Global block

bissplus@gmail.com

Global Menu

ദി കംപ്ലീറ്റ് മേക്കോവർ @ മോഹന വിജിൻ മേക്കോവർ സ്റ്റുഡിയോ

കാലം മാറി....ചമയസൂത്രവാക്യങ്ങളും മാറി.......ഇത് മേക്കപ്പിന്റെ കംപ്ലീറ്റ് മേക്കോവറിന്റെ കാലമാണ്. ചമഞ്ഞിറങ്ങുമ്പോൾ ഇത് ഏതാണീ സുന്ദരി ...അല്ലെങ്കിൽ സുന്ദരൻ എന്ന് ആരും അമ്പരന്നുനിന്നുപോകും വിധം മേക്കപ്പ് സങ്കേതങ്ങൾ മാറിയിരിക്കുന്നു.....മേക്കപ്പ് ആർട്ടിസ്റ്റുകളും. അത്തരത്തിൽ അനന്തപുരിയിൽ ബ്രൈഡൽ മേക്കപ്പിൽ ഖ്യാതി നേടിയ മേക്കപ്പ് ആർട്ടിസ്റ്റാണ് മോഹന വിജിൻ. മോഹനയും ഭർത്താവ് വിജിനും ചേർന്ന് നടത്തുന്ന തിരുമലയിലെ മോഹന വിജിൻ മേക്ക്ഓവർ സ്റ്റുഡിയോ ഇന്ന് യുവതലമുറയുടെ, മികച്ച ലുക്ക് നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. ചർമം, തലമുടി, മേക്കപ്പ് എന്നീ മൂന്നുവിഭാഗങ്ങളിൽ എല്ലാ ട്രീറ്റ്‌മെന്റുകളും ഇവിടെ ലഭ്യം. ഹൈഎൻഡ് പ്രൊഡക്ടുകൾ, മികച്ച സർവ്വീസ്, റീസണബിൽ റേറ്റ് എന്നതാണ് മോഹന വിജിൻ മേക്കോവർ സ്റ്റുഡിയോയുടെ സൂത്രവാക്യം. അണിഞ്ഞൊരുങ്ങിയിറങ്ങുന്ന വധുവിന്റെ മുഖത്തുദിക്കുന്ന ചിരിയേക്കാൾ വലിയ സമ്മാനമില്ലെന്ന് മോഹന പറയുന്നു. ബിസിനസ് പ്ലസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.......

 

 

 

 

ഈ മേഖലയിലെ തുടക്കം എങ്ങനെയാണ്?
കൊല്ലം വളളിക്കാവിലെ അമൃത വിശ്വവിദ്യാപീഠത്തിൽ ബിഎസ്എസി കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ ശേഷമായിരുന്നു വിവാഹം. കമ്പ്യൂട്ടർ രംഗവുമായി ബന്ധപ്പെട്ട ജോലികളിൽ  അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നില്ല. മാനേജിംഗ് തലത്തിലുളള ജോലികൾ നോക്കാൻ പറഞ്ഞു. അങ്ങനെ കുറച്ചുകാലം ജോലി ചെയ്തു. ഇളയമകൻ ജനിച്ചതോടെ ജോലി വിടേണ്ടി വന്നു. അതൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്താണ് ഒരു പ്രമുഖ സ്ഥാപനത്തിൽ ആറുമാസത്തെ ബ്യൂട്ടീഷൻ കോഴ്‌സിന്റെ പരസ്യം കാണുന്നത്. കുട്ടിക്കാലം മുതൽക്കേ മേക്കപ്പ് എന്റെ പാഷനാണ്. അങ്ങനെ ആ കോഴ്‌സിൽ ചേർന്നു പഠിച്ചു.അന്ന് തിരുവനന്തപുരത്ത് ലാക്‌മെയുടെ നാച്ചുറൽസോ , വിൽസിസിയോ പഠിപ്പിക്കുന്ന പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളൊന്നുമില്ല. അന്ന് ആകെയുണ്ടായിരുന്ന പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിച്ചു. ബ്യൂട്ടീഷൻ കോഴ്‌സിന് കോസ്‌മെറ്റോളജി സർട്ടിഫിക്കറ്റാണ് അവിടെ നിന്നും നൽകിയിരുന്നത്.
കോഴ്‌സ് കഴിഞ്ഞ് കുറേക്കാലം സ്വന്തമായി മേക്കപ്പ് ജോലികൾ ചെയ്തു. സുഹൃത്തിന് ഷോപ്പുണ്ടായിരുന്നു. അവിടെയും ആവശ്യമുളളപ്പോൾ പോയി സഹായിച്ചു. 2017-ലാണ് സ്വന്തമായി ഒരു സ്ഥാപനം എന്ന ചിന്ത വരുന്നത്. 2017 ജൂണിൽ പുത്തൻകട ജംഗ്ഷനിൽ മോഹനാസ് ബ്യൂട്ടി ലോഞ്ച് ആരംഭിച്ചു. ആദ്യം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി 250 സ്‌ക്വയർഫീറ്റിൽ ചെറിയ ഷോപ്പായാണ് തുടങ്ങിയത്.
പിന്നീട് മേക്കപ്പിനെയും സൗന്ദര്യപരിപാലനത്തെയും കുറിച്ചൊക്കെ കൂടുതൽ പഠിക്കണമെന്ന് തോന്നി. അതെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ തിരുവനന്തപുരത്തെ ലാക്‌മെ അക്കാദമിയിൽ ഡിപ്ലോമ ഇൻ കോസ്‌മെറ്റോളജി കോഴ്‌സ് ചെയ്തു.ഒരു വർഷവും നാലുമാസവുമായിരുന്നു കോഴ്‌സ് കാലാവധി. തലമുടി, ചർമം , മേക്കപ്പ് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി ഹൈഎൻഡ് ആയിട്ടുളള, അതിനൂതനമായ ട്രീറ്റ്‌മെൻറുകളും  സങ്കേതങ്ങളുമാണ് അവിടെ പഠിച്ചത്. എന്റെ ടാലന്റ് കണ്ടിട്ടാവണം ലാക്‌മെ അക്കാദമിയിൽ മേക്കപ്പ്-ട്രെയിനറായി ചേരാമോ എന്നു ചോദിച്ചു. ഒരു വർഷത്തോളം അവിടെ മേക്കപ്പ് ട്രെയിനറായി. ഈ സമയത്ത് സ്വന്തമായി വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്നുണ്ടായിരുന്നു. ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായപ്പോൾ ലാക്‌മെ വിട്ടു.
മോഹന വിജിൻ മേക്കോവർ സ്റ്റുഡിയോയുടെ തുടക്കം?
2021 ജനുവരിയിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. സ്റ്റുഡിയോയുടെ ഡിസൈനും മറ്റും എന്റെ തന്നെ ഐഡിയയിലാണ് ചെയ്തത്. ആദ്യം ബ്രൈഡൽ മേക്കപ്പിനായി ഒരു എക്‌സ്‌ക്ലൂസീവ് സ്റ്റുഡിയോ എന്ന രീതിയിലാണ് ആദ്യം ചിന്തിച്ചതെങ്കിലും പിന്നീട് സ്ത്രീകൾക്കുമാത്രം എന്ന കൺസെപ്റ്റിൽ നിന്ന് മാറിച്ചിന്തിച്ചു. ഒരു ഭാഗത്ത് ബ്രൈഡൽ സ്റ്റുഡിയോയും മറ്റൊരു ഭാഗം ബ്രൈഡ്ഗ്രൂമിനായും  ഒരു ഭാഗം മറ്റ് ബ്യൂട്ടീഷൻ, കോസ്‌മെറ്റിക് വർക്കുകൾക്കായും സെറ്റ് ചെയ്തു. അങ്ങനെ യൂണിസെക്‌സ് സലൂൺ കം മേക്ക് ഓവർ സ്റ്റുഡിയോ ആയി മാറി.
ഇത്തരത്തിൽ മോഡേണായ കൺസെപ്റ്റിലേക്ക് വരുമ്പോൾ ക്ലയന്റ്‌സിന് ലഭിക്കുന്ന സർവ്വീസ് എന്തൊക്കെയാണ്?
ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡിങ് ആയ ഹൈഡ്ര ഫേഷ്യൽ തൊട്ട് മുമ്പുണ്ടായിരുന്ന ത്രെഡ്ഡിംഗ്, ഹെയർകെട്ട്  തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്. ഒരു മുഴുവൻ ഫാമിലിക്കുമുളള മേക്ക് ഓവർ സൊല്യൂഷൻ ഇവിടെ ലഭിക്കുന്നു. മുടി, ചർമ്മം, മേക്കപ്പ് തുടങ്ങി മൂന്ന് വിഭാഗങ്ങളിലും ഇന്ന് ലഭ്യമായ എല്ലാ സർവ്വീസും ഇവിടെയുണ്ട്. അതുപോലെ വിവാഹം അല്ലെങ്കിൽ മറ്റ് ചടങ്ങുകൾക്കായി ലൊക്കേഷനിൽ പോയുളള മേക്ക്ഓവർ സർവ്വീസും ലഭ്യമാണ്.
സ്റ്റാഫിൽ ഏറെയും പരിചയ സമ്പന്നരായ മികച്ച പ്രൊഫഷണലുകളാണ്. അതുകൊണ്ടുതന്നെ ഇവിടെ വരുന്ന ക്ലയന്റ്‌സിനെ ആദ്യം അവെയ്‌ലബിൾ ട്രീറ്റ്‌മെന്റ്‌സ് കാണിക്കുകയും അവരുടെ സ്‌കിൻ, ഹെയർ എന്നിവ അനലൈസ് ചെയ്ത് ജീവിതശൈലി മനസ്സിലാക്കി അവർക്ക് യോജിച്ച ട്രീറ്റ്‌മെന്റ് നിർദ്ദേശിക്കുകയുമാണ് ചെയ്യുക. ഫേഷ്യലിനായി സമീപിക്കുന്ന ഒരു ക്ലയന്റിന്റെ സ്‌കിൻ കൺസൾട്ട് ചെയ്ത ശേഷം യോജിച്ചവ നിർദ്ദേശിക്കും. അതുപോലെ തന്നെ, ഒരാൾ വന്ന് തലമുടി സ്മൂത്തനിംഗ് ചെയ്യണം എന്ന് പറയുന്നുവെന്നിരിക്കട്ടെ, അവരുടെ മുടിയുടെ ആരോഗ്യം പരിശോധിക്കുമ്പോൾ അത് ഡാമേജ്ഡ് ആണ്, സ്മൂത്തനിംഗ് ചെയ്യാൻ പറ്റില്ല എങ്കിൽ അതവരെ പറഞ്ഞ് മനസ്സിലാക്കി യോജിച്ച ട്രീറ്റ്‌മെന്റ് നിർദ്ദേശിക്കും.
മോഹനാസ് സ്‌പെഷ്യൽ ട്രീറ്റ്‌മെന്റുകൾ ഏതൊക്കെയാണ്?
കെമിക്കൽ പീൽ,ബൊട്ടോക്‌സി,ഹൈഡ്ര ഫേഷ്യൽ, കെരാറ്റിൻ, ആന്റി ഡാൻഡ്രഫ് ട്രീറ്റ്‌മെന്റ്, പാരഫിൻ പെഡിക്യൂർ, ഹെയർ പോളിഷിംഗ് എന്നിങ്ങനെ സ്‌പെഷ്യൽ ട്രീറ്റ്‌മെന്റുകൾ നിരവധിയാണ്. കെമിക്കൽ പീൽ ഒരു ടാർഗറ്റഡ് ട്രീറ്റ്‌മെന്റ് ആണ്. അതായത് പ്രത്യേക ചർമപ്രശ്‌നം പരിഹരിക്കുന്നതിനുളള ട്രീറ്റ്‌മെന്റ്. ഇപ്പോൾ മുഖക്കുരു ആണ് പ്രശ്‌നമെങ്കിൽ അത് നിയന്ത്രിക്കാനായി കെമിക്കൽ പീൽ ചെയ്യും. അതുപോലെ ചർമം തിളങ്ങുന്നതിന് വേണ്ടിയുളള കെമിക്കൽ പീലുമുണ്ട്. പത്ത് മിനിട്ടിനുളളിൽ ട്രീറ്റ്‌മെന്റ് കഴിഞ്ഞ് പോകാം. ചർമത്തിലെ മൃതകോശപാളി എടുത്തുകളയുകയാണ് ചെയ്യുന്നത്. അത് ഒരു പ്രൊഷണലിന് മാത്രമേ ചെയ്യാനാകൂ. ഞാനൊരു സർട്ടിഫൈഡ് എയ്തറ്റീഷ്യൻ  കൂടിയാണ്. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽനെസിൽ ഡിപ്ലോമ ഇൻ എയ്തറ്റീക്‌സ് ചെയ്തു. അതുകൊണ്ടാണ് എനിക്ക് കെമിക്കൽ പീൽ സർവ്വീസ് ക്ലയന്റ്‌സിന് നൽകാൻ കഴിയുന്നത്.
പിന്നെ, നേരത്തേ പറഞ്ഞതുപോലെ ചർമം, തലമുടി,മേക്കപ്പ് എന്നീ വിഭാഗങ്ങളിലായി എല്ലാ ട്രീറ്റ്‌മെന്റ്‌സും ഇവിടെയുണ്ട്. ഫേഷ്യൽസ്, വാക്‌സിംഗ്, പെഡിക്യൂർ, മാനിക്യൂർ, ഹെയർകട്ട്‌സ്, ഹെയർസ്റ്റൈലിംഗ്, കെരാറ്റിൻ, നാനോപ്ലാസ്റ്റിയ തുടങ്ങി സൗന്ദര്യവർദ്ധനവിനും സൗന്ദര്യം നിലനിർത്തുന്നതിനുമുളള എല്ലാ ട്രീറ്റ്‌മെന്റുകളും ലഭ്യമാണ്.അതുപോലെ ടാറ്റൂ,പിയേഴ്‌സിംഗ്, മൈക്രോബ്ലൈഡിംഗ് തുടങ്ങിയവയും ലഭ്യമാണ്.
ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധകവസ്തുക്കൾ?
ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ചർമത്തിനായി ഒ3 പ്ലസ്, ഓർഗാനിക് ഹാർവെസ്റ്റ്, വേദിക് ലൈൻ തുടങ്ങിയ പ്രീമിയം ബ്രാൻഡുകളാണ് ഉപയോഗിക്കുന്നത്. സ്റ്റാർട്ടിംഗ് റേഞ്ച് വേദിക് ലൈൻ ആണ്. അതിൽ താഴെയുളള പ്രൊഡക്ട്‌സ് ഉപയോഗിക്കുന്നില്ല.
അതുപോലെ മുടിയുടെ പരിപാലനത്തിനായി ഉപയോഗിക്കുന്നതും പ്രീമിയം ബ്രാൻഡുകളാണ്.ബൊട്ടോക്‌സിനായി ഉപയോഗിക്കുന്നത് എംകെയാണ്. ഇന്ത്യയിൽ ലഭ്യമായതിൽ ഏറ്റവും എക്‌സ്‌പെൻസീവായ പ്രൊഡക്ടാണത്. അതുപോലെ ക്ലയന്റ് കൂടുതലും ആവശ്യപ്പെടുന്ന ബോട്ടോക്‌സിയാണ് ടൊണീനോ ബൊട്ടോക്‌സി. ഇതൊരു ബ്രസീലിയൻ ബ്രാൻഡ് ആണ്. കെരാറ്റിൻ ചെയ്യാനായി മാക്‌സ്‌പ്രൈം ആണ് ഉപയോഗിക്കുന്നത്.
സ്‌കിൻ ഡാർക്കനിംഗ് കുറയ്ക്കാനുളള ട്രീറ്റ്‌മെന്റ്‌സ് ഉണ്ടോ?
അതിനായി വിവിധയിനം ഫേഷ്യലുകൾ,കെമിക്കൽ പീൽ, മറ്റ് ഡിടാനിംഗ്, വൈറ്റ്‌നിംഗ് ട്രീറ്റ്‌മെന്റുകളുണ്ട്.
പുതിയകാലത്ത് ഒരു ബ്യൂട്ടി ക്ലിനിക്കിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് എന്തിനാണ്?
വിവാഹ-സ്‌പെഷ്യൽ ഒക്കേഷൻ ട്രീറ്റ്‌മെന്റ്‌സ് ധാരാളം വരുന്നുണ്ട്. അതിനു പുറമെ സാധാരണട്രീറ്റ്‌മെന്റുകളിൽ നമുക്ക് കൂടുതലും വരുന്നത് ഹെയർസ്പാ, പെഡിക്യൂർ, ഹൈഡ്ര ഫേഷ്യൽ, നാനോപ്ലാസ്റ്റിയ, ഹെയർ ട്രീറ്റ്‌മെന്റുകൾ എന്നിവയാണ്.
പഴയകാലത്തെ സലൂൺസ് ആണല്ലോ ഇന്നത്തെ ബ്യൂട്ടി ക്ലിനിക്കുകളുടെ മുൻഗാമികൾ. അന്ന് മുടിവെട്ടുന്നതിനായിട്ടാണ് ആളുകൾ സലൂണുകളിലെത്തിയിരുന്നത്.എന്നാൽ ഇന്ന് അതിൽ നിന്നൊക്കെ വളരെ മാറി ഹെയർ കട്ടിംഗ് എന്നതിലുപരി ഹെയർ സ്റ്റൈലിംഗിലേക്ക് എത്തിനില്ക്കുന്നു. പുതുതലമുറ എത്രത്തോളം ഇതിലേക്ക് വരുന്നുണ്ട്്?
പണ്ട് വിവാഹത്തിനാണെങ്കിൽ പോലും വരൻ വീട്ടിൽ നിന്ന് കുളിച്ചൊരുങ്ങി പോകുകയാണ് പതിവ്. എന്തെങ്കിലും ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെങ്കിൽ പോലും പാർലറിൽ വന്ന് റെഡിയായിപോകുന്നതാണ് ഇന്ന് പുതുതലമുറയുടെ രീതി. അതായത് സ്ത്രീകൾ മാത്രമല്ല ഇന്ന് പുരുഷന്മാരും മേക്കപ്പിനും  മേക്കോവറിനുമായി ബ്യൂട്ടി പാർലറുകളെ സമീപിക്കുന്നു. കാരണം ഇപ്പോഴത്തെ ലൈഫ്‌സ്റ്റൈൽ അതാണ്. തങ്ങളെപ്പോഴും വെൽ സ്‌റ്റൈൽഡ് ആയിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മുടി ഒന്ന് അയൺ ചെയ്ത് പോയാൽ തന്നെ എന്തോ മാറ്റമുണ്ടല്ലോ എന്ന ചോദ്യം വരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും തങ്ങളുടെ ബെസ്റ്റ് ലുക്ക് വേണമെന്നാണ് ആഗ്രഹം. അതുപോലെ യുവതലമുറ സമൂഹമാധ്യമങ്ങളിലാണ് ജീവിക്കുന്നതെന്ന് പറയാം. അവിടെ സ്വയം വളരെ പെർഫെക്ട് ആയി പ്രസന്റ് ചെയ്യപ്പെടാനാണ് എപ്പോഴും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.
കാലാവസ്ഥയിൽ വലിയ മാറ്റമാണുണ്ടാകുന്നത്. അതുകൊണ്ടുതന്നെ സൺസ്‌ക്രീൻ ഒക്കെ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്.എന്നാൽ അതിന്റെ ഉപയോഗിക്കേണ്ട വിധം എന്നാൽ പലർക്കുമറിയില്ല. അതെപ്പറ്റി പറയാമോ?
പുറത്തേക്കിറങ്ങുന്നതിന് 20 മിനിട്ട് മുമ്പെങ്കിലും സൺസ്‌ക്രീൻ പുരട്ടണം. എന്നാലേ സൂര്യരശ്മികളിൽ നിന്ന് ശരിയായ സംരക്ഷണം ലഭിക്കൂ. അതുപോലെ പുറത്ത് തുടരുകയാണെങ്കിൽ എല്ലാ രണ്ട് മണിക്കൂറിലും അത് വീണ്ടും പുരട്ടണം. മറ്റൊരു അബദ്ധധാരണ വീടിനകത്താണെങ്കിൽ സൺസ്‌ക്രീൻ പുരട്ടേണ്ട ആവശ്യമില്ലല്ലോ എന്നാണ്. എന്നാൽ, വീടിനുളളിലിരുക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാത്ത ആരാണുളളത്. അപ്പോൾ നമ്മുടെ ചർമത്തിൽ റേഡിയേഷൻ ഏൽക്കുന്നുണ്ട്. അപ്പോഴും സൺസ്‌ക്രീൻ പുരട്ടേണ്ടതുണ്ട്.
നിലവിൽ നിരവധി സൺസ്‌ക്രീൻ പ്രൊഡക്ടുകൾ വിപണിയിലുണ്ട്. ഓരോ സ്‌കിൻ ടോണിനും പറ്റിയവ തിരഞ്ഞെടുക്കാം. അതുപോലെ ഏത് സ്‌കിൻ ടോണുളളവർക്കും ഉപയോഗിക്കാവുന്ന സ്‌പ്രേകളുണ്ട്. അവയിൽ മികച്ച ബ്രാൻഡ് നോക്കി തിരഞ്ഞെടുക്കാം. മേക്കപ്പിട്ടിട്ട് എങ്ങനെയാണ് സൺസ്‌ക്രീൻ ഉപയോഗിക്കുക എന്ന് സംശയിക്കുന്നവരേറെയാണ്. എന്നാൽ മേക്കപ്പിട്ടശേഷം സൺസ്‌ക്രീൻ സ്‌പ്രേ ഉപയോഗിക്കാം. അത്തരത്തിൽ നിരവധി അപ്‌ഡേറ്റഡ് പ്രൊഡക്ടുകൾ വരുന്നുണ്ട്.അതുപോലെ ബ്രോഡ്‌സ്‌പെക്ട്രം സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അത്തരം പ്രൊഡക്ടുകൾക്ക് മാത്രമേ യുവി-എ, യുവി-ബി കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകാനാവൂ.
ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റി പറയാമോ?
സ്വന്തമായൊരു മേക്കപ്പ അക്കാദമി എന്നത് എന്റെ വളരെക്കാലമായുളള സ്വപ്‌നമാണ്. ഈ രംഗത്തെ അഡ്വാൻസ്ഡ് ആയ കാര്യങ്ങൾ കൂടുതൽ പഠിച്ചെടുത്തു. അങ്ങനെ കൂടുതലറിഞ്ഞപ്പോൾ ആ അറിവ് നമ്മുടെ നാട്ടിലെ താല്പര്യമുളളവർക്കുകൂടി പകർന്നുകൊടുക്കണം എന്ന് തോന്നി. അത്തരത്തിൽ പലരും സമീപിച്ചു. തുടർന്ന് അക്കാദമി ആരംഭിച്ചു. നിലവിൽ പ്രധാനമായും മേക്കപ്പ്, ഹെയർസ്റ്റൈലിംഗ് കോഴ്‌സുകളാണുളളത്. ഒരു മാസത്തെ പ്രൊഫഷണൽ മേക്കപ്പ് ക്ലാസ് നൽകി വരുന്നു. കൂടാതെ മേക്കപ്പ് ഒൺലി- രണ്ടാഴ്ച, ഹെയർ സ്റ്റൈൽ ഒൺലി-രണ്ടാഴ്ച, സാരി ഡ്രേപിംഗ്, ഹെന്ന ഡിസൈനിംഗ് എന്നിങ്ങനെ കോഴ്‌സുകളുണ്ട്. ആദ്യബാച്ച് കഴിഞ്ഞു. രണ്ടാമത്തെ ബാച്ച് ഫെബ്രുവരി 22ന് ആരംഭിക്കും.
എത്ര ജീവനക്കാരുണ്ട്?
നിലവിൽ 9 പേരാണുളളത്. അതിൽ ഉത്തരേന്ത്യക്കാരുണ്ട്. 8 വർഷത്തിലേറെ എക്‌സിപീരിയൻസുളള ജീവനക്കാരാണ് കൂടുതലും.
തിരുവനന്തപുരത്താണല്ലോ തുടക്കം.ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ എന്ന പുതിയ കൺസെപ്റ്റുമായി വന്നപ്പോൾ തിരുവനന്തപുരത്ത് നിന്ന് ലഭിച്ച പിന്തുണ?
വളരെ മികച്ച പിന്തുണയും സഹകരണവുമാണ് ലഭിച്ചത്. ഇപ്പോഴും അത് തുടരുന്നു. പക്ഷേ എല്ലാ സംരംഭകർക്കുമെന്ന പോലെ തുടക്കത്തിൽ കുറച്ചുബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം ഓരോ 50 മീറ്റർ-100 മീറ്റർ പിന്നിടുമ്പോൾ അടുത്ത പാർലറുണ്ടാവും. അപ്പോൾ നമ്മുടെ സർവ്വീസിനെ കുറിച്ച് ജനം അറിഞ്ഞ് വരുന്നതിനുളള സമയം എടുത്തു. ഹൈഎൻഡ് ബ്രാൻഡുകളുപയോഗിച്ച് മികച്ച സർവ്വീസ് റീസണബിൾ റേറ്റിൽ നൽകുന്നു എന്നതാണ് മോഹന വിജിൻ മേക്കോവർ സ്റ്റുഡിയോയുടെ പ്രത്യേകത.
ഭാവി പദ്ധതികൾ?
നഗരത്തിൽ പുതിയൊരു ബ്രാഞ്ച് തുടങ്ങാൻ പദ്ധതിയുണ്ട്. മേക്കോവറിനായി മാത്രമുളള ഒരു ബ്രാഞ്ചാണ് പ്ലാൻ ചെയ്യുന്നത്.
ഏതെങ്കിലും പ്രൊഡക്ടിന്റെ ഫ്രാഞ്ചെസിയുണ്ടോ?
ഇല്ല.സ്വന്തമായൊരു ബ്രാൻഡ് വികസിപ്പിച്ചെടുക്കണം എന്നാണ് ആഗ്രഹം. അംബികാപിളള, അഷ്ടമുടി, ടോണി ആൻഡ് ഗൈ തുടങ്ങിയവ പോല വിവിധ ഇടങ്ങളിലായി നിരവധി ബ്രാഞ്ചുകളുളള വലിയ ബ്രാൻഡായി മാറണം എന്നാണ് ആഗ്രഹം.
സ്ഥിരമായി ഫൗണ്ടേഷൻസും മേക്കപ്പും ഒക്കെ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
അതിന് ഒരു കുഴപ്പവുമില്ല. പക്ഷേ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പൂർണ്ണമായും മേക്കപ്പ് റിമൂവ് ചെയ്യണം. മേക്കപ്പ് എന്നുപറയുന്നത് ചർമത്തിന് പുറത്തിടുന്ന ഒരു ആവരണമാണ്. ഉറങ്ങുന്ന സമയത്താണ് ചർമം അതിന്റെ പുതുക്കലുകൾ  നടത്തുന്നത്. അപ്പോൾ ഈ ആവരണം ഉണ്ടാകാൻ പാടില്ല. ഇപ്പോൾ നടിമാരൊക്കെ ദിവസവും മേക്കപ്പ് ചെയ്യുന്നവരാണ്. അവരുടെ സ്‌കിൻ ഡാമേജാകുന്നില്ല്‌ല്ലോ. അപ്പോൾ അത്തരത്തിൽ പരിപാലിക്കണം.
ബ്രൈഡൽ മേക്കോവറിനായി പാക്കേജ് ഉണ്ടോ?
ഉണ്ട്. 20000 മുതൽ 35000 രൂപ വരെയുളള പാക്കേജുകളാണുളളത്. ഏപ്രിൽ മുതൽ മിനിമം 25000 ആയി വർദ്ധിപ്പിക്കാനൊരുങ്ങുകയാണ്. കാരണം എല്ലാ പ്രൊഡക്ടുകളും വില വർദ്ധിപ്പിച്ചു. കുറഞ്ഞത് 500 രൂപയുടെ വർദ്ധനവാണ് ഓരോ പ്രൊഡക്ടിനുമുണ്ടായത്. 4000 രൂപയുടെ ഫൗണ്ടേഷൻ 4700 ആയി. അതുപോലെ ബേസിക് എച്ചഡി മുതൽ എയർ ബ്രഷ് വരെയുളള മേക്കപ്പാണ് ചെയ്യുന്നത്. ഇപ്പോൾ ട്രെൻഡിംഗ്  എയർബ്രഷ് മേക്കപ്പാണ്.
ഒരു ദിവസം തന്നെ രണ്ടോ അതിലധികമോ ബ്രൈഡൽ മേക്ക്ഓവർ വരാറില്ലേ?
തീർച്ചയായും. പ്രത്യേകിച്ചും ചിങ്ങമാസത്തിലൊക്കെ. ബ്രൈഡൽ മേക്ക്ഓവർ ഞാൻ തന്നെയാണ് ചെയ്യുക. ഗസ്റ്റ്‌മേക്കോവറൊക്കെ സ്റ്റാഫ് ചെയ്യും. അതിനുളള പരിശീലനം നൽകിയിട്ടുണ്ട്.
അഭിമാനം തോന്നിയ സന്ദർഭങ്ങൾ?
ഏറെയാണ്.കാശ് നോക്കി ഞാൻ ജോലി ചെയ്യാറില്ല. ഒരു വധുവിനെ മേക്ക്ഓവർ ചെയ്തുകഴിയുമ്പോൾ അവളുടെ മുഖത്തെ സന്തോഷമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. അതുപോലെ ക്ലയന്റ് ആവശ്യപ്പെടുന്നതാണ് നമ്മൾ ചെയ്യുക. കാരണം അത് അവരുടെ ദിവസമാണ്. അവർ കംഫർട്ടബിൾ ആയിരിക്കണം.
ഈ മേഖലയിലെ റിസ്‌ക്?
നമ്മൾ അപ്‌ഡേറ്റ് ആകണം. അല്ലെങ്കിൽ നമ്മൾ ഫീൽഡ് ഔട്ട് ആകും. പിന്നെ കൺസൾട്ടേഷൻ ചെയ്ത ശേഷമേ മേക്കപ്പ് തിരഞ്ഞെടുക്കാവു. അതല്ലാതെ ചെയ്താലും റിസ്‌കുണ്ട്. വാട്ടർപ്രൂഫ് മേക്കപ്പ് നൽകാം.സ്വെറ്റ്പ്രൂഫായ മേക്കപ്പ് ഇല്ല. ദീർഘനേരം വെയിലത്തു തുടർന്നാൽ മേക്കപ്പിളകും. ടച്ചപ്പും വേണ്ടിവരും.  പക്ഷേ വിയർപ്പ് സ്‌കിന്നിനുളളിൽ നിന്ന് വരുന്നതാണ്.
കുടുംബത്തിന്റെ പിന്തുണ?
വലിയ പിന്തുണയാണ് ലഭിച്ചത്. എനിക്ക് രണ്ട് മക്കളാണ് ദേവദത്തും ധനഞ്ജയും. ദേവദത്ത് ഏഴാം ക്ലാസിലും ധനഞ്ജയ് രണ്ടാം ക്ലാസിലും പഠിക്കുന്നു. എന്റെ മക്കളുടെ കാര്യത്തിൽ ഒരു ആശങ്കയും എനിക്ക് വേണ്ട,  എന്റെ അമ്മയും അമ്മായിയമ്മയും  അവരുടെ കാര്യങ്ങൾ നന്നായി നോക്കുന്നു. അവരുളളതുകൊണ്ടാണ് എനിക്ക് എന്റെ ബിസിനസിൽ ശ്രദ്ധിക്കാൻ സാധിക്കുന്നത്. മംഗലാപുരത്ത് അമ്പലത്തിൽ പോയി വന്ന പിറ്റേന്നുമുതൽ ഞാൻ വീട്ടിലില്ല. തമിഴ്‌നാട്, പത്തനംതിട്ട എന്നിങ്ങനെ ജോലിയുമായി ബന്ധപ്പെട്ട യാത്രയായിരുന്നു. നിരന്തരം ഇത്തരത്തിൽ യാത്രകളുണ്ട്.  എന്റെ കുട്ടികളുടെ പഠനവും മറ്റുകാര്യങ്ങളും നന്നായി നോക്കാൻ രണ്ട് അമ്മമാരുണ്ട് എന്ന ആശ്വാസത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്.
ഭർത്താവിന്റെ ഇതിലേക്കുളള വരവ്?
പുളളിക്കാരൻ ആദ്യം ഫാർമ ഫീൽഡിലായിരുന്നു. ഞാൻ പുത്തൻകടയിൽ ബ്യൂട്ടിപാർലർ തുടങ്ങിയപ്പോൾ കൂടുതലും പുറത്തുപോയി മേക്കപ്പ് ചെയ്യുകയാണ് ചെയ്തിരുന്നത്. അപ്പോൾ എന്നെ കൊണ്ടുപോകുകയും മറ്റും ചെയ്തിരുന്നത് ചേട്ടനാണ്. അദ്ദേഹം ജോലിയും ഈ പോക്കുവരവും ഒത്തുകൊണ്ടുപോകാൻ നോക്കി. പിന്നീട് പുതിയ സ്റ്റുഡിയോ തുടങ്ങിയപ്പോൾ അത് സാധിക്കാതായി. അങ്ങനെ അദ്ദേഹം ജോലി ഉപേക്ഷിച്ച് എന്നെ സഹായിക്കാനായി മാത്രം ഇതിലേക്ക് വന്നതാണ്.
ട്രെൻഡി ബോഡി ആർട്ട് മനസ്സിളക്കും ടാറ്റൂസ്...മോഹന മേക്കോവറിൽ പുത്തൻ ട്രെൻഡ് സൃഷ്ടിക്കുമ്പോൾ ബോഡി ആർട്ടിലും ടാറ്റൂയിംഗിലും തിളങ്ങുകയാണ് ഭർത്താവ് വിജിൻ.എല്ലാത്തരം ടാറ്റൂ സർവ്വീസും മോഹന വിജിൻ മേക്കോവർ സ്റ്റുഡിയോയുടെ ഭാഗമായ ടാറ്റൂ സ്റ്റുഡിയോയിൽ ലഭ്യമാണ്. അതെക്കുറിച്ച് വിജിന്റെ വാക്കുകളിലൂടെ....
ടാറ്റൂയിംഗ് കൂടാതെ എന്തൊക്കെയാണ് ചെയ്യുന്നത്?
ബോഡി ആർട്ട്, പിയേഴ്‌സിംഗ്,മൈക്രോബ്ലൈഡിംഗ്തുടങ്ങി എല്ലാം ഇവിടെ ചെയ്യുന്നുണ്ട്. അവെയ്‌ലബിൾ ഡിസൈനുകളും കസ്റ്റമേഴ്‌സിന്റെ ഐഡിയയ്ക്ക് അനുസരിച്ചുളള ഡിസൈനും ചെയ്യുന്നുണ്ട്. റേഡിയൽ എന്ന ബ്രാൻഡ് മഷിയാണ് ഞങ്ങൾ ടാറ്റൂയിംഗിന് ഉപയോഗിക്കുന്നത്. നല്ല പിഗ്നമെന്റഡ് ആയിട്ടുളള മികച്ച റിസൾട്ട് കിട്ടുന്ന ബ്രാൻഡാണത്. വിവിധ കളർ വേരിയന്റുകളുമുണ്ട്.
കളർ ടാറ്റൂ ഫെയ്ഡ് ആകാറുണ്ടോ?
ഒന്ന് -ഒന്നര വർഷം വരെയൊക്കെയേ കളർ ടാറ്റൂ അതുപോലെ നിലനില്ക്കൂ. അതുകഴിഞ്ഞാൽ ഫെയ്ഡാകാം. പിന്നെ പരിപാലനവും പ്രധാനമാണ്. അതായത് സൂര്യപ്രകാശം നേരിട്ട് തുടർച്ചയായി പതിക്കുന്ന സ്ഥിതിയുണ്ടെങ്കിൽ ഫെയ്ഡാകാനുളള സാധ്യത കൂടുതലാണ്.
പ്രധാന ഘടകങ്ങൾ ?
ചർമത്തിന്റെ സ്വഭാവം, നിറം ഇവയൊക്കെ പ്രധാനമാണ്. ചിലരുടെ ചർമത്തിൽ ചില പിഗ്മെന്റ്‌സ് എടുക്കില്ല.
റീ ടാറ്റൂ ചെയ്യുന്നവരുണ്ടോ?
ഉണ്ട്. അതുപോലെ പഴയ ടാറ്റൂ മാറ്റി വേറെ ചെയ്യുന്നവരുമുണ്ട്. ടാറ്റൂയിംഗ് ഇപ്പോൾ ട്രെൻഡിംഗ് ആണ്.സ്ത്രീ-പുരുഷഭേദമില്ലാതെ എല്ലാവരും ചെയ്യുന്നുണ്ട്.
ബ്ലഡ് ഡൊണേഷനുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടോ?
ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ടാറ്റൂ ചെയ്ത് ആറുമാസം വരെ രക്തദാനം ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നാണ്. അതുകഴിഞ്ഞാൽ നമുക്ക് രക്തദാനം ചെയ്യാം. ഞാൻ രക്തദാനം ചെയ്യുന്നുണ്ട്. മറ്റൊരു കാര്യം ഒരാൾക്ക് ഉപയോഗിച്ച സൂചി തന്നെ മറ്റുളളവർക്കും ഉപയോഗിക്കുമ്പോൾ രക്തംവഴി പകരാവുന്ന രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. ഇവിടെ ഞങ്ങൾ ഒരാൾക്ക് ഒരു നീഡിൽ എന്ന രീതിയാണ് പിന്തുടരുന്നത്.
ക്ലയന്റ്‌സ് ശ്രദ്ധിക്കേണ്ട കാര്യം?
 സൂചി കൊണ്ട് കുത്തിയാണല്ലോ ടാറ്റു ചെയ്യുന്നത്. അപ്പോൾ കുറേക്കാലത്തേക്ക് ക്ലയന്റ് പാലിക്കേണ്ട നിർദ്ദേശങ്ങളുണ്ട്. അതായത് നീന്തൽക്കുളം, പുഴ എന്നിങ്ങനെ പൊതുഇടങ്ങളിൽ കുളിക്കുക, ടാറ്റു ചെയ്തഭാഗം അത്തരത്തിലുളള രോഗകാരകമായ സാഹചര്യങ്ങളിൽ എക്‌സ്‌പോസ് ചെയ്യുക-ഇതൊക്കെ ഒഴിവാക്കണം. മറിച്ചായാൽ ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതലാണ്.അതുപോലെ 10-15 ദിവസം ആ ഭാഗത്ത് വെയിൽ തട്ടരുത്, പുരട്ടേണ്ട ക്രീമുകൾ കൃത്യമായി പുരട്ടണം, പൊടി പുരളാൻ പാടില്ല. അങ്ങനെ പാലിക്കേണ്ട കാര്യങ്ങളെല്ലാം പാലിക്കണം. 30 ദിവസം കൊണ്ടാണ് ടാറ്റൂ ശരിയായ ടോണിൽ വരിക.
പെർമെനന്റ്  ടാറ്റൂ റിമൂവ് ചെയ്യാമോ?
അങ്ങനെ ചെയ്യുന്നവരുണ്ടാകാം. ഇവിടെ ചെയ്യുന്നില്ല.

 

 

 ഒരു വധുവിനെ മേക്കോവർ ചെയ്തുകഴിയുമ്പോൾ അത് കണ്ട് അവരുടെ ബന്ധുക്കളും ഫ്രണ്ട്‌സും വരുന്നു. അതുപോലെ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ട് വരുന്നവരുണ്ട്. ഞാൻ എല്ലാവരോടും പറയുന്നത് റേറ്റ് നോക്കി മേക്കപ്പ് തിരഞ്ഞെടുക്കരുത് മറിച്ച് സ്‌കിൻ ടൈപ്പിന് ചേർന്ന മേക്കപ്പ് വേണം തിരഞ്ഞെടുക്കാൻ എന്നാണ്.

 

 സൂചി കൊണ്ട് കുത്തിയാണല്ലോ ടാറ്റു ചെയ്യുന്നത്. അപ്പോൾ കുറേക്കാലത്തേക്ക് ക്ലയന്റ് പാലിക്കേണ്ട നിർദ്ദേശങ്ങളുണ്ട്. അതായത് നീന്തൽക്കുളം, പുഴ എന്നിങ്ങനെ പൊതുഇടങ്ങളിൽ കുളിക്കുക, ടാറ്റു ചെയ്തഭാഗം അത്തരത്തിലുളള രോഗകാരകമായ സാഹചര്യങ്ങളിൽ എക്‌സ്‌പോസ് ചെയ്യുക-ഇതൊക്കെ ഒഴിവാക്കണം.

Post your comments