്ലേസ്‌മെന്റ് സാധ്യമാക്കിയത്. പ്ലേസ്‌മെന്റിന്റെ കാര്യത്തിൽ തമിഴനാട് ടൈം സർവ്വേയിൽ ടോപ് 6 യൂണിവേഴ്‌സിറ്റികളിൽ ഇടം നേടുകയും ചെയ്തു.

Post your comments