Global block

bissplus@gmail.com

Global Menu

തിരുവന്തപുരത്തിന്റെ വികസനത്തെ പിന്നോട്ടുവലിക്കാൻ ഒരു മാസ്റ്റർ പ്ലാൻ

പ്രിയപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി

 ശ്രീ.എം.ബി.രാജേഷിന്

 

ഇന്ത്യയിലെ ഏറ്റവും വേഗം വളർന്നുകൊണ്ടിരിക്കുന്ന മഹാനഗരങ്ങളിലൊന്നാണ് കേരളതലസ്ഥമായ തിരുവനന്തപുരം. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ 'മാസ്റ്റർപ്ലാൻ' തലസ്ഥാനവികസനത്തന് നൂറു ശതമാനവും എതിരാണ്. ഇത് കേരളത്തിന് , തലസ്ഥാനത്തിന്, സർക്കാരിന്റെ വരുമാനത്തിന്,പൊതുജനത്തിന് എല്ലാം എതിരാണ്. ആരോടും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ ഈ 'പ്ലാൻലെസ്' മാസ്റ്റർപ്ലാൻ പിൻവലിക്കണം. ഇടുങ്ങിയ റോഡുകൾ ഉളള തലസ്ഥാനനഗരിക്ക് അനുയോജ്യമായ പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കണം. കേരള ഖജനാവിന് ഏറ്റവും കൂടുതൽ നികുതിയും കൂടുതൽപേർക്ക് തൊഴിലും നൽകുന്ന നിർമ്മാണമേഖല ഇപ്പോൾ തന്നെ തകർച്ചയിലാണ്. നിരവധി നിർമ്മാണ സംരംഭകർ ഇപ്പോൾ തന്നെ പിൻവാങ്ങുകയാണ്.  പത്തോ ഇരുപതോ സെന്റ് സ്ഥലം ഉള്ളവന് ഇനി വീടോ കമേഴ്‌സ്യൽ ബിൽഡിംഗോ കെട്ടാൻ സാധിക്കില്ല. ഫ്‌ളാറ്റുകളും വലിയ കെട്ടിടങ്ങളും തലസ്ഥാനത്തിന് അന്യമാകും. നഷ്ടം സർക്കാരിനും പൊതുജനത്തിനുമാവും. ഏകപക്ഷീയമായ ഈ മാസ്റ്റർപ്ലാൻ തലസ്ഥാനവികസനത്തെ പിന്നോട്ടടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആയതിനാൽ അങ്ങ് എത്രയും വേഗം ഈ വിഷയത്തിൽ ഇടപെട്ട്  മാസ്റ്റർപ്ലാനിൽ തിരുത്തുകൾ വരുത്താനും അതുവരെ പഴയനിയമങ്ങൾ തുടരാനും നടപടി സ്വീകരിക്കണം.

 

 ബിസിനസ് പ്ലസ്‌

 

തിരുവനന്തപുരത്തിന്റെ പുതിയ മാസ്റ്റർ പ്ലാനിന്റെ കരട് രൂപം  04.06.2023 ന്  ഗസറ്റിൽ പരസ്യപെടുത്തിയിട്ടുണ്ട് . മേൽ പറഞ്ഞ മാസ്റ്റർ പ്ലാനിനെ പറ്റിയുള്ള ആക്ഷേപങ്ങളും ന്യൂനതകളും പരാതികളും പറയുന്നതിനായി   60 -ദിവസത്തെ കാലാവധി സർക്കാർ അനുവദിച്ചിട്ടുമുണ്ട് . എന്നാൽ ഇതൊന്നും സ്വീകരിക്കാതെ 19.06.2023 ന്  തിരുവനന്തപുരം നഗരസഭാ സെക്രട്ടറി  ഇറക്കിയ ഉത്തരവ് പ്രകാരം  04.06.2023 ന് ശേഷമുള്ള എല്ലാ ഫയലുകളും പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം മതിയെന്നുള്ള രീതി ജനാധിപത്യപരമായ തീരുമാനം അല്ല. മറിച്ച്,  അത് ഇതുവരെ തിരുവനന്തപുരത്തു ണ്ടായിരുന്ന നിക്ഷേപകസൗഹൃദ അന്തരീക്ഷം തകർക്കുന്ന ഒന്നാണ് . പത്തു കൊല്ലമെടുത്ത് ഉദ്യോഗസ്ഥർ തയ്യാറാക്കിയ  1600 പേജുള്ള  ഒരു മാസ്റ്റർ പ്ലാൻ, 60 ദിവസം കൊണ്ട് പഠിച്ച് ന്യൂനതകൾ പറയണം എന്നത് തന്നെ പ്രായോഗികമല്ല.  ഒരു പ്ലാൻ കോർപ്പറേഷനിൽ എത്തുന്നതിനു മുൻപ്, കോടികൾ മുടക്കി  സ്ഥലം വാങ്ങി,  എയർപോർട്ട് എൻഒസി , പി സി ബി ക്ലിയറൻസ്,  ഫയർ എൻഒസി  തുടങ്ങി സർക്കാർ  നിർദ്ദേശിക്കുന്ന  വ്യവസ്ഥകൾ പാലിച്ച് ലക്ഷകണക്കിന്  രൂപ സർക്കാരിലേക്ക് ഫീസ് അടച്ചു   കഴിഞ്ഞു പെർമിറ്റിനായ് കാത്തിരിക്കുന്ന നിക്ഷേപകരിലും അപേക്ഷകരിലും കടുത്ത നിരാശയും മനോവ്യഥയും ജനിപ്പിക്കാൻ മാത്രമേ ഈ തീരുമാനം ഉതകൂ. യാതൊരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെയുളള ഈ പ്രവർത്തി കാരണം തലസ്ഥാന നഗരിയിൽ വസ്തുവിലും, ഫ്‌ളാറ്റുകളിലും, കെട്ടിടങ്ങളിലും ധനം നിക്ഷേപിച്ചവരെല്ലാം വഴിമുട്ടി നില്കുകയാണ് . 

കെട്ടിട നിർമ്മാണ അനുമതിയ്ക്കുള്ള ഫീസ്  കൂട്ടിയപ്പോൾ പഴയ അപേക്ഷകർക്ക് പഴയ ഫീസ് മതിയെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ തീരുമാനത്തെ കൂടി അട്ടിമറിച്ചു കൊണ്ടാണ് ഉദ്യോഗസ്ഥരുടെ നീക്കം. അപേക്ഷകൾ ഓഫീസിൽ കെട്ടികിടക്കെ, ഇനി മുതൽക്കുള്ള എല്ലാ അപേക്ഷകളും കരട്  മാസ്റ്റർ പ്ലാൻ പ്രകാരം മതി സമ്മതപത്രം നൽകേണ്ടത് എന്നുള്ള നിർദ്ദേശം , ധാരാളം പോരായ്മകളുള്ള ഈ പ്ലാൻ നഗരത്തിനു മേൽ അടിച്ചേൽപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തിയാണ് . കേരളത്തിൽ  നിലവിലുളള 2019 ലെ കെട്ടിട നിർമാണ ചട്ടത്തിൽ നിന്നും ബഹുദൂരം മാറി , എല്ലാ നിർമ്മാണ  പ്രവർത്തങ്ങളും നിശ്ചലമാക്കുന്ന രീതിയിലാണ് പുതിയ മാസ്റ്റർ പ്ലാനിന്റെ ഡ്രാഫ്റ്റ്. തിരുവനന്തപുരത്തെ ഭൂരിപക്ഷം റോഡുകളും അഞ്ചും ആറും  മീറ്റർ വീതിയാണെന്നിരിക്കെ,  2019ലെ കെട്ടിട നിർമ്മാണ ചട്ടത്തിൽ എണ്ണായിരം സ്‌ക്വയർമീറ്റർ  കെട്ടിടം വരെ ചെയ്യാവുന്ന അഞ്ചു മീറ്റർ റോഡിൽ ഇനി മുതൽ ആയിരം സ്‌ക്വയർമീറ്റർ   മതിയെന്നും, ഏഴു മീറ്റർ റോഡിൽ  ഇരുപതിനാലായിരം സ്‌ക്വയർമീറ്റർ  എന്നതിനെ നാലായിരം സ്‌ക്വയർമീറ്റർ ആക്കി കുറയ്ക്കുന്നതും , ആറു  മീറ്റർ വീതിയുള്ള റോഡിനെ പറ്റി  എന്ത് ചെയ്യണമെന്ന് വ്യക്തമാക്കാതിരിക്കുന്നതുമെല്ലാം വികസനമായി കാണാൻ കഴിയില്ല . മറിച്ച് തിരുവനന്തപുരത്ത് ഇപ്പോൾ നടക്കുന്ന വിഴിഞ്ഞം പോർട്ട് പോലെയുള്ള ബൃഹത് പദ്ധതികൾ  ഈ നഗരത്തിനു കൊണ്ടുവരാവുന്ന നേട്ടങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്. 
മറ്റ്  വൻ  നഗരങ്ങളിൽ  പരിമിതികളില്ലാതെ എഫ്എആർ അനുവദിക്കുമ്പോൾ നമ്മുടെ നഗരത്തിൽ എഫ്എആർ  കുറയ്ക്കുന്നത് സാധാരണക്കാരന്റെ വീട് എന്ന സ്വപനത്തിനും, എല്ലാ പേർക്കും വീട് എന്ന സംസ്ഥാന സർക്കാരിന്റെ ആശയത്തിനും തുരങ്കം വയ്ക്കുന്ന ഒന്നാണ്. കുറഞ്ഞ  എഫ്എഐആറി ൽ ചെയ്യുന്ന  ഭവനങ്ങൾക്ക്  നിക്ഷേപകർ അധിക വില കൊടുക്കേണ്ടതായി വരും. തിരുവനന്തപുരത്തെ സ്ഥലപരിമിതികൾ കാരണം മുകളിലേക്കുള്ള നിർമ്മാണം  (Vertical Development) ആണ് ഈ നഗരത്തിന് ഏറ്റവും അനുയോജ്യം.  മറ്റു സംസ്ഥാനങ്ങളിലെ പോലെയുള്ള വൻ  വികസന പദ്ധതികൾ തിരുവനന്തപുരത്ത് വരുന്ന ഈ  സാഹചര്യത്തിൽ , നമ്മുടെ നഗരത്തിന്റെ നിക്ഷേപക മൂല്യം തകർക്കുന്ന ഈ ഉദ്യമത്തിൽ നിന്ന് പിന്മാറുവാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം സർക്കാർ കൊടുക്കേണ്ടതുണ്ട് . ശരിയായ രീതിയിൽ മാലിന്യസംസ്‌കരണം പോലും നടത്തുവാൻ സാമ്പത്തിക ശേഷിയില്ലാത്ത തിരുവനന്തപുരം നഗരസഭ , 300 ഏക്കർ സ്ഥലമാണ് വിവിധ പദ്ധതികളുടെ പേരിൽ ഈ മാസ്റ്റർ പ്ലാൻ വഴി മരവിപ്പിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളെല്ലാം 2 വർഷത്തേക്ക് നഗരസഭ എടുത്താലും ഇല്ലെങ്കിലും ഒരു തരത്തിലുമുള്ള വികസന പ്രവർത്തനത്തിന് ഉപയോഗിക്കാൻ ഉടമസ്ഥർക്ക് കഴിയില്ല. ഒരു മഹാനഗരത്തിനു വേണ്ടുന്ന സ്വീവേജ് / ഡ്രൈനേജ് , ജലവിതരണം, വൈദ്യതി വിതരണം, കനാൽ / പുഴകളുടെ പരിരക്ഷ , റോഡ് വികസനം, മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം , മെട്രോ /  ലൈറ്റ് മെട്രോ പദ്ധതികൾ  തുടങ്ങിയ കാര്യങ്ങളിൽ  ഒന്നും സ്പർശിക്കാതെ,   ഉപരിപ്ലവമായി തയ്യാറാക്കിയിരിക്കുന്ന ഈ മാസ്റ്റർ പ്ലാൻ, ജനപ്രതിനിധികളുടെയും, ആർക്കിടെക്ടസ്/ ബിൽഡേഴ്സ്  തുടങ്ങി ഈ മേഖലയിൽ പ്രാവിണ്യമുള്ളവരുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്തു പരിഷ്‌ക്കരിക്കണമെന്നും  , അതു നിയമമായി വരുന്നത് വരെ  തലസ്ഥാനത്തു നിലവിൽ നിന്നിരുന്ന കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള ഇന്ററിം ഡെവലപ്‌മെൻറ് ഓർഡർ (IDO) പ്രകാരം അപേക്ഷകൾ തീർപ്പാക്കണമെന്നും നഗരസഭ സെക്രെട്ടറിയ്ക്ക് നിർദ്ദേശം നല്കാൻ സർക്കാരിനോടും ജനപ്രതിനിധികളോടും  ഞങ്ങൾ സവിനയം അപേക്ഷിക്കുന്നു .

എസ് സുരേഷ്‌കുമാർ

ക്രെഡായ് തിരുവനന്തപുരം 

 

പുതിയ തിരുവനന്തപുരം മാസ്റ്റർ പ്ലാനിന്റെ കരട് 2023 ജൂൺ 4-നാണ് പബ്ലിഷ് ചെയ്തത്. കരട് പ്രസിദ്ധപ്പെടുത്തുന്നത് പൊതുജനത്തിന് അതി•േൽ അഭിപ്രായം പറയാനും അതിനനുസരിച്ച് വേണ്ട തിരുത്തലുകൾ വരുത്തിയ ശേഷം നഗരസഭാകൗൺസിലിൽ വച്ച് അംഗീകാരം നേടാനുമാണ്. പക്ഷേ, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി ജൂൺ19ന് ഈ കരട് മാസ്റ്റർപ്ലാൻ നടപ്പിലാക്കി. എന്നാൽ പിന്നെ കരട് എന്ന് പറയാതെ മാസ്റ്റർപ്ലാൻ എന്നു തന്നെ പറഞ്ഞാൽ പോരായിരുന്നോ. കൺട്രി ആൻഡ് ടൗൺ പ്ലാനിംഗ് ആക്ട് പ്രകാരം അത് തെറ്റാണ്. 
രണ്ടാമതായി ചൂണ്ടിക്കാട്ടാനുളളത് ഈ മാസ്റ്റർപ്ലാൻ കാരണം ഡെവലപേഴ്‌സിന് ഒരു നേട്ടവും ഇല്ല, മറിച്ച് നഷ്ടമുണ്ടാകുകയും ചെയ്യും എന്നതാണ്. ഡെവലപ്പേഴ്‌സ് മാത്രമല്ല അതിലൂടെ ബാധിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ ഭൂമി വില ഇടിക്കുന്ന മാസ്റ്റർപ്ലാനാണിത്. നേരത്തേ 5 മീറ്റർ വീതിയുളള റോഡ് ഉണ്ടെങ്കിൽ 8000 ചതുരശ്രമീറ്റർ നിർമ്മാണം നടത്താം. നിലവിൽ പുറത്തിങ്ങിയ കരട് പ്ലാനിൽ അത് 1000 ചതുരശ്രമീറ്ററായി കുറച്ചു.  അതുപോലെ 6 മീറ്റർ വീതിയുളള റോഡാണെങ്കിൽ 12000 ചതുരശ്രമീറ്റർ നിർമ്മിക്കാമായിരുന്നത് വെട്ടിക്കുറച്ച് 1000 ചതുരശ്രമീറ്റർ ആക്കിയിട്ടുണ്ട്. 7-8 മീറ്റർ റോഡുണ്ടെങ്കിൽ 24000 ചതുരശ്രമീറ്റർ കെട്ടാമായിരുന്നത് ഇപ്പോൾ 8000 ആക്കിവെട്ടിക്കുറച്ചു.അപ്പോൾ നിർമ്മാണമേ നടക്കില്ല. തൊഴിൽനഷ്ടവുമുണ്ടാകും.ഇതിലൂടെ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
അതായത് നഗരകേന്ദ്രീകൃതമായി ഇനി ഒരു വികസനവും നടക്കില്ല. ഭൂമി വില താഴേക്കുപോകുന്നതിലൂടെ കാശുമുടക്കി ഭൂമി വാങ്ങിയിട്ടവർക്ക് തിരിച്ചടിയാകും. ചെറിയ വീടുകൾ നിർമ്മിക്കാം എന്നതല്ലാതെ വെർട്ടിക്കൽ കൺസ്ട്രക്ഷൻ നടക്കില്ല. ഇത് പൊതുജനത്തിനെ വല്യതോതിൽ ബാധിക്കും. അർബനൈസേഷൻ നടക്കില്ല. കോർപറേഷന് കിട്ടുന്ന നികുതി കുറയും. ആരുടെയും അഭിപ്രായം തേടാതെയാണ് ഈ കരട്  മാസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. എല്ലാം കുറച്ചുപേർ ചേർന്ന് ഏകപക്ഷീയമായി തീരുമാനിക്കുകയാണ്.
മൂന്നാമത്തെ കാര്യം നഗരഹൃദയത്തിൽ 275 ഏക്കർ ഭൂമി മരവിപ്പിച്ചുവയ്ക്കുകയാണ്. ആ ഭൂമി നഗരസഭയ്ക്ക് കൈവശപ്പെടുത്താം. രണ്ടുവർഷം വരെ ഭൂഉടമകൾക്ക് അവിടെ ഒന്നും ചെയ്യാനാവില്ല. രണ്ടുവർഷം കഴിഞ്ഞും നഗരസഭ ഏറ്റെടുത്തില്ലെങ്കിലോ, അപ്പോഴും ഭൂഉടമയ്ക്ക് അവിടെ എന്തെങ്കിലും ചെയ്യണമെങ്കിൽ വലിയ നൂലാമാലകൾ നേരിടേണ്ടിവരും. അതായത് കോർപറേഷൻ മരവിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരാൾക്ക് 30 സെന്റ് ഭൂമിയുണ്ടെന്നിരിക്കട്ടെ, മക്കളുടെ വിവാഹത്തിനായി അത് വിൽക്കണമെന്നുണ്ടെങ്കിൽ നടക്കില്ല. എന്തിനാണ് നഗരഹൃദയത്തിൽ 275 ഏക്കർ ഭൂമി മരവിപ്പിച്ചിടുന്നതെന്ന കാര്യത്തിലും കരടിൽ വ്യക്തതയില്ല. നഗരഹൃദയത്തിൽ ഇത്രയും കൂടുതൽ ഭൂമി മരവിപ്പിച്ചിടാൻ പാടില്ല.
2016 ലാണ് കരട് മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തുടങ്ങിയത് അത് പബ്ലിഷ് ചെയ്തതാകട്ടെ 2023 ജൂൺ 4നും.60 ദിവസത്തിനുളളിൽ പൊതുജനം ഇതി•േ-ലുളള അഭിപ്രായങ്ങളും പരാതികളും അറിയിക്കണമെന്നാണ്. എന്നാൽ ഇക്കാര്യം ഏതെങ്കിലും ബഹുജനമാധ്യമത്തിലൂടെ സർക്കാർ ജനങ്ങളെ അറിയിച്ചിട്ടില്ല.പലർക്കും ഇതിനെപ്പറ്റി അറിയില്ല. എട്ടുവർഷം കൊണ്ട് ടൗൺ പ്ലാൻ വിഭാഗത്തിലെ എൻജിനീയർമാർ ഉൾപ്പെടെയുളള വിദഗ്ദ്ധർ തയ്യാറാക്കിയ 1500 പേജുളള മാസ്റ്റർപ്ലാനി•േൽ ഇതെക്കുറിച്ച് ഒന്നും അറിയാത്ത പൊതുജനം 60 ദിവസത്തിനുളളിൽ അഭിപ്രായം പറയണം എന്നതിൽ തന്നെ പൊരുത്തക്കേടുണ്ട്. അതുകൊണ്ടുതന്നെ ഈ കാലയളവ് നീട്ടിനൽകണം എന്നാണ് ബിൽഡേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
മറ്റൊരു കാര്യം ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് പ്രകാരം  ദേശീയപാതയുടെ 250 മീറ്റർ വരെ കമേഴ്‌സ്യൽ അല്ലെങ്കിൽ ഓഫീസ് കെട്ടിടമേ പാടുളളു. ബൈപ്പാസിലും അതാണ് സ്ഥിതി. അതായത് 0-100 മീറ്റർ വരെ കമേഴ്‌സ്യൽ, 100-200 മീറ്റർ വരെ ഓഫീസ് അതുകഴിഞ്ഞ് സ്ഥലമുണ്ടെങ്കിൽ മാത്രം റസിഡൻഷ്യൽ ബിൽഡിംഗ്‌സ് പാടില്ല. അതായത് ദേശീയപാതയ്ക്കരികിൽ 10 സെന്റ് സ്ഥലമുളള ഒരാൾക്ക് എന്ത് ബിസിനസ് പ്ലാനാണ് ഉണ്ടാകുക. കഴക്കൂട്ടം മുതൽ കോവളം വരെ എല്ലാവരും കമേഴ്‌സ്യൽ ചെയ്താൽ അതെടുക്കാനും ആളുവേണ്ടേ. അപ്പോൾ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് സോണിൽ ഭൂഉടമകൾക്ക് അവരുടെ ഭൂമിയിൽ എന്തും ചെയ്യാനുളള സ്വാതന്ത്ര്യം ഉണ്ടാവണം. 
അഞ്ചാമത്തെ പ്രശ്‌നം നേരത്തേയുണ്ടായിരുന്ന ലാൻഡ് ഏരിയ റേഷ്യോ 4 എഫ്എആർ ആയിരുന്നു.അതായത് ഫീസില്ലാതെ 3 ഉം ഫീസോടുകൂടി നാലും ആയിരുന്നത് നിലവിൽ ഫീസില്ലാതെ 2.5ഉം ഫീസോടുകൂടി 3 ഉം ആക്കി വെട്ടിക്കുറച്ചു. ട്രാൻസിറ്റ് ഏരിയ ഡെവലപ്‌മെന്റ് സോണിലാണ് എഫ്എആർ അനുവദിച്ചിരിക്കുന്നത്. കരട് ഡ്രാഫ്റ്റ് പ്രകാരം അവിടെ ഒന്നും ചെയ്യാനുമാവില്ല.
മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ നിലവിലെ കരട് മാസ്റ്റർപ്ലാൻ അംഗീകരിക്കാനാവില്ല. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, തിരുവനന്തപുരം ചാപ്റ്ററിന്റെയും ക്രെഡായിയുടെയും മറ്റും പ്രതിനിധികൾ മന്ത്രിമാരെയും എംഎൽഎമാരെയും കണ്ട് പ്ലാനിലെ അപാകതകൾ അറിയിച്ചിട്ടുണ്ട്. 

 

ദിഗ് വിജയ് സിംഗ്
ചെയർമാൻ
ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ
തിരുവനന്തപുരം ചാപ്റ്റർ

 

പുതിയ master plan തിരുവനന്തപുരം വികസന കുതിപ്പിന് തടയിടുന്നതാണ്. തലസ്ഥാനത്തിന് ഒരു master plan വേണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല പക്ഷേ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന master plan വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് പുറത്തിറക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഉടൻ  യാഥാർത്ഥ്യ മാകാൻ തുടങ്ങവേ ഇറക്കിയ ഈ പ്ലാന് ഘടനാപരമായ പല തെറ്റുകളും ഉണ്ട്. തലസ്ഥാന നഗരത്തെ സ്നേഹിക്കുന്നവർക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ എല്ലാവർക്കും ഒരു പ്ലാൻ തലസ്ഥാനം നഗരത്തിൽ ഉള്ളവർക്ക് മാത്രം മറ്റൊരു പ്ലാൻ ഇത് വിവേചനമാണ്. Heritage City ആക്കുക എന്ന പേരിൽ തലസ്ഥാന വികസനം തടസ്സപ്പെടുത്തുകയാണ്  ഈ പ്ലാൻ തയ്യാറാക്കിയവരുടെ ലക്ഷ്യം.തിരുത്തുകൾ വരുത്തി പുതിയ മാസ്റ്റർ പ്ലാൻ ഉണ്ടാവണം.
എസ്.എൻ രഘുചന്ദ്രൻ നായർ 
പ്രസിഡന്റ് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി

 

കേരളത്തിലെ മറ്റ് ജില്ലകൾക്ക് ഇല്ലാത്ത മാസ്റ്റർ പ്ലാൻ തലസ്ഥാനത്തിന് മാത്രം അടിച്ച് ഏൽപ്പിക്കുന്നത് വിവേചനപരമാണ്.  80,000 ടqft കെട്ടിടം കെട്ടാൻ .കഴിയുന്ന സ്ഥാനത്ത് ഇനി 10,000 ടqft കെട്ടിടം മാത്രമേ City യിൽ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ ഈ നഗരസഭയ്ക്കും സർക്കാറിനും പൊതുസമൂഹത്തിനും അത്യാധികമായി തലസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കും. സംസ്ഥാനത്തെ 100 വാർഡുകളിലെ കൗൺസിലർമാരെയും, എംപി, എംഎൽഎ  മറ്റു      
ജനപ്രതിനിധികളുടെ അഭിപ്രായം ആരായണം. തലസ്ഥാനത്തെ അറിയുന്ന  അനന്തപുരിയെ സ്നേഹിക്കുന്ന എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വസ്തുനിഷ്ഠമായിപരിശോധിക്കണം.അതിനുശേഷം മാത്രമേ പുതിയ മാസ്റ്റർ പ്ലാൻ നടക്കാവൂ. എടുത്തുചാടി നടപ്പിലാക്കുവാൻ ശ്രമിച്ചാൽ  വെളുക്കാൻ തേച്ചത് പാണ്ടാകും

Post your comments