Global block

bissplus@gmail.com

Global Menu

കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുമോ?

Ameer Sha Pandikkad
Certified Investment & Strategy consultant
Equity India & Research

 

 

വളരെ അഭ്യസ്തവിദ്യരായ ആളുകളുടെ ഗേഹമായി കേരളം അറിയപ്പെടുമ്പോഴും നമ്മുടെ സാമ്പത്തിക രംഗം എന്നത് ഇപ്പോഴും കർണാടക തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെപോലെ അത്ര ഉറച്ച സാമ്പത്തിക അടിത്തറ കേരളത്തിനുണ്ടെന്ന് നമുക്ക് അവകാശപ്പെടാൻ കഴിയില്ല. കേരളത്തിന് ഒരു വലിയ സാമ്പത്തിക ശക്തിയായി മുന്നേറാൻ കഴിയാതിരിക്കാൻ ഒരു പ്രധാന കാരണമെന്നത് കേരളത്തിന്റെ കുറഞ്ഞ ഭൂവിസ്തൃതിയും കാലാവസ്ഥയുമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ പോലെ ഒരു നല്ല സാമ്പത്തിക സ്രോതസ്സായി കേരളത്തിന് ശോഭിക്കണമെങ്കിൽ കൃഷി, വ്യവസായം, നിർമ്മാണം എന്നീ മേഖലകളിൽ നമ്മുടെ പ്രവർത്തനങ്ങൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കണം.
സംസ്ഥാനത്ത് കൃഷി വ്യവസായം എന്നിവ വർഷാവർഷം വളർന്നുവരണമെങ്കിൽ ഭൂവിസ്തൃതി ആനുപാതികമായി നമുക്ക് ഉണ്ടായിരിക്കുകയും അതേസമയം കൃഷിയിൽ നിന്നും ലഭിക്കുന്ന ആദായം എന്നത് ഇതര സംസ്ഥാനങ്ങളേക്കാൾ ഉയർന്ന തോതിൽ ലാഭം നല്കുന്നതുമായിരിക്കണം. അതല്ലായെങ്കിൽ കൃഷിയും വ്യവസായങ്ങളും നിക്ഷേപത്തിന് അനുസൃതമായി ലാഭം നേടിത്തരികയില്ല എന്ന് മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് വലിയ നഷ്ടസാധ്യതയാണ് നൽകുന്നത്. കേരളം പോലുള്ള കുറഞ്ഞ ഭൂവിസ്തൃതിയുള്ള സംസ്ഥാനങ്ങൾ പരിഗണിക്കേണ്ട കൃഷിനയം എന്നത് കുറഞ്ഞ സ്ഥലത്ത് നിന്നും നേടിയെടുക്കാവുന്ന കൂടിയ ലാഭം നേടിത്തരുന്ന ഇടവേള കൃഷിരീതികളെ കുറിച്ചാണ്. രണ്ടോ മൂന്നോ മാസം കൊണ്ട് വിളവെടുപ്പ് നടത്തി വർഷത്തിൽ മൂന്നും നാലും പ്രാവശ്യം ഇതേ സ്ഥലം ഉപയോഗിച്ച് നമുക്ക് കൂടുതൽ വരുമാനം നേടാവുന്ന കാർഷിക രീതികളിലേക്ക് കേരളം മാറേണ്ടി വരും. റബ്ബർ പോലുള്ള കൃഷികൾ ദിവസവും വരുമാനം നേടിത്തരുന്നു എന്ന് പറയുമ്പോൾ റബ്ബർ കൃഷിമൂലം ഭൂമിയിൽ ഉണ്ടാവുന്ന ഫലഫൂയിഷ്ടത നഷ്ടപെടുന്ന അവസ്ഥ, മണ്ണൊലിപ്പ് എന്നിവ വലിയ ആഘാതം സൃഷ്ടിക്കുകയും അതുമൂലം സംസ്ഥാനത്തിന് നേടിയതിലും കൂടുതൽ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മലയോര മേഖലകൾ റബ്ബർ കൃഷിമൂലം കൂടിയ തോതിൽ മണ്ണൊലിപ്പിന് വിധേയമാവുകയും കാലാവർഷക്കെടുതികൾ ഇത്തരം കൃഷിരീതികൾ കൂടുതൽ സാമ്പത്തിക നഷ്ടം വരുത്തി തീർക്കുന്നു. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും അനുയോഗ്യം തെങ്ങുപോലുള്ള കൃഷിരീതികളാണ് ഏറ്റവും ഉത്തമം , കാരണം തെങ്ങിൻകൃഷി കൂടുതൽ മണ്ണിനെ പിടിച്ചു നിർത്തുകയും മണ്ണിൻറെ യഥാർത്ഥ ഘടന നിലനിർത്തി ജലസ്രോദസ്സു വർദ്ധിപ്പിക്കുകയും ചെയ്യും. റബ്ബർ കൃഷിയുടെ വേരുകൾ ഭൂമിയിലേക്ക് ആഴത്തിൽ ഇറങ്ങുന്നില്ല എന്ന് മാത്രമല്ല മണ്ണൊലിപ്പ്  തടയാൻ ഒട്ടും അനുയോജ്യമല്ല എന്ന് കൂടി നമ്മൾ അറിഞ്ഞിരിക്കണം. ഇന്നത്തെ ഭൂമിയുടെ വിലയും റബ്ബറിൽ നിന്നും ലഭിക്കുന്ന ആദായവും നോക്കിയാൽ റബ്ബർ കർഷകന് തുച്ഛമായ ലാഭം മാത്രമേ ലഭിക്കുന്നുള്ളു. തന്നെയുമല്ല കേരളത്തിലെ ദിവസക്കൂലി എന്നത് ഇന്നത്തെ റബ്ബർ വിലയുമായി താരതമ്യം ചെയ്താൽ നൽകുന്ന കൂലിയുടെ പകുതി പോലും കർഷകന് ലഭിക്കുന്നില്ല. ഇരുപതും മുപ്പതും വർഷം മുമ്പ് വാങ്ങിയ ഭൂമിയായതു കൊണ്ട് പലയാളുകൾക്കും അതൊരു ജീവിതമാർഗമായി കൊണ്ട് നടക്കുന്നു. എന്നാൽ സംസ്ഥാനത്തിൻറെ വരുമാനത്തെ ഇത് വരും വർഷങ്ങളിൽ വളരെയധികം ബാധിക്കുകയും മറുവശത്ത് ഭൂമിയുടെ ലഭ്യത കുറയുംതോറും വില കുതിച്ചുകേറികൊണ്ടിരിക്കുകയും ചെയ്യും. ഭൂമിയുടെ വില കൂടുതോറും ചെറിയ ചെറിയ കർഷകർ  കൃഷിയിൽ നിന്നും പിന്മാറി ഇതര ജോലികൾ ചെയ്യാൻ നിര്ബന്ധിരായി മാറുന്ന കാഴ്ചയും വരും.
ഈ പ്രശ്‌നങ്ങൾ എല്ലാം ഉണ്ടായിരിക്കെ കേരളത്തിന്റെ സാമ്പത്തിക നിലവാരം ഒരു തകർച്ച നേരിടാതെ മുന്നോട്ടു കൊണ്ടുപോവാനുള്ള പദ്ധതികളെ കുറിച്ച് നമ്മൾ കൂടുതൽ ചർച്ചകൾ നടത്തുകയും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. പൊതുവിൽ എല്ലാവർക്കും അംഗീകരിക്കാവുന്ന എളുപ്പമാർഗം എന്നത് സമീകൃത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, വർഷത്തിൽ കൂടുതൽ ലാഭം നേടിത്തരുന്ന ഇടവേള കൃഷികൾ നൽകുന്ന തെങ്ങിൻ കൃഷി പ്രോത്സാഹിപ്പിക്കുക, ഉത്പന്നങ്ങൾ വീണ്ടും റീപാക്കിങ് നടത്തി ലോകത്തിലെ എല്ലാ മാർക്കറ്റുകളിലേക്കും കേര ഉത്പന്നങ്ങൾ എത്തിക്കുക, സൺഫ്‌ളവർ, കരിമ്പ്, എന്നീ നല്ല ലാഭം നേടിത്തരുന്ന കൃഷികളെ കേരളത്തിൽ കർഷകർക്ക് പരിചയപ്പെടുത്തുക, കർഷകനെയും തൊഴിലാളികളെയും ഒരുമിച്ചു കൊണ്ട് പോവാൻ കഴിയുന്ന ഒരു ലേബർ പാക്കേജ് കൊണ്ട് വരിക, ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ചു കൊണ്ട് കേരള മോഡൽ ഫാമിംഗ് കൊണ്ട് വരുക, എക്കോഫ്രണ്ട്‌ലി തൊഴിൽ നിയമം നടപ്പിലാക്കുക, തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കും വിധം കർഷകനും വ്യവസായികൾക്കും നിക്ഷേപ സുരക്ഷാ ഉറപ്പു വരുത്തുക, അതാത് മേഖലകളിൽ ഉയർന്ന വിദ്യാഭ്യാസം നേടിയേ ആളുകളെ മാത്രം മാനേജ്മന്റ് മേഖലകളിൽ നിയമിക്കുക   എന്നിവയെല്ലാം നമ്മുടെ സാമ്പത്തിക ക്രമത്തെ ഒരു പരിധിവരെ തടസ്സമില്ലാതെ മുന്നോട്ട് പോവാൻ സഹായിക്കും.
കേരളം പോലുള്ള ഒരു സംസ്ഥാനം എങ്ങിനെ മുന്നോട്ടു സാമ്പത്തിക സ്ഥിരത നേടി മുന്നോട്ട്  പോവണം എന്ന് നമ്മൾക്ക് ദീർഘവീക്ഷണത്തോടെ കാണാനും നടപ്പിലാക്കാനും കഴിയണം. കേരളത്തിലെ ഇപ്പോൾ ഉള്ള ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളും പടിപടിയായി ലാഭം നേടിത്തരുന്ന മേഖലയായി മാറ്റിയെടുത്തില്ലായെങ്കിൽ അടുത്ത ഇരുപതു വർഷം കൊണ്ട് കേരളത്തിലെ സമ്പത്തു മുഴുവൻ ഇതര സംസ്ഥാനങ്ങളിൽ എത്തുകയും കേരളീയൻ സാമ്പത്തികമായി നീക്കിയിരിപ്പില്ലാത്ത ഒരു ജനവിഭാഗമായി മാറുകയും ചെയ്യും. ഓരോ ജില്ലകളിലും പൈലറ്റ് പ്രൊജക്റ്റ് സ്ഥാപിച്ചു കൊണ്ട് വിപണി മൂല്യം കൂടി കൂടി വരുന്ന പദ്ധതികളാണ് നമ്മൾ വിഭാവനം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും. എല്ലാ ജില്ലകളിലും മാസത്തിലൊരിക്കൽ കർഷക വ്യവസായ സെമിനാറുകൾ സംഘടിപ്പിച്ചു എല്ലാവരും ഇത്തരം സെമിനാറുകൾ പങ്കെടുത്താണ് പുതിയതായി രംഗത്തിറങ്ങുന്നത് എന്ന് നമ്മൾ ഉറപ്പു വരുത്തണം.കാരണം ഇത്തരം സെമിനാറുകളിൽ ഏറ്റവും പുതിയ ആശയങ്ങളും പ്രതിവിധികളും കാലത്തിനനുസരിച്ചു നമ്മൾക്ക് നല്കാൻ കഴിയും എന്നതാണ് അതിന്റെ ഗുണവശങ്ങൾ.
കേരളത്തെ സാമ്പത്തികമായി വളരെ പിടിച്ചു നിർത്തുന്ന വിദേശനാണ്യ ശേഖരം ഇനിയുള്ള കാലങ്ങളിൽ കുറഞ്ഞു പോയാൽ പോലും കേരളത്തിൽ നമ്മൾ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വിജയം കാണും വരെ നമ്മൾ ശ്രമങ്ങൾ നടത്തികൊണ്ടേയിരിക്കണം. കേരളത്തെ സംബന്ധിച്ച് കൂടുതൽ പ്രൊഡക്ടിവ് ആയ ചിന്തകളും ആശയങ്ങളും നമ്മൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കി സംസ്ഥാനത്തിന്റെ ജിഡിപി വർദ്ധിക്കുംവിധം കാര്യങ്ങൾ നടപ്പിലാക്കണം. കൂടാതെ വിദേശ നാണ്യം നേടിത്തരുന്ന ഏറ്റവും നല്ല മേഖലയായ ടൂറിസത്തെ കേരളം പുതിയ ആശയങ്ങൾ കൊണ്ടും സേവനങ്ങൾ കൊണ്ടും മികവുറ്റതാക്കി മാറ്റുകയും ചെയ്യണം. ഏതൊരാൾക്കും കേരളത്തിലെ ടൂറിസം എന്നത് ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ആസ്വദിക്കാൻ ടൂറിസം പാക്കേജുകൾ നമ്മൾ നടപ്പിലാക്കണം.

 

Post your comments