Global block

bissplus@gmail.com

Global Menu

"സംരംഭകവർഷത്തിൽ വനിതാ സംരംഭകരെ ബിസിനസ് പ്ലസ് ആദരിച്ചത് അഭിനന്ദനാർഹം"- ആന്റണി രാജു

 

 

സംരംഭകരുടെ പ്രചോദനവും സുഹൃത്തുമായ ബിസിനസ് പ്ലസിന്റെ പത്താം വാർഷികാഘോഷപരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസയും ആത്മാർത്ഥമായി നേരുന്നു. ഈ സുദിനത്തിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നതിന് തിരഞ്ഞെടുക്കപ്പെട്ട വനിതാസംരംഭകരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. വ്യവസായ സംരംഭകരെ സംബന്ധിച്ചിടത്തോളം വളരെ അനുകൂലമായ ഭൗതികസാഹചര്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു വേളയിലാണ് ബിസിനസ് പ്ലസിന്റെ പത്താം വാർഷികം ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഭൗതികസാഹര്യങ്ങൾ ഒരുക്കുന്നതിന് പ്രതികൂലമായ ഒരുപാട് ഘടകങ്ങളുണ്ടെന്ന് നമുക്കറിയാം. അതിലേറ്റവും പ്രധാനം ഭൂമിയുടെ ലഭ്യത തന്നെയാണ്. അതുകൊണ്ടുതന്നെ ഇവിടെ വികസനപ്രവർത്തനങ്ങളെ വളരെ ആശങ്കയോടെയാണ് കണ്ടിരുന്നത്. ഇവിടെ ഒന്നും നടക്കില്ല എന്നൊരു പ്രതീതി കേരളത്തെ സംബന്ധിച്ചു നേരത്തേ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ ദേശീയപാതാ വികസനപദ്ധതികൾ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ യാഥാർത്ഥ്യമാകുമ്പോൾ, കേരളത്തിൽ അവയ്‌ക്കെതിരായ ചെറിയ എതിർപ്പുയരുമ്പോൾ പോലും അതിനുമുമ്പിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് ഒരു കാലഘട്ടം വരെ നാം കണ്ടത്. എന്നാൽ ഇന്ന് അതിൽനിന്നു വ്യത്യസ്തമായി സംസ്ഥാനത്ത് എവിടെ ചെന്നാലും ദേശീയപാതയുടെ തേരോട്ടം കാണാനാകും. ഒരു ഘട്ടം വരെ കേന്ദ്രസർക്കാർ എടുത്ത നിലപാട് കേരളത്തിൽ ദേശീയപാതാ വികസനത്തിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയുണ്ടായി. കേരളത്തിൽ ഭൂമിയുടെ വില വളരെ കൂടുതലായതിനാൽ ഭൂമിക്ക് പണം മുടക്കുവാൻ കേന്ദ്രസർക്കാർ മടിച്ചുനിന്ന കാലഘട്ടമുണ്ടായിരുന്നു. തത്ഫലമായി കേരളത്തിൽ ദേശീയപാതാവികസനം വേണ്ട എന്ന് നാമും കരുതിയ ഘട്ടമുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ഉടൻ തന്നെ കേരളത്തിൽ ഭൂമിയേറ്റെടുക്കാൻ വേണ്ട ചിലവിന്റെ 25% സംസ്ഥാനസർക്കാർ മുടക്കാം എന്ന് തീരുമാനിച്ചതുകൊണ്ടാണ്, അയ്യായിരം കോടിയിലേറെ രൂപ സംസ്ഥാനസർക്കാർ ദേശീയപാതാ വികസനത്തിനായി മാറ്റിവച്ചതുകൊണ്ടാണ് സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ദേശീയപാതാവികസനത്തിന്റെ തേരോട്ടം കാണാനാകുന്നത്.
ഏതൊരു സംസ്ഥാനത്തിന്റെ വളർച്ചയിലും ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് അനിവാര്യഘടകമാണ്. കേരളത്തിൽ തീരദേശ പാത, തീരദേശ ഹൈവേ, മലയോര ഹൈവേ, അതോടൊപ്പം തന്നെ കോവളം മുതൽ ബേക്കൽ വരെ നീണ്ടുകിടക്കുന്ന 616 കി.മി ദൈർഘ്യമുളള ദേശീയ ജലപാത എന്നിവ യാഥാർത്ഥ്യമാകുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ  വികസനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് റിങ് റോഡ് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.
അങ്ങനെ, ഒന്നും നടക്കുന്നില്ല എന്ന കാലത്തിൽ നിന്ന് മാറി ഇന്ന് കേരളത്തിൽ വികസനകാര്യങ്ങളിൽ ജനം സഹകരിച്ചുതുടങ്ങിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ കുറേപേർ കൊടിയുമായി വന്നപ്പോൾ മുട്ടുമടക്കിയ അവസ്ഥ കേരളത്തിലുണ്ടായി. എന്നാൽ ഇന്ന് ഗെയ്ൽ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായിരിക്കുന്നു. അതുപോലെ ഇടമൺ-കൊച്ചി പവർ ഹൈവേയും കേരളത്തിൽ യാഥാർത്ഥ്യമായിരിക്കുന്നു. അതായത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം, വ്യവസായസംരംഭകരെ സംബന്ധിച്ചിടത്തോളം അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോൾ കേരളത്തിലുളളത് എന്നത് ഒരു യാഥാർത്ഥ്യമാണ്. വ്യവസായസംരംഭകരെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വലിയ ഇൻവെസ്റ്റ്‌മെന്റ് നടത്തുവാനും അങ്ങനെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുവാനും കൂടുതൽ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരാനും കഴിയുന്ന അനുകൂലമായ സാഹചര്യം നിലനില്ക്കുന്ന ഘട്ടത്തിലാണ് ബിസിനസ് പ്ലസിന്റെ ആഘോഷം നടക്കുന്നത്. അത് വ്യവസായസംരംഭകരെ സംബന്ധിച്ച് വളരെ പ്രധാന്യമുളളതാണ്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ച കാലഘട്ടമാണ് കഴിഞ്ഞ ഒരു വർഷം. അതിന് പ്രത്യേകമായ അഭിനന്ദനം കേന്ദ്രസർക്കാരിൽ നിന്ന് നേടുകയുണ്ടായി. കഴിഞ്ഞ വർഷം സംരംഭകവർഷമായി ആചരിച്ചപ്പോൾ അത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിൽ അനുകൂലമായ സാഹചര്യത്തിൽ വനിതാസംരംഭകരെ ആദരിക്കുന്ന ഈ ചടങ്ങ് സംഘടിപ്പിച്ച ബിസിനസ് പ്ലസിനെ അഭിനന്ദിക്കുന്നു.

 

 

 

ഒന്നും നടക്കുന്നില്ല എന്ന കാലത്തിൽ നിന്ന് മാറി ഇന്ന് കേരളത്തിൽ വികസനകാര്യങ്ങളിൽ ജനം സഹകരിച്ചുതുടങ്ങിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ കുറേപേർ കൊടിയുമായി വന്നപ്പോൾ മുട്ടുമടക്കിയ അവസ്ഥ കേരളത്തിലുണ്ടായി. എന്നാൽ ഇന്ന് ഗെയ്ൽ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായിരിക്കുന്നു. അതുപോലെ ഇടമൺ-കൊച്ചി പവർ ഹൈവേയും കേരളത്തിൽ യാഥാർത്ഥ്യമായിരിക്കുന്നു. അതായത് വ്യവസായത്തെ സംബന്ധിച്ചിടത്തോളം, വ്യവസായസംരംഭകരെ സംബന്ധിച്ചിടത്തോളം അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോൾ കേരളത്തിലുളളത് എന്നത് ഒരു യാഥാർത്ഥ്യമാണ്.

 

 

 

Post your comments