Global block

bissplus@gmail.com

Global Menu

അദാനിയുടെ ബിസിനസ് രഹസ്യങ്ങൾ

Ameer Sha Pandikkad
Certified Investment & Strategy consultant
Equity India & Research

 

ഇന്ത്യയിലെ ബിസിനസ് സാമ്രാജ്യം കഴിഞ്ഞ ഇരുപത്തഞ്ചു വർഷംകൊണ്ട് അദാനി എന്ന അറുപത് വയസ്സുകാരനിലേക്കു എങ്ങിനെ കൈമാറ്റം ചെയ്യപ്പെട്ടു എന്നതാണ് ഇന്ന് ഓരോ ഇന്ത്യക്കാരനും പഠിക്കേണ്ട പ്രധാന വിഷയം. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഹിൻഡൻബെർഗ് എന്ന നിക്ഷേപ സ്ഥാപനം ഈ വർഷം ജനുവരി ഇരുപത്തിനാലിനു പുറത്തുവിട്ട ഒരു റിപ്പോർട്ടിന്മേലാണ് എല്ലാ ചർച്ചകളുടെയും തുടക്കം. ഓഹരികളിൽ നടത്തുന്ന കൃത്യവിലോപവും സാമ്പത്തിക രേഖകളിലെ തിരിമറികളെയും കുറിച്ചാണ് ഹിൻഡൻബെർഗ് സൂചന നൽകിയതും ആരോപണം ഉന്നയിച്ചതും എന്നതാണ് പ്രധാന വസ്തുത.
ഒരു ബിസിനസ് ചെയ്യുമ്പോൾ രാജ്യത്ത് എല്ലാവരും ചെയ്യുന്ന അതേ മാതൃകയിൽ മാത്രമേ എല്ലാവരും ചെയ്യാൻ പാടുള്ളൂ എന്നൊരു നിയമം എവിടെയും ഇല്ല. മറിച്ച് മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരാൾക്ക് ചെയ്യാൻ പറ്റുമെങ്കിൽ അതാവും ഏറ്റവും വളർച്ച നേടുന്ന സ്ഥാപനം. ഇവിടെ ഗൗതം അദാനി ഗ്രൂപ്പ് സ്വീകരിച്ച നിലപാട് എന്നത് തങ്ങളുടെ ബിസിനസ് മോഡൽ ഒരു മാനേജ്മന്റ് വൈദഗ്ദ്ധ്യതോടെ സ്വന്തം രാജ്യത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടപ്പിലാക്കി വിജയം കൈവരിക്കുക എന്ന തന്ത്രമാണ്. ഗൗതം അദാനി എന്ന ചെറുപ്പക്കാരൻ ആദ്യം രത്‌ന വ്യാപാരവും പിന്നീട് പ്ലാസ്റ്റിക് പിവിസി റസിൻ വ്യാപാരവും വളരെ തന്ത്രപരമായി നടപ്പിലാക്കി വിജയിക്കുകയും തങ്ങൾ ചെയ്യുന്ന ഓരോ ബിസിനസിലും എല്ലാ മേഖലയിലും ലോകത്തെ തന്നെ മുൻനിര സ്ഥാപനമായി മാറുകയും ചെയ്യുന്നു എന്നതാണ് അവരുടെ ബിസിനസിലെ ഒരു രഹസ്യം. ഇന്ത്യയിലെയും ലോകത്തെ മറ്റുള്ള ഇൻഡസ്ടറിയലിസ്റ്റുകൾ ദീർഘകാല നിക്ഷേപം നടത്തി പിന്നീട് ലാഭം നേടുമ്പോൾ ഗൗതം അദാനിയുടെ ബിസിനസ് മെട്രിക്‌സ് എന്നത് ലാഭം കുറച്ചു കൊണ്ട് ബിസിനസ് വോള്യം കൂട്ടുകയും ക്യാഷ് ലിക്വിഡിറ്റി വർദ്ധിപ്പിച്ചു വളർച്ച നേടുക എന്നതാണ് മറ്റൊരു എടുത്തു പറയേണ്ട ബിസിനസ് തന്ത്രം.
ഗൗതം അദാനി ഗ്രൂപ്പ് എന്നത് ഇൻഡസ്ട്രിയലിസ്റ്റ് തിയറിയേക്കാൾ മാനേജ്മന്റ് തിയറിയിലാണ് അവരുടെ വൈദഗദ്ധ്യം തെളിയിച്ചിട്ടുള്ളത്. അദാനിയുടെ ഓരോ ബിസിനസ് മേഖല എടുത്താലും എല്ലാ ബിസിനസിലും 50:50 മാതൃകയിലാണ് അവരുടെ ബിസിനസ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കാർഗിൽ പോലുള്ള ലോകത്തെ മുൻനിര കമ്മോഡിറ്റി ട്രേഡർ ആണ് അദാനിയുടെ മുൻനിര പാർട്ണർഷിപ്, അദാനിയുടെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നത് ലോകത്തെ മുൻകിട കമ്പനികളായ കാർഗിൽ, ടോട്ടൽ എനർജി, വിൽമെർ ഇന്റർനാഷണൽ, ഫെസ്റ്റാ സോളാർ എന്നിങ്ങനെ പോവുന്ന അവരുടെ പാർട്ണർഷിപ്പ് നിര. ഇവിടെ ഓരോ കമ്പനികളിലും മനുഷ്യ വിഭവശേഷി, ദൈനം ദിന മാനേജ്മന്റ്, റിക്രൂട്ട്‌മെന്റ്, അവരുടെ സാലറി മറ്റെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതും തീരുമാനം എടുക്കുന്നത്തും മേല്പറഞ്ഞ പാർട്ണർഷിപ് കമ്പനികളാണ്. സ്വാഭാവികമായും എല്ലാ കമ്പനികളിലും വരുന്ന ബിസിനസ് വളർച്ചയും സാമ്പത്തിക ലാഭവുമെല്ലാം 50:50 നിലവാരത്തിൽ കൈമാറ്റം ചെയ്യപ്പെടുകയും അദാനിയുടെ വരുമാനം എന്നത് തികച്ചും കുറവ് തന്നെയായിരിക്കുമെന്നതും പകൽ പോലെ സത്യമാണ്. തന്നെയുമല്ല അദാനി അതാതു സ്റ്റേറ്റ് / സെൻട്രൽ ഗവണ്മെന്റുകളുമായി സംസാരിച്ചു ഓരോ പ്രോജെക്ടിനും വേണ്ട ഭൂമിയും നേടിയെടുത്ത് ഗവണ്മെന്റിനെ തന്നെ തന്റെ കൂടെ കൂട്ടുകയും ഓരോ പദ്ധതിയിലും ഗവണ്മെന്റ് പാർട്ണർഷിപ്പ് കൂടി കൊണ്ട് വരുകയും ഓരോ പദ്ധതിയിലും ഗവണ്മെന്റിനു കൂടി പ്രത്യക്ഷ നികുതി വരുമാനം നേടാൻ അവസരം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് അവരുടെ മറ്റൊരു ബിസിനസ് പോളിസി.
അദാനി ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ മാത്രമല്ല ലോകത്തെ മുൻനിര കോൾ മൈനിങ് സ്ഥാപനമാണ്. മലേഷ്യ ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ അവരുടെ കൽക്കരി സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നു. ലോകത്തെ രത്‌ന വ്യാപാരം 90% നിയന്ത്രിക്കുന്നത് ഗൗതം അദാനിയുടെ ഗുജറാത്തി കമ്പനികൾ ആണ്. അതുപോലെ അദാനിയുടെ നേതൃത്വത്തിൽ ക്രൂഡ് ഓയിലിൽ നിന്നും പ്ലാസ്റ്റിക് ഉണ്ടാക്കുന്നതിനു പകരം കൽക്കരിയിൽ നിന്നും നേരിട്ട് പ്ലാസ്റ്റിക് വേർതിരിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ ടെക്‌നോളജി ഭാവിയിൽ വരാൻ പോവുന്നു. അദാനിയുടെ ബിസിനസ് മോഡൽ എന്നത് ജനസംഖ്യ അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കുക എന്നതല്ല മറിച്ച് എക്‌സ്‌പോർ്ട് -ഇംപോർട്ട് സ്റ്റാറ്റിസ്റ്റിക്‌സ് മനസ്സിലാക്കി അതാതു രാജ്യത്തേക്ക് വേണ്ട ഉത്പന്ന സേവന സംവിധാനം നൽകി കൃത്യമായി തങ്ങളുടെ ബിസിനസ് വളർത്തുക എന്നതാണ് പ്രധാന തന്ത്രം. ഒരിക്കലും പരാജയപ്പെടാൻ സാധ്യതയില്ലാത്ത ബിസിനസുകളാണ് അദാനി ഗ്രൂപ്പ് ഇന്നുവരെ ചെയ്തിട്ടുള്ളത്. സ്വാഭാവികമായും രാജ്യത്തെ ഏതു ബാങ്കും അദാനിയുടെ മുന്നിൽ ലോൺ നല്കാൻ വാതിൽ തുറന്നു കാത്തു നിൽക്കും.   അദാനിയുടെ പല കമ്പനികളും എടുത്തു നോക്കിയാൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി ഗ്രീൻ എന്നിവ നെഗറ്റീവ് റിട്ടേൺ നൽകുമ്പോൾ അദാനി ട്രാൻസ്മിഷൻ, അദാനി പവർ, അദാനി ഗ്യാസ്, അദാനി വിൽമെർ എന്നിവ പോസിറ്റീവ് റിട്ടേൺ നൽകുന്ന സ്ഥാപനങ്ങൾ കൂടിയാണ് എന്ന് നമ്മൾ മനസ്സിലാക്കണം.
ഇസ്രായിൽ പോലുള്ള രാജ്യങ്ങളുമായി നല്ല നയതന്ത്ര ബന്ധം കാത്തു സൂക്ഷിക്കുന്ന അദാനി ഗ്രൂപ്പ് ഇന്ന് ഇന്ത്യയിലെ കർഷകർക്ക് ഏറ്റവും നല്ല വിളവ് നൽകുന്ന കൃഷി രീതികൾ പഠിപ്പിക്കുകയും ഇന്ത്യൻ ഉത്പന്നങ്ങൾ ലോകത്തിന്റെറ വിവിധ വശങ്ങളിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ലോകത്തെ പ്രധാന പോർട്ടുകൾ, വിമാനത്താവളങ്ങൾ, റോഡ് ഇൻഫ്രാ സ്ട്രക്ചർ, കപ്പൽ ശൃംഖലകൾ, കൽക്കരി ഖനികൾ, രത്‌ന വ്യാപാരം, സോളാർ എനർജി..അങ്ങിനെ എല്ലാ മേഖലയിലും തങ്ങളുടെ സാമ്രാജ്യം അദാനി ഗ്രൂപ്പ് നിലനിർത്തുന്നു.
(മാർക്കറ്റ് & റിസർച്ച് മേഖലയിൽ തന്റെ വ്യക്തിമുദ്ര തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അമീർഷാ വി.പി. ഇക്വിറ്റി ഇന്ത്യ & റിസർച്ച്, അമീർഷാ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ കൂടിയാണ്. ബന്ധപ്പെടേണ്ട നമ്പർ 85 4748 4769)

Post your comments