Global block

bissplus@gmail.com

Global Menu

കേരളത്തിലെ റോഡ് അപകടങ്ങളും തെറ്റായ നയങ്ങളും

Ameer Sha Pandikkad
Certified Investment & Strategy consultant
Equity India & Research

 

 

കേരളത്തിൽ റോഡപകടങ്ങളും അതുമൂലം ജീവിതം ഹോമിക്കപെട്ട കുടുംബങ്ങളും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും കാര്യമായ ശാസ്ത്രീമായ മാറ്റങ്ങളൊന്നും  നടപ്പിലാക്കാൻ നമുക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നത് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. പലപ്പോഴും നമ്മൾ കൊണ്ടുവരുന്ന നിയമനടപടികൾ ആരെങ്കിലും മറ്റെവിടെയെങ്കിലും നടപ്പിലാക്കിയതാണ്. അവ ശരിയാണോ തെറ്റാണോ നമ്മുടെ സാഹചര്യങ്ങൾക്ക് അനുകൂലമാണോ എന്നൊന്നും പഠിക്കാതെ വിദേശരാജ്യങ്ങൻ ചെയ്തു അത് നമുക്കും ചെയ്യാം എന്ന രീതിയിലേക്ക് പലപ്പോഴും കാര്യങ്ങൾ പോവുന്നു. ഉദാഹരണത്തിന് ബൈക്കുകൾ പകൽ വെള്ളി വെളിച്ചം  കത്തിച്ചു പോവണം എന്ന് നമ്മൾ നടപ്പിലാക്കി. ഈ വിഷയത്തിൽ സാങ്കേതികമായി മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എത്രത്തോളം അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് നമ്മൾ ഒട്ടും ചിന്തിച്ചിട്ടില്ല. ബൈക്ക് യാത്രക്കാരന്റെ സുരക്ഷയാണ് പ്രധാനമെങ്കിൽ പകൽ മറ്റുള്ളവരുടെ കണ്ണുകൾക്ക് ഒട്ടും തടസ്സം വരാത്ത രീതിയിലുള്ള ചുവന്ന ലൈറ്റുകൾ ആണ് ഏറ്റവും ഉത്തമം. കൂടുതൽ ദൂരെ വരെ ആർക്കും കാണാം. വെള്ളി വെളിച്ചം പോലെ അത് കണ്ണിലേക്കു അടിച്ചു കേറുകയുമില്ല. കേരളത്തിലെ പല റോഡുകളും സാങ്കേതികമായി വളരെ വീതി കുറഞ്ഞു നിർമ്മിച്ചവയാണ്. പലപ്പോഴും ഇരുവശത്തും സ്ഥലം ഉണ്ടായിട്ടും നല്ല വീതിയുള്ള റോഡുകൾ നിർമ്മിക്കാത്തത് കാരണം വാഹനങ്ങൾക്ക് സുഗമമായി യാത്രചെയ്യാൻ കഴിയുന്നില്ല. എന്തുകൊണ്ട് റോഡിന്റെ ഇരുവശവും കഴിയാവുന്നത്ര എടുത്തുകൊണ്ട് റോഡുകൾ നിർമ്മിക്കുകയും സെൻട്രൽ ലൈൻ കൊടുത്തുകൊണ്ട് വാഹനങ്ങളെ എളുപ്പത്തിൽ സഞ്ചരിക്കുവാനുമുളള സൗകര്യം ചെയ്യുന്നില്ല?
ഇന്ന് നമ്മൾ ഹൈവേ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന റോഡുകൾക്ക് എല്ലാം ആ പേര് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുളള  മാതൃകാ റോഡ് സംവിധാനം കേരളത്തിലുണ്ടോ? പല ഭാഗങ്ങളിലും ഹൈവേ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാത്ത വീതി കുറഞ്ഞ ഭാഗങ്ങളും വളരെ മോശമായ റോഡ് നിലവാരവും നിലനിൽക്കെ ആരോടാണ് നമ്മൾ റോഡ് അപകടങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നത്? നാൾക്കുനാൾ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് സാക്ഷിയാകുന്ന,വിധേയനാകുന്ന, ഇരയാകുന്ന യാത്രകാരനാണോ ഇതിനുത്തരവാദി? വർഷങ്ങളോളം റോഡ് ടാക്‌സ് അടച്ചു നമ്മൾ വാഹനം റോഡിൽ ഇറക്കിയാൽ നൂറുകൂട്ടം ഫൈനുകൾ ഇടുകയും വാഹനത്തിന്റെ ഫിറ്റ്‌നസ് വേഗത്തിൽ നഷ്ടപ്പെടും വിധത്തിൽ കല്ലും കുണ്ടും നിറച്ച റോഡുകൾ സമ്മാനിക്കുകയും ചെയ്തിട്ട് ഇതെല്ലം നിശ്ശബ്ദം സഹിക്കുന്ന വാഹന യാത്രക്കാരനാണോ ഇതിനു ഉത്തരവാദി? ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ അതിന്റെ കളർ മാറ്റിയാൽ അപകടം കുറയും എന്നുവരെ നമ്മൾ കണ്ടെത്തിയിരിക്കുന്നു? എവിടുന്ന് കിട്ടുന്നു ഇത്തരം വിചിത്ര കണ്ടുപിടുത്തങ്ങൾ? ഈ പറയുന്ന കാര്യങ്ങളിൽ രാഷ്ട്രീയമായ ചൂണ്ടലുകൾ ഒട്ടും ഇല്ല. മാറി മാറി വരുന്ന എല്ലാ ഭരണകൂടങ്ങളും ഈ വിഡ്ഢിവേഷം കെട്ടുകയും സമൂഹത്തെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. റോഡ് & ട്രാൻസ്‌പോർട്ടേഷൻ എന്നത് ഓരോ സംസ്ഥാനത്തിന്റെയും മുഖമാണ്. നല്ലത് എന്ന് പറയാവുന്ന ഒരു റോഡ് പോലും ഇന്നും കേരളത്തിലില്ല. അഥവാ ഏതെങ്കിലും റോഡ് ഉണ്ടാക്കിയാൽ തന്നെ ഒരു വർഷത്തിനുള്ളിൽ ജല വകുപ്പ് അതെല്ലാം കുത്തിപൊളിച്ചു പഴയ രൂപത്തിലാക്കി തരുകയും ചെയ്യും.
കേരളത്തിലെ റോഡുകളുടെ അവസ്ഥയും മഴയുടെ തോതും നോക്കിയാൽ ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിൽ ഇനി ഉണ്ടാവേണ്ടത് കോൺക്രീറ്റ് റോഡുകളാണ്. ഇത്തരം റോഡുകൾക്ക് മാത്രമേ കാലാവസ്ഥയെ പ്രതിരോധിച്ച് നിലനില്ക്കാൻ കഴിയൂ. ഇന്ത്യയിലൊട്ടുക്കും ഹൈവേ നിർമ്മാണം കോൺക്രീറ്റ് സംവിധാനത്തിലേക്ക് മാറുമ്പോൾ കേരളം ഒരു പടികൂടി മുന്നോട്ട് ചിന്തിച്ച് ഇത്തരം കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കണം
ഇവിടെ നിർദ്ദേശിക്കാനുള്ളത് റോഡ് വർക്ക് നടക്കുമ്പോൾ മാക്‌സിമം ടാറിങ് / കോൺക്രീറ്റ് ചെയ്തു വീതിയുള്ള റോഡ് ഉണ്ടാക്കുക. റോഡുകളിലെ ജലം കെട്ടികിടക്കുന്ന ഭാഗങ്ങൾ കണ്ടെത്തി അവിടെ ടൈലുകൾ പാകി സുരക്ഷിതമാക്കുക, വീതി കൂടിയ റോഡുകൾ ഉണ്ടാക്കുന്നതോടൊപ്പം റോഡ് നിർമ്മാണം അതിന്റെ എല്ലാ എഞ്ചിനീയറിംഗ് പരമായ കാര്യങ്ങളും കൃത്യമായി നടപ്പിലാക്കുന്ന ഏജൻസികൾക്കു മാത്രം വർക്ക് കൊടുക്കുക, എടുത്ത വർക്കുകൾ കുറഞ്ഞത് അഞ്ചു വർഷത്തേക്ക് അവർ കൃത്യമായി പരിപാലിച്ചു കൊണ്ടിരിക്കണം. റോഡ് നിർമ്മിച്ച കമ്പനികളുടെ ഡീറ്റെയിൽസ് റോഡിനു വശങ്ങളിൽ യാത്രക്കാർക്ക് വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കണം. അതിൽ ഡിപ്പാർട്‌മെന്റ് വിഭാഗങ്ങളുടെ നമ്പറുകൾ ഉണ്ടായിരിക്കണം. തന്നെയുമല്ല അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർ / വാഹനങ്ങൾ എന്നിവയുടെ ലൈസൻസ് കൃത്യമായി റദ്ദാക്കണം. കേരളത്തിലെ റോഡ് സംവിധാനം മോണിറ്റർ ചെയ്യാനും ജനങ്ങൾക്ക് അതിൽ അഭിപ്രായം  രേഖപ്പെടുത്താനും കഴിയുന്ന ആപ്പ് ഉണ്ടാക്കി അവതരിപ്പിക്കണം. ചരക്കു വാഹനങ്ങൾ കഴിയുന്നതും രാത്രിയിൽ സഞ്ചരിക്കാവുന്ന രൂപത്തിലേക്ക് മാറിയാൽ അവർക്കു കൂടുതൽ യാത്ര സുഗമമാവുകയും മൈലേജ് കിട്ടുകയും ചെയ്യും.
എന്ത് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോഴും അതിനുമുൻപ് ജനങ്ങളുടെ അഭിപ്രായം കൂടി കേട്ട ശേഷമാവണം അന്തിമ തീരുമാനം. ജനങ്ങൾക്കും അവരുടെ അഭിപ്രായങ്ങൾ ശാസ്ത്രീയമായി പറയാനും അവതരിപ്പിക്കാനും അവസരം കൊടുത്താൽ കേരളത്തിലെ പല പ്രശ്‌നങ്ങൾക്കും വേഗത്തിൽ പരിഹാരം കാണാൻ കഴിയും. ശാസ്ത്രീയമായ അടിത്തറയില്ലാതെ ഒരു തീരുമാനങ്ങളും റോഡ് സുരക്ഷയുമായി നമ്മൾ നടപ്പിലാക്കരുത്.

Post your comments