Global block

bissplus@gmail.com

Global Menu

തീവണ്ടി ടിക്കറ്റ് കൈമോശം വന്നാൽ എന്തുചെയ്യും ?സ്റ്റേഷൻ മാറി കയറിയാൽ ടിക്കറ്റ് ക്യാൻസൽ ആകുമോ ? തീവണ്ടി യാത്രയെ പറ്റി അറിയേണ്ടവ .

യാത്രയ്ക്ക് ഇന്ന് ചെലവു കുറഞ്ഞതും സൗകര്യ പ്രദവുമായ മാര്‍ഗം റെയില്‍ ഗതാഗതം തന്നെയാണ്. ഇക്കഴിഞ്ഞ ക്രിസ്തുമസ്- പുതുവര്‍ഷ അവധിക്കാലത്ത് ഇക്കാര്യം കണ്ടതുമാണ്. യാതയ്ക്ക് കൂടുതലും ഉപയോഗിക്കുന്നത് റെയില്‍വെ ആണെങ്കിലും പല യാത്രക്കാര്‍ക്കും റെയില്‍വെ നിയമങ്ങളെ പറ്റി വലിയ ധാരണയില്ലെന്നതാണ് സത്യം. മുഴുവന്‍ നിയമങ്ങളും പഠിച്ച് യാത്ര ചെയ്യാനും സാധിക്കില്ല. ടിക്കറ്റെടുക്കുന്നതും റദ്ദാക്കുന്നതും റീഫണ്ട് സംബന്ധിച്ചുമുള്ള അത്യാവശ്യ ചില വിവരങ്ങള്‍ അറിയേണ്ടതുമുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി നോക്കാം.

 

തത്കാല്‍ ടിക്കറ്റിന് റീഫണ്ട്

അവസാന നിമിഷം യാത്ര തിരഞ്ഞെടുക്കുന്നവര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ വളരെ പ്രയോജനപ്പെടും. തത്കാല്‍ ടിക്കറ്റുകള്‍ക്ക് സാധാരണയായി റീഫണ്ട് ലഭിക്കുന്നതല്ല. എന്നാല്‍ തീവണ്ടി മൂന്ന് മണിക്കൂര്‍ വൈകുകയോ റൂട്ട് മാറി യാത്ര ചെയ്ത് യാത്രക്കാരന് കയറാനുള്ള സ്‌റ്റേഷനിലെത്താതിരിക്കുകയും ചെയ്താല്‍ റീഫണ്ടിന് അര്‍ഹതയുണ്ട്.

 

ഏതെങ്കിലും പ്രകൃതി ക്ഷോഭമോ സാങ്കേതിക പ്രശ്നമോ കാരണം ട്രെയിന്‍ യാത്ര അവസാനിപ്പിക്കുകയാണെങ്കില്‍, ബുക്ക് ചെയ്ത യാത്രയ്ക്ക് അടച്ച മുഴുവന്‍ നിരക്കും തിരികെ ലഭിക്കും. ഈ സാഹചര്യത്തില്‍, യാത്രക്കാര്‍ അവരുടെ ടിക്കറ്റുകള്‍ ട്രെയിന്‍ ഷോര്‍ട്ട് ടെര്‍മിനേറ്റ് ചെയ്ത സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററിന് സമര്‍പ്പിക്കണം. 

 

ബോർഡിം​ഗ് സ്റ്റേഷനിൽ നിന്ന് കയറാതിരുന്നാൽ

ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്‌റ്റേഷനില്‍ നിന്ന് തീവണ്ടിയില്‍ കയറാതിരുന്നാല്‍ ടിക്കറ്റ് ക്യാന്‍സലാകുമോ എന്നതാണ് പലരുടെയും സംശയം. അടുത്ത 2 സ്റ്റേഷന്‍ കടക്കുന്നത് വരെ ടിക്കറ്റ് പരിശോധകന്‍ ടിക്കറ്റ് മറ്റു യാത്രക്കാര്‍ക്ക് അനുവദിക്കില്ല. ഇതുപ്രകാരം ബുക്ക് ചെയ്ത സ്റ്റേഷന്റെ തൊട്ടടുത്ത സ്റ്റേഷനില്‍ നിന്നും യാത്രക്കാര്‍ക്ക് കയറാന്‍ സാധിക്കും. 2 സ്റ്റേഷനും കഴിഞ്ഞ് യാത്രക്കാരെത്തിയില്ലെങ്കില്‍ ആര്‍എസി ലിസ്റ്റിലുള്ളവര്‍ക്ക് ടിക്കറ്റ് ലഭിക്കും. 

ബെര്‍ത്ത് ടൈം

റെയില്‍വെയുടെ സര്‍ക്കുലര്‍ പ്രകാരം റിസര്‍വ് ചെയ്ത ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ ഉറങ്ങാനുള്ള സമയം രാത്രി 10 മണി മുതല്‍ 6 മണി വരെയാണ്. മറ്റു യാത്രക്കാര്‍ക്ക് ബാക്കി സമയങ്ങളില്‍ ഇരിക്കാനുള്ള സൗകര്യം ചെയ്തു നല്‍കേണ്ടതുണ്ട്. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ ഇയര്‍ഫോണില്ലാതെ ഫോണില്‍ സംസാരിക്കുന്നതും പാട്ട് കേള്‍ക്കുന്നതും അനുവദനീയമല്ല. പകല്‍ സമയങ്ങളില്‍ എല്ലാ യാത്രക്കാരും ലോവര്‍ ബെര്‍ത്ത് ഉപയോഗിക്കണം എന്നും റെയില്‍വെ നിയമത്തിലുണ്ട്.

 

ഭക്ഷണത്തിന് അമിത വില

1989-ലെ റെയില്‍വേ നിയമം പ്രകാരം ഐആർസിടിസി അംഗീകൃത ഭക്ഷ്യ വില്‍പ്പനക്കാര്‍ക്ക് പായ്ക്ക് ചെയ്ത ഭക്ഷണ വസ്തുക്കളോ വെള്ളക്കുപ്പികളോ എംആർപിക്ക് മുകളിൽ വില്‍ക്കാന്‍ കഴിയില്ല. ഏതെങ്കിലും കച്ചവടക്കാരാൻ അമിത വില ഈടാക്കിയാൽ കനത്ത പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യാൻ വകുപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ രേഖപ്പെടുത്താന്‍ റെയില്‍വേക്ക് 1800111321 എന്ന ടോള്‍ ഫ്രീ നമ്പറുണ്ട്. 

 

ടിക്കറ്റ് നഷ്ടപ്പെട്ടാൽ

ഓൺലൈനായി എടുത്ത ടിക്കറ്റ് ഡിജിറ്റലായി സൂക്ഷിക്കാനാകും. കൗണ്ടറിൽ നിന്നെടുത്ത ടിക്കറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ടിക്കറ്റ് നഷ്ടപ്പെട്ടാൽ യാത്ര തടസപ്പെടില്ല. ഇതിന് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറെ സമീപിച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയ്ക്കൊപ്പം ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പി സമര്‍പ്പിക്കേണ്ടി വരും.

യാത്രാ സമയത്തിന് 24 മണിക്കൂര്‍ മുമ്പ് വരെ മാത്രമേ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് അനുവദിക്കുകയുള്ളൂ. പരിശോധനയ്ക്ക് ശേഷം പ്രോസസ്സിംഗ് ഫീസ് അടച്ചാൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് സ്വന്തമാക്കാം.

 

 

 

 

Post your comments