Global block

bissplus@gmail.com

Global Menu

ബിസിനസ് നെറ്റ് വർക്ക് ഇർനാഷണൽ തിരുവനന്തപുരത്തെ ലോകറാങ്കിംഗിലെത്തിച്ച് വികാസ് അഗർവാൾ

Vikas Agarwal
Executive Director - BNI Trivandrum

 

1985ൽ  ഐവാൻ മിസ്‌നർ എന്ന അമേരിക്കക്കാരൻ രൂപം നൽകിയ  പ്രസ്ഥാനമാണ് ബിസിനസ് നെറ്റ് വർക്ക് ഇൻർനാഷണൽ(ബി.എൻ.ഐ). റഫറൽ ബിസിനസ് എന്ന ആശയമാണ് മിസ്‌നർ ബിഎൻഐയിലൂടെ മുന്നോട്ടു വെച്ചത്. ഒരേ ബിസിനസ് മനോഭാവത്തിലുള്ളവർ ഒരുമിച്ച് ചേർന്ന്,  പരസ്പരം റഫറൻസ് കൈമാറി ബിസിനസ് വളർത്തുന്നതിനുള്ള ഒരു വേദിയാണ് ബി എൻ ഐ. പരസ്പരസഹരണത്തോടെയും അച്ചടക്കത്തോടെയുമുളള ബിസിനസ്  സംസ്‌കാരം കൂടിയാണ് ബിഎൻഐ വളർത്തിയെടുക്കുന്നത്. സംഘബലത്തിന്റെ ശക്തി ടീം വർക്കിന്റെ ഫലം ഇതെല്ലാം ബിഎൻഐ പ്രവർത്തനത്തിലൂടെ  തെളിയിക്കുന്നു. ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സംഘടനകളിൽ ഒന്നാണ് ബിഎൻഐ. യു. എസിലെ നോർത്ത് കരോലിനയാണ് ആസ്ഥാനം. ഇന്ത്യയിലും ഇന്ത്യയുടെ തെക്കേയറ്റത്തുളള   കേരളത്തിലും  ബി.എൻ.ഐ  സജീവമാണ്. 76-ലേറെ രാജ്യങ്ങളിൽ ബിഎൻഐ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.  മംഗോളിയയിലാണ് ഏറ്റവും ഒടുവിൽ ബിഎൻഐ സാന്നിധ്യമറിയിച്ചത്. 10,000 ചാപ്റ്ററുകൾ എന്ന മിസ്‌നറിന്റെ ലക്ഷ്യം 2020-ൽ സഫലമായി. അതുകഴിഞ്ഞും ബിഎൻഐയുടെ തേരോട്ടം തുടരുകയാണ്. ബിഎൻഐയുടെ തിരുവനന്തപുരം റീജിയണെ കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും റീജിയണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ വികാസ് അഗർവാൾ ബിസിനസ് പ്ലസിനോട്....

 

ഇന്ത്യയിലെ ബിഎൻഐ സാന്നിധ്യം?
ഇന്ത്യയിൽ 120 സിറ്റികളിൽ സാന്നിധ്യമറിയിച്ചു. ആദ്യം മുംബൈയിലാണ് തുടങ്ങിയത്. കേരളത്തിൽ ആദ്യം കൊച്ചിയിലാണ് തുടങ്ങിയത്. പിന്നീട് തൃശ്ശൂർ, കോഴിക്കോട്. കോട്ടയം, എന്നിങ്ങനെ ആറാമതാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ബിഎൻഐ ചാപ്റ്ററുകളുണ്ട്.
ബിഎൻഐയുടെ തിരുവനന്തപുരം കേന്ദ്രീകരിച്ചുളള പ്രവർത്തനത്തെ കുറിച്ച് പറയാമോ?
തിരുവനന്തപുരം നിരവധി പ്രത്യേകതകളുളള നാടാണ്.  കൊച്ചി ബിഎൻഐയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുമ്പോഴാണ് തിരുവനന്തപുരത്തെ കുറിച്ച് ചോദ്യം വരുന്നത്. എന്തുകൊണ്ട് ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തുകൂടാ എന്ന് കരുതി. പക്ഷേ അപ്പോഴേക്കും പ്രകൃതി തന്നെ വലിയ വെല്ലുവിളി ഉയർത്തി.അതായത് 2020 ഫെബ്രുവരിയിലാണ്  തിരുവനന്തപുരത്ത് ബിഎൻഐ റീജിയണൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്കും കൊവിഡ് വ്യാപനം ആരംഭിച്ചു. അതോടെ ചാപ്റ്റർ മീറ്റിങ്ങുകൾ നിർത്തിവച്ചു.  യോഗംചേരലുകളില്ലാതെ തിരുവനന്തപുരം ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. ബിഎൻഐ തിരുവനന്തപുരം ആദ്യ അംഗം ആലപ്പാട്ട ജ്വല്ലറിയാണ്. കേരളത്തിലെ ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യ ഓൺലൈൻ ചാപ്റ്ററാണ് തിരുവനന്തപുരത്തേത്.  2020ന് മേയ് 19നാണ് തുടങ്ങിയത്. 35 പേരാണ് ആദ്യ തിരുവനന്തപുരം ചാപ്റ്ററിലുണ്ടായിരുന്നത്. അതിൽ ഏഴോ എട്ടോ പേരെ മാത്രമേ ഞാൻ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നുളളു. എല്ലാം ഓൺലൈൻ ആയിരുന്നു. അങ്ങനെ ഏറ്റവും മോശമായ സമയത്ത് 35 പേരുമായി തുടങ്ങിയ മജസ്റ്റിക് എന്ന ചാപ്റ്ററിൽ ഇന്ന് 85 പേരുണ്ട്. അതുകഴിഞ്ഞ് ആറ് ചാപ്റ്റർ ഓൺലൈനിൽ തന്നെ തുടങ്ങേണ്ടി വന്നു. കൊവിഡ് വ്യാപനം തുടർന്നതിനാൽ 2021 ഡിസംബർ വരെ ബിഎൻഐയുടെ തിരുവനന്തപുരത്തെ പ്രവർത്തനം പൂർണ്ണമായും ഓൺലൈനിലായിരുന്നു. ജനുവരി 2022ലാണ് നേരിട്ടുളള മീറ്റിങ്ങുകളിലേക്ക് മാറിയത്. ഒരു വർഷമായതേയുളളു. കൊവിഡ് പശ്ചാത്തലത്തിൽ ബിഎൻഐ ഇന്റർനാഷണൽ ഒരു ഹൈബ്രിഡ് ഓപ്ഷൻ തന്നിട്ടുണ്ട്. മാസത്തിലെ ആദ്യയോഗം മാത്രം നേരിട്ട്, മറ്റ് പ്രതിവാര മീറ്റിങ്ങുകളെല്ലാം ഓൺലൈൻ.
തിരുവനന്തപുരം ബിഎൻഐയുടെ നിലവിലെ സ്ഥിതി?
നിലവിൽ തിരുവനന്തപുരം ടൗണിൽ മാത്രം 11 ബിഎൻഐ ചാപ്റ്ററുകളുണ്ട്. 530 അംഗങ്ങളുണ്ട്. എല്ലാവരും കൂടി 200 കോടിയുടെ ബിസിനസ് ചെയ്തു. 2020 ജൂൺ മുതൽ 2023 ജനുവരി വരെ. 92% റിടെൻഷൻ. 2021ൽ ലോകത്ത് ഏറ്റവും മികച്ച ബിഎൻഐ. 2022ൽ  ഇന്ത്യയിലെ ബെസ്റ്റും ലോകത്തെ രണ്ടാമത്തെ മികച്ച ബിഎൻഐയും ആയി തിരുവനന്തപുരം ചാപ്റ്റർ തുടരുന്നു. ഏഴ് പാരമീറ്റേഴ്‌സ് വച്ചാണ് മികവ് കണക്കാക്കുന്നത്. 15 മാസമായി ലോകത്തെ രണ്ടാം സ്ഥാനം തിരുവനന്തപുരം ബിഎൻഐ നിലനിർത്തുന്നു. ബിഎൻഐ തിരുവനന്തപുരം അതിവേഗം വളരുകയാണ്. മികച്ച നേതൃത്വമാണ് അതിനെ മുന്നോട്ടുനയിക്കുന്നത്. ലക്ഷ്യബോധത്തോടെയും ഐക്യത്തോടെയും ഉളള പ്രവർത്തനത്തിലൂടെ   ലോകനിലവാരമുളള ടീമിനെ വികസിപ്പിച്ചെടുക്കാനാവുമെന്നതിൽ സംശയമില്ല.
റഫറലുകൾ എന്താണെന്ന് വിശദീകരിക്കാമോ ?
പ്രോസ്പെക്ടീവ്  ക്ലയന്റിസിനെ കണ്ടെത്തുക എന്നതാണ് ഒരു ബിസിനസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് കണ്ടെത്തുന്നത് വിവിധ തലങ്ങളിലുള്ള  ബിസിനസ് ഡെവലപ്‌മെന്റ് രീതികൾ അല്ലെങ്കിൽ മാർക്കറ്റിംഗ് പദ്ധതികൾ  വഴിയാണ്. ഇത് വളരെയേറെ  റിസോഴ്‌സുകൾ ഉപയോഗിച്ച്,  ഏറെ സമയമെടുത്ത് ചെയ്യുന്ന ഒരു പ്രവർത്തനമാണ്. ഈ പ്രവർത്തനം ലഘൂകരിക്കുക എന്നതാണ് റഫറൽ  രീതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ബി. എൻ. ഐ അംഗമാകുന്നത് എങ്ങനെയാണ് ?
മൂന്ന് മാർഗങ്ങളുണ്ട്. നിലവിലെ അംഗത്തോട് താല്പര്യം അറിയിക്കുക. അദ്ദേഹം ഒരു ചാപ്റ്റർമീറ്റിംഗിലേക്ക് ക്ഷണിക്കും.അങ്ങനെ ബി എൻ ഐയുടെ പ്രവർത്തന രീതി  കണ്ട് മനസിലാക്കാം. അതിനുശേഷവും താല്പര്യമുണ്ടെങ്കിൽ ജോയിൻ ചെയ്യാം. അതല്ലെങ്കിൽ എന്നെ നേരിട്ടോ ഫോണിലോ ബന്ധപ്പെടാം അപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിച്ചുനൽകും. യോജ്യമായ വിഭാഗത്തിൽ അദ്ദേഹത്തിന് അംഗത്വമെടുക്കാം. മൂന്നാമത്തെ മാർഗ്ഗം ബിഎൻഐ വെബ്‌സൈറ്റിൽ സ്വയം രജിസ്റ്റർ ചെയ്യുക എന്നുളളതാണ്. മറ്റൊരു കാര്യമുളളത് അംഗത്വമെടുക്കും മുമ്പ് ഏത് ചാപ്റ്റർ വേണം എന്ന് തിരഞ്ഞെടുക്കാം. എന്നാൽ ചേർന്നുകഴിഞ്ഞ് ഒരു ചാപ്റ്ററിൽ നിന്ന് മറ്റൊരു ചാപ്റ്ററിലേക്ക് മാറാനാവില്ല. 34990 പ്ലസ് ജിഎസ്ടി ആണ് മെംബർഷിപ്പ് ഫീസ്. ഇന്ത്യയിലെല്ലായിടത്തും ഈ ഫീസ് തന്നെയാണ്. ഓൺലൈൻ ചാപ്റ്ററുൾക്ക് അംഗത്വഫീസ് ഇല്ല.ഓരോ വർഷവും പുതുക്കാനായി 29,999 അടയ്ക്കണം.
അംഗത്വത്തിനുളള മാനദണ്ഡം?
അംഗത്വവുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് പരിഗണിക്കുക.1. അവർക്ക് കൂടുതൽ ബിസിനസ് കൈകാര്യം ചെയ്യാനുളള പ്രാപ്തിയുണ്ടോ.2.അവർക്ക് കൂടുതൽ ബിസിനസ് കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ.3. അവർക്ക് ഈ ടീമിനൊപ്പം ചേർന്ന് ജോലി ചെയ്യാൻ കഴിയുമോ.ഒറ്റയ്ക്ക് വളരാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ബിഎൻഐയിൽ അംഗത്വമില്ല. കാരണം ഇവിടെ ഒരു ടീമായാണ് വർക്ക് ചെയ്യേണ്ടത്. ഉടനെ നിങ്ങൾക്ക് നേരിട്ട് അനുകൂലമായ ഫലം കിട്ടിയെന്നുവരില്ല. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ തീർച്ചയായും നല്ല റിസൾട്ടാണ് നിങ്ങൾക്ക് ലഭിക്കുക.
 ഒരു മേഖലയിൽ നിന്ന് ഒരാൾക്ക് മാത്രമാണോ റഫറൻസ് പാർട്‌നർമാരാകാൻ സാധിക്കുക?
 ശരിയാണ് അങ്ങനെയൊരു നിബന്ധനയുണ്ട്. പക്ഷേ അതിന് ഞങ്ങളുടേതായ ക്ലാസിഫിക്കേഷൻ ഉണ്ട്. ഉദാഹരണത്തിന് ബിൽഡർ എന്ന ബ്രോഡ് കാറ്റഗറിയിൽ റസിഡൻഷ്യൽ ബിൽഡേഴ്‌സ് ഉണ്ട് കമേഴ്‌സ്യൽ ബിൽഡേഴ്‌സ് ഉണ്ട്.  അതിൽ തന്നെ അംബരചുംബികൾ നിർമ്മിക്കുന്നവരുണ്ട്. വില്ലകൾ നിർമ്മിക്കുന്നവരുണ്ട്. അങ്ങനെ സബ് ക്ലാസിഫിക്കേഷൻ ഉണ്ട്. ഓരോ പ്രൊഫഷണൽ ക്ലാസിഫിക്കേഷനും ബിഎൻഐക്ക് എക്‌സ്‌ക്ലൂസീവ് മാർക്കറ്റിംഗ് റൈറ്റ്‌സ് ഉണ്ട്. ബിഎൻഐ കണക്ട് വഴിയാണ് ഇതെല്ലാം ചെയ്യുക.
ബിഎൻഐയിൽ ഒരു ബിസിനസിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് മാനേജർ തലത്തിലുളളവർക്കാണോ അതോ ഏരിയ സെയിൽസ് എക്‌സിക്യൂട്ടീവിനഉം ചേരാമോ?
ഒരു കമ്പനിയുടെ അഥവാ ബിസിനസിന്റെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് ആരാണോ അവർക്ക് ജോയിൻ ചെയ്യാം.കാരണം ഒരാൾക്ക് അംഗത്വം നൽകുമ്പോൾ അയാൾ മറ്റ് ചാപ്റ്റർ അംഗങ്ങൾക്ക് റഫറൽസ് നൽകാൻ കഴിവുളളയാളായിരിക്കണം. തിരുവനന്തപുരത്തെ മിക്കവാറും എല്ലാ ഹോട്ടലുകളും അംഗങ്ങളാണ്. വ്യക്തികളുടെ പേരിലാണ് അംഗത്വമെങ്കിലും അംഗത്വഫീസൊടുക്കുന്നത് കമ്പനിയായിരിക്കും.
ചാപ്റ്റർ മീറ്റിംഗുകളെ കുറിച്ച് പറയാമോ ?
ബി. എൻ. ഐ ചാപ്റ്റർ മീറ്റിംഗ് ഓരോ ആഴ്ചയിലും നടക്കും. ഇന്ത്യയിൽ ചൊവ്വ മുതൽ വെള്ളി വരെയുള്ള  ഏതെങ്കിലും ഒരു ദിവസമാണ് യോഗം ചേരുന്നത്.  അജണ്ട നിശ്ചയിച്ചാണ് ഈ യോഗങ്ങൾ നടക്കുക. ഇവിടെ റഫറൽ പാർട്‌നർമാർക്ക് തങ്ങളുടെ  ബിസിനസ് അവതരിപ്പിക്കാൻ അവസരമുണ്ടാകും.  ഓരോ ആഴ്ചയിലും രണ്ടു പേർക്ക്  തങ്ങളുടെ ബിസിനസ്  വിശദമായി അവതരിപ്പിക്കാൻ അവസരമുണ്ടാകും. ഫീച്ചർ പ്രസന്റേഷൻ എന്നാണ് ഇതിനു പറയുന്നത്. അതാത് ആഴ്ചയിൽ തങ്ങൾക്ക് ലഭിച്ച  റഫറലുകൾക്ക് നന്ദി പറയുന്നതിന് അംഗങ്ങൾക്ക്  അവസരമുണ്ടാകും. അടുത്ത ആഴ്ചയിലെ പരിപാടികളെ കുറിച്ചു്  വ്യക്തത വരുത്തി യോഗം അവസാനിപ്പിക്കുകയാണ് പതിവ്.
അംഗങ്ങൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ടോ ?
എസ് എം ഇ സെക്ടറിലാണ് ബി എൻ ഐയിലെ കൂടുതൽ അംഗങ്ങൾ. സ്മാൾ -  മീഡിയം സ്‌കെയിൽ ബിസിനസ് ഓണേഴ്‌സിന്റെ ബിസിനസ് വികസനത്തിലാണ് സംഘടന കൂടുതൽ  ഊന്നൽ നൽകുന്നത്. ഇതിനാവശ്യമായ  പല രീതിയിലുള്ള ട്രെയിനിംഗ് പ്രോഗ്രാം ബി എൻ ഐ സംഘടിപ്പിക്കുന്നു. ബിസിനസ് ഉടമകൾക്ക് വേണ്ടി   വിവിധ തലങ്ങളിൽ  ലീഡർഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. ബി എൻ ഐ ഒരു ബിസിനസ് ഡെവലപ്‌മെന്റ് ടൂളാണ്. ഓരോ ചാപ്റ്ററിനും വെബ്സൈറ്റുണ്ട്. ഇതിൽ ബിസിനസ് ഉടമകളുടെ വിവരങ്ങൾ വരുന്നു. ഇതോടൊപ്പം ''ഗ്ലോബൽ കണക്റ്റ്'' എന്ന ആഗോള നെറ്റ് വർക്കിൽ ആഡ് ചെയ്യപ്പെടുന്നു. അങ്ങിനെ ഒരു അംഗത്തിന് രാജ്യാന്തര തലത്തിൽ നിന്നു പോലും റഫറൻസ് കിട്ടുന്നതിന് ഈ നെറ്റ് വർക്ക് വഴിയൊരുക്കുന്നു.
ഓരോ റഫറൽ പാർട്‌നർമാർക്കും വിഭിന്നമായ താല്പര്യമാണല്ലോ ഉണ്ടാവുക.അത്തരം തർക്കങ്ങളുണ്ടായാൽ?
തീർച്ചയായും. മനുഷ്യരുളളിടത്തെല്ലാം അഭിപ്രായഭിന്നത സാധാരണമാണ്. അതൊക്ക പരിഹരിച്ച് അവരെ ഒരുമിച്ചുനിർത്തി മുന്നോട്ടുപോകുന്നതാണ് നേതൃത്വത്തിന്റെ മികവ്. എന്നാലേ ടീം വർക്കിന്റെ ശരിയായ ഫലം ലഭിക്കൂ.
വ്യക്തിപരമായി താങ്കൾക്ക് നേട്ടമുണ്ടാക്കാനായോ?
തീർച്ചയായും ബിഎൻഐയിൽ വന്ന ശേഷം എനിക്ക് നേട്ടമാണുണ്ടായത്. ബിസിനസ് എന്നത് നാം ചെയ്യുന്ന പ്രവൃത്തിയുടെ അനന്തരഫലമാണ്. വ്യക്തിയെന്ന നിലയിൽ പൊതുമധ്യത്തിൽ സംസാരിക്കാൻ്, സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ, ടീമിന് അനുയോജ്യരാക്കി വ്യത്യസ്ത അഭിപ്രായമുളളവരെ മാറ്റിയെടുക്കാനും ഒരുമിച്ചുനിർത്താനുമൊക്കെ കഴിഞ്ഞതും നല്ല വ്യക്തിബന്ധങ്ങളുണ്ടായതുമൊക്കെ വ്യക്തിപരമായ നേട്ടമായാണ് ഞാൻ കാണുന്നത്. ഇതൊക്കെ വ്യക്തിയെന്ന നിലയിൽ എന്നെ വളർത്തുന്ന ഗുണങ്ങളാണ്. ബിഎൻഐയിലെത്തി ആറ് വർഷങ്ങൾക്കു ശേഷമാണ് എനിക്ക് ആദ്യമായൊരു വലിയ ബിസിനസ് ലഭിച്ചത്.
ബിഎൻഐയിൽ റഫറൻസ് പാർട്‌നറാകണമെന്നുണ്ടെങ്കിൽ ബിസിനസിന് ഇത്ര ടേൺഓവർ എന്ന് നിശ്ചയിച്ചിട്ടുണ്ടോ?
തീർച്ചയായും അതൊരു നല്ല ചോദ്യമാണ്.ബിഎൻഐ ബിസിനസിന്റെ ടേൺ ഓവർ കണക്കാക്കിയല്ല റഫറൻസ്പാർട്‌നർമാരെ തിരഞ്ഞെടുക്കുന്നത്. സ്റ്റാർട്ടപ്പുകൾ മുതൽ 3000 കോടി ടേണോവറുളള ബിസിനസുകൾ വരെ ബിഎൻഐയിലുണ്ട്.എന്നാൽ ഓരോ ചാപ്റ്ററിനും ചില സെലക്ഷൻ മാനദണ്ഡങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു ചാപ്റ്ററിൽ 100 അംഗങ്ങളുണ്ട്. ആ ചാപ്റ്ററിന്റെ സുഗമമായ പ്രവർത്തനത്തിന് ഉതകുന്ന വിഭാഗങ്ങളിൽ നിന്നെല്ലാം റഫറൻസ് പാർട്‌നർമാരുണ്ട് എങ്കിൽ ആ ഏക്‌സലൻസ് നിലനിർത്തിക്കൊണ്ടുപോകുന്നതിനായി ആ ചാപ്റ്ററിന് ഇനി പുതിയ റഫറൻസ് പാർട്‌നർമാരെ ഉൾപ്പെടുത്തുന്നതിന് ഇത്ര ശതമാനം ടേണോവർ, അല്ലെങ്കിൽ ഇത്ര ബിസിനസിൽ ഇത്ര വർഷം പൂർത്തിയാക്കണം എന്ന മാനദണ്ഡങ്ങൾ വയ്ക്കാം. ഓരോ ചാപ്റ്ററും സ്വതന്ത്രസ്ഥാപനമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, 20 കോർഡിനേറ്റർമാർ എന്നിങ്ങനെയാണ് നേതൃഘടന. ഇവിടെ സെലക്ഷനാണുളളത് ഇലക്ഷനില്ല. മതമോ രാഷ്ട്രീയമോ ഇല്ല. ആറുമാസം കൂടുമ്പോൾ ലീഡർഷിപ്പ് ടീം മാറിക്കൊണ്ടിരിക്കും. അങ്ങനെ ഓരോ റഫറൻസ് പാർട്‌നറിനും അവരുടെ നേതൃപാടവം തെളിയിക്കാൻ അവസരം നൽകുന്നു.
മറ്റ് പ്രവർത്തനങ്ങൾ?
എപ്പോഴും ബിസിനസ് ബിസിനസ് എന്ന് തിരക്കിട്ട് പാഞ്ഞിട്ട് കാര്യമില്ല. അതുമാത്രമല്ലല്ലോ ജീവിതത്തിൽ പ്രധാനം. അതുകൊണ്ടുതന്നെ ഓരോ മൂന്നുമാസം കൂടുമ്പോഴും ഏതെങ്കിലും ഒരു ഇവന്റ് സംഘടിപ്പിക്കും. അത് ഓണം,ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളാകാം, കായികമത്സരങ്ങളാകാം, അവാർഡ്ചടങ്ങുകളാകാം. കഴിഞ്ഞ വർഷം ഞങ്ങൾ നാല് ഇവന്റുകൾ എല്ലാ ചാപ്റ്ററുകളിലെയും റഫറൻസ് പാർട്‌നർമാർക്കായി സംഘടിപ്പിച്ചു. അതുപോലെ പരിശീലനസെഷനുകളും ലീഡർഷിപ്പ് ഇവന്റുകളുമെല്ലാം പൊതുവായാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 18,19 തീയതികളിലായി 11 ചാപ്റ്ററുകൾക്കുമായി ആക്കുളത്ത് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. അതിന്റെ അടുത്ത ആഴ്ച ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തും. കഴിഞ്ഞ വർഷം ഒ ബൈ താമരയിൽ അവാർഡ് ചടങ്ങ് നടത്തി. അന്ന് 230 അംഗങ്ങളേ ഉണ്ടായിരുന്നുളളു. ഇത്തവണ റഫറൻസ് പാർട്‌നർമാർ 530 ആണ്. അവാർഡ് ചടങ്ങിനുളള സമയമാകുമ്പോഴേക്കും അത് 600 കവിഞ്ഞേക്കാം. അതിനാൽ കുറച്ചുകൂടി വിപുലമായി സംഘടിപ്പിക്കും.
ഭാവി പ്രവർത്തനപദ്ധതികൾ?
എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ എന്റെ ലക്ഷ്യമെന്നുപറയുന്നത് എല്ലാ റഫറൽ പാർട്‌നർമാർക്കും പരസ്പരം പ്രൊമോട്ട് ചെയ്യാൻ കഴിയുന്ന ഒരു ഇക്കോസിസ്റ്റം പ്രദാനം ചെയ്യുക എന്നതാണ്.ബിഎൻഐയെ ഈ വർഷം തിരുവനന്തപുരം നഗരപ്രാന്തത്തിലേക്ക് വളർത്താനും പദ്ധതിയുണ്ട്. നിലവിലെ 11 ചാപ്റ്ററുകളും തിരുവനന്തപുരം നഗരത്തിലാണ്. ഇനി ആറ്റിങ്ങൽ , വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് , കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണം. ബിഎൻഐ തിരുവനന്തപുരത്തെ ബിസിനസ് രംഗത്ത് അംഗീകരിക്കപ്പെടുന്ന ഗണ്യമായ ശക്തിയായി മാറ്റിയെടുക്കണമെന്നാണ് ലക്ഷ്യമിടുന്നത്. സംരംഭകർക്ക് മറ്റൊരിടത്തും ലഭ്യമല്ലാത്ത ബിസിനസ് അവസരങ്ങൾ പ്രദാനം ചെയ്യുക, കണ്ടെത്തി നൽകുക എന്നതാണ് ബിഎൻഐയുടെ ലക്ഷ്യം.
BNI യുടെ USP ( unique സെല്ലിങ് പ്രൊപോസിഷൻ )
തുറന്ന മനസ്സോടെ വരിക, പങ്കുവയ്ക്കുക. ഒരിടത്തും ആദ്യം നൽകൂ എന്നത് പഠിപ്പിക്കുന്നില്ല. എന്ത് നേടാം എന്നാണ് പഠിപ്പിക്കുന്നത്. എന്നാൽ ബിഎൻഐ പറയുന്നത് ആദ്യം നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കു....അതിലൂടെ വളരൂ എന്നാണ്. അതുപോലെ വരുന്ന ബിസിനസ് ഹാൻഡിൽ ചെയ്യാൻ നിങ്ങൾ സജ്ജരായിരിക്കണം. ബിഎൻഐയിൽ അംഗത്വമെടുത്തിട്ട് വലിയ ബിസിനസുകൾ വന്നപ്പോൾ കൈകാര്യം ചെയ്യാൻ കഴിയില്ല എന്നു കണ്ട് വിട്ടുപോയവരുണ്ട്. കൂടുതൽ സജ്ജരായി വരാം എന്നാണവർ പറഞ്ഞത്. ഗിവ് ആൻഡ് ടേക്ക് എന്നlാണ് ബിഎൻഐയുടെ നയം.  
കൊച്ചിയാണ് സാധാരണ ബിസിനസ് ഹബ്ബായി അറിയപ്പെടുന്നത്. എന്നാൽ ബിഎൻഐ തിരുവനന്തപുരം ചാപ്റ്ററാണ് ലോകത്ത് തന്നെ രണ്ടാമത്തെ ബെസ്റ്റ് ചാപ്റ്റർ അതെപ്പറ്റി പറയാമോ?
 ഇവിടെ രണ്ട് കാര്യങ്ങളാണ് പ്രധാനം. ഒന്ന് അവസരങ്ങളുണ്ടാവുക എന്നതും മറ്റൊന്ന് അവസരങ്ങളോടുളള സമീപനവും. കൊച്ചി അവസരങ്ങളുടെ കാര്യത്തിൽ മുന്നിലാണ്. കേരളത്തിന്റെ മുംബൈ എന്ന് പറയാം. പക്ഷേ, അത് മാറിവരികയാണ്. തിരുവനന്തപുരം വികസിക്കുകയാണ്. കൂടുതൽ വികസനപദ്ധതികൾ വരുന്നു. അംഗങ്ങളുടെ കാര്യത്തിലും കൊച്ചിയാണ് മുന്നിൽ. 1600 അംഗങ്ങളുണ്ട്. പക്ഷേ സ്്‌ട്രെംങ്ത് അല്ല പിന്തുടരുന്ന മാർഗ്ഗമാണ് ബിഎൻഐ തിരുവനന്തപുരത്തെ  ലോകത്തുതന്നെ രണ്ടാമത്തെ മികച്ച ബിഎൻഐയാക്കി നിലനിർത്തുന്നത്.
ബിഎൻഐയുടെ പ്രവർത്തനവും സ്വന്തം ബിസിനസും എങ്ങനെ മാനേജ് ചെയ്യുന്നു?
സമയം എല്ലാവർക്കും ഒരുപോലെയാണ്. ബിഎൻഐയുടെ പ്രവർത്തനത്തിൽ നിന്ന് എനിക്ക് സന്തോഷം ലഭിക്കുന്നു. മറ്റുളളവരെ സഹായിക്കാൻ കഴിയുന്നു. സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനാകുന്നു. ബിഎൻഐക്ക് വിജയമുണ്ടാകുമ്പോൾ ചിലപ്പോൾ എന്റെ ബിസിനസിന്റെ കാര്യത്തിൽ ശ്രദ്ധ അത്രത്തോളം കൊടുക്കാനായെന്നുവരില്ല. എങ്കിലും അത് സമയബന്ധിതമായി മേക്കപ്പ് ചെയ്ത് മുന്നോട്ടുപോകുന്നു. എനിക്ക് സ്വന്തമായി 3-4 ബിസിനസുകളുണ്ട്. കഴിഞ്ഞ ഏഴെട്ടുവർഷമായി ദിവസം 14 മണിക്കൂർ ജോലി ചെയ്യുന്നു.
കുടുംബബിസിനസ്?
എന്റെ അച്ഛന് നാച്ച്വറൽ റബ്ബറിന്റെ ബിസിനസായിരുന്നു. ഇപ്പോഴും ആ ബിസിനസ് തുടരുന്നു. ആദ്യം കേരളത്തിലെമ്പാടും നിന്നായിരുന്നു പർച്ചേസ് ചെയ്തിരുന്നതെങ്കിൽ ഇന്ന് ലോകത്തെമ്പാടും നിന്ന് പർച്ചേസ് ചെയ്യുന്നു. ഇന്ത്യയിലെമ്പാടും വിതരണം ചെയ്യുന്നു.

 

Post your comments