Global block

bissplus@gmail.com

Global Menu

ലയനത്തിന് ശേഷം വിസ്താര ബ്രാൻഡ് അവസാനിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

 

സിംഗപ്പുര്‍ എയര്‍ലൈൻസിൻെറ ഉടമസ്ഥതയിൽ ഉള്ള വിസ്താര, എയർ ഇന്ത്യ പൂർണമായി ഏറ്റെടുക്കുന്നതോടെ വിസ്താര എന്ന ബ്രാൻഡ് ഇനിയുണ്ടാകില്ല. ടാറ്റ- എസ്‌ഐഎ എയർലൈൻസ് ലിമിറ്റഡുമായി ചേർന്ന് വിസ്താര ലയനം പൂർത്തിയാകുന്നതോടെ ബ്രാൻഡ് നിർത്തലാക്കുമെന്ന് വിസ്താര എയർലൈൻ മാനേജിങ് ഡയറക്ടര്‍ കാംബെൽ വിൽസൺ ആണ് വ്യക്തമാക്കിയത് . അതേസമയം എയർ ഇന്ത്യയുടെ 25 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ 26.7 കോടി ഡോളർ സിംഗപ്പുർ എയർലൈൻസ് നിക്ഷേപിക്കും. വിസ്താരയ്ക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ശക്തമായ ആധിപത്യമുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിൽ മാത്രമല്ല പുറത്തും എയർ ഇന്ത്യ അംഗീകാരം നേടയിട്ടുണ്ട്. 90 വർഷത്തെ ചരിത്രവും ബ്രാൻഡിനുണ്ട്. അതിനാൽ, ലയനം പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്ന വിസ്താര ഫ്ലൈറ്റുകളും എയർ ഇന്ത്യയുടെ പേരിൽ തന്നെ അറിയപ്പെടും എന്നാണ് സൂചന. ലയനം സിംഗപ്പുർ എയർലൈനിൻെറ ഇന്ത്യൻ വിപണിയിലെ വ്യാപനം ശക്തിപ്പെടുത്തും. എയര്‍ ഇന്ത്യയിൽ ലയിക്കുന്നതോടെ വിസ്താരയെക്കാൾ നാലോ അഞ്ചോ മടങ്ങ് വലുതായി കമ്പനി മാറും. ഇന്ത്യയിലെ എല്ലാ പ്രധാന എയർലൈൻ സെഗ്‌മെൻറുകളിലും ആധിപത്യം നിലനിര്‍ത്താനുമാകും.

എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തിട്ട് ജനുവരിയിൽ ഒരു വർഷം പൂർത്തിയായി. ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി വിസ്താര 2015 ജനുവരിയിൽ ആണ് പ്രവർത്തനം ആരംഭിച്ചത് . 2022 നവംബറിൽ, സിംഗപ്പൂർ എയർലൈൻസും ടാറ്റ ഗ്രൂപ്പും ചേര്‍ന്ന് എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചു. കമ്പനിയുടെ 25.1 ശതമാനം ഓഹരികൾ ആണ് സിംഗപ്പൂർ എയർലൈൻസ് സ്വന്തമാക്കിയിരിക്കുന്നത്. 2024 മാർച്ചോടെ ലയനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിസ്താര 2022 ജൂലൈയിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയായി മാറുകയും ആറു മാസത്തേക്ക് ഈ സ്ഥാനം നിലനിർത്തുകയും ചെയ്തിരുന്നു. എന്നാൽ ജനുവരിയിൽ എയർ ഇന്ത്യ വിസ്താരയെ മറികടന്ന് രണ്ടാമത്തെ വലിയ എയർലൈനായി.9.2 ശതമാനമാണ് വിപണി വിഹിതം. 54.6 ശതമാനം വിപണി വിഹിതമുള്ള ഇൻഡിഗോയാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനി. അതേസമയം വിസ്താരയ്ക്ക് 8.8 ശതമാനമാണ് വിപണി വിഹിതം.

Post your comments