Global block

bissplus@gmail.com

Global Menu

നമുക്കായ്...നാടിനായ്... സമഗ്രയുടെ നിശബ്ദവിപ്ലവം

ഒരേ കാലയളവിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജലും സംസ്‌കൃത കോളേജിലും പഠിച്ചിരുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥ സുഹൃത്തുക്കൾ. അവർ ഒത്തുകൂടുമ്പോഴെല്ലാം തന്നെ പൊതുവിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ ചില ഒത്തുകൂടലുകളിൽ അവർ കേരളത്തിന്റെ വിപണി കൈയടക്കിയ മറുനാടൻ കാർഷികോത്പന്നങ്ങളെ കുറിച്ച് ചർച്ച ചെയ്തു. വിഷമയമായ പച്ചക്കറി, വരവ് മുട്ടകൾ അങ്ങനെയങ്ങനെ വിവിധ ഉത്പന്നങ്ങൾ ചർച്ചയായി. വിഷമയമായ പച്ചക്കറി അടുക്കളത്തോട്ടങ്ങളിലേക്കും ജൈവകൃഷിയിലേക്കും മടങ്ങാൻ മലയാളിയെ പ്രേരിപ്പിച്ചതുപോലെ  തങ്ങളും പുതുതായി ജനോപകാരപ്രദവും നാടിന്റെ കാർഷികോത്പാദനത്തിന് മുൻതൂക്കം നൽകുന്നതുമായ ഒരു സംരംഭത്തിന് തുടക്കം കുറിക്കേണ്ടതുണ്ടെന്ന് അവർ തീരുമാനിച്ചു. അങ്ങനെ   ആ സുഹൃദ്‌സംഘത്തിന്റെ മനസ്സിൽ മൊട്ടിട്ട സംരംഭമാണ് സമഗ്ര ചാരിറ്റബിൾ സൊസൈറ്റി. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ഉത്പാദനത്തിൽ നാടിനെ സ്വയം പര്യാപ്തമാക്കുന്ന രീതിയിലുളള സംരംഭവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സമഗ്ര 'നമുക്കൊരു മുട്ട....നാടിനൊരു മുട്ട' എന്ന മുദ്രാവാക്യം (സ്ലോഗൻ) അതിനുവേണ്ടി തിരഞ്ഞെടുത്തു. തുടർന്ന് 'സമഗ്ര' എന്ന പേരിൽ ചാരിറ്റബിൽ സൊസൈറ്റി ആക്ട് അനുസരിച്ച് സ്ഥാപനം രജിസ്റ്റർ ചെയ്തു.ഇന്ന് കേരളത്തിൽ സമഗ്രയ്ക്ക് കീഴിൽ ഒരു മുട്ട വിപ്ലവം തന്നെ അരങ്ങേറുകയാണ്.തികഞ്ഞ സാമൂഹികപ്രതിബദ്ധത, സ്ത്രീ-പുരുഷശാക്തീകരണം, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങളുമായാണ് സമഗ്ര മുന്നോട്ടു കുതിക്കുന്നത്.
നമ്മുടെ കാലാവസ്ഥയ്ക്കും സാമൂഹികജീവിതക്രമത്തിനും അനുസരിച്ചുളള ആധുനിക കോഴിക്കൂടുകളുടെ നിർമ്മാണവും ഉയർന്ന ഗുണനിലവാരമുളളതും മുട്ട ഉത്പാദനശേഷി കൂടിയതുമായ കോഴികളെ കണ്ടെത്തുകയുമായിരുന്നു ആദ്യത്തെ ഉദ്യമം. അതിനുവേണ്ടി സമഗ്ര ഇന്ത്യയിലെയും കേരളത്തിലെയും പൗൾട്രി രംഗത്തുളള വിദഗ്ദ്ധരുമായി നേരിട്ടും ഫോൺ മുഖാന്തരവും സംവാദം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ആധുനിക കോഴിക്കൂടുകളുടെ നിർമ്മാണത്തിനായുളള സാങ്കേതികതയും അതിന്റെ രൂപകല്പനയും സ്വന്തമാക്കി ഉയർന്ന മുട്ട ഉത്്പാദനശേഷിയുളള കോഴികൾക്കായി മുട്ടക്കോഴികളിൽ ഏറ്റവും മികച്ചത് എന്ന വിശേഷണമുളള വെങ്കിടേശ്വര ഹാച്ചറിയുടെ ബി വി 380 (BV-380) എന്ന ഇനം കോഴികളെയും തിരഞ്ഞെടുത്തു.
മുട്ട ഉത്പാദനരംഗത്തേക്ക് കർഷകരെ ആകർഷിക്കുകയും അവർക്ക് മുട്ട ഉത്പാദനത്തിനും പരിപാലനത്തിനും ഉളള പരിശീലനം നൽകി കേരളത്തിനെ മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുക എന്നതുമായിരുന്നു അടുത്ത ഉദ്യമം. അതിനായി വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർക്ക് അവരവരുടെ വീടുകളിൽ ഇരുന്നു പങ്കെടുക്കാവുന്ന തരത്തിൽ പരിശീലനം നല്കി. അതോടൊപ്പം ഈ രംഗത്തേക്കു കടന്നുവരുന്ന കർഷകർക്ക് പരിപൂർണ്ണ പിന്തുണയും സംരക്ഷണവും ഉറപ്പുവരുത്തി.  അതിനുവേണ്ടി 24 മണിക്കൂറും  കർഷകർക്ക് ബന്ധപ്പെടാവുന്ന രീതിയിൽ ഒരു ഹെൽപ്പ് ലൈൻ നമ്പറും സ്ഥാപിച്ചു. ഇവയെല്ലാം കൂട്ടിച്ചേർത്ത് യുട്യൂബിലും സാമൂഹ്യമാധ്യമങ്ങൾ വഴിയും പ്രചാരണം നൽകി.
പ്രതീക്ഷിച്ചതിലും വളരെ ഉയർന്ന രീതിയിലുളള പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. അത് സമഗ്രയുടെ പ്രൊജക്ടിന് ആത്മവിശ്വാസവും ആക്കവും വർദ്ധിപ്പിച്ചു.
ഇന്ന് കേരളത്തിൽ പൗൾട്രി രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന വളരെ ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണ് സമഗ്ര. കേരളത്തിലുടനീളം സമഗ്ര ഏഴ് വർഷം കൊണ്ട് ഏതാണ്ട് പതിനായിരത്തോളം കർഷകരെ കണ്ടെത്തുകയും അയ്യായിരത്തോളം മുട്ട ഉത്പാദന പ്രൊജക്ടുകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് കേരളത്തിൽ പ്രതിദിനം രണ്ടുലക്ഷത്തിലധികം മുട്ടകൾ തദ്ദേശീയമായി സമഗ്രയുടെ കർഷകർ ഉത്പാദിപ്പിച്ചുവരുന്നു.
വരുന്നു മികച്ച പദ്ധതികൾ
ഭിന്നശേഷിക്കാർക്കും വനിതകൾക്കും അന്ധർക്കും മറ്റുമായി പ്രത്യേകം പ്രത്യേകം പ്രൊജക്ടുകൾ സമഗ്ര വിഭാവനം ചെയ്തു. തിരുവനന്തപുരത്ത് അൻപതോളം അന്ധരെ കണ്ടെത്തി അവർക്ക് ഒരു വിശാലമായ പ്രൊജജക്ട് സമഗ്ര വിഭാവനം ചെയ്തുവരുന്നു, അതിനുളള സർവ്വെ നടന്നുകഴിഞ്ഞു. ലോകത്ത് മുട്ട ഉത്പാദനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് എന്നാണ് ഏറ്റവും അവസാനമായി ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ കേരളത്തിന്റെ വിഹിതം 6 ശതമാനം മാത്രമാണ്. എന്നാൽ മുട്ട ഉപഭോഗത്തിൽ നമ്മുടെ സംസ്ഥാനം മുൻപന്തിയിലാണ് താനും. കേരളത്തെ മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക, ആഗോള തലത്തിൽ ഇന്ത്യയെ മൂന്നാം സ്ഥാനത്തുനിന്നും ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുട്ട ഉത്പാദനത്തിൽ അഭ്യസ്തവിദ്യരേയും വീട്ടമ്മമാരെയും ഉൾപ്പെടുത്തി ഒരു ബൃഹത്തായ പദ്ധതി സമഗ്രയുടെ പ്രവർത്തകർ വിഭാവനം ചെയ്തുവരികയാണ്.  അതിനുവേണ്ടി വിവിധ ബാങ്കിംഗ് സ്ഥാപനങ്ങളുമായി സാമ്പത്തിക സഹായത്തിനായുളള ചർച്ചകൾ പുരോഗമിക്കുന്നു.
പക്ഷേ, ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഈ മേഖലയിലേക്കു കടന്നുവരുന്ന കർഷകർക്ക് വേണ്ട പ്രോത്സാഹനവും സംരക്ഷണവും ലഭിക്കുന്നില്ല എന്നാണ് സമഗ്രയുടെ പരാതി. ഗവണ്മെന്റിന്റെഭാഗത്തുനിന്നും വേണ്ട പ്രോത്സാഹനവും സഹകരണവും ലഭിച്ചാൽ, അതായത് മൈക്രോ ഫിനാൻസ് വഴിയുളള സാമ്പത്തിക സഹായവും തീറ്റകൾക്കുളള സബ്‌സിഡിയും ഇൻഷൂറൻസും നൽകുകയും കുടുംബശ്രീ-വെറ്ററിനറി-കൃഷിവകുപ്പ്്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകീകരിച്ച പ്രവർത്തനങ്ങൾ ഉണ്ടാകുകയും ചെയ്താൽ ഈ മേഖലയിൽ കേരളം സ്വയംപര്യാപ്തമാകും എന്ന് സമഗ്ര ഉറപ്പിച്ചു പറയുന്നു. കോഴിത്തീറ്റകളുടെ ക്രമാതീതമായ വിലവർദ്ധനയാണ് ഇന്ന് ഈ മേഖലയിലെ കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ ഒന്ന്. സബ്‌സിഡിയോടുകൂടി,റേഷൻ കടകൾ വഴിയും മറ്റ് കാർഷിക സഹകരണ സംഘങ്ങൾ വഴിയും കോഴിത്തീറ്റ ഗവണ്മെന്റ് വിതരണം ചെയ്യണമെന്നാണ് സമഗ്രയുടെ ആവശ്യം.
ലോക മുട്ട ദിനത്തിൽ                 സൗജന്യമായി മുട്ട
ഓരോ വർഷവും ഒക്ടോബർ മാസം രണ്ടാമത്തെ വെളളിയാഴ്ച വേൾഡ് എഗ്ഗ് ഡേ ആയി ഇന്റർനാഷണൽ എഗ്ഗ് കമ്മീഷൻ ആചരിച്ചുവരുന്നു. കേരളത്തിൽ സമഗ്ര മാത്രമാണ് 'വേൾഡ് എഗ്ഗ് ഡേ' അഥവാ 'ലോക മുട്ട ദിനം' ആചരിച്ചുവരുന്ന ഈ മേഖലയിലെ പ്രസ്ഥാനം. ഓരോ വേൾഡ് എഗ്ഗ് ഡേയുമായി ബന്ധപ്പെട്ട് എല്ലാ വർഷവും സമഗ്ര പൊതുജനങ്ങൾക്ക് സൗജന്യമായി മുട്ട വിതരണം ചെയ്തുവരുന്നു. 14/10/2022-ലെ വേൾഡ് എഗ്ഗ് ഡേയിൽ 5000 മുട്ടയാണ് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകിയത്. കൊവിഡ് കാലഘട്ടത്തിനു മുൻപുവരെ തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത അങ്കണവാടികളിലും സ്‌കൂളുകളിലും സൗജന്യമായി മുട്ട വിതരണം ചെയ്തുവന്നിരുന്നു. കഴിഞ്ഞ വർഷത്തെ സമഗ്രയുടെ 'വേൾഡ് എഗ്ഗ് ഡേ'ആഘോഷപ്രവർത്തനങ്ങൾ ഇന്റർനാഷണൽ എഗ്ഗ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അത് സമഗ്രയ്ക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര അംഗീകാരമായി കണക്കാക്കാം.   സമഗ്ര മമ്മീസ് ഫാം
വാർദ്ധക്യത്തിൽ സ്വന്തം ചെലവുകൾക്കായി ബുദ്ധമുട്ടുന്ന അമ്മമാരുളള നാടാണ് നമ്മുടേത്.  ഇത്തരം അമ്മമാർക്ക് ഒരു വരുമാന മാർഗ്ഗമാണ് സമഗ്രയുടെ കാർഷികവിപ്ലവ പദ്ധതിയായ 'മമ്മീസ് ഫാം'. സുരക്ഷിതമായ ഹൈടെക് കോഴിക്കൂടും അത്യാധുനിക മുട്ട ഉത്പാദന ശേഷിയുളള 96 മുന്തിയ ഇനം ബിവി -380 കോഴികളും അമ്മമാരുടെ വീട്ടുമുറ്റങ്ങളിൽ സമഗ്ര എത്തിക്കുന്നു. അതോടൊപ്പം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മുട്ട ഉത്പാദനത്തിന് അത്യന്താപേക്ഷിതമായ അസോള കുളവും കോഴികൾക്കാവശ്യമായ മരുന്നുകളും പോഷകാഹാരങ്ങൾ, മുട്ടകളുടെയും കോഴികളുടെയും വിൽപനാനന്തരസേവനം എന്നിവ സമഗ്രയുടെ മമ്മീസ് ഫാമിലൂടെ നൽകിവരുന്നു.വിശാലമായ വീട്ടുമുറ്റങ്ങളിൽ നിന്ന് പരിമിതമായ സ്ഥലങ്ങളിലേക്ക് ചേക്കേറിയ മലയാളികളുടെ സ്ഥലപരിമിതി കണക്കിലെടുത്ത് സമഗ്ര വീട്ടമ്മമാരുടെ സൗകര്യാർത്ഥം ഒരു കുടുംബത്തിൽ അധികവരുമാനം കണ്ടെത്താമെന്ന ഉദ്ദേശത്തോടെ വീടിന്റെ പരിസരത്തോ ടെറസ്സിലോ മമ്മീസ് ഫാം തയ്യാറാക്കുന്ന രീതിയിലാണ് കോഴിക്കൂടിന്റെ രൂപകല്പന
പതിനഞ്ച് അടി നീളവും പതിനൊന്നടി വീതിയുമുളള സമഗ്രയുടെ ഹൈടെക് കോഴിക്കൂടുകൾ അന്താരാഷ്ട്ര ഗുണനിലവാരമുളള അസംസ്‌കൃതവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. കോഴികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്‌ക്കൊപ്പം മുട്ട ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിലുളളതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുളളതുമായ സംഗീത ചികിത്സയിൽ അധിഷ്ഠിതമായ റേഡിയോ മ്യൂസിക് സിസ്റ്റം സമഗ്രയുടെ മാത്രം സംഭാവനയാണ്.
അത്യാധുനിക ജീവിതസാഹചര്യങ്ങളിലും ജീവിത സംഘർഷങ്ങളിലുംപെട്ട് ഉഴലുന്ന സമൂഹത്തിലെ ഇന്നത്തെ ജീവിതശൈലീരോഗങ്ങളായ രക്തസമ്മർദ്ദം,കൊളസ്‌ട്രോൾ എന്നിവയിൽ നിന്ന് മുക്തിനേടാൻ ഉതകുന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ കോഴിമുട്ടകൾ നമ്മുടെ കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യം പ്രദാനം ചെയ്യുന്നു.
18 ആഴ്ച പ്രായമായതും വിതറണം ചെയ്ത് രണ്ടാഴ്ചയ്ക്കകം മുട്ടയിടാൻ പര്യാപ്തവുമായ മുന്തിയഇനം ബിവി -380 കോഴികളാണ് സമഗ്ര മമ്മീസ് ഫാം എന്ന കാർഷികപദ്ധതിയിലൂടെ അമ്മക്കൈകളിലേക്ക് എത്തിക്കുന്നത്.വാർദ്ധക്യത്തിലും വരുമാനം എതാണ്  മമ്മീസ് ഫാമിന്റെ ജീവിതമന്ത്രം.
നമുക്കൊരു മുട്ട ....നാടിനൊരു മുട്ട
പണ്ടൊന്നും കോഴികളെ വളർത്താത്ത വീട് കേരളത്തിൽ ഇല്ലായിരുന്നു. വീട്ടിലെ ആവശ്യത്തിനായും വീട്ടമ്മമാർ തങ്ങളുടെ ചെറിയ വരുമാനമാർഗ്ഗമായും വീട്ടിൽ കോഴികളെ വളർത്തിയിരുന്നു. കാലം പോകെ ആ ശീലം മലയാളിക്ക് കൈമോശം വന്നു. തത്ഫലമായി നാടൻ മുട്ടയ്ക്കു പകരം നാമക്കൽ തുടങ്ങി തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ ഉത്പാദിപ്പിക്കുന്ന മുട്ടകൾ നമ്മുടെ വിപണി കീഴടക്കി. ഈ മുട്ടകൾ കഴിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്നതായി നമ്മുടെ അവസ്ഥ. കുട്ടികളിലും മുതിർന്നവരിലും കാർഷിക അവബോധം വളർത്തുക, കൃഷിയിലൂടെ വരുമാനം കണ്ടെത്തുക വിഷരഹിത കാർഷിക ഉൽപന്നങ്ങളുടെ ഉല്പാദനം, ഉപഭോഗം, വിപണനം തുടങ്ങിയ ലക്ഷ്യം വച്ചുകൊണ്ട് മുട്ടക്കോഴി വളർത്തൽ അനുബന്ധ ഉത്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുവാൻ ഉള്ള ഒരു സമ്പൂർണ്ണ കാർഷിക കർമ പദ്ധതിക്കാണ് സമഗ്രയുടെ 'നമുക്കൊരു മുട്ട...നാടിനൊരു മുട്ട' പ്രചാരണത്തിലൂടെ അടിത്തറ പാകിയത്. ഓരോ വീട്ടിലും ഒരു കോഴികൂട് എന്ന ആശയമാണ് 'സമഗ്ര' മുന്നോട്ടുവയ്ക്കുന്നത്. ഈ പദ്ധതിയിൽ പങ്കാളികളാകുന്ന ഓരോ വീടും ഓരോ മൈക്രോ യൂണിറ്റുകൾ ആയി കണക്കാക്കുകയും, ഓരോ മൈക്രോ യൂണിറ്റുകളിലേക്കും അതുത്പാദന ശേഷിയുള്ള ബി വി 380 കോഴികളും അവയെ വളർത്താൻ ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഹൈടെക് കൂടുകളും ജൈവ കോഴിത്തീറ്റയും  ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നു.  കോഴി വിസർജ്യം ദുർഗന്ധരഹിമാക്കുന്നതിനായി ഈർപ്പം ഏൽക്കാത്ത തരത്തിലുള്ള കൂടുകൾ ഈ പദ്ധതിയുടെ പ്രത്യേകതയാണ്. 120 ദിവസം വളർച്ച എത്തുന്ന കോഴി 17 മാസം തുടർച്ചയായി മുട്ടയിടും. ഗുണഭോക്താക്കളുടെ ചുറ്റുപാടിനെ വലിപ്പവും സൗകര്യവും പരിഗണിച്ച് 10, 24, 48, 96  എണ്ണം മുട്ടക്കോഴികൾ അടങ്ങിയ യൂണിറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.
യൂണിറ്റിന്റെ പരിപാലനം ഗുണഭോക്താക്കളുടെയും ''സമഗ്ര'' യുടെയും കൂട്ടായ്മയിൽ ശാസ്ത്രീയമായ രീതിയിൽ സമയാധിഷ്ഠിതവും കാര്യക്ഷമവുമായി നിർവഹിക്കുകയും ആവശ്യമായ സന്ദർഭങ്ങളിൽ യൂണിറ്റിന്റെ പൂർണമായ പരിപാലനവും സംരക്ഷണവും സമഗ്ര  ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ പദ്ധതിയിൽ പങ്കാളികളായവരുടെ ആവശ്യം അനുസരിച്ച്  ആഴ്ചതോറുമുള്ള പരിപാലനം, മാസംതോറുമുള്ള പരിപാലനം തുടങ്ങിയവയും സമഗ്ര ലഭ്യമാകുന്നു.നമുക്കൊരു മുട്ടനാടിന് ഒരു മുട്ട എന്ന കർഷക സംരംഭത്തിൽ നമുക്ക് ഒരുമിച്ച് പങ്കാളികളാവാം ഓരോ യൂണിറ്റും സമൂഹ നന്മയ്ക്കു വേണ്ടിയുള്ള ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ വളർത്തിയെടുക്കാം.  ഒരു നൂതന കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകി നമുക്ക് മുന്നേറാം.
(സംശയനിവാരണത്തിന്: മൊബൈൽ-90723 92938, 98464 92938, 7902725928)

 

ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉള്ളത് പോലെ മുട്ടക്കോഴി കർഷകർക്കും ഇൻഷുറൻസ് പരിരക്ഷയും പ്രാദേശിക സഹകരണ സംഘങ്ങളോട് ,സർക്കാർ വായ്പ കൊടുക്കാൻ നിർദേശിക്കുകയും ചെയ്യുകയാണെകിൽ മുട്ട ഉത്പാദനത്തിൽ നമുക്ക് സ്വയം പര്യാപ്തത കൈവരിക്കാം

 

Post your comments