Global block

bissplus@gmail.com

Global Menu

വിസ്മയിപ്പിച്ച് ഫുട്‌ബോൾ സാമ്പത്തികം

 

Football is a team game, so is life
Football is the only sport that unites everyone in the world

 

2022 ലോകകപ്പ് ഫുട്‌ബോൾ അവസാനലാപ്പിലേക്ക് കടക്കുമ്പോൾ കാൽപ്പന്തുകളിയുടെ ജ്വരം നമ്മുടെ നാടിനെയും കീഴ്‌പ്പെടുത്തിയിരിക്കുന്നു. ലോകകപ്പിൽ മത്സരിക്കുന്ന രാജ്യങ്ങളെക്കാൾ മത്സരവേദിയായ ഖത്തറിനേക്കാൾ ആവേശം നമ്മുടെ കൊച്ചുകേരളത്തിലാണെന്ന് തോന്നിപ്പോകും. നാട്ടിലും വിദേശത്തുമുളള ഏതാണ്ട് 5000 മലയാളികൾ ഖത്തറിൽ കളികാണാൻ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. പാറശ്ശാല മുതൽ കാസർഗോഡ് വരെയുളള ഗ്രാമങ്ങളിൽ അർജന്റീനയുടെയും ബ്രസീലിന്റെയും കളി ആസ്വദിക്കുന്ന സ്ത്രീകളും കുട്ടികളും നമ്മെ അത്ഭുതപ്പെടുത്തുന്നു. മലബാറിന്റെ ഫുട്ബാൾ കമ്പം വിശ്വപ്രസിദ്ധമാണ്. എന്നാൽ സ്ഥല, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ ലോകകപ്പ് ഫുട്‌ബോൾ കേരളം കണ്ടാസ്വദിക്കുന്നത് നവ്യാനുഭവമാണ്.
നവംബർ 20ന് തുടങ്ങിയ ഫുട്‌ബോൾ മാമാങ്കം രണ്ടാഴ്ച പിന്നിടുമ്പോൾ വേദന സംഹാരിപോലെ വ്യാപാരലോകത്തിന് അനുഭവപ്പെടുന്നു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമ്പോൾ ഫുട്‌ബോൾ ഏവരെയും ചേർത്ത് നിർത്തുന്നു. ലോകജനതയെ ഒന്നിപ്പിക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളിൽ നമ്മുടെ രാജ്യം മത്സരിക്കുന്ന ദിനം ഉണ്ടാവും എന്ന് പ്രത്യാശിക്കാം.
ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുളള 193 അംഗീകൃതരാജ്യങ്ങൾ ഉണ്ടെങ്കിൽ ഫിഫ എന്ന ആഗോള ഫുട്‌ബോൾ സംഘടനയിൽ 211 രാജ്യങ്ങളാണുളളത്. ഇതിൽ നിന്നു തന്നെ കാൽപ്പന്തുകളിയുടെ മാഹാത്മ്യം മനസ്സിലാക്കാം. 2022ൽ ഖത്തർ ലോകകപ്പ് 4.7 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ ലോകകപ്പ് ഖത്തറിന്റെ ജിഡിപി 4.2% വർദ്ധിപ്പിക്കും. ഖത്തറിന് വരും വർഷങ്ങളിൽ 20 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാകുമെന്നും സാമ്പത്തികവിദഗ്ദ്ധർ പ്രവചിക്കുന്നു. ഒരു മില്യൺ ഫുട്‌ബോൾ പ്രേമികൾ ഖത്തറിൽ എത്തുമ്പോൾ ഗൾഫ് മേഖലയ്ക്കാകെ സാമ്പത്തിക ഉണർവ്വ് പകരുന്നു. ദുബായ്, മസ്‌കറ്റ്, ബഹ്‌റൈൻ ഉൾപ്പെടെയുളള രാജ്യങ്ങളിലെ വിമാനക്കമ്പനികൾക്കും ഹോട്ടലുകൾക്കും ചാകര തന്നെ. സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ ഉൾപ്പെടെയുളള രാജ്യങ്ങളും നേട്ടങ്ങളുണ്ടാക്കി.  
ഇങ്ങ് കേരളത്തിൽ                                   ഖത്തറിനേക്കാൾ ആവേശം
ഇന്ത്യ ലോകകപ്പ് കളിക്കാൻ പതിറ്റാണ്ടുകൾ എടുത്തേക്കാം. കളി നടക്കുന്നത് ഖത്തർ എന്ന മണലാരണ്യത്തിലാവാം. എന്നാൽ ഫുട്‌ബോളിന്റെ ആവേശവും ആരവവും നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഫുട്‌ബോൾ തന്നെ 'ഗെയിം ഓഫ് ഗെയിംസ്'
ഒക്ടോബർ-നവംബർ മാസങ്ങളിൽ കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്ന് ഗൾഫിലേക്ക് യാത്ര ചെയ്യാൻ വൻതിരക്കായിരുന്നു. ഒരു മാസം മുമ്പ് തന്നെ ഖത്തറിൽ എത്തിയ ഫുട്‌ബോൾ പ്രേമികളുണ്ട്. യാത്രയ്ക്ക് മൂന്നുനാല് മണിക്കൂറല്ലേ വേണ്ടു. ദുബായിൽ താമസിച്ച് കളികണ്ടു തിരിച്ച് ദുബായിൽ വരുന്ന മലയാളികളും ഉണ്ട്. കുടുംബസമേതം ഖത്തറിലെത്തി ഫുട്‌ബോൾപൂരം കാണുന്നവരും മലപ്പുറത്തുണ്ട്. കമ്പനികളുടെ സംഘടനകളുടെ നേതൃത്വത്തിൽ ലോകകപ്പ് കണ്ടവർ ഏറെ. മൊത്തത്തിൽ മലയാളി 'ഭ്രമിച്ചുപോയി' എന്നു തന്നെ പറയാം.
T20 ലോകകപ്പിനു ശേഷം വലിയ താമസം കൂടാതെ എത്തിയ ഫിഫ ലോകകപ്പ് 2022 ആലസ്യത്തിലായിരുന്ന വിപണിയെ ഒന്ന് ഉണർത്തി. എൽഇഡി ടിവി കമ്പനികൾ മുതൽ ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങൾ വരെ ഗോളടിച്ചു.
ലോകകപ്പ് ഫുട്‌ബോൾ എൽഇഡി/പാനൽ മാർക്കറ്റിനെ സജീവമാക്കി. പതിനായിരക്കണക്കിന് ടിവി സെറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. മികച്ച ഓഫറുകളും ഇഎംഐ/ എക്‌സ്‌ചേഞ്ച് സ്‌കീമുകളുമായി ഡീലർമാരും ബ്രാൻഡുകളും മത്സരിച്ചു. ചെറിയ ബ്രാൻഡുകൾക്കായിരുന്നു വിപണിയിൽ ഏറെ പ്രിയം. എൽജി, സാംസങ്, പാനസോണിക്,ഇംപെക്‌സ്, .... തുടങ്ങിയ ബ്രാൻഡുകൾ വിപണി കയ്യടക്കി. ഓൺലൈൻ ബ്രാൻഡുകളും ഈ കാലഘട്ടത്തിൽ അവസരം മുതലാക്കി എന്ന് ഹോം അപ്ലയൻസ് രംഗത്തെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. മൊബൈലിൽ കളി കാണാൻ പുതിയ മെബൈൽ ഫോൺ വാങ്ങിയവരും ധാരാളം. ലാപ്‌ടോപ്പ്, ഹോം തിയേറ്റർ, ബിഗ്‌സ്‌ക്രീൻ പാനലുകൾ തുടങ്ങിയ ഗാഡ്ജറ്റുകൾക്കും മികച്ച വില്പനയുണ്ടായി. ചെറിയ ടിവി മാറി വലിയ സ്‌ക്രീൻ ഉളള പാനലുകൾ വാങ്ങിയവരാണ് ഏറെയും എന്ന് ഡീലർമാർ പറയുന്നു. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി എന്നീ ഫിനാൻസ് കമ്പനികൾക്കും ലോകകപ്പ് നേട്ടമുണ്ടാക്കി. ഖത്തർ ലോകകപ്പ് 2022 പരസ്യവിപണിയെയും ഉണർത്തി. ഓണത്തിനുപോലും പരസ്യം നൽകാതിരുന്ന ബ്രാൻഡുകളും നവംബർ മാസം നല്ല പരസ്യം നൽകി. ലോകകപ്പ് പ്രവചന മത്സരം പ്രേക്ഷകർക്ക് നിരവധി സമ്മാനം ലഭ്യമാക്കി. കൈ നിറയെ സമ്മാനങ്ങളും ഓഫറുകളുമായി ലോകകപ്പ് 2022 ആഘോഷിച്ച ടിവി/അപ്ലയൻസ് കമ്പനികൾക്കും വ്യാപാരികൾക്കും ഏതാണ്ട് 100 കോടി രൂപയുടെ അധികവ്യാപാരം ലോകകപ്പ് നേടിക്കൊടുത്തു.
ടിവി വിപണിയേക്കാൾ വ്യാപാരം നടന്നത് ടി ഷർട്ട്, ജഴ്‌സികൾ എന്നിവയ്ക്കാർ. നവംബർ 20ന് ലോകകപ്പ് തുടങ്ങിയ ദിവസത്തിന് മുമ്പു തന്നെ അർജന്റീനയുടെ ഒഫിഷ്യൽ ജഴ്‌സി കിട്ടാനില്ലായിരുന്നു. അർജന്റീനിയുടെ ജഴ്‌സി കഴിഞ്ഞാൽ ഏറ്റവും ഡിമാൻഡ് ബ്രസിലിന്റെ വേഷത്തിന് തന്നെ. പിന്നെ പോർച്ചുഗൽ, ജർമനി, ക്രൊയേഷ്യ അങ്ങനെ നീണ്ടു പോകുന്നു. അയ്യായിരത്തോളം ജഴ്‌സികൾ ഒരുമിച്ചെടുത്ത സംഘടനകളുണ്ടെന്ന് ഒരു വ്യാപാരി പറയുന്നു. അർജന്റീനയുടെയും ബ്രസീലിന്റെയും ജഴ്‌സി സ്‌പോൺസർ ചെയ്ത സഹൃദയരും ധാരാളം. ഫുട്‌ബോൾ, ഷൂസ്, ഷർട്ടുകൾ, ഫൂട്ട്‌ഷോർട്ട്‌സ്, ബാഗുകൾ, തൊപ്പികൾ തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങാനും സ്‌പോർട്‌സ് ഷോപ്പുകളിൽ നല്ല തിരക്കായിരുന്നുയ. അഞ്ചു ലക്ഷത്തിലേറെ ടി ഷർട്ടുകളാണ് ഇക്കാലയളവിൽ വിറ്റഴിഞ്ഞത്. 150 രൂപ മുതൽ 1000 രൂപ വരെയുളള ജഴ്‌സികൾ വിപണിയിൽ സുലഭമാണ്.
ഫ്്‌ളക്‌സ് ബോർഡുകളുടെ സാമ്പത്തികവും പ്രധാനമാണ്. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാൽ ഫ്‌ളക്‌സ്‌ബോർഡുകളുകൾ ഇത്രയും വ്യാപകമാകുന്നത് ലോകകപ്പ് ഫുട്‌ബോൾ വേളയിലാണ്. വലിപ്പത്തിൽ ഒരു പക്ഷേ ഇലക്ഷൻ ഫ്‌ളക്‌സുകളെയും കവച്ചുവയ്ക്കുന്നു കാൽപ്പന്തുകളിക്കാരുടെ ഫ്‌ളക്‌സുകൾ കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡുവരെ ഫ്‌ളക്‌സ് മാമാങ്കമാണ്. വടക്കോട്ടു ചെല്ലുമ്പോൾ ഫ്‌ളക്‌സുകൾ തമ്മിലുളള അകലം കുറഞ്ഞുവരുന്നു. കോടികളുടെ ബിസിനസാണ് ഈ ഇനത്തിൽ നടന്നത്.
അതുപോലെ ഒരുമിച്ചിരുന്ന് കളി ആസ്വദിക്കാൻ ബിഗ്‌സ്‌ക്രീനുകളൊരുക്കി ഹോട്ടലുകളും മറ്റും രംഗത്തെത്തി. ഈ ഇനത്തിലും വരുമാനം കൂടി. എന്നാൽ തിയേറ്ററുകൾക്ക് ഫുട്‌ബോൾ കാലം അത്ര നല്ല കാലമല്ല. കാരണം ജനം കാൽപ്പന്തുകളിയുടെ ആവേശത്തളളലിലാണ്.
ഇത്തവണത്തെ മറ്റൊരു പ്രത്യേകത ആദ്യമായി ഒരു മലയാളി സംരംഭത്തിന്റെ പരസ്യം ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നുവെന്നതാണ്. അതെ കേരളത്തിന്റെ സ്വന്തം ബൈജൂസിന്റെ പരസ്യം ഖത്തറിലെ ലോകകപ്പ് വേദികളിലുണ്ട്. അങ്ങനെ ആവേശത്തിന്റെ മൂർധന്യത്തിലാണ് കാൽപ്പന്തുകളിയുടെ ആരാധകരും സംഘാടകരും ആതിഥേയരും ഒപ്പം വിപണിയും.

Post your comments