Global block

bissplus@gmail.com

Global Menu

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

 

രാജ്യാന്തര വിപണിയിൽ എണ്ണ വില ഇടിഞ്ഞു. അസംസ്കൃത എണ്ണ വില ഇടിഞ്ഞ് ബാരലിന് 73 ഡോളറിൽ ആണ് വ്യാപാരം. ലോകത്തെ മുൻനിര എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി എണ്ണ ഉൽപ്പാദനം കുറച്ചതിനെ തുടർന്ന് എണ്ണവില സമ്മർദ്ദത്തിലായിരുന്നു. ആഗോള വിപണികളിലേക്ക് റഷ്യൻ എണ്ണ ഒഴുകിയതും, യുഎസ് ഉൽപ്പാദനം വർദ്ധിപ്പിച്ചതും ഒക്കെ മൂലം എണ്ണ വിലയിൽ ഇടിവ്. അതേസമയം ഉയരുന്ന ഡിമാൻഡിനെക്കുറിച്ചുള്ള ആശങ്കകൾ വിപണിയിൽ നില നിൽക്കുന്നു. എണ്ണ ഉൽപ്പാദക രാജ്യങ്ങളിലെ മുൻനിര രാഷ്ട്രമായ സൗദി അറേബ്യ ജൂലൈ മുതൽ എണ്ണ ഉൽപ്പാദനം പ്രതിദിനം ഒരു ദശലക്ഷം ബാരൽ കൂടി കുറയ്ക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. ഉൽപ്പാദനം വെട്ടിക്കുറച്ചാൽ സൗദിയുടെ ഉൽപ്പാദനം 10 ദശലക്ഷം ബാരലിൽ നിന്ന് ജൂലൈയിൽ 9 ദശലക്ഷം ബാരൽ ആയി കുറയും. ഉൽപ്പാദനം വെട്ടിക്കുറക്കുന്നത് 2024-ൽ എണ്ണ വിതരണം പരിമിതപ്പെടുത്തും.

ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ 40 ശതമാനവും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് ഒപെക് രാജ്യങ്ങളും സഖ്യ കക്ഷികളും ചേർന്നാണ്. ദുർബലമായ ഡിമാൻഡ് കാരണം എണ്ണ വില ഉയർത്താൻ ആണ് ഒപെക് രാജ്യങ്ങളുടെ നടപടികൾ . കഴിഞ്ഞ ഒക്‌ടോബറിലും ഈ വർഷം ഏപ്രിൽ മുതൽ എണ്ണ വിതരണത്തിലെ തകർച്ച പരിഹരിക്കുന്നതിനും വില വർധിപ്പിക്കുന്നതിനുമായി ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.

വിവിധ നഗരങ്ങളിലെ ഇന്ധന വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട് ജില്ലയിൽ, ഒരു ലിറ്റർ പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് നൽകേണ്ടത്. മുബൈയിൽ ഒരു ലിറ്റർ പെട്രോളിൻെറ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിൻെറ നിരക്ക് 94.27 രൂപയുമാണ്. അതുപോലെ ദേശീയ തലസ്ഥാനമായ ഡൽഹിയിലും ഇന്ധന വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കൊപ്പം ഡോളറിൻെറ വിനിമയ മൂല്യവും വിലയിരുത്തിയാണ് രാജ്യത്തെ എണ്ണക്കമ്പനികൾ ഇന്ധന വില നിശ്ചയിക്കുന്നത്. ഡോളറിനെതിരെ 82.44 ഡോളറാണ് രൂപയുടെ വിനിമയ മൂല്യം.

Post your comments