Global block

bissplus@gmail.com

Global Menu

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഡാറ്റ സുരക്ഷാ ഭീഷണി; മുന്നറിയിപ്പുമായി സർക്കാർ

 

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സ‍ർക്കാർ. ഡാറ്റ സുരക്ഷാ മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. ലോകമെമ്പാടും ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. ഈ രംഗത്തെ വിപണി വിഹിതത്തിന്റെ വലിയൊരു ഭാഗം ഗൂഗിളിനായതിനാൽ ഗൂഗിളിൻെറ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് ബ്രൗസറുകൾ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ലഭ്യമാണ്. കൂടാതെ ഗൂഗിൾ അക്കൗണ്ട് വിവിധ ഡിവൈസുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ ആകുമെന്ന മെച്ചവുമുണ്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇന്റർനെറ്റുമായി ബന്ധപ്പെട്ട മിക്ക ജോലികൾക്കും ഗൂഗിൾ ക്രോംമിനെ ആശ്രയിക്കുന്നുണ്ട്.

ഈ ഉപയോക്താക്കളുടെ ഡാറ്റ ഉൾപ്പെടെ സുരക്ഷിതമായി നിലനിർത്താൻ ഗൂഗിൾ ചില അപ്‌ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന പാച്ചുകളുമായാണ് പുതിയ അപ്‌ഡേറ്റുകൾ വരുന്നത്. ഗൂഗിൾ ക്രോം ബ്രൗസറിൽ ഇത്തരത്തിലുള്ള ഒരു സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ ക്രോം 100 ബ്രൗസർ പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ഇപ്പോൾ സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് നിർദേശം. ഗൂഗിൾ ക്രോമിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) വെളിപ്പെടുത്തി. ഹാക്കർമാർക്ക് ടാർഗെറ്റുചെയ്‌ത സിസ്റ്റം ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമാകുന്ന സുരക്ഷാ പിഴവാണിത്.

വി8 ജാവ സ്ക്രിപ്റ്റ് എഞ്ചിനിലെ ആശയക്കുഴപ്പം മൂലമാണ് ക്രോമിൽ ഈ അപകടസാധ്യത നിലനിൽക്കുന്നത് എന്നാണ് സൂചന. ക്രാഫ്റ്റ് ചെയ്ത എച്ച്ടിഎംഎൽ പേജ് വഴി അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ഇത് ഉപയോഗപ്പെടുത്താനുമാകും. തട്ടിപ്പുകൾ ഒഴിവാക്കാൻ, ഉപയോക്താക്കൾ ഗൂഗിൾ സൂചിപ്പിക്കുന്ന ഉചിതമായ പാച്ചുകൾ ഉപയോഗിക്കണം.

Post your comments