Global block

bissplus@gmail.com

Global Menu

"ഒരുമിച്ച് സഞ്ചരിക്കുന്ന തോണി"- ഡോ. സുധീർ ബാബു

 സംരംഭകന്റെ യാത്ര - അദ്ധ്യായം 7

 

രണ്ടാഴ്ചക്കാലത്തെ ബാംഗ്ലൂർ വാസത്തിന് ശേഷം രാഹുൽ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷമായത് ശിവാനിക്കായിരുന്നു. അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചപ്പോൾ രാഹുൽ അവളെ കൈകളിൽ കോരിയെടുത്ത് തൻറെ തലയ്ക്ക് മീതേക്ക് ഉയർത്തി. ശിവാനി തൻറെ കുഞ്ഞിപ്പല്ലുകൾ കാണിച്ച് ചിരിച്ചു. അച്ഛൻ തനിക്കായി കൊണ്ടുവന്ന പട്ടികുട്ടിയുടെ പാവയുമായി പിന്നീട് കളിയിലുമായി.
അതിരാവിലെ എഴുന്നേറ്റ ക്ഷീണം ചെറിയൊരു മയക്കത്തിലൂടെ രാഹുൽ തീർത്തു. ഉച്ചഭക്ഷണം കഴിക്കുവാൻ മീര വന്ന് വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്. കൈകൾ കഴുകി കസേരയിൽ ഇരുന്നപ്പോൾ ശിവാനി വന്ന് മടിയിൽ കയറി. രാഹുൽ അവൾക്ക് ഭക്ഷണം വായിൽ വെച്ച് കൊടുത്തു. സാധാരണ മീരയാണ് അത് ചെയ്യാറുള്ളത്. കുറച്ചുനാൾ അച്ഛനെ കാണാതിരുന്നത് കൊണ്ടാകാം ഇന്നവൾക്കൊരു പുന്നാരം.
ഊണ് കഴിഞ്ഞ് ശിവാനി ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് മീര ഒന്ന് ഫ്രീയായത്. കട്ടിലിൽ രാഹുലിൻറെ മാറിൽ തലചായ്ച്ച് കിടന്ന് അവൾ ബാംഗ്ലൂർ വിശേഷങ്ങൾ കേട്ടു. മുൻപ് എത്രയോ തവണ രാഹുൽ ബാംഗ്ലൂരിൽ തങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ യാത്ര വളരെ വ്യത്യസ്തമായിരുന്നു. ഒരു സംരംഭകൻറെ കാഴ്ചപ്പാടിലൂടെ സംഭവങ്ങളെ കാണുമ്പോൾ, അനുഭവിക്കുമ്പോൾ മുൻപൊരിക്കലും ദൃശ്യമാവാതിരുന്ന പലതും  ഇപ്പോൾ ദൃശ്യമായിത്തുടങ്ങുന്നു. അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കും തേടുന്ന ഉത്തരങ്ങൾക്കും കൂടുതൽ ദിശാബോധം കൈവരുന്നു. അറിവ് വ്യക്തിത്വത്തിലേക്കലിഞ്ഞ് തന്നെ പുതിയൊരു മനുഷ്യനാക്കി പരുവപ്പെടുത്തുന്നത് രാഹുൽ ഈ യാത്രയിൽ തിരിച്ചറിഞ്ഞു. കണ്ടതും, കേട്ടതും, പഠിച്ചതും രാഹുൽ മീരയിലേക്ക് പകർന്നു. ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്ന കൗതുകത്തോടെ മീര അതെല്ലാം കേട്ടു.
''നീ പോകുവാൻ മടിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ രാഹുൽ ഈ യാത്ര വേറിട്ട ഒന്നായിരിക്കുമെന്ന്. ഒരു മാസം മുൻപ് നീയൊരു കമ്പനി ജീവനക്കാരനും ഞാനൊരു വീട്ടമ്മയുമായിരുന്നു. അങ്ങിനെ തന്നെയാവും ഈ ജീവിതം മുന്നോട്ട് പോകുകയെന്നും നമ്മൾ ധരിച്ചിരുന്നു. എന്നാൽ ഒരു സംരംഭകനാകുവാനുള്ള നിൻറെ തീരുമാനം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. അത് നമ്മുടെ ചിന്തയിൽ കൊണ്ടുവന്ന മാറ്റം അത്ഭുതകരമാണ്. ചിതറിക്കിടന്ന ചിന്തകൾ ഇപ്പോൾ ഒരു ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രവൃത്തികളിലും അത് പ്രതിഫലിച്ച് തുടങ്ങി. അതാണ് നിൻറെ വാക്കുകളിൽ നിന്നും എനിക്ക് വായിച്ചെടുക്കുവാൻ കഴിയുന്നത്.'' മീര സംസാരിച്ചു കൊണ്ട് അവൻറെ കണ്ണുകളിലേക്ക് നോക്കി.
''ശരിയാണ്, ഇത്ര വലിയ വ്യവസായശാലകളും അവയുടെ പ്രവർത്തനങ്ങളും ഞാൻ ഇന്നേവരെ കണ്ടിട്ടുണ്ടായിരുന്നില്ല. എൻറെ ബിസിനസ് ലോകം വളരെ ചെറുതായിരുന്നു. പക്ഷേ ഇപ്പോഴതിന് വിശാലത കൈവന്നിരിക്കുന്നു. സാധാരണ ഇത്തരമൊരു ആഴവും പരപ്പും നമ്മെ ഭയപ്പെടുത്തും. നമുക്കൊക്കെ ഇങ്ങിനെയൊക്കെ ചെയ്യുവാൻ കഴിയുമോയെന്നും അതിനുള്ള പ്രാപ്തിയും നിപുണതയും നമുക്കുണ്ടോയെന്നും സംശയിക്കുകയും ആത്മവിശ്വാസം നഷ്ട്ടപ്പെടുകയും ചെയ്യും. എന്നാൽ ഇവിടെ എനിക്ക് നേരെമറിച്ചാണ് തോന്നിയത്. എനിക്കിപ്പോൾ ഒരു ത്രിൽ ഫീൽ ചെയ്തു തുടങ്ങുന്നു. സ്വപ്നങ്ങൾക്ക് അല്പ്പം കൂടുതൽ വലുപ്പം വെച്ചത് പോലെ.'' രാഹുൽ അവളുടെ മുടിയിൽ മെല്ലെ വിരലുകളോടിച്ചു.
''ജോലി രാജിവെച്ച് കഴിഞ്ഞിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു. എന്ത് ചെയ്ത് തുടങ്ങണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്താണ് പ്ലാൻ?'' മീരയുടെ ശബ്ദത്തിൽ ഒളിഞ്ഞിരുന്ന ആശങ്ക അവൻ തിരിച്ചറിഞ്ഞു.
''നമുക്ക് എടുത്തുചാടി ഒന്നും ചെയ്യേണ്ട. ഞാൻ ആറ് മാസത്തെ സമയമാണ് കണ്ടിട്ടുള്ളത്. മികച്ചൊരു ആശയം കണ്ടെത്താതെ വെറുതെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. പ്ലാനിങ്ങിന് എടുക്കുന്ന സമയം ഒരിക്കലുമൊരു നഷ്ടമല്ല. നിയാസിക്ക പറഞ്ഞുതന്ന കാര്യങ്ങൾ നീ മറന്നോ?'' രാഹുൽ ചോദിച്ചു.
''ഇല്ല. അതെല്ലാം എൻറെ മനസിലുണ്ട്. നീ ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ ഞാൻ ചെറുതായൊന്ന് റിസർച്ച് ചെയ്തു. വായനയിൽ നിന്നും ഇൻറർനെറ്റിൽ നിന്നും ഓൺലൈൻ വർക്ക്ഷോപ്പുകളിൽ നിന്നുമൊക്കെ കുറച്ച് കാര്യങ്ങൾ മനസിലാക്കിയെടുക്കാൻ സാധിച്ചു. ഞാൻ അതൊക്കെ നിന്നോട് പറയട്ടെ'' അവൾ അവനോട് അനുവാദം ചോദിച്ചു.
അവളുടെ കണ്ണുകളിൽ നിന്നും ഉത്സാഹം പ്രസരിക്കുന്നത് രാഹുൽ കണ്ടു. അവൻ ചിരിച്ചുകൊണ്ട് തലയാട്ടി.
മീര എഴുന്നേറ്റ് കട്ടിലിൽ ചമ്രംപടിഞ്ഞ് ഇരുന്നു. രാഹുൽ തലയിണ വലിച്ചു പൊക്കി തല അല്പ്പം കൂടി ഉയർത്തി വെച്ചു.
ഒന്നിളകിയിരുന്ന് മീര സംസാരിച്ച് തുടങ്ങി.
''നാം ബിസിനസ് തുടങ്ങുന്നത് ഒരു ആശയത്തിലൂന്നിയായിരിക്കുമല്ലോ? അത്തരമൊരു മികച്ച ആശയം കൈയിലുണ്ടെങ്കിൽ അതിനെക്കുറിച്ച് പഠിക്കുകയും അതിന് വിജയസാധ്യതയുണ്ടെങ്കിൽ ആരംഭിക്കുകയും ചെയ്യാം. എന്നാൽ വ്യക്തമായ ഒരു ആശയം മനസിൽ ഇല്ലെങ്കിൽ എന്ത് ചെയ്യും?'' മീര ഉത്തരത്തിനായി കാത്തിരുന്നു.
''ആശയം കണ്ടെത്തണം. ഇത് നമ്മൾ നേരത്തേ ചർച്ച ചെയ്ത കാര്യമല്ലേ?'' രാഹുൽ നെറ്റിചുളിച്ചു.
''അതെ. വ്യക്തമായ ഒരു ബിസിനസ് ആശയം മനസിലില്ലെങ്കിൽ എടുത്തുചാടി പെട്ടെന്നൊരെണ്ണം തിരഞ്ഞെടുത്ത് അതിലേക്ക് ഇറങ്ങരുത്. പകരം നമ്മുടെ അഭിരുചിക്കും, അറിവിനും, സ്‌കില്ലുകൾക്കും, കഴിവിനും യോജിച്ച വിവിധങ്ങളായ കുറച്ച് ആശയങ്ങളെ ആദ്യം തിരഞ്ഞെടുക്കേണ്ടതുണ്ട്.'' മീരക്കിപ്പോൾ ക്ലാസ് റൂമിൽ പഠിപ്പിക്കുന്ന ഒരു ടീച്ചറുടെ മുഖം.
''എന്നിട്ട് ഈ ആശയങ്ങളെയെല്ലാം വെച്ച് എങ്ങിനെ ബിസിനസ് തുടങ്ങും? ഒരെണ്ണമല്ലേ ആവശ്യമുള്ളൂ?'' രാഹുലിന് മീര പറഞ്ഞു വരുന്നത് മനസിലായില്ല.
''കറക്റ്റ്. അതിലേക്ക് നമുക്ക് വരാം. ആശയങ്ങളുടെ തിരഞ്ഞെടുപ്പ് എന്നത് ആദ്യ ഘട്ടമാണ്. രണ്ടാമത്തെ ഘട്ടത്തിൽ നാം പഠനത്തിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുത്ത ഓരോ ആശയത്തെക്കുറിച്ചും വിശദമായ ഒരു പഠനം അല്ലെങ്കിൽ ആഴത്തിലുള്ള ഒരു ഗവേഷണം. അതായത് നാം കണ്ടെത്തിയിരിക്കുന്ന ആശയങ്ങളിൽ നിന്നും മികച്ചവയെ അരിച്ചെടുക്കുകയാണ് ലക്ഷ്യം.'' മീര ഒന്ന് നിർത്തി വീണ്ടും തുടർന്നു.
''നാം കണ്ടെത്തിയിരിക്കുന്ന ആശയങ്ങളുടെ വിജയ മാതൃകകൾ നിലവിലുണ്ടെങ്കിൽ അവ സന്ദർശിക്കണം. ആശയത്തിൻറെ ബിസിനസ് പ്രായോഗികതയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വിപണിയെക്കുറിച്ചുമെല്ലാം ആഴത്തിൽ മനസിലാക്കുവാൻ ഇത് സഹായിക്കും. അത്തരം സംരംഭങ്ങൾ നടത്തുന്ന സംരംഭകരുമായി ആശയവിനിമയം നടത്തണം. തിരഞ്ഞെടുത്തിരിക്കുന്ന ബിസിനസ് ആശയത്തിനെക്കുറിച്ച് വലിയൊരു ഉൾക്കാഴ്ച ഇത് കൊണ്ടുവരും.''
''വളരെ ശരിയാണ്'' രാഹുൽ പറഞ്ഞു. ''ബാംഗ്ലൂരിലെ വ്യവസായശാലകൾ ഇന്നുവരെ കാണാത്ത കാഴ്ച്ചകളിലേക്കാണ് എന്നെ കൂട്ടിക്കൊണ്ട് പോയത്. തീർച്ചയായും ആശയങ്ങൾ പ്രാവർത്തികമാക്കിയ ബിസിനസുകളേയും സംരംഭങ്ങളേയും സന്ദർശിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് അനിവാര്യമായ ഒന്നാണ്.''
''ഓരോ ആശയത്തേയും ഇങ്ങിനെ ആഴത്തിലിറങ്ങി വിശകലനം ചെയ്യണം. മൂലധനത്തിൻറെ ഒരു ഭാഗം ഇതിനായി മാറ്റിവെക്കേണ്ടതുണ്ട്. ബിസിനസ് ആശയം കണ്ടെത്തി ബിസിനസ് തുടങ്ങുന്നതിന് മുൻപ് തന്നെ മൂലധന ആവശ്യം കടന്നുവരുന്നു എന്ന് തന്നെ അർത്ഥം. സംരംഭകൻ യാത്ര ചെയ്യേണ്ടതുണ്ട്. സമാന ആശയങ്ങൾ പ്രാവർത്തികമാക്കിയ വ്യക്തികളെ, അത്തരം ബിസിനസുകളെ മനസിലാക്കേണ്ടതുണ്ട്. ഇവിടെ പലവിധ തടസ്സങ്ങളും ദുർഘടങ്ങളും ഉണ്ടായേക്കാം. അവയൊക്കെയും മറികടന്ന് വെല്ലുവിളികളെ നേരിട്ട് വിജയ സമുദ്രം നീന്തിക്കടന്ന ബിസിനസുകളെ തൊട്ടറിഞ്ഞ് പഠിക്കാൻ സംരംഭകൻ ശ്രമിക്കണം.'' മീരയുടെ വാക്കുകൾ രാഹുൽ സശ്രദ്ധം കേൾക്കുകയാണ്.
''ഇത് കൂടാതെ ഓരോ ആശയത്തെക്കുറിച്ചും അതാത് മേഖലകളിലുള്ള വിദഗ്ദ്ധരുടെ ഉപദേശങ്ങൾ തേടണം. സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ആവശ്യമുള്ള ഇൻഫ്രാസ്ട്രക്ചർ, യന്ത്രങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, ഉൽപ്പന്നങ്ങളുടെ വിപണി, അതിൻറെ സാധ്യതകളും വിപണിയിൽ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നങ്ങളും, വിപണിയിലെ എതിരാളികൾ, ഉൽപ്പാദന പ്രക്രിയ, ആവശ്യമായി വരുന്ന മൂലധനം  എന്നതൊക്കെ വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത ഓരോ ആശയത്തിൻറേയും ഇത്തരം കാര്യങ്ങൾ മനസിലാക്കണം.''
''ഇത് ഓരോ ആശയത്തെക്കുറിച്ചും വ്യക്തമായ ധാരണ നല്കും. നാം ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ചില ആശയങ്ങൾ ഇപ്പോൾ ആകർഷകമല്ലാതെ തോന്നാം. വിജയസാധ്യത കൂടുതലുള്ള ആശയങ്ങൾ നോക്കി നമുക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യാം. മറ്റുള്ളവ ഒഴിവാക്കാം. നാം ആദ്യം തിരഞ്ഞെടുത്ത ആശയങ്ങളുടെ എണ്ണത്തിൽ ഇപ്പോൾ കുറവ് വന്നിരിക്കുന്നു. അങ്ങിനെ പഠനത്തിലൂടെ ആശയങ്ങളുടെ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇനിയാണ് നാം ഏറ്റവും പ്രധാനപ്പെട്ട അടുത്ത ഘട്ടങ്ങളിലേക്ക്  കടക്കുന്നത്.''
മീരയുടെ വാക്കുകൾ മഴത്തുള്ളികൾ പോലെ രാഹുലിൻറെ കാതിൽ പതിച്ചുകൊണ്ടിരുന്നു. ഈ തോണിയിൽ മീരയും തനിക്കൊപ്പം സഞ്ചരിക്കുകയാണ്. ഈയൊരു ചിന്ത അയാളുടെ സിരകളിൽ ആത്മവിശ്വാസത്തിൻറെ രക്തം നിറച്ചു.
മീര തുടരുകയാണ്.
(തുടരും)

Post your comments