Global block

bissplus@gmail.com

Global Menu

വെൽഗേറ്റ് ഒരു ഫ്‌ളാഷ് ബാക്ക്

വെൽഗേറ്റ് എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ആദ്യമെത്തുക കാസെറ്റുകളും സിഡികളും ആണ്. ഒരു കാലത്ത് വീഡിയോ (എന്റർടെയ്ൻമെന്റ്)വ്യവസായരംഗത്തെ കുത്തകയായിരുന്നു വെൽഗേറ്റ്. വീഡിയോ കാസെറ്റുകൾ അരങ്ങുവാണ കാലത്ത് വെൽഗേറ്റിന്റെ ഏഴയലത്ത് നിൽക്കാൻ ഒരു മത്സരാർത്ഥി പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പിന്നീട് കാസെറ്റിൽ നിന്ന് സിഡിയിലേക്ക് മാറിത്തുടങ്ങിയ കാലത്താണ് പേരിനെങ്കിലും ഒരു മത്സരം ഉണ്ടായത്. അപ്പോഴും കുത്തക വെൽഗേറ്റിനു തന്നെയായിരുന്നു.  വെൽഗേറ്റ് വർഗ്ഗീസ് എന്ന കെ.പി.വർഗ്ഗീസിന്റെ ദീർഘവീക്ഷണവും നേതൃപാടവവും കഠിനാധ്വാനവുമായിരുന്നു ആ വ്യവസായഗ്രൂപ്പിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ വിയർപ്പായിരുന്നു വളം.
1982 ൽ ഇരുപതാമത്തെ വയസ്സിൽ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ആണ് കെ.പി.വർഗ്ഗീസ്  കാസെറ്റ് ബിസിനസ് ആരംഭിച്ചത്. സൈക്കളിൽ കാസറ്റ് കൊണ്ട് നടന്ന് കൊടുക്കും. അന്ന് ആരും അത്തരം ബിസിനസ് ചെയ്തിരുന്നില്ല. പിന്നീട് കേരളത്തിലെ ആദ്യത്തെ വീഡിയോ ലൈബ്രറി തുറന്നു. കേരളത്തിലെമ്പാടും വെൽഗേറ്റ് വീഡിയോ ലൈബ്രറികൾ തുറക്കപ്പെട്ടു. അത് കേരളം വിട്ടു വളർന്നു. വെൽഗേറ്റ് ഒരു ബ്രാൻഡായി. കെ.പി.വർഗ്ഗീസ് വെൽഗേറ്റ് വർഗ്ഗീസ് എന്ന പേരിൽ സാംസ്‌കാരിക-രാഷ്ട്രീയ-ബിസിനസ് വൃത്തങ്ങളിൽ സുപരിചിതനായി. 1990കളിൽ കാസെറ്റിൽ നിന്ന് വീഡിയോ വ്യവസായം സിഡിയിലേക്ക് മാറിയപ്പോഴും വെൽഗേറ്റ് തലയുയർത്തി നിന്നു. കാസർകോഡ് മുതൽ പാറശ്ശാല വരെ 103 ഷോറൂമുകൾ വെൽഗേറ്റിനുണ്ടായിരുന്നു.
പിന്നീട് സിനിമ നിർമ്മാണരംഗത്തും കൈവെച്ചു. 2004-ൽ പത്ത് കോടി ബജറ്റിൽ 'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ'എന്ന സിനിമ നിർമിച്ചു. ബാഹുബലി,ആർആർആർ ഒക്കെ ഇപ്പോൾ ചെയ്തതുപോലെ അന്ന് നാല് ഭാഷകളിൽ ഒരുമിച്ച് തയ്യാറാക്കിയ സിനിമ. താരഭാരമില്ലാതെ വിഎഫ്എക്‌സിനും മറ്റും പ്രാധാന്യം നൽകിയ സിനിമ. സിനിമയുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജയാണ്. ബുഡാപെസ്റ്റ് സിംഫണിയാണ് റെക്കോർഡിംഗ് ഒക്കെ നിർവ്വഹിച്ചിരിക്കുന്നത്. ആ ബാൻഡ് തിരുവാസകം എന്ന എന്ന ശിവഭക്തിഗാനങ്ങൾക്ക് വേണ്ടിയും പിന്നീട് വെൽഗേറ്റിന്റെ സിനിമയ്ക്കുവേണ്ടിയുമാണ് ഇളയരാജ ഉപയോഗിച്ചത്.ദേശീയഅവാർഡ് പട്ടികയിൽ വരെ എത്തിയ സിനിമയിലെ പാട്ടുകൾ ഇപ്പോഴും യുട്യൂബിൽ ഹിറ്റാണ്.
ഹോട്ടൽ, ഫിനാൻസ്,ട്രാവൽ ഏജൻസി പല ബിസിനസും ചെയ്തിട്ടാണ് വർഗ്ഗീസ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലേക്ക് വന്നത്. ആദ്യം നാഷണൽ എന്ന പേരിലാണ് തുടങ്ങിയത്. പിന്നീടാണ് വെൽഗേറ്റ് എന്ന ബ്രാൻഡ്‌നെയിമിലേക്ക് മാറിയത്.വിനോദവ്യവസായത്തിനൊപ്പം തന്നെ വർഗ്ഗീസ് ഫിനാൻസ് ബിസിനസും ചെയ്തു. 1982 -2007 വരെ അദ്ദേഹം എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലായിരുന്നു പ്രധാനമായും ശ്രദ്ധിച്ചത്.  ഇന്റർനെറ്റ് ഒക്കെ വന്നതോടെ ബിസിനസ് വൈവിധ്യവത്ക്കരണത്തെക്കുറിച്ച് ചിന്തിക്കവേയാണ് അത് സംഭവിച്ചത്.
അശനിപാതം പോലെ റെയ്ഡ്
2006ൽ കേരളത്തിലെമ്പാടും നടന്ന വ്യാജ സിഡി റെയ്ഡിനിടെ ആരോ വെൽഗേറ്റിനെ ലക്ഷ്യംവെച്ചു. 9000 സിഡികളും ഡോക്യുമെന്റുകളും വെൽഗേറ്റിന്റെ വിവിധ ശാഖകളിൽ നിന്നായി പിടിച്ചെടുത്തു.  റെയ്ഡിന്റെ രണ്ടാം ദിവസം വെൽഗേറ്റിന്റെ എല്ലാ വീഡിയോ ഷോപ്പുകളും പൂട്ടി. പകർപ്പവകാശ ലംഘനത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്  വർഗ്ഗീസ് സർക്കാരിനെ സമീപിച്ചു. അന്വേഷണം നടത്താതെയാണ് സിഡികൾ പിടിച്ചെടുത്തത് എന്ന് കാണിച്ച് കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് സംഘം നേരത്തേ പിടിച്ചെടുത്ത സിഡികൾ പരിശോധിച്ചു. അവ വ്യാജ സിഡികൾ അല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പക്ഷേ, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. പതിറ്റാണ്ടുകൾ വിശ്വാസ്യതയുടെ പര്യായമായി തലയുയർത്തി നിന്ന വെൽഗേറ്റ് ഒറ്റ ദിവസം കൊണ്ട് മോശക്കാരായി. ഏകദേശം 31 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ബ്രാൻഡ് നെയിമിന്റെ കളങ്കപ്പെടലുമാണ് ഇക്കാലയളവിൽ വെൽഗേറ്റിനുണ്ടായത്. വെൽഗേറ്റിന്റെ പത്ത് കമ്പനികളുടെ പ്രവർത്തനം നിലച്ചു. 103 ഷോറൂമുകൾ അടച്ച് പൂട്ടി. 1011 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 10 കോടി രൂപ മുതൽ മുടക്കിയ സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല.
കേസിൽ പെട്ടതോടെയാണ് വർഗ്ഗീസിനും ഭാര്യ ദീപ വർഗ്ഗീസിനും മ്ക്കളായ നിതിനും നിഖിലിനും യഥാർത്ഥ ബന്ധുക്കളെയും സുഹൃത്തുക്കളെയും മനസ്സിലായത്. പണമുണ്ടെങ്കിൽ എല്ലാമുണ്ട്. ഇല്ലെങ്കിൽ സ്വന്തവും ബന്ധവും സൗഹൃദവും ഒന്നുമില്ല എന്ന് മനസ്സിലായ കാലം. കേസിൽപ്പെടുമ്പോൾ കേരളത്തിലെ ലാഭമുണ്ടാക്കുന്ന ബിസിനസുകളിൽ 17-ാം സ്ഥാനത്തായിരുന്നു.
പിന്തിരിയാത്ത പോരാളി
തിരിച്ചടികളിൽ പതറാത്ത പോരാളിയായിരുന്നു വെൽഗേറ്റ് വർഗ്ഗീസ്. സിനിമ വ്യവസായത്തിൽ നിന്നുളള തിരിച്ചടിക്ക് മുമ്പേ തന്നെ അദ്ദേഹം മറ്റ് ബിസിനസുകളെ കുറിച്ച് ആലോചിച്ചിരുന്നു. നല്ല ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന വർഗ്ഗീസ് നല്ല ഭ്ക്ഷണം എല്ലാവർക്കും ലഭിക്കുന്നതിനുളള ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചു.2007 മുതൽ 2011 വരെയുളള കാലം അദ്ദേഹം കേരളത്തിലെമ്പാടും സഞ്ചരിച്ചു. ഒട്ടേറെ കാർഷികസംബന്ധിയായ പുസ്തകങ്ങൾ വായിച്ചു. അങ്ങനെ 2011 വെൽഗേറ്റ് ഓർഗാനിക് എന്ന സംരംഭത്തിന് തുടക്കമിട്ടു. വിഷരഹിതഭക്ഷണം എന്ന ലക്ഷ്യത്തോടെ വർഗ്ഗീസ് ആരംഭിച്ച വെൽഗേറ്റ് ഓർഗാനിക് ആ മേഖലയിലും മുൻഗാമിയായി. പിന്നീട് ആ ചുവട് പിടിച്ചെത്തിയവർക്ക് നല്ല മാതൃകയായി.
അപ്രതീക്ഷിത വിയോഗം
ബിസിനസ് വ്യാപനത്തെക്കുറിച്ചും ഒടിടി രംഗത്തേക്ക് ചുവടുവയ്ക്കുന്നതിനെക്കുറിച്ചും വർഗ്ഗീസ് ചിന്തിച്ചു. അതിനായുളള മാനസിക തയ്യാറെടുപ്പിനിടെയാണ് 2021 ജനുവരി 1ന് അപ്രതീക്ഷിത അതിഥിയായി മരണമെത്തിയത്. അവിടെ അവസാനിച്ചത് നിരന്തരം വെല്ലുവിളികളോട് പടവെട്ടി വിജയപാത തീർത്ത പോരാളിയുടെ ജീവിതമാണ്. പക്ഷേ, അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ വെൽഗേറ്റ് എന്ന ബ്രാൻഡ് കുതിപ്പ് തുടരുകയാണ്....

 

വിജയരഥമേറി വീണ്ടും
വെൽഗേറ്റ്

 

വർഗ്ഗീസ് തുടക്കമിട്ട വെൽഗേറ്റ് ഓർഗാനിക് സൂപ്പർമാർക്കറ്റ് ശൃംഖല അദ്ദേഹത്തിന്റെ ഭാര്യ ദീപയുടെയും മക്കളായ നിതിൻ, നിഖിൽ എന്നിവരുടെയും മികച്ച നേതൃത്വത്തിന് കീഴിൽ വളരുകയാണ്. തങ്ങളുടെ പിതാവിനെ പോലെ സ്വപ്‌നങ്ങൾക്ക് അതിരുകളില്ല.....സമർപ്പണവും കഠിനാധ്വാനവും മാത്രം മതി സ്വപ്‌നസാക്ഷാത്ക്കാരത്തിന് എന്ന ദർശനമാണ് മക്കളായ നിതിനും നിഖിലിനും ഉളളത്. ഉറച്ച പിന്തുണയുമായി അമ്മ ദീപ വർഗ്ഗീസ് ഒപ്പമുണ്ട്.  പുതിയ രൂപതത്തിൽ വെൽഗേറ്റ് വീണ്ടും മലയാളികളുടെ ഹൃദയം കീഴടക്കുകയാണ്. തങ്ങളുടെ ബിസിനസിനെ കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വെൽഗേറ്റിന്റെ ഇളമുറക്കാർ ബിസിനസ് പ്ലസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.....

 

പിതാവിൽ നിന്നു തന്നെ തുടങ്ങാം അല്ലേ? അദ്ദേഹത്തിന്റെ ബിസിനസ് കാലത്തെക്കുറിച്ച പറയാമോ?
ഹോട്ടൽ, ഫിനാൻസ്,ട്രാവൽ ഏജൻസി പല ബിസിനസും ചെയ്തിട്ടാണ് അദ്ദേഹം എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലേക്ക് വന്നത്. വിനോദവ്യവസായത്തിനൊപ്പം തന്നെ ഫിനാൻസും ചെയ്തു. 1982 മുതൽ 2007 വരെ അദ്ദേഹം എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലായിരുന്നു പ്രധാനമായും ശ്രദ്ധിച്ചത്. വെൽഗേറ്റ് സിഡി, കാസറ്റ് എന്നിവയിലാണ് ഫോക്കസ് ചെയ്തിരുന്നത്. ഇന്റർനെറ്റ് ഒക്കെ വന്നപ്പോൾ യുട്യൂബ് ഒടിടി ഒക്കെ വന്നു. അതോടെ സിഡിയുടെയും കാസറ്റിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. അതുകഴിഞ്ഞ് ഒരു ബിസിനസ് വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഓർഗാനിക്കിലോട്ട് വന്നത്.
അച്ഛന്റെ സ്വദേശം?
അച്ഛന്റെ അച്ഛൻ മാവേലിക്കരക്കാരനാണ്. സർക്കാർ ജോലി സംബന്ധമായി തിരുവനന്തപുരത്തേക്ക് വരികയും ഇവിടെ താമസമാക്കുകയുമായിരുന്നു. ഞങ്ങളുടെ പിതാവിന് ഏഴ് സഹോദരങ്ങളുണ്ട്. അദ്ദേഹം മാത്രമാണ് ബിസിനസിലേക്ക് വന്നത്. എൽഎൽബിക്കാരനാണ്. സെൽഫ് മെയ്ഡ് മാൻ ആയിരുന്നു....സ്വന്തം ആശയങ്ങൾ...അദ്ദേഹം കഠിനാധ്വാനം ചെയ്ത് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യമാണിത്.1980കളിലാണ് അദ്ദേഹം ബിസിനസിലേക്ക് വരുന്നത്. ആദ്യകാലത്ത് നാഷണൽ എന്ന പേരിലായിരുന്നു. 1990ലാണ് വെൽഗേറ്റ് എന്ന ബ്രാൻഡ് വരുന്നത്. വഴുതയക്കാട് ഏറ്റവും വലിയ ഷോപ്പ് ഞങ്ങളുടേതായിരുന്നു. പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നായകർ ഉൾപ്പെട്ട വലിയ കസ്റ്റമർ റേഞ്ച് ഉണ്ടായിരുന്നു.
അച്ഛൻ ബിസിനസ് നഷ്ടത്തെ എങ്ങനെയാണ് കണ്ടത്?
അദ്ദേഹം അതൊക്കെ പക്ഷേ പോസിറ്റീവായാണ് നേരിട്ടത്. അന്ന് അങ്ങനെ സംഭവിച്ചതുകൊണ്ടാണ് ഇന്നത്തെ ബിസിനസിനെ കുറിച്ച് ചിന്തിച്ചതെന്നാണ് അദ്ദേഹം പറയുക. മരിക്കുമ്പോൾ അദ്ദേഹത്തിന് 58 വയസ്സായിരുന്നു. അപ്പോഴും ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു. അത്തരത്തിൽ നിരവധി ആഗ്രഹങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.
പുതിയ ബിസിനസിലേക്ക് ?
2011ലാണ് ഓർഗാനിക് ബിസിനസിലേക്ക് വരുന്നത്. ആദ്യം ഉളളി, മാമ്പഴം തുടങ്ങിയവ ഇതര സംസ്ഥാനങ്ങളിൽ നിന്നെടുത്ത് ഇവിടെ ന്യായമായ വിലയ്ക്ക് വിൽക്കുകയാണ് ചെയ്തത്. പിന്നീടാണ് ഓർഗാനിക് സൂപ്പർമാർക്കറ്റ് എന്ന കൺസെപ്റ്റിലേക്ക് വരുന്നത്. അച്ഛനെ സംബന്ധിച്ച് അദ്ദേഹത്തിന് ഒരിടത്തുമാത്രമായി ഒതുങ്ങാൻ കഴിയുമായിരുന്നില്ല.  ഞങ്ങളുടെ കാർ പാർക്കിംഗിലാണ് ആദ്യ സ്റ്റോർ തുടങ്ങിയത്. പിന്നീട് കൊല്ലം, കോട്ടയം, കോലഞ്ചേരി, മണ്ണുത്തി ഇങ്ങനെ ഓരോ സ്ഥലത്ത് അച്ഛൻ ഷോപ്പുകൾ തുടങ്ങും. മാവേലിക്കരയിൽ മാത്രം രണ്ട് ഷോപ്പുകൾ തുടങ്ങി. അമ്മയാണ് തിരുവനന്തപുരത്തെ ഷോപ്പിന്റെ കാര്യം നോക്കിയിരുന്നത്.
എങ്ങനെയാണ് ഈ ഓർഗാനിക് കൺസെപ്റ്റിലേക്ക് വരുന്നത്?
എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലായിരിക്കുമ്പോൾ തന്നെ അച്ഛന് കൃഷി, ഹോംമെയ്ഡ് ഫുഡ് എന്നിവയോട് താല്പര്യമായിരുന്നു. 2007 മുതൽ 2011 വരെയുളള സമയത്ത് അദ്ദേഹത്തിന്റെ മുറി നിറയെ പുസ്തകങ്ങളായിരുന്നു. മറയൂർ, കാന്തല്ലൂർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പോയി കൃഷിയെ കുറിച്ചും തനത് ഉത്പന്നങ്ങളെക്കുറിച്ചുമൊക്കെ പഠിച്ചു. താൻ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷ്യസാധനങ്ങൾ എല്ലാവർക്കും ലഭിക്കണം. അങ്ങനെ എത്തിക്കാൻ കഴിയുന്ന സംവിധാനം എന്ന നിലയിലാണ് ഓർഗാനിക് സൂപ്പർമാർക്കറ്റിലേക്ക് തിരിഞ്ഞത്. അദ്ദേഹം നേരത്തേ തന്നെ അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.സിഡി-കാസറ്റ് ഇൻഡസ്ട്രിയിലായാലും ഓർഗാനിക് സൂപ്പർമാർക്കറ്റ് എന്ന കൺസെപ്റ്റിലായാലും അദ്ദേഹമാണ് മുൻഗാമി. വെൽഗേറ്റ് ഈ രംഗത്തേക്ക് വന്ന ശേഷമാണ് മറ്റ് ഓർഗാനിക് ഷോപ്പുകൾ വന്നത്. തിരുവനന്തപുരത്തുതന്നെയുളള മറ്റ് ഓർഗാനിക് ഷോപ്പുടമകളോട് ചോദിച്ചാൽ അവർ ഗുരുസ്ഥാനത്ത് ഞങ്ങളുടെ അച്ഛനെയാണ് ചൂണ്ടിക്കാട്ടുക.
ബിസിനസിൽ നേരത്തേ അച്ഛനെ സഹായിച്ചിരുന്നോ?
അദ്ദേഹമുളളപ്പോൾ ഞങ്ങൾ അത്രകണ്ട് ബിസിനസിൽ ഇടപെട്ടിരുന്നില്ല. ഞങ്ങൾ രണ്ടുപേരും ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ്. ആ രംഗത്ത് നിൽക്കുന്ന സമയത്താണ് അച്ഛന്റെ അപ്രതീക്ഷിത വിയോഗം. 2021 ജനുവരി 1നാണ് അദ്ദേഹം ഞങ്ങളെ വിട്ടുപോയത്. രാവിലെ സാധാരണപോലെ ജോലികളിൽ ഏർപ്പെട്ടിരുന്ന അച്ഛന് പെട്ടെന്ന് നെഞ്ചുവേദന വന്ന് ആശുപത്രിയിൽ കൊണ്ടുപോയി. ഒരു മണിക്കൂറിനുളളിൽ എല്ലാം കഴിഞ്ഞു. ഞങ്ങൾക്ക് ആ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. സമ്പാദ്യമെന്തൊക്കെയുണ്ട്, എത്രയുണ്ട്, ഇതിനെക്കുറിച്ചൊന്നും ഞങ്ങൾക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷേ അമ്മ കരുത്തോടെ കൂടെ നിന്നു. അച്ഛൻ മരിച്ചതിനെ തുടർന്ന് രണ്ടുദിവസം മാത്രമാണ് ഞങ്ങൾ കേരളത്തിലെ ഷോപ്പുകൾ അടച്ചിട്ടത്. അദ്ദേഹത്തിന്റെ മരണം അമ്മയ്ക്ക് വലിയ ഷോക്കായിരുന്നെങ്കിലും അദ്ദേഹം തുടങ്ങിവച്ച ബിസിനസ് നിന്നുപോകരുതെന്ന വാശിയുണ്ടായിരുന്നു.
അച്ഛൻ മരിച്ചപ്പോൾ പലരും ചോദിച്ചത് എപ്പോഴാണ് ഞങ്ങൾ ഈ പ്രോപ്പർട്ടിയെല്ലാം വിൽക്കുന്നത് എന്നാണ്. കാരണം ഞങ്ങൾക്ക് ബിസിനസ് രംഗത്ത് പരിചയമില്ല. അതുകൊണ്ട് ഇത് മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്നായിരുന്നു പലരുടെയും ചിന്ത. പക്ഷേ, ഈ ബിസിനസിൽ അച്ഛനൊപ്പം കാര്യങ്ങൾ മാനേജ് ചെയ്തിരുന്നത് അമ്മയായിരുന്നു. അമ്മ ഞങ്ങൾക്ക് വഴികാട്ടി. ഫാമിലി സെന്റിമെന്റ്‌സ് നോക്കാതെ ഞങ്ങൾ തീരുമാനമെടുത്തു.
പുതുതലമുറ ഏറ്റെടുത്ത ശേഷം വന്ന ബിസിനസ് മാറ്റം?
അച്ഛൻ മരിക്കുമ്പോൾ വെൽഗേറ്റ് ഓർഗാനിക് സുപ്പർമാർക്കറ്റ് എന്നായിരുന്നു പേര്. പിന്നീട് ഞങ്ങൾ ഇതിൽ സജീവമായതിനുശേഷമാണ് വെൽഗേറ്റ് ലൈഫ് സ്റ്റൈൽ സൂപ്പർമാർക്കറ്റ് എന്ന നിലയിലേക്ക് മാറിയത്. ഓർഗാനിക്കും നോൺ ഓർഗാനികും ലഭ്യമാക്കി. ഏത് വേണമെന്ന് കസ്റ്റമർക്ക് തീരുമാനിക്കാം. പിന്നീട് ഓൺലൈൻ ബിസിനസ് ആരംഭിച്ചു. പ്രൊഡക്ഷൻ സിസ്റ്റമാറ്റിക്കാക്കി. നഷ്ടത്തിലായിരുന്ന ഷോപ്പുകൾ അടച്ചു. പൊട്ടൻഷ്യൽ ബിസിനസിൽ മാത്രം നിക്ഷേപം നടത്തിയാൽ മതി എന്ന തീരുമാനിച്ചു. എല്ലാം പേമെന്റും ബാങ്ക് മുഖേനയാക്കി. ഡെലിവറി സിസ്റ്റമൊക്കെ അപ്‌ഡേറ്റ് ചെയ്ത് കൂടുതൽ കസ്റ്റമർ സൗഹൃദപരമാക്കാനുളള കാര്യങ്ങൾ ചെയ്യുന്നു.
അച്ഛൻ  പുതിയ ആശയങ്ങളുടെ ആളായിരുന്നു. മരിക്കുന്നതിന് രണ്ടുമാസം മുമ്പാണ് മരച്ചക്കിലാട്ടുന്ന വെളിച്ചെണ്ണ എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചത്. അങ്ങനെ എട്ട് യന്ത്രങ്ങൾക്ക് ഓർഡർ നൽകി. അങ്ങനെ പെട്ടെന്ന് തീരുമാനമെടുക്കുന്ന ആളായിരുന്നു. പക്ഷേ ഞങ്ങൾ എന്തു തീരുമാനമെടുക്കുമ്പോഴും പത്ത് തവണ ചിന്തിക്കും.അതിന്റെ വരുംവരായ്കകൾ പരിശോധിക്കും. അദ്ദേഹം പെട്ടെന്നുളള തോന്നലുകളെ തുടർന്നാണ ്തീരുമാനമെടുത്തതെങ്കിൽ ഞങ്ങൾ സാമ്പത്തികവശം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കുന്നു.
എത്ര ഷോപ്പുകളുണ്ട്?
നിലവിൽ കേരളത്തിൽ നാല് ഷോപ്പുകളാണുളളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട. കൊല്ലം കപ്പലണ്ടിമുക്കിലും കോട്ടയത്ത് സെൻട്രൽ ജംഗ്ഷനിലും പത്തനംതിട്ടയിൽ ആർടി ഓഫീസിന് സമീപവുമാണ് ഷോപ്പുകൾ. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഉടനെ മറ്റൊരു ശാഖ കൂടി തുടങ്ങും. വഴുതയ്ക്കാടും ഒരു ഷോപ്പ് തുടങ്ങാൻ പദ്ധതിയുണ്ട്. അച്ഛൻ മരിക്കുന്നതിന് മുമ്പ് നിരവധി ഷോപ്പുകളുണ്ടായിരുന്നെന്ന് നേരത്തേ പറഞ്ഞല്ലോ. കൊവിഡും അദ്ദേഹത്തിന്റെ മരണവും കൂടിയായപ്പോൾ മാവേലിക്കര, കോലഞ്ചേരി, കരുനാഗപ്പള്ളി, മണ്ണൂത്തി തുടങ്ങിയ ചെറിയ ശാഖകളെല്ലാം നിർത്തി.
നിലവിൽ എന്തൊക്കെ പ്രൊഡക്ടുകളാണുളളത്?
നിലവിൽ ലൈഫ്‌സ്റ്റൈൽ സൂപ്പർമാർക്കറ്റിനെ ഗ്രോസറി, ഫ്രൂട്ട്‌സ്,വെജിറ്റബിൾസ് എന്നിങ്ങനെ മൂന്ന് സെക്ഷനുകളായി തിരിക്കാം.   ആദ്യ രണ്ടുമൂന്നുവർഷം ഓർഗാനിക് സൂപ്പർമാർക്കറ്റ് എന്ന നിലയിൽ പഴങ്ങളും പച്ചക്കറികളും പാൽ, മുട്ട എന്നിവയുമാണ് വിപണനം ചെയ്തിരുന്നത്. തികച്ചും ഓർഗാനിക് ആയ ഉത്പന്നങ്ങൾ മാത്രം. പിന്നീടാണ് ഗ്രോസറിയിലേക്ക് കടന്നത്. 2016-ൽ ഹോം മെയ്ഡ് ഫുഡിനായി വെൽഗേറ്റ് കിച്ചൺ ആരംഭിച്ചു. അങ്ങനെയാണ് ഓർഗാനിക് സൂപ്പർമാർക്കറ്റിൽ നിന്ന് ലൈഫ്‌സ്റ്റൈൽ സൂപ്പർമാർക്കറ്റ് എന്ന നിലയിലേക്ക് ബിസിനസ് വ്യാപനം ഉണ്ടായത്.ഓരോ ദിവസവും പുതിയ ഉത്പന്നങ്ങൾ കൂട്ടിച്ചേർക്കുന്നു. ഫുഡ് പ്രൊഡക്ട്‌സ് തന്നെ 200 എണ്ണമുണ്ട്. നൂറിലധികം പച്ചക്കറികളുണ്ട്. ഗ്രോസറി വിഭാഗത്തിൽ നിരവധി ഉത്പന്നങ്ങളുണ്ട്. ഞങ്ങളുടെ സ്വന്തം ഉത്പന്നങ്ങൾ തന്നെ അറുനൂറോളം ഉണ്ട്. മറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ആയിരത്തിലേറെയുണ്ട്.
വരാനിരിക്കുന്ന മികച്ച പ്രൊഡക്ട് എന്ന് പറയുന്നത് മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയാണ്. 40 ദിവസം വരെ അത് കേടാകാതിരിക്കുമെന്ന് പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ട്. അച്ഛൻ ഓർഡർ ചെയ്ത മരച്ചക്കുകളുണ്ട്. കുറഞ്ഞത് 2000 ബോട്ടിൽ വെളിച്ചെണ്ണ ഒരു ദിവസം ഉത്പാദിപ്പിക്കാനാകും. വെളിച്ചെണ്ണ വിപണിയിലെത്തിക്കാനുളള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ്.
ഉത്പന്നങ്ങളുടെ ഗുണനിലവാരം?
ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഞങ്ങളുടെ സ്വന്തം ക്വാളിറ്റി കൺട്രോൾ ടീം ഉണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഉത്പന്നങ്ങൾ ഷോപ്പുകളിലെത്തിക്കുന്നത്. ആരോഗ്യകരമല്ലാത്ത ഒരു ഉത്പന്നങ്ങളും വെൽഗേറ്റിൽ വിൽക്കുന്നില്ല. ഉദാഹരണത്തിന് കാർബൊനേറ്റഡ് ഡ്രിങ്ക്സ്, മയണൈസ്, തുടങ്ങിയ വയൊന്നും വയ്ക്കില്ല. ഓർഗാനിക് ഉത്പന്നങ്ങളും സൂക്ഷ്മമായ സ്‌ക്രീനിംഗ് പ്രോസസിന് ശേഷമാണ് വില്പനയ്‌ക്കെത്തിക്കുന്നത്.
ഗുണനിലവാരത്തിനാണോ വിലക്കുറവിനാണോ കസ്റ്റമേഴ്‌സ് മുൻതൂക്കം നൽകുന്നത്?
തീർച്ചയായും ഗുണനിലവാരത്തിനാണ്. 60 രൂപ കൊടുത്ത് 30 രൂപയുടെ മൂല്യമുളള ഉത്പന്നം വാങ്ങുന്നതിനേക്കാൾ 100 രൂപയ്ക്ക് 120 രൂപ മതിക്കുന്ന ഉത്പന്നം വാങ്ങുന്നതാണ് നല്ലതെന്ന ബോധ്യം ഉപഭോക്താക്കൾക്കുണ്ട്. അതുമാത്രമല്ല വിദ്യാസമ്പന്നരായ ജനതയാണ് അവർക്ക് മാർക്കറ്റ് വാല്യുവിനെക്കുറിച്ചും ഉത്പന്നമൂല്യത്തെക്കുറിച്ചുമെല്ലാം അറിവുണ്ട്. ക്ലാസ് കാറ്റഗറി കസ്റ്റമർ റേഞ്ച് എന്നതിന് പകരം നൂറു ശതമാനം ഗുണനിലവാരമുളള വെൽഗേറ്റ് ഉത്പന്നങ്ങൾ കേരളത്തിലെ ജനങ്ങളിലെത്തിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
വെൽഗേറ്റ് കിച്ചണിനെ കുറിച്ച് പറയാമോ?
 വെൽഗേറ്റ് കിച്ചണിൽ ഞങ്ങൾ ഉപയോഗിക്കുന്നത് വിറകടുപ്പാണ്. ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഓർഗാനിക് ആണ്. മീൻകറിയൊക്കെ മൺചട്ടിയിലാണ് ഉണ്ടാക്കുന്നത്. മലയാളത്തിന്റെ തനതുവിഭവങ്ങൾ ലോകത്തെമ്പാടുമെത്തിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിദേശത്ത് കിച്ചൺ തുടങ്ങി അവിടങ്ങളിൽ വിതരണം ചെയ്യുകയാവും ചെയ്യുക. വാക്വം പായ്ക്കിംഗിലേക്കൊക്കെ പോയേക്കാം. ഗുണിനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. പല ബിസിനസിലും അങ്ങനെ കണ്ടിട്ടുണ്ട്.ചെറിയ ബിസിനസായിരിക്കുമ്പോൾ നല്ല ക്വാളിറ്റിയായിരിക്കും. അത് വലിയ രീതിയിലേക്ക് വളർന്നുകഴിയുമ്പോൾഗുണനിലവാരത്തിൽ പിറകോട്ട് പോകും. അതിന് വെൽഗേറ്റിന് താല്പര്യമില്ല. നിലവിൽ ചെറിയ തോതിൽ കാറ്ററിംഗ് ചെയ്യുന്നുണ്ട്. മൂന്നു ദിവസം മുമ്പെങ്കിലും ഓർഡർ കിട്ടിയാലേ ചെയ്യൂ.
പർച്ചേസൊക്കെ?
ഞങ്ങൾക്കതിന് സുസജ്ജമായ നെറ്റ് വർക്ക് ഉണ്ട്. പർച്ചേസ് മാനേജർമാരുണ്ട്. ലോജിസ്റ്റിക്‌സ് ഉണ്ട്. വർഷങ്ങളായി റെഗുലർ സപ്ലൈയർമാരുണ്ട്. അവരാണത് മാനേജ് ചെയ്യുന്നത്. മീനായാലും , മാംസമായാലും ഫ്രഷ് മാത്രമേ എടുക്കൂ. ഞങ്ങളുടെ സ്റ്റാഫിന്റെ മുന്നിൽവെച്ച് വെട്ടിയെടുത്താണ് മാംസം കിച്ചണിലെത്തിക്കുന്നത്. കടപ്പുറത്തുനിന്നും അന്നത്തെ ഫ്രഷ് മീനാണ് വാങ്ങുക.
കസ്റ്റമർ റിലേഷൻ
ഓരോ കസ്റ്റമറുടെയും അഭിരുചിക്കനുസരിച്ചുളള ഉത്പന്നങ്ങളാണ് ലഭ്യമാക്കുന്നത്. ഓരോ ഉപഭോക്താവുമായും നല്ല ബന്ധം സൂക്ഷിക്കുന്നു. സ്ഥിരംവരുന്ന കസ്റ്റമേഴ്‌സിന്റെ അഭിരുചിയെന്താണെന്ന് അറിയാം.
ജീവനക്കാർ?
സ്റ്റാഫാണ് ഞങ്ങളുടെ നട്ടെല്ല്. അച്ഛൻ വിട്ടുപോയ കാലത്ത് ഞങ്ങൾക്കൊപ്പം ഉറച്ചുനിന്നത് ജീവനക്കാരാണ്.
കൊവിഡ് കാലം?
കൊവിഡ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബിസിനസിൽ പോസിറ്റീവായ മാറ്റമാണുണ്ടാക്കിയത്. ആ സമയത്ത് ജനം കൂടുതൽ ഹെൽത്ത് കോൺഷ്യസ് ആയി. ഗുണനിലവാരമുളള ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ തുടങ്ങി. ഞങ്ങൾക്ക് പ്രതിദിനം 70 ഹോംഡെലിവറിയുണ്ടായിരുന്നു. റെക്കോർഡ് സെയിലായിരുന്നു.
എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലേക്ക് വരുമോ?
എണ്ണൂറോളം മലയാളസിനിമകളുടെ കോപ്പിറൈറ്റ് ഞങ്ങളുടെ കൈയിലാണ്. ആ സിനിമകളൊന്നും ടിവിയിൽ പോലും വന്നിട്ടില്ല. അവ ചാനലിന് കൊടുക്കാനും ഒടിടി ചെയ്യാനുമുളള അവകാശം ഞങ്ങൾക്കാണ്. അതൊക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ ഉടനെയില്ല. തത്ക്കാലം നിലവിലെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ സുസ്ഥിര വളർച്ചയിലേക്കെത്തിക്കണം. ലൈഫ് സ്റ്റൈൽ സൂപ്പർമാർക്കറ്റ് എന്ന നിലയിലാണ് ഞങ്ങളിപ്പോൾ മുന്നോട്ടുപോകുന്നത്. നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലേക്ക് പ്രവേശിച്ചാൽ ശരിയാകില്ല. ഞങ്ങൾക്ക് ആ രംഗത്ത് പരിചയമില്ല. പിതാവ് ഒപ്പമില്ല. ആ സാഹചര്യം മുതലെടുക്കാൻ പലരുമുണ്ടാകും.
നിലവിലെ ബിസിനസിനെ ശക്തമായ നിലയിലെത്തിച്ച ശേഷം സിനിമാബിസിനസിലേക്ക് വരണമെന്നുണ്ട്.അതാരു പാഷനാണ്. പക്ഷേ സിനിമ ഓരോ ദിനവും മാറുകയാണ്. നിലവിൽ ഒടിടിയിലാണ് കൂടുതൽ സിനിമകളും ഓടുന്നത്. തിയേറ്റർ ഏക്‌സ്പീരിയൻസ് വേണം എന്നുതോന്നുന്ന സിനിമകൾ കാണാൻ മാത്രമാണ് ജനം തിയേറ്ററിൽ പോകുന്നത്. ഇനി ഒരു പത്തുവർഷം കഴിയുമ്പോൾ സിനിമ എങ്ങനെയായിരിക്കുമെന്നത് പ്രവചിക്കാനാവില്ല.
വെൽഗേറ്റ് ഫർണിച്ചർ ബിസിനസ് തുടങ്ങിയിരുന്നല്ലോ?
അതെ അച്ഛന്റെ കാലത്താണ്. അദ്ദേഹം അതിന് തുടക്കമിട്ടതേ ഉണ്ടായിരുന്നുളളു. ഷോപ്പൊന്നും തുടങ്ങിയില്ല. അദ്ദേഹത്തിന് തേക്ക് ഒരു വീക്ക്‌നെസ്സായിരുന്നു എന്ന് പറയാം. ഈ വീട് മുഴുവൻ ഫർണിഷ് ചെയ്തിരിക്കുന്നത് തേക്ക് കൊണ്ടാണ്. തടിപ്പണിയെല്ലാം തേക്കിലാണ്. വില്പനയ്ക്കായി കുറേ ഫർണിച്ചറുകളും ചെയ്തു. പക്ഷേ, ആ ബിസിനസുമായി മുന്നോട്ടുപോയില്ല.
ഭാവിപദ്ധതികൾ?
ബിസിനസ് കുറച്ചുകൂടി ജനകീയമാക്കാനുളള നടപടികൾ പുരോഗമിക്കുന്നു. അതുപോലെ ഓൺലൈൻ ബിസിനസ് വ്യാപനത്തിനുളള ശ്രമങ്ങളും പുരോഗമിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി എല്ലാ ഡെലിവറി പാർട്ട്‌നർമാരുമായും വെൽഗേറ്റ് കണക്ടഡ് ആണ്. കഴക്കൂട്ടത്തും വഴുതയ്ക്കാടും ശാഖകൾ ആരംഭിച്ചശേഷം കൊച്ചി, തൃശ്ശൂർ, ബാംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിൽ വെൽഗേറ്റ് ശാഖകൾ തുടങ്ങാനും പദ്ധതിയുണ്ട്. കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി ഘട്ടംഘട്ടമായി പുതിയ ഷോപ്പുകൾ തുടങ്ങാനാണ് പദ്ധതി.നിലവിൽ ഞങ്ങളുടെ മില്ലുകളിൽ തയ്യാറാക്കുന്ന കറി പൗഡറും മസാലക്കൂട്ടുകളും വെൽഗേറ്റിന്റെ തന്നെ ഷോപ്പുകളിൽ മാത്രമാണ് ലഭ്യമാക്കുന്നത്. വെൽഗേറ്റ് കറിക്കൂട്ടുകളും മസാലകളും മറ്റ് ഷോപ്പുകളിലുമെത്തിച്ച് ആ രംഗത്ത് ബിസിനസ് വ്യാപനത്തിനുളള പദ്ധതിയുണ്ട്. അഞ്ച് വർഷ റോഡ്മാപ്പാണ് തയ്യാറാക്കിയിരിക്കുന്നത്.
തയ്യാറാക്കിയത്: ബി ആർ ശുഭലക്ഷ്മി

Post your comments