Global block

bissplus@gmail.com

Global Menu

വിദ്യാഭ്യാസ മേഖലയിലെ മികവിന് Business Plus Women Entrepreneur Award 2023 Dr. ദേവി മോഹന്

സരസ്വതി ഗ്രൂപ്പ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർപേഴ്സൺ ആണ് ഡോ. ദേവി മോഹൻ

 

വിദ്യയോളം മികച്ച മറ്റൊരു ധനമില്ല എന്ന് ഏവർക്കുമറിയാം. എന്നാൽ വിദ്യ സ്വായത്തമാക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല എന്നതും യാഥാർത്ഥ്യമാണ്. ശരിയായ വിദ്യ പൂർണ്ണമായും സ്വായത്തമാക്കി ശരിയായ രീതിയിൽ ജീവിതത്തിലേക്ക് പകർത്തുമ്പോൾ, അഥവാ ജീവനത്തിനും ലോകോപകാരപ്രദമായും പ്രയോഗിക്കുമ്പോഴാണ് അത് പൂർണ്ണവും അർത്ഥവത്തുമാകുന്നത്. ഇത്തരത്തിലുളള അറിവും പ്രയോഗികജ്ഞാനവും മികച്ച മൂല്യങ്ങളും പകർന്നുനൽകി പുതുതലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അമരക്കാരിയാണ് ഡോ.ദേവി മോഹൻ.വിദ്യാഭ്യാസമേഖലയിൽ  അനന്തപുരിയുടെ തിലകമായ   സരസ്വതി ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ വൈസ് ചെയർപേഴ്‌സണായ ദേവി മോഹനാണ് ഇത്തവണ ബിസിനസ് പ്ലസിന്റെ വിദ്യാഭ്യാസമേഖലയിലെ മികവിനുളള പുരസ്‌കാരത്തിന് അർഹയായത്.
1991-ൽ അനന്തപുരി എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് സരസ്വതി വിദ്യാലയം ആരംഭിച്ചത്. വിദ്യാഭ്യാസവിചക്ഷണനായിരുന്ന പ്രൊഫസർ എൻ.സി.നായരാണ് സ്‌കൂൾ തുടങ്ങാനുളള ആദ്യത്തെ പ്രചോദനകേന്ദ്രം. പ്രശസ്ത സിനിമാതാരം മധു ചെയർമാനും പ്രൊഫസർ എൻ.സി.നായർ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ആദ്യകാലത്ത് സ്‌കൂൾ നടത്തിപ്പിന്റെ ചുമതല വഹിച്ചത്. ലളിതമായ രീതിയിൽ ആരംഭിച്ച സ്‌കൂൾ ഇന്ന് സരസ്വതി വിദ്യാലയ എന്ന പേരിൽ തിരുവനന്തപുരത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സിബിഎസ്ഇ സ്‌കൂളെന്ന ഖ്യാതിയോടെ ജൈത്രയാത്ര തുടരുന്നു.അയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ് സരസ്വതീ വിദ്യാലയത്തിലുളളത്.അതോടൊപ്പം സരസ്വതി കോളേജ് തുടങ്ങി വിദ്യാഭ്യാസമേഖലയിൽ സരസ്വതി ഗ്രൂപ്പ്  ഓഫ് എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ പ്രവർത്തനം വ്യാപിക്കുകയും ചെയ്തു. ഡോ.ജി.രാജ്‌മോഹനാണ് സരസ്വതി ഗ്രൂപ്പ്  ഓഫ് എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ  ചെയർമാൻ. മകളും മികച്ച സംരംഭകയുമായ ഡോ.ദേവി മോഹൻ വൈസ് ചെയർപേഴ്‌സണും. ഇവർക്കുകീഴിലുളള വിപുലമായ ഭരണസമിതിയാണ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും സ്ഥാപനങ്ങളുടെ നടത്തിപ്പും വിജകരമായി മുന്നോട്ടുകൊണ്ടുപോകുന്നത്. ശ്രീമതി ലൈലാ രാജ്‌മോഹനും ഭരണസമിതിയിലുണ്ട്.
നഗരപരിധിക്കുളളിൽ എന്നാൽ അതിന്റെ തിരക്കുകളൊന്നും അലട്ടാത്ത അന്തരീക്ഷത്തിലാണ് സരസ്വതി വിദ്യാലയം നിലകൊളളുന്നത്. 'വിദ്യാ ലഭ്യതേ സർവ്വാം...' എന്നതാണ് സരസ്വതീവിദ്യാലയത്തിന്റെ ആപ്തവാക്യം. അതായത് ജാതി-മത-വർഗ്ഗ-ലിംഗഭേദമില്ലാതെ ഏവർക്കും മികച്ച വിദ്യാഭ്യാസം നൽകുക..വിവേചനമില്ലാതെ വിദ്യാഭ്യാസം എല്ലാരിലുമെത്തിക്കുക. സ്‌കൂൾ മാത്രമല്ല ഗ്രൂപ്പിന് കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് വിദ്യ സാമൂഹികോന്നമനത്തിനുളള, മികച്ച മൂല്യബോധമുളള പൗരന്മാരെ വാർത്തെടുക്കുന്നതിനുളള മാധ്യമമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ്. ഇവിടെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകത്തിലെ പാഠങ്ങൾക്കൊപ്പം മാറുന്ന കാലത്ത് ഏത് ജീവിതസാഹചര്യത്തിലും ഏത് അപ്രതീക്ഷിത പ്രതിസന്ധിയിലും മൂല്യങ്ങൾ മുറുകെപ്പിടിച്ച് പ്രായോഗികബുദ്ധിയോടെ സന്മാർഗ്ഗികളായി മുന്നോട്ടുപോകുന്നതിനുളള കാലോചിതമായ പാഠങ്ങളും പകർന്നുനൽകുന്നു. സിലബസിലെ പാഠങ്ങൾക്കൊപ്പം മികച്ച ആഡ് ഓൺ കോഴ്‌സുകളും സ്മാർട്ട് ക്ലാസ് റൂമുകളും എടിഎൽ ലാബുംതുടങ്ങി എല്ലാ സൗകര്യങ്ങളും സരസ്വതി ഗ്രൂപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ദേവി തിരഞ്ഞെടുത്ത പാത
പിതാവിന്റെ അനുഗാമിയായി വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങളിൽ സജീവമായ ഡോ.ദേവി മോഹൻ തന്റെ ജീവിതം തന്നെ സരസ്വതി ഗ്രൂപ്പ്  ഓഫ് എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ മികവിനായി മാറ്റിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസ,മാനേജ്‌മെന്റ് മേഖലകളിൽ 18 വർഷത്തെ അനുഭവസമ്പത്തുളള ദേവി മോഹൻ ഗ്രൂപ്പിന് കീഴിലുളള സരസ്വതി വിദ്യാലയ സീനിയർ സെക്കൻഡറി സ്‌കൂൾ, സരസ്വതി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, സരസ്വതി വിദ്യാലയ പ്രീ സ്‌കൂൾസ്, അക്കാദമി ഓഫ് സ്‌കിൽ മെന്ററിംഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിജയകരമായി മുന്നോട്ടുനയിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായും പൊതുമേഖലാ സ്ഥാപനങ്ങൾക്കായും നിരവധി പ്രൊജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. മനുഷ്യവിഭവശേഷി മാനേജ്‌മെന്റിൽ ഐഐഎം അഹമ്മദാബാദിലെ ഗവേഷണസംഘത്തിന്റെ ഭാഗമായും പ്രവർത്തിച്ചു.
കേരള ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടിയ ശേഷം മാനേജ്‌മെന്റിൽ പിജിയും ഡോക്ടറേറ്റും നേടിയ ശേഷമാണ് സരസ്വതീ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ പ്രവർത്തനപഥത്തിൽ ദേവി മോഹൻ സജീവമായത്. നെഹ്‌റു യുവ കേന്ദ്രയുടെ ദേശീയ യുവ പുരസ്‌കാർ 2022, മംഗളം ദിനപത്രത്തിന്റെ എഡ്യുക്കേഷനിസ്റ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. വൈഎംസിഎ ട്രിവാൻഡ്രം പ്രഥമ വനിതാ പാട്രണായ ദേവി  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഴ്‌സണൽ മാനേജ്‌മെന്റിലെ ആജീവനാന്ത മെംബറാണ്.അർബുദ മുൻകരുതൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്വാതി ഫൗണ്ടേഷന്റെ ട്രസ്റ്റിയാണ്. അനന്തപുരി എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വനിതാവിഭാഗം നിർവ്വാഹകസമിതി അംഗവുമാണ്.
അനുനിമിഷം വളരുന്ന, മൂല്യാധിഷ്ഠിതരായ, പ്രായോഗികബുദ്ധിയുളള അഭ്യസ്തവിദ്യരെ വാർത്തെടുക്കുന്നസ്ഥാപനമായി  സരസ്വതി ഗ്രൂപ്പിനെ വളർത്തുക എന്നതാണ് ദേവി മോഹന്റെ ലക്ഷ്യം. അതിനായുളള നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽ മാത്രമല്ല അവ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതിലും ഈ സംരംഭക സജീവമാണ്. അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസമേഖലയിലെ മികവിനുളള ബിസിനസ് പ്ലസ് പുരസ്‌കാരം ദേവിയെ തേടിയെത്തിയതും.

Post your comments