Global block

bissplus@gmail.com

Global Menu

വൻ നിക്ഷേപം തിരുവനന്തപുരത്തേക്ക്... ഭൂമിക്കും ഫ്ലാറ്റുകൾക്കും വില്ലകൾക്കും വൻഡിമാൻഡും വിലയും

പത്മനാഭന്റെ മണ്ണ് പണ്ടേക്കുപണ്ടേ പ്രസിദ്ധമാണ്. ഇടക്കാലത്ത് കൊച്ചിക്ക് അല്പമൊരു മുൻതൂക്കം കിട്ടിയെങ്കിലും ഇപ്പോഴിതാ കാര്യങ്ങൾ അനന്തപുരിക്ക് അനുകൂലമാണ്. കാര്യമായ മാലിന്യപ്രശ്‌നങ്ങളില്ല, പ്രളയഭീഷണിയില്ല, മികച്ച ഗതാഗതസൗകര്യം, മെഡിക്കൽ കോളേജ്, സൂപ്പർ സ്‌പെഷ്യാലിറ്റി ആതുരാലയങ്ങൾ, മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ, അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ, നഗരത്തിരക്കിലും നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് എല്ലാംകൊണ്ടും മികച്ച നിക്ഷേപസൗഹൃദ നഗരമായി അനന്തപുരി മുഖംമാറുകയാണ്. ആ മാറ്റത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുനൽകുന്നതാണ് ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുന്ന വിഴിഞ്ഞം തുറമുഖവും നടപടികൾ പുരോഗമിക്കുന്ന ഔട്ടർ റിങ് റോഡും(എൻഎച്ച്866). നഗരത്തെയും നഗരത്തിനു പുറത്തുളള പ്രദേശങ്ങളെയും ബന്ധിപ്പിച്ചുളള ഈ എൻഎച്ച്866 പദ്ധതി വിഭാവനം ചെയ്തിട്ട് അഞ്ചു വർഷമാകുന്നു. അതെ, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രാരംഭചർച്ചകളിലാണ് ഔട്ടർ റിങ് റോഡ് എന്ന ആശയം ഉയർന്നുവന്നത്. വിഴിഞ്ഞം യാഥാർത്ഥ്യമാകുമ്പോഴുണ്ടാവുന്ന ചരക്കുനീക്കവും വികസനവും മുന്നിൽ കണ്ടാണ് ഔട്ടർ റിങ് റോഡ് വിഭാവനം ചെയ്തത്. 2022ലാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാനുളള താല്പര്യം കേന്ദ്രസർക്കാർ അറിയിച്ചത്. അതോടെ നടപടികൾ ദ്രുതഗതിയിലായി.
വെങ്ങാനൂർ, കല്ലിയൂർ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, പൂവച്ചൽ, അരുവിക്കര, കരകുളം, പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് ഔട്ടർ റിങ് റോഡ്. 45 മീറ്റർ വീതിയിൽ 63 കിലോമീറ്റർ പാതയ്ക്കായി 320 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പിന് 3000 കോടി രൂപയും നിർമ്മാണച്ചെലവ് 2967 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഔട്ടർ റിങ് റോഡ് നിർമ്മിയ്ക്കുക. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുക സംസ്ഥാന സർക്കാരും ബാക്കി പകുതി ദേശീയപാത അതോറിറ്റിയും  വഹിയ്ക്കും. എന്നാൽ സർവ്വീസ് റോഡുകളുടെ നിർമാണവും സ്ഥലമേറ്റെടുപ്പും നടത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനസർക്കാരിനാണ്.
ചൈനയിലെ ഷെൻസെങ് മാതൃകയിൽ കേരളത്തിനുള്ളവളർച്ചാകേന്ദ്രം എന്ന് കേരള ബജറ്റിൽ വിശേഷിപ്പിച്ച തിരുവനന്തപുരം ഔട്ടർ റിങ് റോഡിനുളള സ്ഥലം ലാൻഡ് പൂളിങ് വഴിയാണ് കണ്ടെത്തുന്നത്. സ്ഥലമേറ്റെടുപ്പിനും സർവ്വേക്കുപോയി സംസ്ഥാന സർക്കാർ നാല് ഓഫീസുകൾ തുറന്നുകഴിഞ്ഞു. നെയ്യാറ്റിൻകര,വിളപ്പിൽശാല,വെമ്പായം, കിളിമാനൂർ എന്നിവിടങ്ങളിലാണ് ഓഫീസ് തുറന്നത്.  ഇതുവരെ 230 ഹെക്ടറിൽ സർവ്വേ പൂർത്തിയായി.
2023 ജൂൺ മാസത്തോടെ റിങ് റോഡ് നിർമാണം ആരംഭിക്കാനാണ് സാധ്യത. നാവായിക്കുളം-തേക്കട (29.25 കി.മി), തേക്കട-വിഴിഞ്ഞം (33.40 കി.മി) എന്നിങ്ങനെ രണ്ടു റീച്ചുകളിലായാണ് റോഡ് നിർമ്മാണം പൂർത്തിയാക്കുക.റിങ് റോഡിന്റെ ഭാഗമായി മെഡിക്കൽകോളേജ്, പട്ടം തുടങ്ങി നാലിടത്ത് മേൽപ്പാലങ്ങൾവരും. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഔട്ടർ റിംഗ് റോഡ് യാഥാർഥ്യമാകുന്നതോടെ വേഗം വർദ്ധിയ്ക്കും. തലസ്ഥാന നഗരത്തിനു പുറത്തു മികച്ച യാത്രാ സൗകര്യം ലഭിക്കുമെന്നത്തിനു പുറമെ വിഴിഞ്ഞം തുറമുഖത്തുനിന്നുളള ചരക്കു നീക്കവും സുഗമമാക്കും. തലസ്ഥാനനഗരിയിലെ ഗതാഗതകുരുക്കിനും പരിഹാരമാകും. ഇതോടെ തൊഴിലവസരങ്ങൾ വർദ്ധിക്കും. മേഖല കേന്ദ്രീകരിച്ച് വൻ നിക്ഷേപങ്ങൾ വരും. ജനത്തിന്റെ ജീവിതനിലവാരം ഉയരും. അനന്തപുരി അടിമുടി മാറും.
ഭൂമിക്ക് പൊന്നുവില
റിങ് റോഡ് പദ്ധതി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്ത് ഭൂമിക്ക് പൊന്നുവിലയാണ്. നഗരംവിട്ട് സെന്റിന് 2 ലക്ഷം ഉണ്ടായിരുന്ന ഭൂമിക്ക് ഒറ്റയടിക്ക് ഇരട്ടിവിലയായി. പോകെപ്പോകെ ഭൂമിവില കൈവിട്ടുപോകും. വികസനസാധ്യതമുന്നിൽ കണ്ട് റിയൽ എസ്റ്റേറ്റുകാരും വൻകിട നിർമ്മാതാക്കളും ഭൂമി വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.
വികസനത്തോട്  പ്രതിഷേധം വേണ്ട
വിഴിഞ്ഞം പദ്ധതി രാജഭരണകാലം മുതൽക്കേ ദീർഘദർശികൾ വിഭാവനം ചെയ്തതാണ്. നിക്ഷിപ്ത താല്പര്യങ്ങളും തടസ്സവാദങ്ങളും കാരണം അത് നീണ്ടുനീണ്ടുപോയി. ഇപ്പോഴിതാ എല്ലാ പ്രതിഷേധങ്ങളെയും അതിജീവിച്ച് പദ്ധതി പൂർത്തിയാകുകയാണ്. വിഴിഞ്ഞത്തിനെതിരെ വാളെടുത്തവരും അതിന്റെ അനുകൂലഫലം നുകരും. കാരണം ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ, മുന്നോട്ടുളള കുതിപ്പിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ്. വിഴിഞ്ഞത്തുനിന്നുളള ചരക്കുനീക്കം സുഗമമാക്കാനാണ് എൻ.എച്ച്.866 വരുന്നത്. മധ്യകേരളത്തിലേക്കുളള യാത്രാസമയവും കുറയും. റിങ്‌റോഡും അതെതുടർന്ന് അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയും സജ്ജമാകുന്നതോടെ കേരളത്തിന്റെ കാർഷിക-വ്യാവസായിക-ടൂറിസം മേഖലയിൽ വൻ കുതിപ്പുണ്ടാകും.
രണ്ടാംഘട്ടത്തിൽ   വൻവികസനം
റിങ് റോഡ് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ പിന്നെ അനന്തപുരിയിൽ മാറ്റം അതിവേഗത്തിലാകും. എട്ടിടത്ത് ടൗൺഷിപ്പ് ഉൾപ്പെടെയുളള വ്യാവസായിക ഇടനാഴികൾ വരും. വിഴിഞ്ഞം. കോവളം, കാട്ടാക്കട, വെമ്പായം, മംഗലപുരം, കിളിമാനൂർ, കല്ലമ്പലം, നാവായിക്കുളം എന്നിവിടങ്ങളിലാണ് സാമ്പത്തികമേഖലകൾ വരിക. ഗ്രീൻ സിറ്റി പദ്ധതി, മ്യൂസിക് ആൻഡ് ആർട് സർക്യൂട്ട്, ഹെറിറ്റേജ് സർക്യൂട്ടുകൾ എന്നിവയും അനുബന്ധമായി വരും. മൊത്തത്തിൽ മെട്രോകളിലെ സാറ്റലൈറ്റ് നഗരങ്ങൾ പോലെ അനന്തപുരിയും ഉപഗ്രഹനഗരം യാഥാർത്ഥ്യമാകും. വികസനം നഗരത്തിൽ നിന്ന് അനുബന്ധപ്രദേശങ്ങളിലേക്ക് കൂടി വ്യാപിക്കുമ്പോൾ ജില്ലയുടെ സാമൂഹിക-സാമ്പത്തിക വികസനം അതിവേഗത്തിലാകും.
ട്രംപെറ്റ് കവലകൾ
ജങ്ഷനുകളിൽ വാഹനങ്ങൾക്ക് തിരക്കിൽപ്പെടാതെ വേഗം കടന്നുപോകാനാകുന്ന ട്രംപെറ്റ് കവലകൾ വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിന്റെ തുടക്കത്തിലും അവസാനത്തിലും നിർമിക്കും. ട്രംപെറ്റ് എന്ന സംഗീത ഉപകരണത്തിന്റെ രൂപവുമായി സാദൃശ്യമുള്ളതു കൊണ്ടാണ് ആ പേരു വന്നത്. വലിയ ഹൈവേകൾ സംഗമിക്കുന്ന വൻകിട നഗരങ്ങളിൽ പതിവായി കാണുന്നതാണ് ട്രംപെറ്റ് ഇന്റർചെയ്ഞ്ചു കൾ.
കേരളത്തിൽ രണ്ടാമതായാണ് ഇത്തരം സംവിധാനമൊരുക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയും വന്നുചേരുന്ന പന്തീരാങ്കാവ് ഇരിങ്ങല്ലൂരിലാണ് കേരളത്തിലെ ആദ്യത്തെ ട്രംപെറ്റ് ഇന്റർചേഞ്ച് നിർമിക്കുന്നത്. റിങ് റോഡിൽ(ദേശീയപാത 866) 600 മീറ്ററിലാകും ട്രംപെറ്റ് ഇന്റർചേഞ്ച് നിർമിക്കുക. റിങ്റോഡും ദേശീയപാത 66-ഉം കൂട്ടിമുട്ടുന്ന ഭാഗങ്ങളിലാകും ഇവയുടെ നിർമാണം. രണ്ടും ഫ്‌ളൈഓവറുകളാകും. ഇതോടെ ദേശീയപാത 66-ലേക്ക് കയറുമ്പോഴുള്ള വാഹനത്തിരക്ക് റിങ് റോഡിൽ ഇല്ലാതാകും. നാവായിക്കുളത്തെ ട്രംപെറ്റ് ഇന്റർചേഞ്ചിന്റെ രൂപരേഖ ദേശീയപാത അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്.
വിഴിഞ്ഞത്ത് ആദ്യം തിരഞ്ഞെടുത്ത റൗണ്ട് എബൗട്ട് ആകൃതിയിലുള്ള ഫ്‌ളൈഓവറിന് കൂടുതൽ സ്ഥലം ആവശ്യമാണെന്ന് കണ്ടെത്തിയതോടെയാണ് ട്രംപെറ്റ് ഇന്റർചേഞ്ച് ഇവിടെയും നിർമിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ട്രംപെറ്റ് ഇന്റർചേഞ്ച് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിഴിഞ്ഞവും നാവായിക്കുളവും സന്ദർശിക്കും. ദേശീയപാത എൻജിനിയറിങ് വിഭാഗവും എത്തുന്നുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനമെടുക്കും. ഭോപാൽ ഹൈവേ എൻജിനിയറിങ് വിഭാഗമാണ് അന്തിമ രൂപരേഖകൾ തയ്യാറാക്കുന്നത്.
നാവായിക്കുളത്ത് തട്ടുപാലത്തിൽനിന്നാകും റിങ് റോഡ് തുടങ്ങുക. വിഴിഞ്ഞം ഭാഗത്തുനിന്ന് റിങ് റോഡ് ആരംഭിക്കുക തലക്കോടുനിന്ന് തുടങ്ങുന്ന ട്രംപെറ്റ് ഇന്റർചേഞ്ചിൽ നിന്നാകും. രണ്ടിനും ഏകദേശം 600 മീറ്റർ നീളമുണ്ടാകും. നാലുവരി ഫ്‌ളൈഓവറാകുമിത്.മേൽപ്പാലങ്ങളിലൂടെയാകും വാഹനങ്ങൾ ചുറ്റിത്തിരിഞ്ഞ് പോകുക. പ്രധാനപ്പെട്ട ദേശീയപാത സംഗമിക്കുന്ന സ്ഥലം എന്നനിലയിലും വിഴിഞ്ഞം തുറമുഖം വരുമ്പോഴുള്ള തിരക്കും മുൻനിർത്തിയാണ് രണ്ടിടത്ത് ഇതു നിർമിക്കാൻ തീരുമാനിച്ചത്.
ട്രംപെറ്റ് കവല ഉൾപ്പെടെ റോഡ് നിർമാണത്തിനുള്ള ടെൻഡർ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കും. റോഡിനും ട്രംപെറ്റ് കവലകളുടെ നിർമാണത്തിനുമായി ദേശീയപാത അതോറിറ്റി 2967 കോടിയാണ് മുടക്കുന്നത്. 24 വില്ലേജുകളിലൂടെയാണ് റിങ് റോഡ് കടന്നുപോകുന്നത്.:ഒരു ഹൈവെയിൽനിന്ന് മറ്റൊരു ഹൈവേയിലേക്ക് കയറാനുമിറങ്ങാനുമുള്ള ഇടങ്ങളിലാണ് ട്രംപെറ്റ് ഇർചേയ്ഞ്ചുകൾ പ്രധാനമായും നിർമിക്കുന്നത്. വിവിധ ദിശകളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് സുഗമമായി പ്രധാന ഹൈവേയിലേക്ക് കയറാനും ഇറങ്ങാനും പ്രത്യേക സൗകര്യമുണ്ടാവും.  ചേർന്നുനില്ക്കാൻ പ്രേരിപ്പിച്ചത്.

എന്താണ് ലാൻഡ് പൂളിങ്
 

അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു കൂട്ടംപേർ ഒരുമിച്ച് സർക്കാരിന് കൈമാറുന്ന രീതിയിലാണ് ലാൻഡ് പൂളിങ്. നിർമ്മാണ പ്രവർത്തനം പൂർത്തിയാകുമ്പോൾ അതിന്റെ ചെലവായി നിശ്ചിത ശതമാനം കിഴിച്ച് ഭൂമി യഥാർത്ഥ ഉടമകൾക്ക് കൈമാറും. അടിസ്ഥാനസൗകര്യവികസനത്തിന് അനുബന്ധമായി ഉണ്ടാകുന്ന വളർച്ച മുന്നിൽ കണ്ടാണ് ഭൂഉടമകൾ ഇതിനായി മുന്നോട്ടുവരുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ് ഉടമ സി.വിഷ്ണുഭക്തൻ റിങ് റോഡിനായി ഒന്നരയേക്കർ സ്ഥലമാണ് വിട്ടുകൊടുത്തത്. ചരക്കുനീക്കം സുഗമമാകും എന്നതാണ് അദ്ദേഹത്തെ ഈ പദ്ധതിക്കൊപ്പം ചേർന്നുനില്ക്കാൻ പ്രേരിപ്പിച്ചത്.

Post your comments