Global block

bissplus@gmail.com

Global Menu

75 വർഷം, ശുദ്ധമായ സുഗന്ധം ദൈവികമായ അനുഭവം - സൈക്കിൾ പ്യുവർ അഗർബത്തീസ്

പ്ലാറ്റിനം ജൂബിലി നിറവിൽ
സൈക്കിൾ പ്യുവർ അഗർബത്തീസ്
പ്രതിവർഷ ഉത്പാദനം 1300 കോടി തിരികൾ.
പ്രതിവർഷം 1000 കോടി ടേൺഓവർ

 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഒരു കൗമാരക്കാരൻ കുടിൽവ്യവസായമെന്ന നിലയിൽ അഗർബത്തി നിർമാണം ആരംഭിക്കുക.  പിന്നീട് സർക്കാർ ജോലി കിട്ടിയിട്ടും തന്റെ സംരംഭത്തെ ഒപ്പംകൊണ്ടുനടന്ന് അതിനെ ലോകോത്തരബ്രാൻഡാക്കി വളർത്തുക. മൂന്നാം തലമുറയിലെത്തി നിൽക്കുമ്പോൾ ആ ബ്രാൻഡ് വളർന്ന് 12 ബില്യണോളം അഗർബത്തികൾ വിൽക്കുന്ന, രാജ്യത്തിന്റെ അഭിമാനമായ, ആത്മീയതയുടെ സുഗന്ധമായി മാറിയ പ്രസ്ഥാനമാകുക-  സുഗന്ധതിരികളിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ സൈക്കിൾ പ്യുവർ അഗർബത്തീസിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 'പ്രാർത്ഥിക്കുവാൻ എല്ലാവർക്കുമൊരു കാരണമുണ്ടാകും' എന്ന  പരസ്യവാചകത്തോടൊപ്പം നാം ഈ സുഗന്ധതിരി ബ്രാൻഡിനെയും നാം ഹൃദയത്തിലേറ്റി.
1948ൽ എൻ.രംഗറാവുവാണ് സൈക്കിൾ അഗർബത്തീസ് സ്ഥാപിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രംഗറാവു അന്ന് തുടക്കമിട്ട അഗർബത്തി ബിസിനസ്് ഇന്ന് ഒരൊറ്റ വർഷത്തിൽ 1,000 കോടിയോളം വരുമാനം നേടുന്ന, 75ഓളം രാജ്യങ്ങളിൽ വിപണിപിടിച്ച വമ്പൻ  ബ്രാൻഡായി മാറിക്കഴിഞ്ഞു.
1912 -ൽ മധുരയിലാണ് എൻ.രംഗറാവു ജനിച്ചത്.  വളരെ ചെറിയ പ്രായത്തിൽ രംഗറാവുവിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അച്ഛന്റെ മരണശേഷം ജീവിതം കരുപ്പിടിപ്പിക്കാൻ ബാല്യത്തിൽ തന്നെ പല തൊഴിലുകൾ ചെയ്യേണ്ടിവന്നു രംഗറാവുവിന്.  ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്താതെ ജീവിതത്തിൽ കൂടുതൽ കരുത്തനായി തിരിച്ചുവരാനാണ് ആ ചെറിയ പ്രായത്തിലും രംഗറാവു ശ്രമിച്ചത്. മൈസൂരിൽ സ്റ്റോർ സൂപ്പർവൈസറായി  ജോലിചെയ്യുന്ന സമയത്താണ് ഒരു അഗർബത്തി ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്.1940-ൽ മൈസൂരു പ്രൊഡക്ട്‌സ് ആന്റ് ട്രേഡിംഗ് കമ്പനി എന്ന പേരിൽ വീട്ടിൽ തന്നെ അഗർബത്തികളുണ്ടാക്കി വിൽക്കുന്ന ബിസിനസ്സ് തുടങ്ങി.മുത്തശ്ശിയുടെ സഹായത്തോടെ അഗർബത്തികൾ വീട്ടിലുണ്ടാക്കി മാർക്കറ്റിൽ വിൽപ്പന നടത്തുകയാണ് ആദ്യ ഘട്ടങ്ങളിൽ ചെയ്തു വന്നിരുന്നത്.പിന്നീട് സർക്കാർ ജോലി കിട്ടിയെങ്കിലും സ്വന്തം ബിസിനസ് ഒപ്പം കൊണ്ടുനടന്നു. 1948ൽ എല്ലാ പ്രതിസന്ധികളേയും മറികടന്ന് മൈസൂരിൽ ഒരു അഗർബത്തി നിർമ്മാണ ഫാക്ടറിയും സ്ഥാപിച്ചു.പിന്നീട് രംഗറാവുവിന്.തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല   സൈക്കിൾ പ്യൂവർ അഗർബത്തീസ്, പൂജാ ഉത്പന്നങ്ങൾ എന്നീ സെഗ്മെന്റുകളിലൂടെ ബിസിനസ്സ് അനുദിനം വളർന്നു. ഇന്ന് വിവിധ സംരംഭങ്ങളിലൂടെ, 1,700കോടിയോളം വരുമാനം നേടുന്നുണ്ട് എൻ.ആർ ഗ്രൂപ്പ്.
ഇന്നവേഷനെന്നത് എൻആർ ഗ്രൂപ്പിന്റെ കരുത്താണ്. ടിൻ പാക്കേജിംഗിൽ നിന്ന് കാർഡ്‌ബോർഡ് പാക്കേജിംഗിലേക്ക് മാറിയ ആദ്യത്തെ അഗർബത്തി നിർമ്മാണ കമ്പനിയാണ് എൻആർ ഗ്രൂപ്പ്. ഈ തരത്തിലുള്ള പാക്കേജിംഗ്, നിർമ്മാണച്ചെലവും മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നു.2011-ൽ, എൻആർ ഗ്രൂപ്പ്, രംഗാസൺസിലൂടെ ഡിഫൻസ് സൊല്യൂഷൻസ്, രംഗത്തേക്കും കടന്നു. ഇതുകൂടാതെ,  കീഠ അധിഷ്ഠിതമായ സെയിൽസ് ഡെയറി ആപ്പ്, പ്യുവർ പ്രേയർ ആപ്പ്, ഒരൊറ്റ അഗർബത്തിയിൽ നിന്ന് രണ്ട് അഗർബത്തിയുടെ സുഗന്ധം ലഭിക്കുന്ന തരത്തിലുള്ള പ്യുവർ ഫ്രാഗ്രൻസ് ഇൻഫ്യൂഷൻ സിസ്റ്റം തുടങ്ങി ബിസിനസ്സ് വിപുലമാക്കാൻ കമ്പനി നടത്തുന്ന പരീക്ഷണങ്ങൾ ചെറുതല്ല.ഓം ശാന്തി ബ്രാൻഡിനു കീഴിലായി പൂജാ സാമഗ്രികളുടെ വിപണന പ്ലാറ്റ്‌ഫോം, ലിയ റൂം ആന്റ് കാർ ഫ്രഷ്‌നർ, ബാത്ത്‌റൂം ഫ്രഷ്‌നർ തുടങ്ങിയവയും കമ്പനിയുടേതായി വിപണിയിലുണ്ട്.
വലിയ അഗർബത്തി ബ്രാൻഡുകൾ വിപണി കൈയ്യടക്കി വച്ചിരുന്ന കാലത്താണ്  അദ്ദേഹം അഗർബത്തികൾ വീട്ടിലുണ്ടാക്കി വിൽക്കാൻ തുടങ്ങിയത്.അവയോടെല്ലാം പട വെട്ടിയാണ് ഇപ്പോഴും മാർക്കറ്റിലെ പ്രധാന അഗർബത്തി ബ്രാൻഡുകളിലൊന്നായി  സൈക്കിൾ നിലനിൽക്കുന്നതെന്നും എൻആർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും മൂന്നാം തലമുറയിലെ അംഗവുമായ അർജ്ജുൻ രംഗ പറയുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസി (CII)ന്റെ റീജിയണൽ കോൺഫറൻസിനായി കേരളത്തിലെത്തിയ അർജ്ജുൻ രംഗയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്......
കേരളത്തിൽ എത്ര സൈക്കിൾ അഗർബത്തി സ്റ്റോറുകളുണ്ട്?
എട്ട് എക്‌സ്‌ക്ലൂസീവ് സൈക്കിൾ അഗർബത്തി സ്‌റ്റോറുകളാണ് കേരളത്തിലുളളത്. ഇന്ത്യയിൽ മൊത്തത്തിൽ 30 സ്‌റ്റോറുകളുണ്ട്. രണ്ട് വർഷത്തിനുളളിൽ ഇന്ത്യയിലാകെ 300 ഉം കേരളത്തിൽ 30 ഉംഎക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളായി വളർത്തുക എന്നതാണ് ലക്ഷ്യം.
ജില്ലാതലത്തിൽ സ്‌റ്റോറുകളുണ്ടോ?
ഇല്ല. ഉപഭോഗത്തിനനുസരിച്ചാണ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളുടെ ലൊക്കേഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രാൻഡ് ബിൽഡിംഗ് കൂടി ലക്ഷ്യമിട്ടാണ് എക്‌സ്‌ക്ലൂസീവ് ഷോറുമുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൈക്കിൾ ബ്രാൻഡിന് കീഴിലെ എല്ലാ ഉത്പന്നങ്ങളും അവിടെ ലഭിക്കും. കസ്റ്റമറിന് തങ്ങളുടെ അഭിരുചിക്കനുസരിച്ചുളള ഉത്പന്നങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനുളള സൗകര്യവുമുണ്ട്. സ്‌റ്റോറുകൾ കമ്പനി നേരിട്ടാണ് മാനേജ് ചെയ്യുന്നത്. ഫ്രാഞ്ചൈസികളില്ല.
കേരളത്തിലെ സ്റ്റോറുകളുടെ പെർഫോമൻസ്?
2022-ൽ കൊവിഡനന്തരമാണ് കേരളത്തിലെ എട്ട് സ്‌റ്റോറുകൾ തുടങ്ങിയത്. പ്രാരംഭഘട്ടത്തിലാണ്.പെർഫോമൻസിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ 2023 ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട വർഷമാണ്.
ഭാവി പദ്ധതികൾ?
ഇന്നൊവേഷൻ ആണ് സൈക്കിൾ പ്യൂവർ അഗർബത്തിയെ (എൻ.ആർ ഗ്രൂപ്പിനെ) എന്നും മുന്നോട്ടുനയിച്ചത്. ഉത്പന്നങ്ങളിലും വിതരണത്തിലും ഇന്നൊവേഷൻ തുടരും. പുതിയ കൺസെപ്റ്റുകൾ കൊണ്ടുവരും. ഹോം ഫ്രാഗ്രൻസ് വിഭാഗത്തിൽ വൻ ബിസിനസ് വികസനത്തിന് ഊന്നൽ നൽകും. ഈ വിഭാഗത്തിൽ ഐറിസ് എന്ന ബ്രാൻഡ് ഞങ്ങൾക്കുണ്ട്. അതുപോലെ ലിയ എന്ന പേരിൽ റൂംഫ്രഷ്‌നറുകൾ, ഡിഎൻഎ എന്ന പേരിൽ ഡിയോ തുടങ്ങി അഗർബത്തീസിന് പുറമെ പെഴ്‌സണൽ കെയർ, ഹോം ഫ്രാഗ്രൻസ്, പൂജാ സാമഗ്രികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സ്വന്തം ബ്രാൻഡുകളുണ്ട്. കയറ്റുമതി വിഭാഗത്തിൽ പ്രത്യേകം ബ്രാൻഡുമുണ്ട്. എൻ.ആർ ഗ്രൂപ്പിന്റേത് ഫോക്കസ് സെന്റേർഡ് ബ്രാൻഡുകളാണ്. ശുദ്ധമായ ഇൻഗ്രേഡിയന്റ്‌സ് ഉപയോഗിച്ച് നിർമിച്ച ലോകോത്തരനിലവാരമുളള ഉത്പന്നങ്ങൾ നിർമിച്ചു ഉപഭോക്താക്കളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കമ്പനി എന്നും മുന്നോട്ടുപോയിട്ടുളളത്. ഇനിയും അങ്ങനെതന്നെയായിരിക്കും. കൂടുതൽ ഇന്നൊവേഷനുകളും പ്രൊഡക്ട് അപ്‌ഡേഷനുകളും ഉണ്ടാവും.ധാർമികതയിലൂന്നി സുസ്ഥിരതയോടെയും പരിസ്ഥിതിസൗഹൃദപരമായും ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ് കമ്പനിയുടെ ദർശനം.
ധാർമികത എന്നു പറയുമ്പോൾ?
രാജ്യത്തെ നിയമങ്ങളൊക്കെ പാലിച്ച്, കമ്പനിയുടെ വളർച്ചയ്‌ക്കൊപ്പം സമൂഹത്തിന്റെ നന്മയും തൊഴിലാളികളുടെ ഉന്നമനവും ലക്ഷ്യമിട്ട് മുന്നോട്ടുപോവുക എന്ന പാതയാണ് കമ്പനി എന്നും സ്വീകരിച്ചിട്ടുളളത്. 1970-ൽ മികച്ച നികുതി ദായകനുളള പുരസ്‌കാരം എൻ.ആർ.ഗ്രൂപ്പ നേടി.
കുടുംബബിസിനസ് ആണല്ലോ?
അതെ, എന്റെ അച്ഛന്റെ അച്ഛനാണ് അഗർബത്തി ബിസിനസ് ആരംഭിച്ചത്.  വളരെ ആത്മീയമായ പശ്ചാത്തലമുളള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. രണ്ടാം തലമുറയിൽ എന്റെ അച്ഛനും രണ്ട് സഹോദരന്മാരുമാണ് ബിസിനസ് മുന്നോട്ടുകൊണ്ടുപോയത്. 2000-ലാണ് ഞാൻ ബിസിനസിലേക്ക് വരുന്നത്. ഇന്ന്്  ലോകത്തിൽ ഏറ്റവും വലിയ സുഗന്ധതിരി ബ്രാൻഡാണ് സൈക്കിൾ പ്യൂവർ അഗർബത്തീസ്. 75 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.
ഇന്ത്യയിൽ നിന്നുളള അഗർബത്തികൾ കൂടുതലും കയറ്റുമതി ചെയ്യപ്പെടുന്നത് അമേരിക്കയിലേക്കാണ്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം കയറ്റുമതി ചെയ്യപ്പെടുന്നത് കൂടുതലും മിഡിൽ ഈസ്റ്റിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമാണ്. ആഫ്രിക്കയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും കയറ്റുമതിയുണ്ട്.
ഫ്രാഗ്രൻസ് ബിസിനസിനെ സംബന്ധിച്ച് ഇന്ത്യ ഒരു വലിയ വിപണിയാണോ?
നിലവിൽ അല്ല. ഭാവിയിൽ തീർച്ചയായും വലിയ വിപണിയായി മാറാം.
കൊവിഡനന്തരം ബിസിനസ്?
ബിസിനസ് പൂർവ്വസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പിന്നെ കൊവിഡ് കാലത്ത് അഗർബത്തികളുടെയും ഹോം ഫ്രാഗ്രൻസ് വിഭാഗത്തിലെ ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചതേയുളളു.  വീട്ടിൽ എല്ലാവരും അടച്ചിരിക്കുമ്പോൾ, പ്രത്യേകിച്ചും മഹാമാരിക്കാലത്ത് അത് സ്വാഭാവികമാണല്ലോ.
ചെറുകിട കച്ചവടക്കാരും കുടിൽ വ്യവസായമായി അഗർബത്തി ഹോം ഫ്രാഗ്രൻസ് ബിസിനസ് ചെയ്യുന്നവരുമുണ്ടല്ലോ. മിക്കപ്പോഴും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്നുമില്ല. അപരന്മാരും വരാം. ആ വെല്ലുവിളി എങ്ങനെ നേരിടുന്നു?
തീർച്ചയായും അതൊരു വെല്ലുവിളിയാണ്. പക്ഷേ ഞങ്ങൾക്ക് നല്ലൊരു കൺസ്യൂമർ ബേസ് ഉണ്ട്. അതുമാത്രമല്ല സുസജ്ജമായ ഒരു ഗവേഷണ-വികസനവിഭാഗവും ഉണ്ട്. നിശ്ചിത ഇടവേളയിൽ ഞങ്ങൾ പ്രൊഡക്ട് അപ്ഗ്രഡേഷൻ നടത്തുന്നു. വ്യക്തമായ പ്ലാനിങ്ങിലൂടെ, നിരീക്ഷണത്തിലൂടെ എല്ലാ വെല്ലുവിളികളും നേരിട്ട് മുന്നോട്ടുപോകുന്നു.
കർണാടകയിലെ CII പ്രവർത്തനങ്ങൾ വിശദീകരിക്കാമോ?
തീർച്ചയായും അതൊരു മികച്ച അനുഭവമായിരുന്നു. എന്റെ മുൻഗാമികളിൽ നിന്ന് വളരെയേറെ പഠിക്കാനുണ്ടായിരുന്നു. ഭരണകൂടവുമായും ഉദ്യോഗസ്ഥവൃന്ദവുമായും അടുത്ത് പ്രവർത്തിക്കാനായതിൽ നിന്ന് എല്ലാവരും നന്മയാണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലായി. അതുപോലെ പരാതി പറയൽ കുറച്ച് കൂടുതൽ പ്രവർത്തിക്കണമെന്ന പാഠവും അക്കാലത്തെ നേട്ടങ്ങളിലൊന്നാണ്. നമുക്കെല്ലാവർക്കും പരിഹാരത്തെക്കാൾ പ്രശ്‌നങ്ങൾ കണ്ടെത്തുക എന്ന ശീലമുണ്ട്. അത് മാറ്റണമെന്ന് എനിക്ക് അക്കാലത്തെ പ്രവർത്തനത്തിൽ നിന്ന് പഠിക്കാനായി. സിഐഐ കർണാടക ഘടകത്തിൽ 800 അംഗങ്ങളുണ്ട്.
ബിസിനസ് ലൊക്കേഷൻ എന്ന നിലയിലല്ലാതെ കേരളം നൽകുന്ന അനുഭവം?
വളരെ നല്ല സംസ്ഥാനം. എനിക്ക് കേരളത്തിൽ വരാൻ ഇഷ്ടമാണ്. കുട്ടിക്കാലത്ത് തേക്കടിയിലേക്കും വയനാട്ടിലേക്കും നടത്തിയ യാത്രകൾ ഇപ്പോഴും ഓർമയിലുണ്ട്.കൊച്ചി, കോവളം എല്ലാം പ്രിയപ്പെട്ട ഇടങ്ങളാണ്. കേരളത്തിലെ ആഹാരം പ്രത്യേകിച്ചും കേരള പൊറോട്ടയും കറിയും വളരെ ഇഷ്ടമാണ്.
സമർപ്പണവും ദീർഘവനീക്ഷണത്തോടെയുളള പ്രവർത്തനവുമാണ് സൈക്കിൾ പ്യൂവർ അഗർബത്തീസിനെയും എൻ.ആർ.ഗ്രൂപ്പിനെയും ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത്. പൂർണമായും സാങ്കേതികവിദ്യയിലൂന്നിയാണ് കമ്പനിയുടെ പ്രവർത്തനം. 30,000 പേർക്ക് പരോക്ഷമായും 6,000 പേർക്ക് നേരിട്ടും തൊഴിൽ നൽകുന്നു. കാർബൺ ന്യൂട്രലായാണ് ഉത്പന്ന നിർമ്മാണം. പാക്കേജിംഗ് ഉപകരണങ്ങളും പുനരുപയോഗിക്കാവുന്നവയാണ്. 2023 ആകുമ്പോഴേക്ക് പൂർണമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കണമെന്ന് ലക്ഷ്യമിട്ടാണ് കമ്പനി നിലവിൽ പദ്ധതികൾ പ്ലാൻ ചെയ്യുന്നത്.

 

Post your comments