Global block

bissplus@gmail.com

Global Menu

കായികപരിശീലനത്തിൽ വിജയച്ചിറകേറി ഈഗിൾ സ്‌പോർട്‌സ് അക്കാദമി

അംഗീകാരങ്ങളുടെ നിറവിൽ വിവേക്

 

 

 

 

ജോലിക്കായി കായിക ഇനങ്ങൾ പരിശീലിക്കുന്നവരുടെ കാലത്ത് ആർമിയിലെ ജോലിവിട്ട് കായികരംഗത്തിനായി തന്റെ ഇഷ്ട കായികയിനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ - അതാണ് പദ്ഭനാഭന്റെ നാട്ടുകാരനായ വിവേക് എന്ന ഈഗിൾ അക്കാഡമിയുടെ അമരക്കാരൻ സ്‌കൂൾ കാലത്ത് തുടങ്ങിയ സ്‌പോർട്‌സ് കമ്പം.ഫിസിക്കൽ എഡ്യുക്കേഷൻ രംഗത്ത് സ്‌പെഷ്യലൈസ് ചെയ്യണമെന്ന മോഹം മാറ്റിവച്ച് പഠനം അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരുടെ താല്പര്യപ്രകാരം മുന്നോട്ടുകൊണ്ടുപോയെങ്കിലും ബോക്‌സിംഗ് പരീശിലനം തുടർന്നു. കോളേജ് വിദ്യാർത്ഥിയായിരിക്കെ ദേശീയതലത്തിൽ വരെ മത്സരിച്ചു. പിന്നീട് ആർമിയിൽ ജോലിക്കു കയറി.അപ്പോഴും മൗണ്ടനീറിംഗ്, റോക്ക്‌ക്ലൈമ്പിംഗ് എന്നിങ്ങനെ കായികമേഖലുമായുളള കണക്ഷൻ നിലനിർത്തി. എന്നാൽ സ്‌പോർട്‌സ് ആണ് തന്റെ തട്ടകമെന്ന തിരിച്ചറിവിൽ ജോലിയിൽ നിന്ന് വിരമിച്ചു. പിന്നീട് കായികമേഖലയിൽ നിരവധി കോഴ്‌സുകൾ, സ്വന്തമായി ഒരു സ്‌പോർട്‌സ് അക്കാദമി, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ പരിശീലകൻ എന്നിങ്ങനെ തന്റെ വഴിയിൽ നേട്ടങ്ങൾ കൊയ്തുകൂട്ടി. റിംഗ് സ്‌പോർട്‌സിൽ ഇന്ത്യയിലെ രണ്ട് ഗ്രേഡഡ് (എഗ്രേഡ്) റഫറിമാരിലൊരാളാണ് വിവേക്. ആം റെസ്‌ലിംഗ് കൗൺസിൽ അംഗം, സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ, വാക്കു ഇന്ത്യ കിക്ക് ബോക്‌സിംഗ് അസോസിയേഷന്റെകേരള ഘടകം ജനറൽ സെക്രട്ടറി, അമേരിക്കൻ കൗൺസിൽ ഓഫ് എക്‌സർസൈസി(എഇഎസ്)ന്റെ സർട്ടിഫൈഡ് പഴ്‌സണൽ ട്രെയിനർ, സ്ട്രംഗ്ത് ആൻഡ് കണ്ടീഷനിഗിന്റെയും ഫംഗ്ഷണൽ ട്രെയിനിംഗിന്റെയും സെൾഫ് ഡിഫൻസിന്റെയും ഇന്ത്യാ ഗവണ്മെന്റിന്റെ സർട്ടിഫൈഡ് ട്രെയിനർ, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് ഏഷ്യയിൽ നിന്നുളള ക്ഷണിതാവ് എന്നിങ്ങനെ വിവേകിന്റെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. ഒളിമ്പിക്‌സിലേക്ക് തന്റെ വിദ്യാർത്ഥികളെ എത്തിക്കുക, ഒളിമ്പിക്‌സിൽ റഫറിയാകുക എന്നീ സ്വപ്നങ്ങളോടെ മുന്നോട്ടുപോകുകയാണ് ഈ ചെറുപ്പക്കാരൻ. അദ്ദേഹം ബിസിനസ് പ്ലസിനോട് തന്റെ കായികവഴികളെ കുറിച്ച് പറയുന്നു......
സ്‌കൂൾ കാലത്ത് തുടങ്ങിയ കമ്പം
സ്‌കൂൾ കാലത്തു തന്നെ സ്‌പോർട്‌സിനോട് വലിയ കമ്പമായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ബോക്‌സിംഗിലേക്ക് തിരിയുന്നത്. പ്രേംനാഥ് സർ ആയിരുന്നു കോച്ച്. ബോക്‌സിംഗിൽ ദേശീയതലത്തിൽ വരെ മത്സരിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ എംഎസ് സി മാത്സ് ആദ്യവർഷവിദ്യാർത്ഥിയായിരിക്കെ  ആർമിയിൽ ജോലി ലഭിച്ചു.  ആർമി ഓർഡിനൻസ് വിഭാഗത്തിൽ ക്ലർക്കായിട്ടായിരുന്നു നിയമനം.  പരീക്ഷയെഴുതി കിട്ടിയ ജോലിയാണ്. പിന്നീട് അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം പ്രേംനാഥ് സാറിന് കീഴിൽ പരിശീലനം തുടർന്നു. ഫിസിക്കൽ എഡ്യുക്കേഷനിൽ സ്‌പെഷ്യലൈസ് ചെയ്യണമെന്ന ആഗ്രഹം അപ്പോഴും മനസ്സിലുണ്ടായിരുന്നു. പക്ഷേ അതു നടന്നില്ല. ആർമിയിലായിരിക്കെ കമാൻഡർ കോഴ്‌സ്, പാരാജമ്പിംഗ് കോഴ്‌സ്, മൗണ്ടനീറിംഗ് കോഴ്‌സ് , റോക്ക് ക്ലൈമ്പിംഗ് കോഴ്‌സ് തുടങ്ങിയവ ചെയ്തു. ഇടയ്ക്ക് രണ്ടുവർഷം തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. അക്കാലത്താണ് എന്തുകൊണ്ട് സ്‌പോർട്‌സ് രംഗത്തുതന്നെ തുടർന്നുകൂടാ എന്ന ചിന്തയുണ്ടാകുന്നത്. അങ്ങനെ സ്‌പോർട്‌സിനോടുളള അഭിനിവേശം കൊണ്ട് ആർമിയിൽ നിന്ന് വിആർസ് എടുത്തു. അതിനുശേഷം തമിഴ്‌നാട് ഫിസിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിപിഎഡും (DPEd), എംപിഎഡും (MPEd) എടുത്തു. അതിനുശേഷം ബോക്‌സിംഗിൽ എൻഎഎസ് ക്വാളിഫൈ ചെയ്തു. ഫിറ്റ്‌നസ് രംഗത്ത് പിന്നെയും നിരവധി കോഴ്‌സുകൾ ചെയ്തു.
കിക്ക് ബോക്‌സിംഗിലേക്ക് വരുന്നത്?
തമിഴ്‌നാട്ടിൽ വച്ചാണ് ഞാൻ കിക്ക് ബോക്‌സിംഗിലേക്ക് തിരിയുന്നത്. കോച്ചായിരുന്ന സുരേഷ് സാറാണ് ഇതിലേക്ക് തിരിച്ചുവിട്ടത്. അദ്ദേഹം വലിയ പിന്തുണ നൽകി. ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിന്റെ പരിശീലകനാണ്. ഞാൻ ഇന്നീ നിലയിൽ എത്തിയതിന് പിന്നിൽ അദ്ദേഹത്തിന്റെ അനുഗ്രഹവും പിന്തുണയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ പ്രവർത്തിക്കുന്നത് വാക്കോ ഇന്ത്യ കിക്ക്‌ബോക്‌സിംഗ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ്. സന്തോഷ് അഗർവാൾ സാറാണ് ദേശീയ പ്രസിഡന്റ്.  ഞാൻ നിലവിൽ കേരളഘടകം ജനറൽ സെക്രട്ടറിയാണ്.  
കിക്ക് ബോക്‌സിംഗിന്റെ പ്രത്യേകത?
കിക്ക് ബോക്‌സിംഗ് ഒരു സെൽഫ് ഡിഫൻസ് കായികഇനമാണ്. അതുപോലെ ഫിറ്റ്‌നെസ് ട്രെയിനിംഗിന്റെ ഭാഗവുമാക്കാം. കൊറോണ സമയത്ത് ഓൺലൈൻ ഫിറ്റ്‌നെസ് ട്രെയിനിംഗ് നൽകിയിരുന്നു. അതുപോലെ സ്‌പെഷ്യൽ പോപ്പുലേഷന് അതായത് ഡയബറ്റിക്, ഫാറ്റി ലിവർ പേഷ്യൻസിനൊക്കെ പരിശീലിക്കാവുന്ന കായികഇനമാണ്. എല്ലാവർക്കും ഒരുപോലെയുളള പരിശീലനമല്ല നൽകുക. മത്സരാർത്ഥികൾക്ക് ആ തലത്തിലും ഫിറ്റ്‌നെസിനായി വരുന്നവർക്ക് അവരുടെ ആരോഗ്യസ്ഥിതി, പ്രായം ഇവ കണക്കിലെടുത്തുളള പരീശീലനവുമാണ് ചിട്ടപ്പെടുത്തുക. മത്സരാർത്ഥികൾക്കു തന്നെ ചാമ്പ്യൻഷിപ്പ് അടുക്കുമ്പോഴും അത് കഴിയുമ്പോഴും രണ്ട് തരത്തിലാണ് പരിശീലനം. കിക്ക് ബോക്‌സിംഗ് കേരള പൊലീസിന്റെ സ്‌പോർട്‌സ് ക്വാട്ട ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർമിയിലും ബിഎസ്എഫിലും അസം റൈഫിൽസിലും എല്ലാം സ്‌പോർട്‌സ് ക്വാട്ട ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈഗിൾ സ്‌പോർട്‌സ് അക്കാദമിയുടെ തുടക്കം
തിരുവനന്തപുരം തിരുവല്ലത്താണ് ഈഗിൾ സ്പോർട്സ് അക്കാഡമി. സ്‌പോർട്‌സിനോടുളള പാഷനാണ് ഈഗിൾ സ്‌പോർട്‌സ് അക്കാദമി ആരംഭിച്ചതിന് പിന്നിലെ ചാലകശക്തി. ജോലി രാജിവച്ച് സ്‌പോർട്‌സിലേക്ക് ഇറങ്ങുമ്പോൾ ഒളിമ്പിക്‌സിൽ മത്സരിക്കുക എന്നതായിരുന്നു സ്വപ്നം. എന്നാൽ ഇപ്പോഴത്തെ സ്വപ്‌നം റഫറി എന്ന നിലയിൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുക എന്നതാണ്. അതോടൊപ്പം കേരളത്തിൽ നിന്ന് രണ്ടുപേരെയെങ്കിലും പരിശീലിപ്പിച്ച് കിക്ക് ബോക്‌സിംഗിന്റെ ഒളിമ്പിക് വേദിയിലെത്തിക്കണം എന്ന ആഗ്രഹവുമുണ്ട്. ഈഗിൾ സ്‌പോർട്‌സ് അക്കാദമിയിൽ ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ് എന്നിവയ്ക്കു പുറമെ ആം റെസ്‌ലിംഗിലും പരിശീലനം നൽകുന്നു.  അതുപോലെ ഫിറ്റ്‌നസ് ട്രെയിംനിംഗും നൽകിവരുന്നു.
നേട്ടങ്ങൾ
ബോക്‌സിംഗിലും കിക്ക് ബോക്‌സിംഗിലും ദേശീയതലത്തിൽ വരെ മത്സരിച്ചു. എന്നാൽ മത്സരാർത്ഥി എന്ന നിലയിലേക്കാൾ നേട്ടം കൈവരിച്ചത് പരിശീലകനായിട്ടാണ്. ഞാൻ പരിശീലിപ്പിച്ച നിരവധി പേർ മെഡൽ നേട്ടം കൈവരിച്ചു. രാജ്യാന്തരതലത്തിൽ വരെ മത്സരിക്കാനും മെഡൽനേടാനും കഴിഞ്ഞവരുണ്ട് സഞ്ജു, ആതിര (ജൂനിയർ ലെവൽ) എന്നിവരുടെ പേര് എടുത്തുപറയേണ്ടതുണ്ട്. സഞ്ജു രാജ്യാന്തരതലത്തിൽ വെളളിയും വെങ്കലവും നേടി. ഏഷ്യൻ ഇൻഡോർ ലെവലിൽ സെലക്ഷൻ നേടി. ഡിസംബർ 10 മുതൽ 18 വരെ തായ്‌ലൻഡിൽ വച്ചുനടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഈഗിൾ സ്‌പോർട്‌സ് അക്കാദമിയിൽ നിന്ന്് സഞ്ജു മത്സരിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ആകെ 2 പേരാണ് മത്സരിക്കുന്നത്.
അമേരിക്കൻ കൗൺസിൽ ഓഫ് എക്‌സർസൈസി(എഇഎസ്)ന്റെ സർട്ടിഫൈഡ് പഴ്‌സണൽ ട്രെയിനറാണ്. സ്ട്രംഗ്ത് ആൻഡ് കണ്ടീഷനിഗിന്റെയും ഫംഗ്ഷണൽ ട്രെയിനിംഗിന്റെയും ഇന്ത്യാ ഗവണ്മെന്റിന്റെ സർട്ടിഫൈഡ് ട്രെയിനറാണ്. സെൾഫ് ഡിഫൻസിന്റെയും സർട്ടിഫൈഡ് ട്രെയിനറാണ്. അതുപോലെ തന്നെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏഷ്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട വ്യക്തി ഞാനാണ്. ഇന്ത്യയിൽ നിന്ന് ഈ ചാമ്പ്യൻഷിപ്പിലേക്ക് പോകുന്ന ആദ്യത്തെയാളും ഞാനാണ്.  അതുപോലെ വരാനിരിക്കുന്ന യൂറോപ്യൻ ഗെയിംസിൽ എന്നെ ക്ഷണിച്ചിരിക്കുന്നുവെന്ന അറിയിപ്പും ലഭിച്ചു.  റിംഗ് സ്‌പോർട്‌സിൽ ഇന്ത്യയിലെ രണ്ട് ഗ്രേഡഡ് (എഗ്രേഡ്) റഫറിമാരിലൊരാളാണ് ഞാൻ. ഹിമാചലിൽ നിന്നുളള സഞ്ജയ് യാദവ് സാറാണ് മറ്റൊരാൾ. ബാക്കിയുളളവരെല്ലാം ഇന്റർനാഷണൽ റഫറി ഡിപ്ലോമ ചെയ്തവരാണ്. ഗ്രേഡഡ് അല്ല. എ ഗ്രേഡ് ലഭിച്ചാൽ രണ്ടുവർഷത്തെ ഗോൾഡൻ കാർഡ് ലഭിക്കും. ആ നേട്ടം കൈവരിക്കാനായതിൽ സന്തോഷമുണ്ട്. തായ്‌ലൻഡിൽ വരാനിരിക്കുന്നത് റഫറി എന്ന നിലയിൽ എന്റെ ഒൻപതാമത്തെ രാജ്യാന്തരമത്സരമാണ്. ഞാൻ ആം റെസ്‌ലിംഗ് കൗൺസിലിലും അംഗമാണ്. സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറുമാണ്.
സ്വപ്‌നം
പരിശീലകനെന്ന നിലയിൽ എന്റെ കീഴിൽ പരീശീലനം സിദ്ധിച്ചൊരാൾ ഒളിമ്പിക്‌സിൽ മത്സരിക്കുക, മെഡൽനേടുക എന്നതാണ് സ്വപ്‌നം. സ്‌പോർട്‌സ് പഴ്‌സൺ എന്ന നിലയിൽ ഒളിമ്പിക്‌സിൽ റഫറിയാകുക എന്നതും സ്വപ്‌നമാണ്.
ഭാവിപദ്ധതികൾ
ഈഗിൾ സ്‌പോർട്‌സ് അക്കാദമി കുറച്ചുകൂടി വികസിപ്പിക്കുകയാണ് പ്രധാനമായും പദ്ധതിയിടുന്നത്. ഉടനെ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിക്കുന്നുണ്ട്. മറ്റൊരു കാര്യം വിദ്യാർത്ഥികൾക്ക് കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിട്ടുളള പരിശീലനം നൽകുകയാണ്. അതുപോലെ അസോസിയേഷൻ തലത്തിൽ ക്വാളിഫൈഡ് പരിശീലകരെ വാർത്തെടുക്കുകയും ലക്ഷ്യമാണ്. വാക്കോ കിക്ക് ബോക്‌സിംഗ് അസോസിയേഷന് മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് ആൻഡ് സ്‌പോർട്‌സ്,  സായി എന്നിവയുടെ അംഗീകാരം ലഭിച്ചുവെങ്കിലും സ്‌പോർട്‌സ് കൗൺസിൽ അംഗീകാരം ലഭിച്ചിട്ടില്ല. അതിനുവേണ്ടിയുളള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.
പരിശീലനകനെന്ന നിലയിൽ വിഷമം തോന്നിയ സന്ദർഭം?
 നമ്മൾ പരിശീലിപ്പിച്ച് ഒരു നിലയിലെത്തി കഴിയുമ്പോൾ താൻ കോച്ചിനേക്കാൾ വലുതായി എന്ന ഭാവം ചിലർക്കുണ്ടാവും. അത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണോ എന്നറിയില്ല. നമ്മളൊന്നും അങ്ങനെയല്ല. അന്നും ഇന്നും പരീശീലകരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് ഞാൻ. ഇപ്പോഴത്തെ കുട്ടികൾ ഏതെങ്കിലും ഒരു മെഡൽ നേടിയാൽ അതോടെ നിർത്തും. അങ്ങനെയല്ലാത്തവരുമുണ്ട്.
പരിശീലകനെന്ന നിലയിൽ കേരള കായികരംഗത്ത് അത്യന്താപേക്ഷിതമെന്ന് കരുതുന്ന മാറ്റം
ഇന്ന് നിരവധി കായികഇനങ്ങളുണ്ട്. എല്ലാ ഇനങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ പലപ്പോഴും ഇവയുടെ പ്രാധാന്യം അല്ലെങ്കിൽ പ്രത്യേകത അറിയാത്തവരാണ് ഇതിലേക്ക് വരുന്നതും പരിശീലിപ്പിക്കുന്നതും. ഉദാഹരണത്തിന് എനിക്ക് വോളിബോൾ അറിയില്ല. അങ്ങനെയുളള ഞാൻ വോളിബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടോ, പരിശീലകനായി നിന്നിട്ടോ എന്തെങ്കിലും ഗുണമുണ്ടോ. കേരളത്തിൽ അത്തരത്തിലൊരു പ്രവണത കണ്ടുവരുന്നുണ്ട്. പുതിയ പുതിയ കായികഇനങ്ങൾ വരുമ്പോൾ അവ എന്തെന്ന് അറിയാതെ കുട്ടികളെ അതിലേക്ക് ക്യാൻവാസ് ചെയ്യുന്ന രീതിയുണ്ട്. കുട്ടികളെ ക്യാൻവാസ് ചെയ്യുന്നത് തെറ്റാണെന്നല്ല. പക്ഷേ,അതെക്കുറിച്ച് ആദ്യം സ്വയം ഒന്നു പഠിച്ചിരിക്കുന്നത് നന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനിപ്പോഴും വിദ്യാർത്ഥിയാണ്. ഗെയിം ഏതായാലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. നാമത് മനസ്സിലാക്കി പഠിച്ചെടുത്ത് സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. അല്ലെങ്കിൽ ഫീൽഡിൽ ഫിറ്റാവില്ല.  
പുതുതലമുറയ്ക്കുളള സന്ദേശം
എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഗെയിമെങ്കിലും പരിശീലിക്കണം. കാരണം പഴയ കാലത്ത് കുട്ടികൾ പുറത്തുപോയി മണിക്കൂറുകളോളം കളിക്കും. ഇന്നത് അതില്ല. അപ്പോൾ ഏതെങ്കിലും ഒരു കായിക ഇനം പരിശീലിക്കുന്നതിലൂടെ നമ്മുടെ മാനസികാരോഗ്യം, ശാരീകികക്ഷമത, ഫ്‌ളക്‌സിബിലിറ്റി എല്ലാം വർദ്ധിക്കും.  സ്‌പോർട്‌സിലേക്ക് മുഴുവാനായി തിരിയുന്നതിനുമുമ്പ് അന്തർമുഖനായ ഒരു വ്യക്തിയായിരുന്നു ഞാൻ. പക്ഷേ ഇന്ന് പാടേ മാറി.
അതുപോലെ ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോഴാണ് ലഹരിയിലേക്കും മറ്റും പുതുതലമുറ വീഴുന്നത്. ഏതെങ്കിലും ഒരു സ്‌പോർട്‌സ് ഇനത്തിൽ എൻഗേജായി ക്യത്യമായി അതിന്റെ പരിശീലനവുമായി ബന്ധപ്പെട്ട് സമയം ചിട്ടപ്പെടുത്തിയാൽ ഇത്തരത്തിലുളള വഴിതെറ്റലുകൾ ഒരുപരിധിവരെ ഒഴിവാക്കാം എന്നാണ് ഞാൻ കരുതുന്നത്.
സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി?
ഒരു നല്ല ട്രെയിനറും സ്റ്റിറോയ്ഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാറില്ല. ബോഡി ബിൽഡിംഗ് പ്രൊഫഷനിലുളളവർ ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരമാണ് പ്രോട്ടീൻ പോലും എടുക്കുക. അതുപോലെ കായികപരിശീലകരും ഉത്തേജകമരുന്നുകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. അത് നല്ല പരിശീലകന്റെ രീതിയല്ല. തന്റെ വിദ്യാർത്ഥിയുടെ കഴിവുകൾ തിരിച്ചറിഞ്ഞാണ് മികച്ച പരീശീലകർ അവരെ ട്രെയിൻ ചെയ്യിക്കുക. മറിച്ചുളള വാർത്തകൾ വരുന്നുണ്ട് എന്നത് നിർഭാഗ്യകരമാണ്.
കുടുംബം ?
ഭാര്യ വിനീത പ്ലസ് ടു ഗണിതാധ്യാപികയാണ്. രണ്ടു മക്കൾ. മകൻ വിശ്വജിത്ത് നാലിലും മകൾ വിയോമിയ്ക്ക് രണ്ട് വയസ്സാണ്.

 

Post your comments