Global block

bissplus@gmail.com

Global Menu

മനസില്‍ പടര്‍ന്ന ഭൂപടം - ഡോ. സുധീർ ബാബു

സംരംഭകന്റെ യാത്ര

അദ്ധ്യായം 6

ബാംഗ്ലൂരിൽ ചിലവഴിച്ച ഓരോ ദിനവും പുതിയ അനുഭവങ്ങൾ രാഹുലിന് സമ്മാനിച്ചു കൊണ്ടിരുന്നു. പീന്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പല കമ്പനികളേയും അവയുടെ പ്രവർത്തനങ്ങളേയും അടുത്ത് കാണുവാനുള്ള അവസരം രാഹുലിന് ലഭിച്ചു. മനസിൽ വേരുറച്ചു പോയ പല ധാരണകളേയും ഈ അനുഭവം തിരുത്തിയെഴുതി. വിഭിന്നങ്ങളായ കാഴ്ചപ്പാടുകളുള്ള, വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള സംരംഭകരെ രാഹുൽ അവിടെ കണ്ടുമുട്ടി. അവരുടെ കാഴ്ചപ്പാടുകൾക്കും തത്വശാസ്ത്രങ്ങൾക്കും അനുസൃതമായി സംരംഭങ്ങളും വ്യത്യസ്തങ്ങളായ സംസ്‌കാരം പേറിയിരുന്നതായി അവൻ തിരിച്ചറിഞ്ഞു.
മനുവിന്റെ പപ്പയുടെ കമ്പനിയിൽ രാഹുലിനെ അത്ഭുതപ്പെടുത്തിയത് അതിന്റെ പ്രവർത്തനങ്ങളിലെ അടുക്കും ചിട്ടയുമായിരുന്നു. ഒരു സിനിമയുടെ തിരക്കഥ പോലെ മുൻപേ എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അനുസരിച്ച് ചലിക്കുന്ന ഒന്നായി രാഹുൽ അതിനെ കണ്ടു. ഓരോ ഡിപ്പാർട്ട്മെന്റും അവരവരുടെ കടമ ഭംഗിയായി നിറവേറ്റുന്നു. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കപ്പെടുന്നു. അത് കൃത്യസമയത്ത് കസ്റ്റമേഴ്‌സിന് എത്തിച്ചു കൊടുക്കുന്നു. അനാവശ്യമായ ബഹളങ്ങളില്ല, പ്രശ്‌നങ്ങളില്ല. യാതൊരു തടസവും കൂടാതെ ഒഴുകുന്ന നദി പോലെ ബിസിനസ് ഒഴുകുന്നു.

ഒരു ദിവസം കൊണ്ടല്ല മനുവിന്റെ പപ്പ ഇത് കെട്ടിപ്പടുത്തത് എന്ന് രാഹുൽ ഓർത്തു. ഒരു ജീവിത കാലയളവ് തന്നെ അദ്ദേഹം അതിനായി വിനിയോഗിച്ചു. സംരംഭകന്റെ ജീവിതം ഒരു സന്യാസിയുടെ തപസ്സ് പോലെയാണ്. ശ്രദ്ധ തെറ്റിയാൽ ബിസിനസ് താളം തെറ്റും. കാലത്തിനൊപ്പം സഞ്ചരിക്കുന്ന മനസ്സും സംരംഭകൻ ഒരുക്കേണ്ടതുണ്ട്. താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഒരു തീവണ്ടി കടന്നുപോകും പോലെ രാഹുലിന്റെ മനസിലൂടെ കടന്നുപോയി.
സോഫ്റ്റ്വെയർ പ്രശ്‌നം ഏകദേശം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാം. മടക്കത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് രാഹുൽ മനുവിന്റെ ക്യാബിനിലേക്ക് കടന്നു ചെന്നു.
മനു ലാപ്‌ടോപ്പിൽ നിന്നും കണ്ണുകളുയർത്തി രാഹുലിനെ നോക്കി. രാഹുൽ മനുവിന് മുന്നിലെ കസേരയിലേക്ക് ചാഞ്ഞു.
''എന്താണ് പരിപാടി?'' മനു ചോദിച്ചു.
''ഞാൻ ഫാക്ടറിയിലൊക്കെ ചുറ്റി നടക്കുകയായിരുന്നു. മറ്റ് പല ഫാക്ടറികൾക്കും ഇല്ലാത്ത ഒരു പ്രത്യേകത ഞാനിവിടെ കണ്ടു. എത്ര സുഗമമായിട്ടാണ് ഇവിടുത്തെ ജോലികൾ നടക്കുന്നത്. യാതൊരു സങ്കീർണ്ണതയും ആശയക്കുഴപ്പങ്ങളും ഇല്ലാതെ എങ്ങിനെയാണ് ഇത് സാധ്യമാകുന്നത്? ഇത്ര വലിയൊരു ഫാക്ടറി അത്തരത്തിൽ പ്രവർത്തനം നടത്തുക ലളിതമായ ഒരു കാര്യമല്ല. പപ്പ എന്ത് മാജിക്കാണ് ഇവിടെ കാണിക്കുന്നത്?''
മനു ചിരിച്ചു ''ഇത് മാജിക്കൊന്നുമല്ല. ബിസിനസിൽ നാം നടപ്പിലാക്കേണ്ട, പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അത് കൃത്യമായി പാലിച്ചാൽ മതി.''
രാഹുൽ മനസിലാവാത്ത പോലെ മനുവിനെ നോക്കി.
''നീ വരൂ'' മനു പുറത്തേക്ക് നടന്നു.
ഫാക്ടറിയിൽ ജീവനക്കാരോട് സംസാരിച്ചു കൊണ്ടു നിന്ന ഒരാളുടെ അടുത്തേക്ക് മനു നടന്നു. രാഹുൽ മനുവിനെ പിന്തുടർന്നു.
''രമേഷ്'' മനു അയാളെ വിളിച്ചു. ''ഇതാണ് രമേഷ്, ഈ ഫാക്ടറിയുടെ പ്രൊഡക്ഷൻ മാനേജർ'' മനു രമേഷിനെ രാഹുലിന് പരിചയപ്പെടുത്തി. രമേഷ് രാഹുലിനെ അഭിവാദ്യം ചെയ്തു.
''നമ്മുടെ ഈ മാസത്തെ പ്രൊഡക്ഷൻ പ്ലാൻ രാഹുലിനൊന്ന് കാണിച്ചു കൊടുക്കൂ.'' മനു രമേഷിനോട് പറഞ്ഞു.
രമേഷ് തന്റെ ക്യാബിനിലേക്ക് പോയി പ്രൊഡക്ഷൻ പ്ലാനുമായി മടങ്ങി വന്നു. അത് മനുവിന് കൈമാറി.
''ഈ മാസം ഫാക്ടറിയിൽ നിർമ്മിക്കേണ്ട ഉത്പന്നങ്ങളും ഏതൊക്കെ ദിവസങ്ങളിൽ എങ്ങനെയാണ് അവ നിർമ്മിക്കേണ്ടതെന്നുമുള്ള വിശദമായ ഒരു രൂപരേഖയാണ് ഇത്. ഓർഡർ അനുസരിച്ച് നിർമ്മിക്കേണ്ട ഉത്പന്നങ്ങളുടെ വിവരങ്ങൾ തയ്യാറാക്കും. കൃത്യ സമയത്ത് അത് ഡെലിവറി ചെയ്യാൻ സാധ്യമാകുന്ന രീതിയിൽ പ്ലാൻ രൂപീകരിക്കും. ഈ പ്ലാനിന്റെ ചുവടുപിടിച്ചാണ് ഫാക്ടറിയിലെ മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ ദിവസവും എന്താണ് നിർമ്മിക്കേണ്ടത് എന്നും അതിനായി എന്തൊക്കെയാണ് ആവശ്യമെന്നും മുൻകൂട്ടി പ്ലാൻ ചെയ്യുന്നു.''
''ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായി ഏതൊക്കെ അസംസ്‌കൃത വസ്തുക്കൾ വേണമെന്നും ഏത് അളവിൽ വേണമെന്നും തീരുമാനിക്കുന്നു. പ്ലാനിനനുസരിച്ച് ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ സ്റ്റോക്കുണ്ടോ എന്ന് പരിശോധിക്കുന്നു. ആവശ്യത്തിനുള്ള സ്റ്റോക്ക് ഇല്ലായെങ്കിൽ അവ ലഭ്യമാക്കുന്ന നടപടികൾ എടുക്കുന്നു. ഇതെല്ലാം മുൻകൂട്ടി തീരുമാനിക്കുന്നത് കൊണ്ട് ഉത്പാദനം സുഗമമായി നടക്കുകയും ഉത്പന്നങ്ങൾ കൃത്യമായി എത്തിച്ചു നല്കാൻ സാധിക്കുകയും ചെയ്യുന്നു.''
രാഹുൽ തലയാട്ടി. മനു തുടർന്നു.
''അതായത് ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങളുടെ ശക്തി പ്ലാനിംഗാണ്. നല്ലൊരു പ്ലാൻ ആശയക്കുഴപ്പങ്ങളെ തുടച്ചു നീക്കും. ഓരോ മാസവും അതിലെ ഓരോ ആഴ്ചയിലെ ഓരോ ദിവസവും എന്താണ് നിർമ്മിക്കുവാൻ പോകുന്നത് എന്നത് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് അസംസ്‌കൃത വസ്തുക്കളും, മനുഷ്യ വിഭവശേഷിയും, മെഷീൻ ടൈമും ഒക്കെ അലോട്ട് ചെയ്യപ്പെടുന്നത്. ഇതൊരു വലിയ പ്രക്രിയയാണ്. ഈ പ്രക്രിയയിലെ ഓരോ പ്രവൃത്തിയും സൂക്ഷ്മമായി പ്ലാൻ ചെയ്യുന്നു. അവ ഓരോന്നും കൃത്യമായി നടപ്പിലാക്കപ്പെടുമ്പോൾ ബൃഹത്തായൊരു പ്രക്രിയ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കപ്പെടുന്നു.''
പപ്പയുടെ ഒപ്പം നിന്ന അനുഭവസമ്പത്ത് മനുവിനെ മികച്ചൊരു സംരംഭകനാക്കി തീർത്തിരിക്കുന്നു. രാഹുലിന് ഇതൊക്കെ പുതിയ അറിവുകളും അനുഭവങ്ങളുമായിരുന്നു. രാഹുൽ സാകൂതം മനുവിന്റെ മുഖത്തേക്ക് നോക്കി നിന്നു.
''ബിസിനസിൽ സങ്കീർണ്ണത ഉടലെടുപ്പിക്കുവാൻ എളുപ്പമാണ്. ബിസിനസിൽ ഉടലെടുക്കുന്ന ഓരോ പ്രശ്‌നവും സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ഒന്നുകിൽ പണം അല്ലെങ്കിൽ സമയം അതിനായി ചിലവഴിക്കേണ്ടി വരും. രണ്ടും ബിസിനസിന് സാമ്പത്തികമായി നഷ്ടമാണ്. അതിനാൽ പ്ലാനിംഗിനായി ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി ബിസിനസുകാരൻ ഒരിക്കലും കണക്കുകൂട്ടേണ്ടതില്ല. സിസ്റ്റം അഥവാ വ്യവസ്ഥിതിയുടെ ഒരു സംസ്‌കാരം ബിസിനസിൽ ഇണക്കിച്ചേർക്കുവാൻ ബിസിനസുകാരന് സാധിക്കണം. യഥാർത്ഥത്തിൽ ബിസിനസിന്റെ അടിത്തറ വ്യവസ്ഥിതിയാണ്.''
മനു ഒന്ന് നിർത്തി.
''എങ്ങിനെയാണ് വ്യവസ്ഥിതി ബിസിനസിലേക്ക് ഉൾക്കൊള്ളിക്കുക?'' രാഹുൽ സംശയം ഉന്നയിച്ചു.

''ബിസിനസിലെ പ്രക്രിയകളും പ്രവൃത്തികളും പഠിക്കുകയും രേഖപ്പെടുത്തുകയും വേണം. അതിൽ ഓരോ വ്യക്തികളുടേയും റോളുകൾ നിശ്ചയിക്കണം. ഉദാഹരണമായി വാങ്ങൽ പ്രക്രിയ എടുത്താൽ അസംസ്‌കൃത വസ്തുവിന്റെ ആവശ്യകത നിർണ്ണയിക്കുന്നത് മുതൽ അത് വാങ്ങി അതിന്റെ ഗുണമേന്മ പരിശോധിച്ച് സ്റ്റോറിൽ സ്റ്റോക്ക് ചെയ്യുന്നത് വരെയുള്ള ഓരോ ഘട്ടത്തിലേയും പ്രവൃത്തികൾ മുൻകൂട്ടി തയ്യാറാക്കണം. ഓരോ പ്രവൃത്തിയും ചെയ്യേണ്ടതാരെന്നും അവരുടെ ഉത്തരവാദിത്തം എന്തെന്നും അതിൽ നിന്ന് എന്ത് ഫലം പ്രതീക്ഷിക്കുന്നു എന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നു. ഓരോ വ്യക്തിയും തന്നിലർപ്പിതമായ ജോലികൾ കൃത്യമായി, സമയബന്ധിതമായി ചെയ്യുമ്പോൾ വാങ്ങൽ പ്രക്രിയ വിജയകരമായി നടപ്പിലാകുന്നു.''
''പക്ഷേ അത്തരമൊരു വ്യവസ്ഥിതി ബിസിനസിൽ കൊണ്ട് വരുന്നത് അത്ര എളുപ്പമാണോ? അതിന് ധാരാളം സമയം ആവശ്യമായി വരികയില്ലേ?'' രാഹുൽ നെറ്റിചുളിച്ചു.
''ബിസിനസ് തുടങ്ങുന്ന ഒരാൾക്ക് ഇതിനായി തുടക്കം മുതൽ തന്നെ ശ്രമിക്കാം. ബിസിനസ് ദീർഘകാലം നിലനില്‌ക്കേണ്ട ഒന്നാണെന്ന കാഴ്ച്ചപ്പാടുള്ള ഒരു സംരംഭകൻ വ്യവസ്ഥിതിയെ തന്റെ ബിസിനസിന്റെ സംസ്‌കാരമാക്കുവാൻ പരിശ്രമിക്കും. ഇതിനായെടുക്കുന്ന പ്രയത്‌നം ഒരിക്കലും വൃഥാവിലാകുകയില്ല. നടന്നു കൊണ്ടിരിക്കുന്ന ഒരു ബിസിനസിൽ അത്തരമൊരു സംസ്‌കാരം കൊണ്ടുവരുന്നതിന് കുറച്ചധികം സമയമെടുത്തേക്കാം. എങ്കിലും അത് സാധ്യമാണ്.''
രാഹുൽ മെല്ലെ തലയാട്ടി.
''ബിസിനസിൽ പണത്തിന്റെ, സമയത്തിന്റെ, പ്രയത്‌നത്തിന്റെ പാഴ്‌ച്ചെലവ് ഇല്ലാതെയാക്കുവാൻ നല്ലൊരു സിസ്റ്റത്തിന് സാധിക്കും. ബിസിനസ് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും അതിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും തങ്ങൾ അതിനായി എന്ത് ചെയ്യണം എന്നുമൊക്കെ ഓരോ ജീവനക്കാരും മനസിലാക്കും. പ്രവൃത്തികൾ അതിനനുസരിച്ച് ചിട്ടപ്പെടുത്തപ്പെടും. പാഴാവുന്ന സമയത്തിന്റെ വില അവർ തിരിച്ചറിയും. തെറ്റുകൾ എവിടെ, എങ്ങിനെ സംഭവിച്ചു എന്നത് കണ്ടെത്തുവാനും അവലോകനം ചെയ്യുവാനും സാധിക്കും. നിരന്തരം സ്വയം മെച്ചപ്പെടുത്തുന്ന ഒരു വ്യക്തിയെപ്പോലെ ബിസിനസ് രൂപാന്തരപ്പെടും. പല ഭാഗങ്ങളിൽ, പല പ്രക്രിയകളിൽ, പല പ്രവൃത്തികളിൽ ഇങ്ങിനെ നിരന്തരം സംഭവിക്കുന്ന മെച്ചപ്പെടുത്തൽ ബിസിനസിന്റെ സമൂലമായ പരിവർത്തനത്തിന് കാരണമാകും.''
''ഞങ്ങളുടെ ബിസിനസിൽ ഇത്തരമൊരു സിസ്റ്റം കൊണ്ടുവരാൻ പപ്പ തുടക്കം മുതൽക്കേ ശ്രദ്ധിച്ചിരുന്നു. പപ്പയുടെ വിജയത്തിന്റെ മറ്റൊരു പ്രധാന കാരണം ചോദിച്ചാൽ ഞാനിതായിരിക്കും ചൂണ്ടിക്കാട്ടുക. റോഡിലൂടെ നടന്നു പോകുമ്പോൾ സീബ്ര ലൈൻ കാണുമ്പോൾ നമുക്ക് തിരിച്ചറിയാം അത് റോഡ് ക്രോസ് ചെയ്യുന്നവർക്കുള്ള അടയാളമാണെന്ന്. ഇത്തരം അടയാളങ്ങൾ ബിസിനസിൽ വരച്ചു ചേർക്കാൻ വ്യവസ്ഥിതിക്ക് സാധിക്കും. സിസ്റ്റം ഇല്ലാത്ത ബിസിനസുകളും നടന്നു പോകും. എന്നാൽ സിസ്റ്റമുള്ള ബിസിനസുകൾ തലമുറകളായി നിലനില്ക്കുകയും വളരുകയും മാതൃകയാകുകയും ചെയ്യും. സംരംഭകന്റെ തത്വശാസ്ത്രം ഇവിടെ വളരെ പ്രസക്തമാണ്.''
താനൊരു സംരംഭകനാകുമ്പോൾ ഇത്തരമൊരു തത്വശാസ്ത്രമാവണം തന്നെ നയിക്കേണ്ടത് രാഹുൽ ചിന്തിച്ചു. രമേശ് കാണിച്ച പ്ലാൻ വലിയൊരു ഭൂപടം പോലെ രാഹുലിന്റെ മനസ്സിൽ പടർന്നു കിടന്നു. അതിലൂടെ അയാൾ മെല്ലെ സഞ്ചരിച്ചു തുടങ്ങി. 

 

Post your comments