Global block

bissplus@gmail.com

Global Menu

പ്രവാസം-ത്രിതല ക്ഷേമപ്രവർത്തനങ്ങളൊരുക്കി നോർക്ക

പ്രവർത്തനമികവിൽ സമാനതകളില്ലാത്ത മാതൃകയെന്ന് പി.ശ്രീരാമകൃഷ്ണൻ

 

എഴുപതുകളിൽ ശക്തിപ്രാപിച്ച ഗൾഫ് കുടിയേറ്റവും തുടർന്നുണ്ടായ പ്രവാസിപ്പണത്തിന്റെ ഒഴുക്കും കേരളത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയിൽ വഹിച്ച പങ്ക് വലുതാണ്. എഴുപതുകളിൽ ഗൾഫ് മേഖലയിൽ പെട്രോളിയം ഉത്പാദനം കുതിച്ചപ്പോൾ അവിടേക്ക് മനുഷ്യവിഭവശേഷി വേണ്ടി വന്നു. അങ്ങനെ കേരളത്തിൽ നിന്ന് ഗൾഫ് എന്ന സ്വപ്‌നതീരം തേടി വൻ തൊഴിലാളി കുടിയേറ്റമുണ്ടായി. ആദ്യകാലത്ത് കേവലം കേട്ടറിവുവച്ച് വിദേശജോലി തേടിപ്പോകുന്നവരെ സംബന്ധിച്ചിടത്തോളം  പത്തേമാരികളിലും മറ്റും കയറി എത്തിപ്പെട്ട നാടുകളിൽ കിട്ടിയ ജോലി ചെയ്യുക, ലഭ്യമായ സാഹചര്യങ്ങളിൽ ജീവിക്കുക എന്നതായിരുന്നു സ്ഥിതി. ഭാഷപരിജ്ഞാനത്തെക്കുറിച്ചോ തൊഴിൽ-ജീവിതസുരക്ഷയെക്കുറിച്ചോ ഒന്നും അവർക്ക് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് വ്യക്തമായ ആസൂത്രണമോ അറിവോ കൂടാതെയായിരുന്നു മലയാളി ഗൾഫിലേക്ക് ജോലി തേടിപ്പോയത്. അതുകൊണ്ടുതന്നെ പലപ്പോഴും അത്തരം യാത്രകൾ സുരക്ഷിതമായിരുന്നില്ല. അപാകതകളും ഏറെയുണ്ടായി.
എന്നാൽ ഇന്ന് കാലം മാറി, സാങ്കേതികവിദ്യ പുരോഗമിച്ചു. പ്രവാസികളിലൂടെ അവർ അന്യനാട്ടിൽ വിയർപ്പൊഴുക്കി നാട്ടിലേക്കയച്ച പണത്തിലൂടെ നാടിനുണ്ടായ പുരോഗതി കണക്കിലെടുത്ത് സുരക്ഷിതപ്രവാസം ഉറപ്പാക്കാനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് നോൺറെസിഡന്റ് കേരളൈറ്റ്‌സ് -നോർക്ക  രൂപീകൃതമായി. പ്രവാസിക്ഷേമത്തിനായുളള സ്ഥാപനം എന്ന നിലയിൽ നോർക്ക ഇന്ന് മൂന്ന് തലത്തിലുളള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ആദ്യത്തേത് പ്രവാസത്തിന് മുമ്പ്-അതായത് സുരക്ഷിത പ്രവാസം ഉറപ്പുവരുത്തുന്നതിനുളള പ്രവർത്തനങ്ങൾ, രണ്ടാമതായി നിലവിലുളള പ്രവാസികൾക്കായുളള പ്രവർത്തനങ്ങൾ-പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും നിർണ്ണായകഘട്ടത്തിൽ അടിയന്തരസഹായം എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളാണ് വിഭാഗത്തിൽ വരിക.
മൂന്നാമതായി മടങ്ങിയെത്തിയ പ്രവാസികൾക്കായുളള പ്രവർത്തനങ്ങളാണ്. കൊവിഡ്, യുക്രെയ്ൻ യുദ്ധം തുടങ്ങി അപ്രതീക്ഷിതമായ പല പ്രതിസന്ധികളും പ്രവാസികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കുന്നു. അവർ മടങ്ങിവരാൻ നിർബന്ധിതരാകുന്നു. അവർക്കായി പ്രവാസി ഭദ്രത ഉൾപ്പെടെയുളള പുനരധിവാസപദ്ധതികൾ നോർക്ക ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പാക്കി വരുന്നുണ്ട്.
ഒരു വർഷം ഒരു ലക്ഷം സംരംഭകർ എന്ന വ്യവസായവകുപ്പിന്റെ പദ്ധതിയിൽ നോർക്കയും സജീവമായി സഹകരിക്കുന്നു. ഇതുവരെ പതിനൊന്നായിരത്തിൽപരം പ്രവാസിസംരംഭങ്ങൾ ആരംഭിച്ചു. ഇത്തരത്തിൽ പ്രവാസത്തിനൊരുങ്ങുന്നവരെയും പ്രവാസത്തിൽ തുടരുന്നവരുടെയും പ്രവാസം ഉപേക്ഷിച്ചെത്തിയവരുടെയും ക്ഷേമത്തിനായുളള പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് നോർക്ക റൂട്ട്‌സ്. നല്ലകാലം അന്യനാട്ടിൽ ഹോമിച്ച് സ്വദേശത്ത് വിശ്രമിക്കുന്നവർക്കായി  പ്രവാസി പെൻഷൻ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ഈ പദ്ധതിപ്രകാരം പ്രതിമാസം ഒരാൾക്ക് 3500 രൂപ നൽകിവരുന്നുണ്ട്. അത് വളരെ അഭിനന്ദനാർഹമായ രീതിയിൽ മുന്നോട്ടുപോകുകയും ചെയ്യുന്നു. പ്രവാസി പെൻഷൻ, പ്രവാസി ഭദ്രത, വനിതാമിത്രം,നോർക്ക ഡിപ്പാർട്ട്‌മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ്  ഏറ്റവും ഒടുവിൽ പ്രവാസത്തിനായി മലയാളിയെ ഒരുക്കിയെടുക്കാനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് പദ്ധതി ഉൾപ്പെടെ  ദീർഘവീക്ഷണത്തോടെയുളളതും വ്യത്യസ്തവുമായ നിരവധി പദ്ധതികളാണ് നോർക്ക നടപ്പിലാക്കിവരുന്നത്. നോർക്കയുടെ പുതുപദ്ധതികളെ കുറിച്ച് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ബിസിനസ് പ്ലസിനോട് പറയുന്നു.....
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് രാജ്യാന്തരതലത്തിൽ തൊഴിൽ നേടാൻ സഹായകരമാകുന്ന നോർക്ക റൂട്ട്സിന്റെ ഭാഷാ പഠന കേന്ദ്രം, നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (ചകഎഘ) ഉടൻ യാഥാർത്ഥ്യമാകും. സംസ്ഥാനത്ത് ആന്താരാഷ്ട്ര നിലവാരമുളള വിദേശഭാഷാപഠന കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ആദ്യപടിയായിട്ടാണ് തിരുവനന്തപുരം തൈക്കാട് മേട്ടുക്കട ജംങ്ഷനിൽ ആദ്യ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്ബ്‌സൈറ്റ് 2023 ഫെബ്രുവരി 1ന് പ്രകാശനം ചെയ്തു. www.nifl.norkaroots.org  എന്നതാണ് വെബ്ബ്‌സൈറ്റ് വിലാസം.  ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇംഗീഷ് ഭാഷയിൽ ഒ ഇ റ്റി (O.E.T-Occupational English Test) , ഐ ഇ എൽ ടി എസ് (I.E.L.T.S-International English Language Testing System), ജർമ്മൻ ഭാഷയിൽ C.E.F.R (Common European Framework of Reference for Languages)  എ 1, എ2, ബി1, ബി2 ലെവൽ വരെയും പഠിക്കാൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജിൽ  അവസരം ഉണ്ടാകും.   യോഗ്യതയുള്ള അധ്യാപകർ, അനുയോജ്യമായ അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്,  അത്യാധുനിക സൗകര്യമുളള ക്ലാസ് മുറികൾ എന്നിവ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ജി.എൻ.എമ്മോ (GNM)/ ബി.എസ്.സി (BSc) യോ  അധികയോഗ്യതയോ ഉളള നഴ്സുമാർക്ക് മാത്രമായിരിക്കും പ്രവേശനം.  
ആദ്യഘട്ടത്തിൽ ഇംഗ്ലീഷ്, ജർമ്മൻ ഭാഷാ പഠനത്തിനാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജിൽ അവസരം.പിന്നീട് അറബിക്, ഫ്രഞ്ച്, ജാപ്പാനീസ് ഭാഷാപഠനവും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടുത്തും. ബി.പി.എൽ വിഭാഗത്തിനും എസ്.സി (പട്ടികജാതി), എസ്.ടി (പട്ടികവർഗ്ഗം) വിഭാഗത്തിനും പഠനം പൂർണ്ണമായും സൗജന്യമായിരിക്കും. മറ്റ് എ .പി. എൽ വിഭാഗങ്ങൾക്ക് 25% ഫീസ് അടച്ചാൽ മതിയാകും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുളളവർക്കുകൂടി പ്രൊഫഷണൽ മേഖലയിലെ വിദേശ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉതകും വിധത്തിൽ ഭാഷാപഠനം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്.
എൻഡിപിആർഇഎം
വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കുന്നവർക്കായി കേരള സർക്കാർ നോർക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്‌മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (NDPREM).ഈ പദ്ധതി പ്രകാരം, രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികൾക്കും പ്രവാസി കൂട്ടായ്മകൾക്കും നോർക്ക റൂട്ട്‌സുമായി കരാറിൽ ഏർപ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകൾ സ്വീകരിച്ച് സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. സംരംഭകർക്ക് നോർക്ക റൂട്ട്‌സ് 15% മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് 3%പലിശ സബ്‌സിഡിയും നൽകും. അപേക്ഷകൻ നോർക്ക റൂട്ട്‌സിൻറെ www.norkaroots.org എന്ന വെബ്‌സൈറ്റിൽ NDPREM - ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിന് പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ്, ആധാർകാർഡ്, ഫോട്ടോ, റേഷൻകാർഡ്, പാൻകാർഡ്, പദ്ധതിയെകുറിച്ച് ലഘുവിവരണം എന്നിവ കൈയിൽ കരുതേണ്ടതാണ്. പദ്ധതി, പദ്ധതിക്കാവശ്യമായ തുക, ലോൺ എടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിവരം എന്നിവ രജിസ്‌ട്രേഷനിൽ രേഖപ്പെടുത്തേണ്ടതാണ്. രജിസ്റ്റർ ആയതിനുശേഷം ധനകാര്യസ്ഥാപനത്തിലേക്ക് ശുപാർശ ലഭിക്കുന്നതിന് രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന പ്രിന്റും, പാസ്‌പോർട്ടും, ഫോട്ടോയുമായി നോർക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസിൽ സ്‌ക്രീനിംഗിന് നേരിട്ടെത്തുകയോ അല്ലെങ്കിൽ പാസ്സ്‌പോർട്ടിന്റെ ഫോട്ടോ പേജ്, അഡ്രസ് പേജ്, രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്നതിനാവശ്യമായ പാസ്സ്‌പോർട്ട് പേജുകളുടെ കോപ്പികൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയ്യക്കുകയോ ചെയ്യാവുന്നതാണ്.
വനിതാമിത്ര പദ്ധതി
വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന പ്രവാസി വനിതകൾക്കായുളള സംരംഭക വായ്പാ പദ്ധതിയാണ് 'വനിതാമിത്ര'.പല കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെടുന്ന സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുളള നിരവധി പദ്ധതികളാണ് വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അതിലൊരു കൈസഹായമാണ് 'വനിതാമിത്ര'. നോർക്ക റൂട്ട്സ് നടപ്പിലാക്കി വരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എംന്റെ ഭാഗമായിട്ടാണ് 'വനിതാമിത്രം' നടപ്പിലാക്കുന്നത്.
1970കൾ മുതൽ തന്നെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഏറെ സംഭാവനകൾ നൽകുന്നതും ഉത്തേജിപ്പിക്കുന്നതും മലയാളികളായ പ്രവാസലോകമാണ്. എന്നാൽ പ്രവാസ ലോകത്തെ സ്ത്രീകളെ സംബന്ധിച്ച് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഗദ്ദാമകളായും (ഗൾഫിലെ വീട്ടുജോലിക്കാർ), മറ്റുമുളള ലോ പ്രൊഫൈൽ ജോലികൾക്ക് വിദേശത്തേക്ക് പോകുന്നവർ അനുവഭിക്കുന്ന ദുരിതങ്ങൾ നിരവധി തവണ നമ്മൾ കണ്ടിട്ടുണ്ട്'. ഗൾഫിൽ വീട്ടുജോലിക്കു നിന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന പ്രമുഖ നാടക, സിനിമാ അഭിനേത്രി നിലമ്പൂർ ആയിഷയുടെ ആത്മകഥ ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഇത്തരം സ്ത്രീകളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് 'വനിതാ മിത്ര' പദ്ധതി ആവിഷ്‌കരിച്ചത്. വിദേശത്ത് കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജീവിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസി വനിതകൾക്ക് പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കാൻ വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയും. ഇതിന് വിദേശത്ത് രണ്ടു വർഷം ജോലി ചെയ്യണമെന്ന നിബന്ധന ഇല്ലെന്നും ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.
വനിതകൾക്ക് സ്ഥിരമായ ജോലിയും വരുമാനവും സൃഷ്ടിക്കുകയാണ് 'വനിതാമിത്ര' പദ്ധതിയുടെ ലക്ഷ്യം.  
പ്രവാസികൾക്കായി വിദേശത്ത് നോർക്കയുടെ നിയമ സഹായ സെൽ
കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം നൽകുന്ന പദ്ധതിയാണ് നോർക്കയുടെ പ്രവാസി  നിയമസഹായ പദ്ധതി. കുവൈറ്റ്,  യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്. 10 നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ (NLC) ഈ രാജ്യങ്ങളിൽ നിയമിച്ചിട്ടുണ്ട്.വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങൾ  എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.  തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ  നിയമക്കുരുക്കിലോ വിദേശ ജയിലുകളിലോ അകപ്പെടുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് ഇതുവഴി സൗജന്യ നിയമസഹായം ലഭിക്കും.

 

നോർക്ക റൂട്ട്‌സുമായി കരാറിൽ ഏർപ്പെട്ടിട്ടുളള ധനകാര്യസ്ഥാപനങ്ങൾ ചുവടെ:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കനാറാ ബാങ്ക്
കേരള ബാങ്ക്
ബാങ്ക് ഓഫ് ബറോഡ
ഫെഡറൽ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ
യുകോ ബാങ്ക്
ധനലക്ഷ്മി ബാങ്ക്
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
കേരള ഫിനാഷ്യൽ കോർപ്പറേഷൻ
കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ
കേരള സംസ്ഥാന എസ്.സി / എസ്.ടി കോർപ്പറേഷൻ
കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ
കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോർപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ ് (മലപ്പുറം).
ട്രാവൻകൂർ പ്രവാസി വികസന കോർപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

 

Post your comments