Global block

bissplus@gmail.com

Global Menu

ചാറ്റ്ജിപിടിക്ക് നിരോധനവുമായി കൂടുതൽ കമ്പനികൾ

 

ജീവനക്കാരെ ഓപ്പൺ എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് വിലക്കി കൂടുതൽ കമ്പനികൾ. ആപ്പിൾ, സാംസങ്, ഗോൾഡ്മാൻ സാച്ച്സ് തുടങ്ങി വൻകിട കമ്പനികൾ ആണ് ജീവനക്കാരെ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. ജീവനക്കാർ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്നതിലൂടെ കമ്പനിയുടെ ഇൻേറണൽ ഡാറ്റ ചോർന്നേക്കുമെന്ന ആശങ്കയിൽ ആണ് കൂടുതൽ കമ്പനികൾ എഐ ചാറ്റ്ബോട്ട് നിരോധിക്കുന്ന്. ജോലിസ്ഥലത്ത് ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ കർശനമായി നിയന്ത്രിക്കുകയാണ് ആപ്പിൾ. കോഡിങ്ങിന് സഹായകരമായ ചാറ്റ് ജിപിടി മാത്രമല്ല മറ്റ് എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

ആപ്പിളിൻെറ കോഡോ മറ്റ് സെൻസിറ്റീവ് ഡാറ്റയോ ചോരാതിരിക്കാനാണ് കമ്പനിയുടെ ഈ നീക്കം. എതിരാളിയായ മൈക്രോസോഫ്റ്റിൻെറ ഉടമസ്ഥതയിലുള്ളതോ സാമ്പത്തിക പിന്തുണ നൽകുന്നതോ ആയ എഐ പ്ലാറ്റ്‌ഫോമുകൾ ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിന്നാണ് നിരോധനം ഉണ്ടായത്.ചാറ്റ് ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്‌ത ഒരു സെൻസിറ്റീവ് കോഡ് ചോർന്നതിനെത്തുടർന്ന് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഈ മാസം ആദ്യം ചാറ്റ്ജിപിടിയും മറ്റ് എഐ ടൂളുകളും നിരോധിച്ചിരുന്നു. ആമസോൺ ‌ജനുവരിയിൽ തന്നെ ഓപ്പൺഎഐയുടെ ചാറ്റ്ബോട്ടിൽ ഏതെങ്കിലും കോഡോ രഹസ്യ വിവരങ്ങളോ അപ്‍ലോഡ് ചെയ്യുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിയിരുന്നു.

ഫെബ്രുവരിയിൽ, ജെപി മോർഗൻ ജീവനക്കാ‍ർക്കിടയിലെ ചാറ്റ് ജിപിടി ഉപയോഗം കർശനമായി നിയന്ത്രിച്ചിരുന്നു. ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, വെൽസ് ഫാർഗോ, ഗോൾഡ്മാൻ സാച്ച്സ് തുടങ്ങിയ കമ്പനികളും സമാനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് കൂടുതൽ കമ്പനികളുംരംഗത്ത് എത്തുന്നുണ്ട്. ഡാറ്റ ചോർച്ച ഭയന്നാണ് മിക്ക കമ്പനികളും ചാറ്റ് ജിപിടി, ബാർഡ് തുടങ്ങിയവ ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കുന്നത്. ഇവ സെർവറുകളിൽ കമ്പനികളുടെ ഡാറ്റ എങ്ങനെ സംഭരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു.

ബിൽഗേറ്റ്സിൻെറ സഹായത്തോടെ ചാറ്റ് ജിപിടി ഉപയോഗിച്ച് തുടങ്ങിയ വാറൻ ബഫറ്റ് എഐ അല്ലെങ്കിൽ
നിർമിത ബുദ്ധി ലോകം തന്നെ മാറ്റി മറിക്കുമെന്ന് അടുത്തിടെ ഓർമിപ്പിച്ചിരുന്നു. ഒപ്പം ആർട്ടിഫിഷ്യൽ ഇൻെറലിജൻസിനെ ആറ്റം ബോംബുമായി താരതമ്യം ചെയ്ത ബഫറ്റ്, എഐയുടെ പുരോഗതിയെക്കുറിച്ചും ലോകത്തെ എങ്ങനെ മാറ്റാനാകും എന്നതിനെക്കുറിച്ചും സംസാരിച്ചു. കൂടുതൽ എഐ ചാറ്റ്ബോട്ടുകൾ ആറ്റംബോംബ് കണ്ടുപിടിച്ചപ്പോൾ ഉണ്ടായതിന് സമാനമായ ദുരന്തങ്ങളിലേക്ക് ജനങ്ങളെ നയിക്കും എന്ന മുന്നറിയിപ്പും വാറൻ ബഫറ്റ് നൽകിയിട്ടുണ്ട്. ജിപിടി 4നേക്കാൾ കൂടുതൽ നൂതനമായ എഐ മോഡലുകൾ വികസിപ്പിക്കുന്നത് നിർത്താൻ ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളോട് ആവശ്യപ്പെടുകയാണ് ഇപ്പോൾ ഈ രംഗത്തെ നിരീക്ഷകർ.

Post your comments