Global block

bissplus@gmail.com

Global Menu

"ഇന്ദിര ഡെയറി" നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയം

രഞ്ജിത്ത്കുമാർ എച്ച്.
മാനേജിംഗ് ഡയറക്ടർ, ഇന്ദിര ഡെയറി

 

സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഉന്നതനിലവാരം പുലർത്തുന്ന കുടംബത്തിലെ യുവാവ്. പഠനത്തിനുശേഷം സർക്കാർ ജോലി എന്ന കുടുംബാംഗങ്ങളുടെ വഴിയേ അവനും നടക്കും എന്നാണ് ലോകം കരുതിയത്. എന്നാൽ, അവൻ സ്വന്തം വഴിയിലേക്ക് തിരിഞ്ഞു. കുടുംബവും സമൂഹവും അവനെ പരിഹസിച്ചു. വേണ്ടപ്പെട്ടവർ അവനെയോർത്തു പരിതപിച്ചു.ഇടയ്ക്ക് അവൻ പോലും ഒന്നിടറി. പക്ഷേ പൂർവ്വാധികം ശക്തിയോടെ അവൻ തന്റെ പാതയിലേക്ക് തിരികെ എത്തി. കാര്യക്ഷമതയോടെ മുന്നോട്ടുപോയി. അശ്രാന്തപരിശ്രമം ചെയ്തു. ഒടുവിൽ കളിയാക്കിയവർ അവന്റെ വിജയം കണ്ട് കയ്യടിച്ചു. അവൻ സമൂഹത്തിന് മാതൃകയായി...
കേട്ടപ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുന്നു അല്ലേ? പക്ഷേ ഇത് ജീവിതമാണ്....ഐഡി മിൽക്ക് മാനേജിംഗ് ഡയറക്ടർ എച്ച്. രഞ്ജിത്ത്കുമാറിന്റെ പച്ചയായ ജീവിതം. കേവലം രണ്ടു മണിക്കൂർ മാത്രം ഉറങ്ങി ജീവിതം ഒരു സമരമാക്കി മാറ്റിയ.....പോരാട്ട വീര്യത്തോടെ മുന്നോട്ടുപോയി വിജയം വെട്ടിപ്പിടിച്ച യുവാവിന്റെ അനുഭവകഥ.
ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ പശുവളർത്തലിന് പിന്നാലെ പോയ രഞ്ജിത് കുമാർ ജീവിതത്തിൽ താണ്ടാത്ത പ്രതിസന്ധികളില്ല. പൂമെത്തയിൽ നിന്ന് കല്ലും മുളളും നിറഞ്ഞ പാത സ്വയം തിരഞ്ഞെടുത്ത വിഡ്ഢി എന്ന് തനിക്ക് ചുറ്റുമുളളവർ കളിയാക്കിയപ്പോഴും സർക്കാർ ജോലി പോലും വേണ്ടെന്നുവച്ചാണ് രഞ്ജിത് കുമാർ ഇന്ദിര ഡെയറിയും ഐഡി മിൽക്ക് എന്ന ബ്രാൻഡും കെട്ടിപ്പടുത്തത്. താൻ താണ്ടിയ കനൽവഴികളെ കുറിച്ച് രഞ്ജിത് കുമാർ ബിസിനസ് പ്ലസിനോട് മനസ്സുതുറക്കുന്നു......

 

 

എന്റെ തുടക്കം വളരെ ലളിതമായിരുന്നു. ഒരു തരത്തിലുള്ള ബിസിനസ്സിലും മുൻ പരിചയമില്ലാതെ, വെറും രണ്ട് പശുക്കളുമായി ഞാൻ പാൽ വ്യവസായത്തിലേക്ക് ചുവടുവച്ചു. എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിട്ട എതിർപ്പുകൾ ക്ഷീരമേഖലയിൽ എന്റേതായ ഇടം കണ്ടെത്താനുള്ള എന്റെ തീരുമാനത്തെ ഇളക്കിയില്ല. ഇന്ന് തിരുവനന്തപുരം ജില്ലയിൽ മാത്രമല്ല, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കും പ്രതിദിനം 50,000 ലിറ്റർ പാലാണ് ഐഡി പാൽ വിതരണം ചെയ്യുന്നത്.

 

 

 

പൂമെത്തയിൽ നിന്ന്.....
സർക്കാർ ജോലിയോട് താല്പര്യമുളള കുടുംബത്തിൽ നിന്നാണ്  രഞ്ജിത് കുമാർ ബിസിനസിലേക്ക് വന്നത്. അച്ഛൻ ഗസറ്റഡ് ഓഫീസറായിരുന്നു. ധാരാളം ഭൂസ്വത്തുണ്ട്. ചേട്ടന്മാരെല്ലാം നല്ല അക്കാദമിക് പശ്ചാത്തലമുളളവരാണ്. ഒരു ജ്യേഷ്ഠൻ ഇംഗ്ലണ്ടിലാണ്. ആ സമയത്ത് ആക്‌സിസ് കോളേജിൽ പ്രൈവറ്റായി ഡിഗ്രി ചെയ്യുകയായിരുന്നു രഞ്ജിത് കുമാർ.  1999-ൽ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ പഠനത്തോടൊപ്പം എന്തെങ്കിലും ഒരു ജോലി  കൂടി ചെയ്യണം എന്ന ചിന്ത ആ യുവാവിൽ സജീവമായി. ഒരു ദിവസം വീടിന്റെ രണ്ടാം നിലയിലിരുന്നു നോക്കിയപ്പോൾ വീട്ടിലെ തൊഴുത്ത് കണ്ടു. രണ്ടു പശുക്കളെ കെട്ടുന്ന തൊഴുത്താണ്. പതിയെ പതിയെ അതിന് ചുറ്റുമുളള ഭൂമിയിലേക്കും ശ്രദ്ധ പതിഞ്ഞു. ഈ ഭൂമി വെറുതെ കിടക്കുകയാണല്ലോ എന്ന ചിന്ത വന്നു. സഹോദരൻ ഇംഗ്ലണ്ടിലാണ്. വിദേശത്തേക്കു പോകാൻ വീട്ടിൽ നിന്നും സമ്മർദ്ദമുളള സമയമാണ്. പക്ഷേ, രഞ്ജിത് കുമാർ ചിന്തിച്ചത് പശുവളർത്തലിനെ കുറിച്ചാണ്.
വീട്ടുകാരുടെ അനുമതി
സ്വന്തമായൊരു ഡെയറി ഫാം എന്ന ആശയം മനസ്സിലുദിച്ചതോടെ രഞ്ജിത് കുമാറിന്റെ പിന്നെ ചിന്ത അതിലേക്കായി. കർഷകശ്രീ വരുത്തി വായിച്ചു. പിന്നെ പഠനത്തിൽ കാര്യമായി ശ്രദ്ധിച്ചില്ല.പക്ഷേ, വീട്ടുകാർ സമ്മതിച്ചില്ല. വീട്ടുകാരുടെ സമ്മതം നേടിയെടുക്കാനുളള ശ്രമമായി പിന്നെ. വീട്ടിലെ ഏതു യന്ത്രം ചീത്തയായാലും നന്നാക്കും. വീട്ടിലെ ജോലികളെല്ലാം ചെയ്യും. അങ്ങനെ ഒരു ദിവസം ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് അച്ഛൻ അമ്മയോട് “ഇവൻ എന്തുജോലി ചെയ്താലും രക്ഷപ്പെടും' എന്ന് പറയുന്നത് രഞ്ജിത് കുമാർ കേട്ടു. അതിനുശേഷം രഞ്ജിത് അച്ഛനുമായി സംസാരിച്ചുതുടങ്ങി. അവസരം ഒത്തുവന്നപ്പോൾ ഡെയറി ഫീൽഡിനോട് താല്പര്യമുണ്ട് എന്ന് പറഞ്ഞു. പക്ഷേ അച്ഛൻ അതിനു വേണ്ട ഭീമമായ ചെലവിനെ കുറിച്ചാണ് സംസാരിച്ചത്.  അതൊന്നും വേണ്ട പകരം വീട്ടിലുളള രണ്ട് പശുക്കളെ തന്നാൽ മതി എന്നായി രഞ്ജിത്. എന്നാലാകട്ടെ എന്ന് അച്ഛൻ. മാത്രമല്ല ഇക്കാലത്തെ ചെറുപ്പക്കാർ ചിന്തിക്കാത്ത കാര്യമാണ്. ഇത്തരത്തിൽ ചിന്തിച്ചതിൽ സന്തോഷമുണ്ട് എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. ആ സന്തോഷം നീണ്ടുനിന്നില്ല. പതിവ് സായാഹ്ന നടത്തയ്ക്ക് പോയിവന്നപ്പോൾ അച്ഛന്റെ ചിന്ത മാറി. ഇതൊന്നും വേണ്ട അത് നിനക്ക് പറ്റിയ പണിയല്ല എന്നായി. കുലത്തൊഴിലുപോലെ പശുവളർത്തൽ കൊണ്ടുനടക്കുന്നവർക്കുപോലും അത് മൂലം ഒരു ഉയർച്ചയും കൈവന്നിട്ടില്ല എന്നാണ് അച്ഛന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പക്ഷേ, രഞ്ജിത്തിന് അത് സ്വീകാര്യമായില്ല. അയാൾ തന്റെ ജോലികളുമായി മുന്നോട്ടുപോയി. പറമ്പിൽ തീറ്റപ്പുല്ല് കൃഷി ചെയ്തു. നന്നായി അധ്വാനിച്ചു.
പിന്തിരിപ്പിക്കാനുളള ശ്രമങ്ങൾ
പഠനവും മറ്റുമായി സ്വസ്ഥമായി കഴിയേണ്ട മകൻ രാവന്തിയോളം പറമ്പിലും തൊഴുത്തിലും പണിയെടുത്ത് വലയുന്നത് ആ പിതാവിന് സഹിക്കാനായില്ല. മകനെ പിന്തിരിപ്പിക്കാനായി സുഹൃത്തിന്റെ സ്ഥാപനത്തിൽ കണക്കെഴുത്ത് ജോലി തരപ്പെടുത്തി നൽകി. മകനാകട്ടെ അതുകഴിഞ്ഞ് വന്ന് തന്റെ ഇഷ്ടജോലി തുടർന്നു. തുടർന്ന് അച്ഛന്റെ സുഹൃത്ത് പിന്തിരിപ്പിക്കാൻ നോക്കി. രഞ്ജിത് തന്റെ നിലപാടിൽ ഉറച്ചുനിന്നു. തന്റെ ലക്ഷ്യം സർക്കാർ ജോലിയല്ല എന്ന് ആവർത്തിച്ചു.വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത് സ്വയം തിരിച്ചറിയുക എന്നതാണ്. രഞ്ജിത്തിന്റെ പദ്ധതികളെപ്പറ്റി കേട്ട് പിതാവിന്റെ സുഹൃത്ത് ആ യുവാവിനെ കണക്കെഴുത്ത് ജോലിയിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു.
രണ്ടു പശുക്കളിൽ നിന്ന് നേട്ടം
പശുക്കളുടെ പാൽ ആദ്യം സൊസൈറ്റിയിലാണ് കൊടുത്തത്. പിന്നീട് ഹോട്ടലിൽ കൊടുത്തു. അതുകഴിഞ്ഞ് ഒരു കടയിൽ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി നൽകി.
ആദ്യത്തെ അടി
വീട്ടിലെ പശുക്കളിൽ നിന്ന് കിട്ടുന്ന പാൽ കുറവായതിനാൽ മുന്തിയ ഇനം പശുക്കളെ വാങ്ങാൻ തീരുമാനിച്ചു. അതിനായി സമീപിച്ചവരാകട്ടെ രഞ്ജിത്തിനെ പറ്റിച്ചു. അങ്ങനെ കാശും പോയി. പശുക്കളും പോയി എന്ന അവസ്ഥയായി. അതിൽ നിന്ന് കരകയറാൻ കടംവാങ്ങി പശുക്കളെ വാങ്ങി. ഞാൻ തകർച്ചയിലേക്ക് നീങ്ങി. അതൊക്കെ കുടുംബത്തിൽ വലിയ ചർച്ചയായി. ഒരു സർക്കാർ ജോലി അച്ഛൻ ഏർപ്പാടാക്കിയെങ്കിലും ഞാൻ പോയില്ല.
അംഗീകാരത്തിന്റെ വഴിയിൽ
തിരുവനന്തപുരം ജില്ലയിലെ മികച്ച തീറ്റപ്പുല്ല് കൃഷിക്കാരനുളള അവാർഡ് രഞ്ജിത കുമാറിനെ തേടിയെത്തി. ദൂരദർശനിൽ നിന്ന് ഒരു ടീം എത്തി ഡോക്യുമെന്ററി ചിത്രീകരിച്ചു. അച്ഛന്റെ ഒരു എൻഫീൽഡിലാണ് അക്കാലത്ത് രഞ്ജിത്  പാൽ കൊണ്ടുകൊടുക്കുന്നതും മറ്റും.അവാർഡ് വിവരമറിഞ്ഞ്  ഫാം കാണുവാനും മറ്റും രണ്ട് ടൂറിസ്റ്റ് ബസു നിറയെ ആൾക്കാരെത്തി.ഇത് ഫാമിലെ ജോലിയെ ബാധിച്ചുതുടങ്ങിയപ്പോൾ അഭിമുഖങ്ങൾ കൊടുക്കുന്നത് നിർത്തി.
തിരിച്ചുവരവ്
ഫാം നഷ്ടത്തിലാണ്. കിട്ടുന്ന കാശ് മുഴുവൻ രഞ്ജിത് പശുക്കളെ വാങ്ങാനായും ഫാമിലെ കാര്യങ്ങൾക്കും ചെലവാക്കി. പശുക്കളെ വാങ്ങിനൽകാനായി അടുത്തുകൂടിയവരിൽ പലരും നല്ലവണ്ണം പറ്റിച്ചു.  വായ്പ പോലും അടയ്ക്കാനാവാത്ത സ്ഥിതിയായി. അങ്ങനെ വീട്ടുകാർ രഞ്ജിത്തിനെ വിദേശത്തേക്ക് അയയ്ക്കാൻ തീരുമാനിച്ചു. ആ യുവാവിന്റെ മനസ്സും മടുപ്പിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. അങ്ങനെ വീണ്ടും പഠിക്കാൻ പോയിത്തുടങ്ങി. അത് വഴിത്തിരിവായി. അവിടെ നിന്ന് കിട്ടിയ പുതിയ ഊർജ്ജത്തോടെ  ബിസിനസിലേക്ക് മടങ്ങി.പതിയെ പതിയെ പശുക്കളുടെ എണ്ണം കൂടി. മൂന്നൂറ് പശുക്കളായപ്പോൾ സഹായികളെ വച്ചു. ആന്ധ്രാക്കാരായ തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്്.
രോഗം നൽകിയ പാഠം
അതിനിടയ്ക്ക് രഞ്ജിത്തിന് ചിക്കൻ പോക്‌സ് വന്നു ആ സമയത്ത് ഈ തൊഴിലാളികളെല്ലാം ഒരുമിച്ച് മുങ്ങി. കൂലി വർദ്ധിപ്പിക്കുന്നതിനുളള സൂത്രമായിരുന്നു. അതോടെ  ആട്ടോമേഷനിലേക്ക് മാറാൻ തീരുമാനിച്ചു. തനിക്കൊരു വയ്യായ്ക വന്നാൽ പശുക്കൾ വെളളം കുടിച്ചെങ്കിലും കിടക്കുമല്ലോ. ഹൈടെക് ഡയറിയിലേക്ക് മാറിയപ്പോൾ സർക്കാരിൽ നിന്ന 2 ലക്ഷം രൂപ ആനുകൂല്യം ലഭിച്ചു.
ഐഡി എന്ന ബ്രാൻഡ്
രഞ്ജിത് പാൽ പായ്ക്ക് ചെയ്ത് കൊടുത്തുതുടങ്ങിയപ്പോൾ അതിനെ അനുകരിച്ച് പലരും അങ്ങനെ ചെയ്യാൻ തുടങ്ങി. ഗുണനിലവാരമില്ലാത്ത പാലുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തമായൊരു ബ്രാൻഡ് എന്ന ആശയം ഉദിച്ചത്. അമ്മയുടെ പേരായ ഇന്ദിരാ ദേവിയുടെ ചുരുക്കെഴുത്തായ ഐഡി മിൽക്ക് എന്ന് പേരിട്ടു. ഇന്ദിര ഡെയറി ഐഡി മി്ൽക്ക് എന്നതാണ് മൊത്തം പേര്. പ്രോസസ് ചെയ്യാത്ത പാലാണ് ആദ്യം നൽകിയിരുന്നത്. പിന്നീട് പാൽ ദൂരസ്ഥലങ്ങളിലേക്ക് കൊടുത്തുതുടങ്ങിയപ്പോൾ അത് തണുപ്പിച്ച് കൊടുക്കണം. അതിനായി ഭാര്യയുടെ സ്വർണ്ണം വിറ്റ് ചില്ലിംഗ് സെന്റർ ചെയ്തു. പിന്നീട് പ്രോസസിംഗ് തുടങ്ങി.
ഉറക്കമില്ലാത്ത കാലം
ആദ്യ പത്തുവർഷത്തോളം രാത്രി 12 മണിക്ക് ഉറങ്ങിയിട്ട് രണ്ടുമണിക്ക് വീണ്ടും എഴുന്നേൽക്കും. പശുക്കളുടെ കാര്യവും പാൽ വിതരണവും പ്രോസസിംഗും എല്ലാം തനിച്ചാണ് ചെയ്തത്. ഉറക്കമില്ലാതെ അധ്വാനിച്ചു. പിന്നെ പതിയെ സഹായികളെ വച്ചു. ഭാര്യയും പ്രോസസിംങ് പഠിച്ചതോെട രഞ്ജിത്തിന്റെ അധ്വാനത്തിന് ചെറിയ അയവുവന്നു. നിലവിൽ പ്രോസസിംഗ് യൂണിറ്റിൽ നിൽക്കുന്നവർ 30 വർഷം വരെ പരിചയസമ്പത്തുളളവരാണ്. എന്നിരുന്നാലും എന്തെങ്കിലും പിഴ പറ്റിയാൽ  അപ്പോൾ രഞ്ജിത്ത് പിടിക്കും. അതാണ് ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്ത്.
ഐഡി മിൽക്ക് ഉത്പന്നങ്ങൾ
 പാൽ,തൈര്,സംഭാരം, സിപ് അപ്പ് എന്നിവയാണ് ഇന്ദിര ഡെയറിയിലെ നിലവിലുളള ഉത്പന്നങ്ങൾ. നെയ്യ് ഉടനെ പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ്. ഇതോടൊപ്പം ഐഡി എന്ന ബ്രാൻഡിൽ ദോശമാവ്, തവിട് കളയാത്ത മാവുകൊണ്ടുളള ചപ്പാത്തി, ബൺ തുടങ്ങിയവയും വിൽക്കുന്നു.
 ഇന്ന് നാല് ജില്ലകളിലായി രഞ്ജിത്തിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.മുഖ്യമായും തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ്. പത്തനംതിട്ട കോട്ടയം എന്നിവിടങ്ങളിലും ചെയ്യുന്നുണ്ട്. രഞ്ജിത്ത് തന്നെ വരച്ചുണ്ടാക്കിയ എംബ്ലമാണ് ഐഡിയിൽ ഉപയോഗിക്കുന്നത്. 2001-ൽ സ്ഥാപിതമായ ഐഡി മിൽക്ക് 2019 ആയപ്പോഴേക്കും പ്രതിദിനം 50,000 ലിറ്റർ പാൽ വിൽക്കുന്ന സ്ഥാപനമായി ഉയർന്നു. ഇന്ന്, ഐഡി പാൽ പാൽ മാത്രമല്ല, വൈവിധ്യമാർന്ന പാൽ ഉൽപന്നങ്ങളും ഉത്പാദിപ്പിക്കുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം, തടസ്സമില്ലാത്ത പാൽ വിതരണം, വിശ്വസ്തരും നിശ്ചയദാർഢ്യമുള്ളവരുമായ ഒരു കൂട്ടം ജീവനക്കാർ എന്നിവയാണ് ഇന്ദിര ഡെയറിയുടെ കരുത്ത്. ഭാര്യ സായ് പ്രിയങ്ക എല്ലാത്തിനും പിന്തുണയുമായി രഞ്ജിത്തിനൊപ്പമുണ്ട്.
യുവസംരംഭകരോട് പറയാനുളളത്
സ്വയം തേടുക. തന്നിലേക്ക് തിരിഞ്ഞുനോക്കുക. തിരിച്ചറിയുക. കഠിനാധ്വാനം ചെയ്യുക. എന്നാൽ ജീവിതവിജയം ഉറപ്പാണ്.

 

 

കടൽകടന്നും ഐഡിആർ രുചിപ്പെരുമ
25 വർഷം പിന്നിടുന്ന  ഇന്ദിര ഡയറി , ഐഡി മിൽക്കിന്റെയും വിജയഗാഥ, ഉപഭോക്താക്കളിൽ ഉണ്ടാക്കിയ വിശ്വാസം എന്നിവയാണ് ഐഡിആർ എന്ന ഫുഡ് ബ്രാൻഡിലേക്ക്  ഇന്ദിര ഡയറിയെ നയിച്ചത്.ഉപഭോക്താക്കളുടെ നിർദ്ദേശപ്രകാരമായിരുന്നു. ഇന്ദിരാ ഡയറി ഐഡിആർ  ഫുഡ് പ്രോഡക്റ്റിന്  ജനനം നൽകിയത്. തത്ഫലമായി 2022-ൽ ചപ്പാത്തി, പൂരി, ദോശ&ഇഡ്ഡലി മാവ് എന്നിവ മാർക്കറ്റിലേക്ക് ഇറക്കി. മലയാളികൾ അവ രണ്ട് കൈയും നീട്ടിസ്വീകരിച്ചു. 2023ൽ പുതിയ ഫുഡ് പ്രോഡക്ടുകളിലേക്ക്  ഐ ഡി ആർ കടന്നു. ഈ വർഷം അവസാനത്തോടെ 60-ൽ പരം വിവിധ ഫുഡ് പ്രോഡക്ടുകൾ വിപണിയിലേക്ക് എത്തിക്കാനാണ് ഐഡിആറിന്റെ ശ്രമം.
ഐ ഡി ആറിന്റെ ഏറ്റവും വലിയ സവിശേഷത ഗുണനിലവാരം തന്നെയാണ്.വലിയ മാർക്കറ്റിംഗ്  തന്ത്രങ്ങൾ ഒന്നും തന്നെ ഇല്ലാതെയായിരുന്നു ഐഡിആർചപ്പാത്തിയുടെയും, പൂരിയുടെയും കടന്നുവരവ്. മറ്റു വൻകിട ബ്രാൻഡുകളുടെ പ്രോഡക്റ്റുകളോടൊപ്പം ഐഡിആർ ചപ്പാത്തിയും, പൂരിയും സ്ഥാനം ഉറപ്പിച്ചു.  ഐ ഡി ആറിന്റെ  ഏറ്റവും നൂതനമായ ടെക്‌നോളജി ആയ സിഎഫ്എ ടെക്‌നോളജി ആണ് ഇതിനു കാരണം. നല്ലയിനം ഗോതമ്പ് തേടിയുള്ള യാത്ര ചെന്നെത്തിയത് പഞ്ചാബിൽ ആയിരുന്നു. അവിടെ ഐ ഡി ആറിന്റെ മേൽനോട്ടത്തിലുള്ള ഗോതമ്പ് പാടങ്ങളിൽ നിന്നും ഫൈബർ കണ്ടന്റ് കൂടിയതും, മറ്റ് പോഷക ഗുണങ്ങൾ ഉള്ളതുമായ ഗോതമ്പ് ഉത്പാദിപ്പിച്ചാണ്  ഐഡിആർ ചപ്പാത്തിയും, പൂരിയും നിർമ്മിക്കുന്നത്. ഈ സവിശേഷത ഐഡിആർ ഫുഡ് പ്രോഡക്ടുകളുടെ കീർത്തി കടൽ കടന്നു. ഇന്ന് ദുബായ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഐഡിആറിന്റെ പ്രൊഡക്ടുകളെ വരവേൽക്കുകയാണ്.
പ്രകൃതിയോടിഴ ചേർന്ന്
 ഇന്ദിര ഡയറി ഉപഭോക്താക്കളോട് മാത്രമല്ല പ്രകൃതിയോടും നീതി പുലർത്തുന്നു. അതിനായി ഒരു ഹരിതവലയം തന്നെ ഇന്ദിര ഡയറി സൃഷ്ടിച്ചിട്ടുണ്ട്. യാതൊരു തരത്തിലുള്ള പ്രകൃതി ചൂഷണവും ഇന്ദിര ഡയറി പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനായി സോളാർ പാനൽ പോലുള്ള ആധുനിക സൗകര്യങ്ങൾ പ്ലാന്റിൽ ഒരുക്കിയിരിക്കുന്നു. ശുദ്ധീകരിച്ച വെള്ളമാണ് പ്ലാന്റിൽ ഉടനീളം ഉപയോഗിച്ചുവരുന്നത്. അവിടുത്തെ ഓരോ തൊഴിലാളിയും ഇന്ദിര ഡയറി കുടുംബത്തിലെ അംഗമാണ്.  താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ തികച്ചും സൗജന്യമാണ്. 70 പരം സിസിടിവി ക്യാമറകളും മറ്റു സുരക്ഷാ മുൻകരുതലുകളോടെ മുൻ നിർത്തിയാണ് ഇന്ദിര ഡയറിയുടെ പ്രവർത്തനം.

 

 

Post your comments