Global block

bissplus@gmail.com

Global Menu

ഉണ്ണി മുകുന്ദൻ സൂപ്പർ സ്റ്റാർ പദവിയിലേക്ക്

മാളികപ്പുറം 100 കോടി ക്ലബ്ബിൽ

 

യുവതാരം ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും കന്നഡയിലും തെലുങ്കിലുമൊക്കെ വൻ വിജയമാണ്. സിനിമ റിലീസായ ശേഷം ഉണ്ണിക്ക് ആരാധകരും കൂടിയിട്ടുണ്ട്. പാലക്കാട് പ്രിയദർശിനി തിയേറ്ററിന് മുന്നിൽ ആരാധകർ സ്ഥാപിച്ചത് 75 അടി ഉയരമുള്ള കൂറ്റൻ കട്ട് ഔട്ട് ആണ്. മാളികപ്പുറം എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്കും 100 കോടി ക്ലബ്ബ് എന്ന എലൈറ്റ് ക്ലാസിലേക്കും എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.....

 
എനിക്കായി ഒരു ദിനം
മല്ലുസിംഗ് മുതൽ വിജയിച്ച സിനിമകളിറങ്ങിയ ശേഷം ഞാൻ അവയിലെ കഥാപാത്രവുമായി ബന്ധപ്പെട്ട് ബ്രാൻഡ് ചെയ്യപ്പെട്ടു.  ചിലരെങ്കിലും ഉണ്ണി മുകുന്ദൻ എന്ന നടനെ കണ്ടില്ല.എനിക്കുറപ്പായിരുന്നു ഒരു ദിവസം എനിക്കായി വരുമെന്ന്.
നോക്കിയത് കഥാപാത്രം മാത്രം
നല്ല വേഷം എന്ന നിലയിൽ നെഗറ്റീവ് വേഷങ്ങളും ചെയ്തു. പരാജയപ്പെട്ട സിനിമയിൽപോലും ഞാൻ 100 ശതമാനം സമർപ്പണത്തോടെ ചെയ്തു. അതിന്റെയെല്ലാം ഫലമാകാം ഇന്ന് എന്നെ ചേർത്തു നിർത്താൻ നിർമാതാക്കളും എഴുത്തുകാരും സംവിധായകരുമുണ്ട്;പ്രേക്ഷകരും
അനുസരണയുളള മകൻ
എന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നതു നല്ല മനസ്സോടെ മുന്നോട്ടു പോകാനാണ്.ഞാൻ അവരെ അനുസരിക്കുന്ന മകനായി ജീവിച്ചുവെന്നു മാത്രം. ഇതെല്ലാം അവരുടെകൂടി പ്രാർത്ഥനയാണ്.
ഭക്തനാണ്
ഞാൻ ഉറച്ച ഭക്തനാണ്. പക്ഷേ മാളികപ്പുറം എന്ന സിനിമ ചെയ്തതു ഭക്തികൊണ്ടല്ല. അതു കുടുംബങ്ങളുമായി ചേർന്നു പോകുന്ന നല്ല സിനിമയാകുമെന്നു തോന്നിയതുകൊണ്ടാണ്. ആ സിനിമയിൽ ഏറെ ജീവിതങ്ങളുണ്ട്. അതു പ്രേക്ഷകരുടെ കൂടി ജീവിതമാണ്. മാളികപ്പുറമൊരു ഹിന്ദു ഭക്തി സിനിമയല്ല. മാത്രമല്ല അയ്യപ്പൻ ഹൈന്ദവ വിശ്വാസികളുടെ മാത്രം മനസ്സിലെ ഈശ്വരനുമല്ലല്ലോ. ആരുമില്ലാത്തവർക്ക് രക്ഷയായി ആരെങ്കിലും ഉണ്ടാകുമെന്നു പറയുന്ന സിനിമയാണ്. അങ്ങനെ വരുന്ന ആളാണു ദൈവം എന്നു ഞാൻ കരുതുന്നു. എന്റെ ജീവിതത്തിലും അങ്ങനെ പലരുമുണ്ടായിട്ടുണ്ട്. സിനിമയിൽ തളർന്നിരുന്ന സമയത്തു കൈ പിടിച്ചു നടത്തിയവർ.....അതെല്ലാം ഈശ്വര സാന്നിധ്യമായി ഞാൻ കാണുന്നു.
ഒരു സിനിമയുടെ പേരിലും ഖേദമില്ല
സിനിമ വിജയിക്കുന്നതിലും പരാജയപ്പെടുന്നതിലും ഒരു പാടു ഘടകങ്ങളുണ്ട്. അതിന്റെ പേരിൽ ഞാൻ ഖേദിച്ചിട്ടില്ല. ഈ വിജയങ്ങളുടെ എല്ലാം കാരണം ഞാനാണെന്നു പറയാറുമില്ല. അതിൽ ഞാനുമുണ്ടെന്നു മാത്രം. എന്റെ സിനിമകൾക്കൊപ്പം വലിയൊരു കൂട്ടം പ്രേക്ഷകരുണ്ടെന്നു എനിക്കു പറയാനായി എന്നു മാത്രം.
എല്ലാവർക്കും നന്ദി....
ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്‌നേഹിച്ചതിന് പ്രേക്ഷകർക്ക് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും.
എന്തായാലും മാളികപ്പുറത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ഗ്രാഫും മറ്റൊരു ലെവലിലേക്ക് ഉയരുന്നു. ഇതിനിടെ തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്ന ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതിയുടെ കുറിപ്പും വൈറലാകുകയാണ്.

Post your comments