Global block

bissplus@gmail.com

Global Menu

"ഗ്രാനി" ഈ കാലം ആവശ്യപ്പെടുന്ന അതിശക്തതമായ സിനിമ

വർഷങ്ങളായി മലയാള സിനിമ കുടുംബങ്ങളുടെയും വൈകാരികബന്ധങ്ങളുടെയും ആർദ്രതയിൽ നിന്ന് അകന്ന് പോകുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്.ഈ വരൾച്ചയിൽ ഒരു കുളിർ മഴയായി വന്നിരിക്കുന്ന സിനിമയാണ് ഗ്രാനി.കാത്തോ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിരവധി ഹിറ്റുകൾ ഒരുക്കിയിട്ടുള്ള കലാധരൻ കഥയും ഗാനങ്ങളും രചിച്ച് സംവിധാനം ചെയ്ത ഗ്രാനി അത്യന്തം സ്‌നേഹ ശൂന്യമായിക്കൊണ്ടിരിക്കുന്ന കേരളീയ കുടുംബങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു.ഒരു മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും ബന്ധത്തിലൂന്നി കഥ പറയുന്ന ഈ സിനിമ അണു കുടുംബങ്ങളിൽ പ്രായം ചെന്ന മാതാപിതാക്കൾ പാഴ് വസ്തുക്കൾക്ക് സമാനം ആയിത്തീരുന്ന അവസ്ഥയെ ഏറ്റവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു
മുൻ കാലങ്ങളിലും 'തിങ്കളാഴ്ച നല്ല ദിവസം' പോലെ ചില സിനിമകൾ വാർധക്യത്തിന്റെ ഒറ്റപ്പെടൽ കേന്ദീകരിച്ച് മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.എന്നാൽ ഗ്രാനി അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്. ഇവിടെ മുത്തശ്ശിയുടെ സങ്കടകരമായ അവസ്ഥക്കൊപ്പം,രാഹുൽ എന്ന പേരക്കുട്ടി ഒരു പ്രത്യേക സാഹചര്യത്തിൽ തനിക്ക് നഷ്ടമായി പോകുന്ന മുത്തശ്ശിയെ തിരിച്ച് തന്റെ കുടുംബത്തിൽ എത്തിക്കാൻ നടത്തുന്ന തീവ്രവും  ഹൃദയാർദ്രവുമായ പോരാട്ടം ആണ് ഗ്രാനിയെ പുതിയൊരു തലത്തിൽ എത്തിക്കുന്നത്. വളരെ ചടുലമായി നിർവഹിക്കപ്പെടുന്ന  ആഖ്യാനത്തിലൂടെ, ഗ്രാനി  കാണികളെ കണ്ണീരും ചിരിയും കലർന്ന രംഗങ്ങൾ കോർത്തിണക്കി രണ്ട് മണിക്കൂർ നേരം പ്രേക്ഷകരെ ആകാംക്ഷഭരിതരായി പിടിച്ചിരുത്തുന്നു.വളരെ ഗൗരവമേറിയ പ്രമേയം ആണ് പറയുന്നെതെങ്കിലും ഗ്രാനി       സകുടുംബം കണ്ട് ആസ്വദിക്കാവുന്ന ഒരു തികഞ്ഞ ഫാമിലി എന്റെർടെയ്‌നർ ആയി അനുഭവപ്പെടുന്നു.
കൈത്തഴക്കം വന്ന കലാധരന്റെ സംവിധാന മികവിന് ഒപ്പം പ്രശസ്ത കഥാകാരനും തിരക്കഥാകൃത്തും ആയ വിനു ഏബ്രഹാമിന്റെ തിരക്കഥയും സംഭാഷണങ്ങളും ഗ്രാനിയെ ഏറെ ആസ്വാദ്യകരമാക്കുന്നു. ഒരു പിടി ഓഫ് ബീറ്റ് സിനിമകളിൽ തന്റെ മികവ് പ്രദർശിപ്പിച്ചിട്ടുള്ള ഉണ്ണി മടവൂർ  സിനിമയുടെ ഭാവത്തിനിണങ്ങും വിധമുള്ള ഉചിതമായ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.വിപിൻ മണ്ണൂരിന്റെ കൃത്യതയാർന്ന ചിത്രസന്നിവേശവും സിനിമക്ക്  വലിയ മുതൽക്കൂട്ടായിട്ടുണ്ട്.രാജീവ് ഗോകുലം നിർവഹിച്ച കലാസംവിധാനവും ഗ്രാനിയെ മികച്ച ദൃശ്യാനുഭവം ആക്കുന്നു.
എടുത്ത് പറയേണ്ടുന്ന മറ്റൊരു സന്തോഷം ഗ്രാനിയിലെ നാല് ഗാനങ്ങൾ ആണ്.തികച്ചും സന്ദർഭോചിതമായ ഈ ഗാനങ്ങൾ കലാധരന്റെ രചനാ മികവ് കൊണ്ടും എം.ജയചന്ദ്രന്റെ ഹൃദ്യമായ സംഗീതത്താലും   ജയചന്ദ്രനെയും കെ.എസ്.ചിത്രയെയും പോലെയുള്ള അനുഗൃഹീത ഗായകരുടെ ശബ്ദ മധുരിമയാലും ചിത്രീകരണ മികവിനാലും ഏറെ കാലം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും.ഏതാണ്ട് ഇരുപത് വർഷങ്ങൾ അപ്പുറമുള്ള മലയാള സിനിമയുടെ സുവർണ്ണ കാല ഗാനസംസ്‌ക്കാരത്തെ ഓർമ്മിപ്പിക്കും വിധമുള്ള ഗാനങ്ങൾ.ഇതിനൊപ്പം വിജയ് കരുൺ ഒരുക്കിയ ഉചിതമായ പശ്ചാത്തല സംഗീതം സിനിമയെ ഒരേ സമയം ചടുലവും വൈകാരികവും ആക്കി മാറ്റുന്നു.
താരപ്പകിട്ടില്ലാതെ തന്നെ,ഒരു നിര മികച്ച അഭിനേതാക്കൾ  ഗ്രാനിയെ നമുക്ക് പ്രിയങ്കരമാക്കുന്നു.മലയാളത്തിന്റെ  പ്രിയ നടി ശോഭ മോഹൻ ഗ്രാനി എന്ന ശീർഷക കഥാപാത്രമായി നമ്മുടെ കണ്ണ് നിറക്കുന്ന പകർന്നാട്ടം കാഴ്ച വയ്ക്കുന്നു.മാസ്റ്റർ നിവിൻ രാഹുൽ എന്ന പേരക്കുട്ടിയായി നിറയുന്ന അഭിനയം മലയാള സിനിമയിലെ എക്കാലത്തയും മികച്ച ബാലതാര പ്രകടനങ്ങളിൽ ഒന്ന് തന്നെ എന്ന് നിസ്സംശയം പറയാം.ഈ കുട്ടി മലയാള സിനിമക്ക് ഒരു വലിയ വാഗ്ദാനം തന്നെയാണ്. രാഹുലിന്റെ അച്ഛൻ ആയി  വരുന്ന തോമസ് കെ ജോസഫും അഭിനയ രംഗത്ത് മികച്ച പുത്തൻ പ്രതീക്ഷയാണ്. കൂടാതെ രാഹുലിന്റെ അമ്മയായി ലീന നായർ, ബേബി പാർവതി, ജയകൃഷ്ണൻ, സുരേഷ് ബാബു റിയാസ് നർമ്മകല,ബിജു പപ്പൻ,  തുടങ്ങിയവരും ചെറുതും വലിയതും ആയ വേഷങ്ങളിൽ മികച്ച അഭിനയത്താൽ ഗ്രാനിയെ സമ്പന്നമാക്കുന്നു.
ഉറപ്പായും  മലയാള സിനിമാ പ്രേക്ഷകർ കുടുംബമായി ഏറ്റെടുക്കേണ്ട സിനിമയാണ് ഗ്രാനി.വീണ്ടും പറയട്ടെ, പുതിയ കാലത്തെ, മടുപ്പിക്കും  വിധമുള്ള തിന്മ വിളയാടുന്ന സിനിമകൾ കൊണ്ട് വരുന്ന കൊടും വരൾച്ചയിൽ നന്മയുടെയും സ്‌നേഹത്തിന്റെയും കുളിർ മഴയാണ് ഗ്രാനി.

Post your comments