Global block

bissplus@gmail.com

Global Menu

"എൻജിനീയർമാർ എന്തുകൊണ്ട് ഇന്നൊവേറ്റർസ് ആകണം?"- ഡോ. പി. വി. ഉണ്ണിക്കൃഷ്ണൻ

ഡോ. പി. വി. ഉണ്ണിക്കൃഷ്ണൻ
മെമ്പർ സെക്രട്ടറി, കേരള ഡെവെലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്)

 

എഞ്ചിനീയറിംഗ് എന്ന പദപ്രയോഗത്തിന്റെ ഉദയം 'ingeinum' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്. ഇതിന്റെ അർത്ഥം, ചാതുര്യമുള്ള ആസൂത്രകൻ, ഉപായ ചിന്തനം നടത്തുന്നവൻ എന്നാണ്. എഞ്ചിനീയറിംഗിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മനുഷ്യൻ മനുഷ്യനായ കാലം മുതൽ, കൂർത്ത കല്ലുകൾ വേട്ടയാടാൻ ആയുധമായി ഉപയോഗിച്ചിരുന്നത് മുതൽ, തീയുണ്ടാക്കി അത് നിയന്ത്രിച്ച് ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ വിവിധങ്ങളായ ലഘു യന്ത്രങ്ങൾ, ചക്രം, ആപ്പ്, കപ്പി, ഉത്തോലകം, ചക്രവും അച്ചുതണ്ടും, ചരിഞ്ഞ പ്രതലം, പിരിയാണി എന്നിവ മനുഷ്യന്റെ അദ്ധ്വാനവും മൃഗങ്ങളുടെ അദ്ധ്വാനവും കൂടുതൽ ഫലവത്താക്കാൻ സഹായിച്ചു. നദീതടങ്ങളിൽ സ്ഥിരം താമസിക്കുകയും നദീതട സംസ്‌കാരങ്ങൾ ഉദയം ചെയ്ത    കാലഘട്ടത്തിൽ ഈജിപ്റ്റിലെ പിരമിഡുകളും സിന്ധു നദീതടത്തിലെ ആസൂത്രിത നഗരങ്ങളും മെസോപ്പൊട്ടാമിയയിലെ സിഗുറാറ്റു(ziggurta) കളും പ്രാചീന എഞ്ചിനീയറിംഗ് നൈപുണ്യത്തിന്റെ ഉദാഹരണങ്ങളാണ്. ഏതൻസിലെ അക്രോപോളിസ് എന്ന കോട്ട കെട്ടിയ നഗരവും പാർഥിനോൺ എന്ന അഥീന ദേവതയുടെ ക്ഷേത്രവും ഖജനാവും റോമാ സാമ്രാജ്യത്തിലെ റോഡുകളും അക്വഡെക്ട് (aquedutc) എന്ന് വിളിക്കുന്ന നീർച്ചാലുകളും  കൊളോസിയം(coliseum) എന്ന പേരിലുള്ള amphitheater അഥവാ നടനശാല, 2000 കൊല്ലങ്ങൾ കൊണ്ട് പണിതീർത്ത ചൈനയിലെ വൻമതിൽ; ഗ്വാട്ടിമാല, എൽ സാൽവദോർ, മെക്‌സിക്കോ, ഹോണ്ടുറാസ് എന്നീ മധ്യ അമേരിക്കൻ നാടുകളിലെ മായൻ സംസ്‌കാരത്തിലെ നഗരനിർമ്മിതികൾ, ബൊളീവിയയിലെ ഇൻകാ സംസ്‌ക്കാരത്തിന്റെ മലമ്പ്രദേശങ്ങളിലെ കാർഷിക സംവിധാനങ്ങളും നിർമ്മിതികളും മെക്‌സിക്കോയിലെ അ്വലേര സംസ്‌കാരത്തിലെ കെട്ടിടങ്ങൾ എന്നിവയെല്ലാം ആദ്യകാല എഞ്ചിനീയറിംഗ് മികവുകളാണ്.
ഈ കാലഘട്ടത്തിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്ക് കരകൗശലക്കാരുടെയും (artisans) തച്ചുശാസ്ത്രക്കാരുടെയും പ്രവർത്തനങ്ങളോടാണ് സാമ്യം. ആശയങ്ങൾ ചിത്രങ്ങളിൽ രേഖപ്പെടുത്തുകയും തുടർന്ന് രൂപകല്പന ചെയ്യുകയും നിർവ്വഹണം നടത്തുകയും ചെയ്യുന്ന രീതി ചിട്ടപ്പെട്ടു. മനുഷ്യാദ്ധ്വാനത്തിനും മൃഗങ്ങളുടെ അദ്ധ്വാനത്തിനുമൊപ്പം ഒഴുകുന്ന വെള്ളത്തിന്റെ ഊർജ്ജവും കാറ്റിന്റെ ഊർജ്ജവും ഉപയോഗപ്പെടുത്തി കായിക പ്രവർത്തനങ്ങൾ നടത്തുകയും ആയോധന മുറകൾ  വികസിപ്പിക്കുകയും ചെയ്തതാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത.
1760 മുതൽ 1965 വരെ ഒന്നും രണ്ടും വ്യാവസായിക വിപ്ലവങ്ങളുടെ കാലഘട്ടത്തിലാണ് എഞ്ചിനീയറിംഗ് ഒരു പ്രൊഫഷനായി മാറുന്നത്. ഗണിതശാസ്ത്രവും ആധുനിക ശാസ്ത്രവും അഭ്യസിക്കുന്നവരും പ്രയോഗിക്കുന്നവരും കൂടിയായി ഈ കാലഘട്ടത്തിലെ എഞ്ചിനിയർമാർ. ഒന്നാം വ്യാവസായിക വിപ്ലവത്തിൽ ഒഴുകുന്ന വെള്ളത്തിന്റെ ഊർജ്ജവും ആവിയുടെ ഊർജ്ജവും നിയന്ത്രിക്കാൻ മനുഷ്യൻ അഭ്യസിച്ചു. ആവി എൻജിനും നെയ്ത്ത് യന്ത്രങ്ങളും ടെലിഗ്രാഫും ടെലിഫോണും ടെലിവിഷനും വിമാനവും ഓട്ടോമൊബൈലും ഇൻകാണ്ടസെന്റ് ബൾബും ട്രാൻസ്‌ഫോമർ ബാറ്ററിയും വികസിപ്പിച്ചത് ഇക്കാലഘട്ടത്തിലാണ്. കപ്പൽ നിർമ്മാണവും നാവികവിദ്യയും വലിയ മുന്നേറ്റങ്ങൾ നടത്തി. മദ്യനിർമ്മാണത്തിൽ തുടങ്ങി ഡൈനാമിറ്റ് തുടങ്ങിയ സ്‌ഫോടകവസ്തുക്കൾ, പെട്രോളിയം സംസ്‌ക്കരണം, കൽക്കരി സംസ്‌ക്കരണം, ലോഹ സംസ്‌ക്കരണത്തിലൂടെ വളം നിർമ്മാണം, ഔഷധ നിർമ്മാണത്തിലൂടെ കാർഷിക ഉൽപ്പാദനത്തിലും ആരോഗ്യ പരിപാലനത്തിലും പുതിയ ചരിത്രം കുറിച്ചു. ബ്ലൂപ്രിൻറുകളും ചിട്ടയായ ഡിസൈൻ ഡ്രോയിങ്ങുകളിലൂടെ രൂപകൽപ്പന നടത്തി നിർവ്വഹണവും പരിശോധനയും തീർപ്പും നടത്തുന്നതായി എഞ്ചിനീയറിംഗിന്റെ രീതി.
1966 മുതൽ 1995 വരെയുള്ള മൂന്നാം വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ വിവരസാങ്കേതിക വിദ്യയിലെ വളർച്ച വാക്വം ട്യൂബുകളിൽ നിന്നും ട്രാൻസിസ്റ്റർ തുടങ്ങിയ അർദ്ധചാലക സങ്കേതങ്ങളിലേക്കും VLSI (Very Large Scale Integrated Circuit) ലേക്കും നയിച്ചു. ഓട്ടോമേഷനിൽ തുടങ്ങി ഉൽപ്പാദന നിർമ്മാണ പ്രവർത്തനങ്ങളുടെ നിയന്ത്രണ നിർവ്വഹണ സങ്കേതങ്ങളുടെ വളർച്ചയ്ക്ക് നിദാനമായി. കമ്പ്യൂട്ടർ സങ്കേതങ്ങൾ മെയിൻഫ്രെയിമിൽ (mainframe)ൽ നിന്ന് പെഴ്‌സണൽ കമ്പ്യൂട്ടറിലേക്കും (Personal computer ) സിംഗിൾ ചിപ് കംപ്യൂട്ടറിലേക്കും വളർന്നു. CAD, CAM സങ്കേതങ്ങളുടെ വളർച്ചയും റൂബിക്‌സ് ക്യൂബ്, ബോയിങ് 747 ജെറ്റ്, മൊബൈൽ ഫോൺ, സ്‌പേസ് ഷട്ടിൽ, ആപ്പിൾ കമ്പ്യൂട്ടർ,ജിപിഎസ് സിസ്റ്റം,വേൾഡ് വൈഡ് വെബ്   തുടങ്ങിയവയുടെ രൂപകൽപ്പനയും ഇക്കാലത്താണ്.
1996 - 2015 വരെയുള്ള മൂന്നാം വ്യാവസായിക വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിൽസ്മാർട്ട്, ഹൈബ്രിഡ് വെഹിക്കളിന്റെ ആവിർഭാവം, നാസയുടെ മാർസ് പാത്ത്‌ഫൈൻഡർ, Pathfinder എന്ന റൊബോട്ടിക് വെഹിക്കിളുകൾ (rovers) എന്നിവ, മോഡലിംഗ് സിമുലേഷൻ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ്, ഡിസൈൻ വാലിഡേഷൻ ഉപയോഗിച്ചുള്ള നിർമ്മാണ പ്രക്രിയകളുടെ കൂടി നേട്ടങ്ങളായി.
2015 നു ശേഷമുള്ള കാലം ഇൻഡസ്ട്രി 4.0 യുടേതാണ്. ജീവശാസ്ത്രം, പദാർത്ഥ വിജ്ഞാനീയം, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഏകോപനം എന്നിവയാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. IoT സങ്കേതങ്ങൾ, Additive Technologies, പുത്തൻ ഇൻജക്ഷൻ മോൾഡിങ് സങ്കേതങ്ങൾ എന്നിവ സമ്പൂർണ്ണമായി വികേന്ദ്രീകൃത നിർമ്മാണം, വിദൂര ജോലി, പെർസിഷൻ അഗ്രികൾച്ചർ, പെർസിഷൻ മെഡിസിൻ, ഫ്യൂവൽ സെൽ ഉം സോളാർ പിവിയും  ഉപയോഗിച്ചുള്ള വികേന്ദ്രീകൃത ഊർജ്ജം, സിന്തറ്റിക് ബയോളജി, ക്രിസ്പർ ജീൻ എഡിറ്റിംഗ്‌സ സ്റ്റെംസെൽ തെറാപ്പി, ജീവശാസ്ത്ര സാധ്യതകൾ,  ഗ്രാഫിൻ അടക്കമുള്ള പുത്തൻ പദാർത്ഥ വിജ്ഞാന സാധ്യതകൾ, ഡാറ്റ അനലറ്റിക്‌സ്, ബിഡ് ഡാറ്റ എന്നിവയുപയോഗിച്ചുള്ള വിശകലനവും നിർമ്മാണ നിർവ്വഹണ പ്രവർത്തനങ്ങളും സാധ്യമാക്കിയിരിക്കുന്നു. ഇവ പ്രശ്‌നപരിഹാരത്തിന് വിപുലമായ സാധ്യതകളാണ് തരുന്നത്.  
ചരിത്രാതീതകാലം മുതൽ എഞ്ചിനീയർ ഇന്നോവേറ്റർ ആണ്. ഗണിതവും ശാസ്ത്രവും ഉപയോഗിച്ച് പ്രശ്‌നപരിഹാരം നടത്തിയിരുന്ന എഞ്ചിനീയർക്ക് വിവരവിജ്ഞാനീയം, കൺട്രോൾ എഞ്ചിനീയറിംഗ്, സെൻസർ ടെക്‌നോളജി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, Additive Technologies, UAV, AR/VR, ബിഗ് ഡാറ്റ, ഡാറ്റ അനലറ്റിക്‌സ്, നാനോമെറ്റീരിയൽസ്,  എന്നിവയുടെ സങ്കേതങ്ങളുടെ സഹായത്തോടെ പ്രശ്‌നപരിഹാരത്തിന് കഴിയുന്നു. ഈ കാലഘട്ടത്തിലെ സവിശേഷത പ്രശ്‌നപരിഹാരം കൂട്ടായി നടത്താനാണ് കൂടുതൽ സാധ്യത എന്നതാണ്.
ശൈശവത്തിലെ സർഗ്ഗാത്മകതയും മാമൂൽ വിട്ട് ചിന്തിക്കാനുള്ള ശേഷിയും നിലവിലുള്ളതിനെ വെല്ലുവിളിക്കാനുള്ള ശേഷിയും പ്രായമാകുമ്പോൾ നഷ്ടമാകുന്നു. ഇവ കൂടി തിരിച്ചു പിടിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്.

Post your comments