Global block

bissplus@gmail.com

Global Menu

ആ​ഗോള ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചു വിടൽ

രാജ്യാന്തര ടെക്ക് കമ്പനികളിൽ കൂട്ട പിരിച്ചുവിടൽ തുടരുന്നു. ആഗോളതലത്തിൽ 2 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ സിസ്‌കോ 4,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ട് ആണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. ഇവരെ വിട്ടയക്കുന്ന കാര്യം കമ്പനി ജീവനക്കാരെ അറിയിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി ആണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. പുതിയ ജോലി കണ്ടെത്താൻ ജീവനക്കാർക്ക് സാവകാശം നൽകുന്നതിനൊപ്പം പിരിച്ചുവിടലിൻെറ ഭാഗമായുള്ള പാക്കേജുകളുടെ വിശദാംശങ്ങളും ജീവനക്കാരുമായി കമ്പനി ചർ‌ച്ച ചെയ്യുന്നതായി ആണ് സൂചന.

കഴിഞ്ഞ മാസം അതിന്റെ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു, മൊത്തം 4,000 പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിവാക്കുന്നത്. സിസ്‌കോയുടെ ചെയർമാനും സിഇഒയുമായ ചക്ക് റോബിൻസ് ജീവനക്കാരെ പിരിച്ചുവിടുന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും പിരിച്ചു വിടൽ സൂചിപ്പിക്കുന്ന പോസ്റ്റുകളുമായി ജീവനക്കാർ എത്തിത്തു‍ടങ്ങി.

വൻകിട കമ്പനികളെല്ലാം നേരത്തെ തന്നെ കൂട്ട പിരിച്ചു വിടലിന്റെ സൂചനകൾ നൽകിയിരുന്നു. മെറ്റ, ആമസോൺ, ട്വിറ്റർ, ലെനോവോ, സെയിൽസ്ഫോഴ്സ്, അഡോബ് തുടങ്ങിയ മുൻനിര ടെക് കമ്പനികൾ ഇതിനകം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ട് പോലും നിരവധി പേർക്ക് ഒറ്റ ദിവസം കൊണ്ട് ജോലി നഷ്ടമായ വാർത്തകൾ കഴിഞ്ഞ മാസം തന്നെ പുറത്ത് വന്നിരുന്നു. രാജ്യാന്തര കമ്പനികളുടെ പിരിച്ചു വിടലിൻെറ ഭാഗമായി ഇന്ത്യയിലെ ഓഫീസുകളിലുള്ള തൊഴിലാളികൾക്കും ജോലി നഷ്ടമായിരുന്നു. 11,000ത്തോളം ജീവനക്കാരെയായാണ് ഫെയ്സ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പിരിച്ചു വിട്ടത്.

10,000 പേർക്ക് ആമസോണിൽ നിന്നും ജോലി നഷ്ടമായി. ആമസോൺ ജീവനക്കാരെ പുറത്താക്കുന്നത് 2023 വരെ തുടരുമെന്നാണ് സൂചന. ട്വിറ്ററിൽ നിന്ന് 50 ശതമാനം ജീവനക്കരായാണ് എലൻ മസ്‌ക് ഒഴിവാക്കിയത്. ഈ അവസരത്തിൽ ടെക്കികൾക്ക് ആശ്വാസവുമായി ടാറ്റ ഗ്രൂപ്പ് മുന്നോട്ട് വന്നിരുന്നു. ടാറ്റ ഗ്രൂപ്പ് ശാഖയായ ജാഗ്വർ ലാൻഡ് റോവറാണ് പിരിച്ചു വിട്ടവരിൽ 800 ജീവനക്കാരെ ആദ്യ ഘട്ടത്തിൽ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. 2025 ഓടെ ഇലക്ട്രിക്ക് രംഗത്തേക്ക് ചുവട് വെയ്ക്കുന്ന കമ്പനിയുടെ ഇലക്ട്രിഫിക്കേഷൻ, മെഷിൻ ലേർണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പിരിച്ചുവിട്ട ജീവനക്കാരെ നിയമിച്ചേക്കും.

 

Post your comments