Global block

bissplus@gmail.com

Global Menu

ടെക്സ്റ്റൈൽ & ഫാഷൻ ഡിസൈനിങ് രംഗത്തെ മികവിന് Business Plus Women Entrepreneur Award 2023 സെറീന ബോട്ടിക് ഉടമയായ ഷീല ജെയിംസിന്

സാരി മുതൽ ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകളിൽ വരെ  പുതുമയും വ്യത്യസ്തതയും പരീക്ഷിക്കുന്നവരുടെ നാടാണ് കേരളം. സാരിയിൽ തന്നെ സ്റ്റഫിൽ തുടങ്ങി ധരിക്കുന്ന സ്റ്റൈലിലും കോംബിനേഷനിലും വരെ മലയാളി വ്യത്യസ്തത തേടുന്നു. മലയാളിയുടെ ഈ വേറിട്ട ഫാഷൻ സങ്കല്പങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന സ്ഥാപനമാണ് സറീന ബൊട്ടീക് ആൻഡ് ബോഡി ട്യൂൺസ്്. പേരു പോലെ തന്നെ മലയാളിയുടെ വസ്ത്രസങ്കല്പങ്ങൾക്ക് പുതുരാഗങ്ങൾ പകർന്നുനല്കുന്ന, ഊടും പാവും നെയ്യുന്ന ഈ ഡിസൈനർ ബൊട്ടീക്കിന്റെ അമരക്കാരിയും സ്ഥാപകയുമാണ് ഷീല ജെയിംസ്. ടെക്‌സ്റ്റൈൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് രംഗത്ത് ശക്തമായ വനിതാ സാന്നിധ്യമാണ് ഷീല ജെയിംസ്. ഒരു ഹോബിയായി തുടങ്ങിവച്ചത് പിന്നീട് പാഷനും മികച്ച ഒരു ബിസിനസുമായി മാറിയ കഥയാണ് ഷീലയ്ക്ക് പറയാനുളളത്. മുൻ മന്ത്രി ബേബി ജോണിന്റെ മകളായ ഷീലയ്ക്ക് ഫാഷൻ ഡിസൈനിംഗിനൊപ്പം സംഗീതവും പെയിന്റിംഗും ജീവനാണ്. അത്തരത്തിൽ ഈണമുളള ഹൃദയമുളളതിനാലാവാം ഒരു ഈണശില്പിയെ പോലെ അവർ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. അവയെ ഒരു പെയിന്റിംഗ് പോലെ സുന്ദരമായ സൃഷ്ടികളാക്കുന്നത്.  
കോളേജ് കാലം മുതലേ വസ്ത്രങ്ങളോടും ഡിസൈനിംഗിനോടും ഷീലയ്ക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. അക്കാലത്തും സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നു. എന്നാൽ ബിസിനസ് എന്ന നിലയിൽ ആയിരുന്നില്ല എന്നുമാത്രം. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറി. കുട്ടികളൊക്കെ സ്‌കൂളിൽ പോകാൻ തുടങ്ങിയ ശേഷം മറ്റൊന്നും ചെയ്യാനില്ലാതെ വന്നപ്പോഴാണ് പഴയ ഹോബി പൊടിതട്ടിയെടുത്തത്. മനസ്സിൽ വന്ന ഡിസൈനുകൾ വസ്ത്രങ്ങളിലേക്ക് പകർത്തി. എല്ലാം പുതുമയുളളവ. ഇത് കണ്ട് സുഹൃത്ത് തന്റെ ബൊട്ടീക്കിനുവേണ്ടി ഡിസൈൻ ചെയ്യാമോ എന്നു ചോദിച്ചു. അങ്ങനെ സുഹൃത്തിനായി പ്രൊഫഷണൽ ഫാഷൻ ഡിസൈനറായി. സർവാർ കമ്മീസാണ് ആദ്യം ചെയ്തത്. സുഹൃത്തിന് ഡിസൈൻ ഇഷ്ടമായി. പിന്നീട് ഷീല ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് വലിയ ഡിമാൻഡായി.വിവിധ ബൊട്ടീക്കുകളിൽ ഈ ഡിസൈനുകൾ പ്രദർശിപ്പിക്കപ്പെട്ടു. എൺപതുകളിൽ ഒരു ന്യൂനപക്ഷം മാത്രമാണ് വസ്ത്രങ്ങളിൽ വ്യത്യസ്തയും സ്റ്റൈലും തേടിയിരുന്നത്. അത്തരക്കാർക്കിടയിൽ ഷീല താരമായി.
1988-ലാണ് കേരളത്തിൽ ബോഡി ട്യൂൺസ് എന്ന പേരിൽ ഡിസൈനർ ബൊട്ടീക് ആരംഭിച്ചത്. അത് വൻവിജയമായതോടെ തിരുവനന്തപുരത്ത് സെറീന ബൊട്ടീക് ആൻഡ് ബോഡി ട്യൂൺസ് ആരംഭിച്ചു.ചെന്നൈ, കൽക്കത്ത,ന്യൂഡൽഹി,കാഞ്ചീപുരം തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള തുന്നൽക്കാർ ഷീലയുടെ ഡിസൈനിലുളള വസ്ത്രങ്ങൾ സെറീനയ്ക്കായി ഒരുക്കിനല്കുന്നു. ഒരു ഡിസൈനിൽ ഒരേ ഒരു പീസ് എന്നതാണ് സെറീനയുടെ യുഎസ്പി.
ഫാഷൻ ട്രെൻഡുകൾ സൈക്ലിക് ആണ്. പെട്ടെന്ന് ചില ഡിസൈൻസ് ട്രെൻഡിംഗ് ആകും. ഒരു നിശ്ചിതസമയത്തിനു ശേഷം വിസ്മൃതിയിലാകും. വർഷങ്ങൾക്കു ശേഷം ചെറിയ വകഭേദത്തിൽ വീണ്ടും ട്രെൻഡിംഗ് ആകും. 'ഓ എന്തോന്ന് ഫാഷൻ, വൃത്തിയുളള വസ്ത്രം ധരിച്ചാൽ പോരേ'- എന്ന് ചിന്തിക്കുന്നവരുടെ കാലം എന്നേ കഴിഞ്ഞുപോയി. ഇത് തങ്ങൾ ലുക്കിൽ വ്യത്യസ്തരാകണം എന്ന ചിന്തിക്കുന്നവരുടേതാണ്. ട്രെൻഡിയും സ്‌റ്റൈലിഷുമായിരിക്കാൻ ഓരോരുത്തരും ഇഷ്ടപ്പെടുന്നു. അക്കാര്യത്തിൽ  കണ്ണടച്ചു വിശ്വസിക്കാം എന്നതുതന്നെയാണ് സെറീനയെ അനന്തപുരിയിലെ തരുണീമണികളുടെ പ്രിയ ബൊട്ടീക് ആക്കുന്നതും.
എല്ലാ വർഷയും സെറീന പത്തോളം ഷോപ്പിംഗ് ഫെസ്റ്റിവലുകൾ നടത്തുന്നു. ഡിസംബറിലും ജനുവരിയിലും ക്രിസ്തുമസ് -ന്യൂഇയർ കളക്ഷനുകൾ അവതരിപ്പിക്കുന്നു. ഫെബ്രുവരിയിൽ വാലന്റൈൻസ് ഫെസ്റ്റ്, മാർച്ചിൽ കോട്ട ഉത്സവ് മെഗാ ഫെസ്റ്റ്, ഈസ്റ്ററിനായി വൈറ്റ് കളക്ഷൻസ്, ഓണത്തിനു മുന്നോടിയായ രണ്ടുമാസം നീണ്ട എൻആർഐ ഫെസ്റ്റ്, അതിനുശേഷം യങ്‌സ്റ്റേഴ്‌സിനായി എൻ മാച്ച്, നവംബറിൽ ടസ്സർ ട്രോവ് എന്നിങ്ങനെ.വെഡ്ഡിംഗ് സാരികളുടെ മികച്ച കളക്ഷനും സെറീനയുടെ പ്രത്യേകതയാണ്.
ഡിസൈനുകളിൽ എക്‌സ്‌ക്ലൂസീവിറ്റി നിലനിർത്തുക എന്നതിന് ഷീല ജെയിംസ് വളരെയേറെ പ്രാധാന്യം നൽകുന്നു.കസ്റ്റമേഴ്‌സിനും വേണ്ടതും അതാണ്. അത്തരത്തിൽ മലയാളിയുടെ മാറുന്ന വസ്ത്രസങ്ക്‌ലപങ്ങൾക്ക് ഊടും പാവും നെയ്ത് മുന്നോട്ടുപോവുകയാണ് ഷീല ജെയിംസും സെറീനയും. ഈ മികവിനുളള പൊൻതൂവലാണ് ബിസിനസ് പ്ലസ് പുരസ്‌കാരം.

 

Post your comments