Global block

bissplus@gmail.com

Global Menu

ചായക്കടക്കാരന്റെ തന്ത്രം ഡോ. സുധീർ ബാബു

സംരംഭകന്റെ യാത്ര
അദ്ധ്യായം 5
 

 

പിറ്റേ ദിവസം രാഹുലിന് വളരെയധികം തിരക്ക് പിടിച്ചതായിരുന്നു. സോഫ്റ്റ്വെയർ പ്രശ്‌നം വിചാരിച്ചത് പോലെ അത്ര നിസ്സാരമായിരുന്നില്ല. മനുവും അവനെ തനിയെ വിട്ട് മറ്റ് ചുമതലകളിലേക്ക് മുഴുകി. പ്രശ്‌നം സങ്കീർണ്ണമാകുമ്പോൾ ശ്രദ്ധ മുഴുവൻ അതിലേക്ക് തിരിയും. അന്ന് ഫാക്ടറിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു.

മടങ്ങുന്ന വഴി രാഹുൽ കാറിലിരുന്ന് മീരയെ വിളിച്ചു. വിശേഷങ്ങളൊക്കെ പങ്കു വെച്ച് കഴിഞ്ഞ് രാഹുൽ പറഞ്ഞു ''തിരികെ എത്താൻ ചിലപ്പോൾ രണ്ട് മൂന്ന് ദിവസം കൂടി എടുക്കും. സോഫ്റ്റ്വെയർ പ്രശ്‌നം അല്പം കുരുക്കാണ്.''
മീര ചിരിച്ചു ''കുരുക്കിലല്ലാതെ ഒന്നിലും പോയിപെടാറില്ലല്ലോ. അതുകൊണ്ട് അതൊരു പുതിയ കാര്യമല്ല. സാവധാനം വന്നാൽ മതി. പപ്പയ്ക്ക് ശിഷ്യപ്പെട്ട് ബിസിനസൊക്കെ പഠിക്കാൻ നോക്കിക്കൊള്ളൂ.''
രാഹുൽ ചിരിച്ചു. അവൻ ശിവാനിയോടും വർത്തമാനമൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

നിശബ്ദനായി ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന മനു സർവീസ് റോഡിലേക്ക് കാറെടുത്തു. അല്പം മുന്നോട്ട് നീങ്ങി ചെറിയൊരു കടയുടെ മുന്നിൽ അവൻ കാർ നിർത്തി.
''നീ ഇവിടുത്തെ ചായ കുടിച്ചിട്ടില്ലല്ലോ? ഹസോർ ഭായിയുടെ ചായ ഒന്ന് കുടിക്കേണ്ടത് തന്നെയാണ്.''
അവൻ ഹസോർ ഭായിയെ അഭിവാദ്യം ചെയ്തു. അയാൾ രണ്ടുപേരെയും നോക്കി ചിരിച്ചു. തൻറെ ചുമലിൽ കിടന്ന തോർത്തെടുത്ത് അയാൾ കടയുടെ മുന്നിൽ കിടന്ന ബെഞ്ച് തുടച്ചു. രണ്ടു പേരെയും അവിടെയിരിക്കാൻ ക്ഷണിച്ചിട്ട് അയാൾ ചായ എടുക്കുവാൻ കടയിലേക്ക് കയറി.
ഹസോർ ഭായിയുടെ ഭാര്യ മുറുക്കിച്ചുവന്ന മോണകൾ കാണിച്ച് അവരെ നോക്കി. വല്ലാതെ തടിച്ച പ്രകൃതമായിരുന്നു അവരുടേത്. എന്തോ പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവർ. മനു അവിടുത്തെ നിത്യ സന്ദർശകനാണ് എന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും രാഹുലിന് മനസിലായി. ബെഞ്ചിൽ കാലുകളാട്ടി അയാൾ ഇരുന്നു. തൻറെ നാട്ടിലെ ചായക്കട അവനോർത്തു. ഏത് നാട്ടിലാണെങ്കിലും മലയാളിക്ക് ഗൃഹാതുരത്വം ഉണർത്തുവാൻ എന്തെങ്കിലുമൊക്കെ അനുഭവങ്ങൾ ഉണ്ടാകും.
അധികം കാത്തിരിക്കേണ്ടി വന്നില്ല. വൃത്തിയുള്ള ചില്ലു ഗ്ലാസിൽ ഹസോർ ഭായി ചായയുമായെത്തി. ആവി പറക്കുന്ന ചായ അവൻ കൈയ്യിലേക്ക് വാങ്ങി ചുണ്ടുകളോടടുപ്പിച്ച് മെല്ലെ ഊതി. ചായയിൽ നിന്നും അതീവ ഹൃദ്യമായ എലക്കയുടെ ഗന്ധം പറന്നുയർന്നു.
ഇത്ര രുചിയുള്ള ചായ ജീവിതത്തിൽ ഇന്നേവരെ താൻ കുടിച്ചിട്ടില്ല എന്നവന് തോന്നി. അവൻ സന്തോഷത്തോടെ മനുവിൻറെ മുഖത്തേക്ക് നോക്കി. എങ്ങനെയുണ്ട് എന്ന മുഖഭാവത്തോടെ മനു ഇരിക്കുന്നു. രാഹുൽ തലകുലുക്കി. മനോഹരമായ ഒരു കൺസേർട്ട് ആസ്വദിക്കുന്ന ആസ്വാദകനെപ്പോലെ അവൻ ചായ മെല്ലെ കുടിച്ചിറക്കി.
''ഇത്ര നല്ല ചായ ഒരിടത്തും ഞാൻ കുടിച്ചിട്ടില്ല. ഹസോർ ഭായിയുടെ ചായ വളരെ പ്രസിദ്ധമാണ്. എന്നും ഓഫീസ് വിട്ടു വരുന്ന വഴി ഞാനിവിടെ കയറും. വർഷങ്ങളായുള്ള പതിവാണ്. ഇവിടെയെത്തുമ്പോൾ ചായയുടെ രുചി ബ്രേക്കിൽ പ്രഷർ ചെലുത്തും. വണ്ടി യാന്ത്രികമായി ഇങ്ങോട്ട് തിരിയും.'' മനു പറഞ്ഞു.
''ഇപ്പോൾ ഞാനും ഹസോർ ഭായിയുടെ ആരാധകനായി മാറിയിരിക്കുന്നു.'' രാഹുൽ ചായയുടെ രുചി ആസ്വദിച്ചു കൊണ്ട് കണ്ണുകളടച്ചു.
''ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തും. ചായ മാത്രമല്ല ഹസോർ ഭായിയുടെ ഭക്ഷണത്തിനെല്ലാം വല്ലാത്ത രുചിയാണ്. അയാളുടെ ഭാര്യയെ നീ ശ്രദ്ധിച്ചില്ലേ? വല്ലാത്ത കൈപ്പുണ്യമുള്ള സ്ത്രീയാണത്. ഇനിയിപ്പോൾ തിരക്ക് തുടങ്ങുന്ന സമയമാണ്.'' മനു വാച്ചിൽ നോക്കി.
''എന്ത് കൊണ്ടാണ് ചില സ്ഥലങ്ങൾ ഇങ്ങനെ? ഒരിക്കൽ നാം എന്തെങ്കിലും അനുഭവിച്ചാൽ പിന്നെ വിട്ടുമാറാതെ അത് നമ്മെ പിന്തുടരും. അഡിക്റ്റ് ആകുക എന്നൊക്കെ പറയുന്നപോലെ. ഇപ്പോൾ ഈ ചായ എന്നെ മോഹിപ്പിക്കുന്നു. വീണ്ടും തിരിച്ചു വരാൻ പ്രേരിപ്പിക്കുന്നു. വല്ലാത്തൊരു വികാരമാണത്.'' രാഹുലിൻറെ കണ്ണുകൾ ചിന്താഭാരത്തോടെ മനുവിനെ തഴുകി.
''ബിസിനസിലെ ഏറ്റവും ശക്തമായ ഒരായുധമാണിത്. നിനക്കത് മനസിലായോ? ഹസോർ ഭായിയുടെ ബിസിനസും നീയും തമ്മിൽ വൈകാരികമായ ഒരു ബന്ധം ഇവിടെ ഉടലെടുത്തു കഴിഞ്ഞു. ഇനിയതിനെ പൊട്ടിച്ചെറിയുക അത്ര എളുപ്പമല്ല. ലോകത്തെവിടെ നിന്നും ഇനി ചായ കുടിക്കുമ്പോൾ നീ ഹസോർ ഭായിയെ ഓർക്കും, ഈ കടയേയും പഴയ ബെഞ്ചിനേയും ഓർക്കും. ഒരു ഉൽപ്പന്നത്തിന് മനുഷ്യ മനസുകളിൽ വികാരങ്ങൾ സൃഷ്ടിക്കുവാൻ കഴിയും.''
''ഉൽപ്പന്നത്തെക്കാൾ മികച്ച ഒരു പ്രചാരണായുധം ബിസിനസിൽ ഇല്ല. ഉൽപ്പന്നം നന്നെങ്കിൽ കസ്റ്റമർ അത് തേടിയെത്തും. ഉൽപ്പന്നവും കസ്റ്റമറും തമ്മിൽ ഉടലെടുക്കുന്ന അദൃശ്യമായ വൈകാരിക ബന്ധം അത്ര ദൃഡതയുള്ളതാണ്. ഉൽപ്പന്നത്തിൻറെ മേന്മ കസ്റ്റമറെ അതിനെ പിന്തുടരാൻ പ്രേരിപ്പിക്കുന്നു. ഇവിടേയും സംഭവിച്ചത് അതാണ്. നീ ആദ്യമായി ഹസോർ ഭായിയുടെ ചായ കുടിച്ചു. അത് മോശമായിരുന്നെങ്കിൽ നീയിനി ഇങ്ങോട്ട് കടക്കുകയേയില്ല. എന്നാൽ അതിനു പകരം ഇപ്പോൾ എന്ത് സംഭവിച്ചു? ചായ എന്ന ഉൽപ്പന്നം നിന്നെ കീഴടക്കി. കസ്റ്റമറെ കീഴടക്കുന്ന ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ അപരാജിതരായി മാറും.'' മനു ഒന്ന് നിർത്തി. വീണ്ടും തുടർന്നു.
''തേനുള്ള പൂവിനെ അന്വേഷിച്ച് വണ്ടെത്തുന്നത് പോലെയാണിത്. മികച്ച ഉൽപ്പന്നങ്ങളെ നിർമ്മിക്കുകയാണ് ബിസിനസുകാരൻ ചെയ്യേണ്ടത്. മേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ ബിസിനസിനെ കുളം തോണ്ടും. പെട്ടെന്ന് ചിലപ്പോൾ ലാഭം ഉണ്ടാക്കുവാൻ സാധിക്കും. അത് സ്ഥായിയായ ഒരു തന്ത്രമല്ല. ഒരു കസ്റ്റമറും മോശമായ ഉൽപ്പന്നം ഉപയോഗിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. മോശമായ ഉൽപ്പന്നവും  കസ്റ്റമറും തമ്മിൽ ഇമോഷണൽ അറ്റാച്ച്‌മെൻറ് ഉടലെടുക്കുന്നില്ല.''
''ശരിയാണ്. ഒരു പരസ്യവും ഇല്ലാതെ, ഒരു ബഹളവും ഇല്ലാതെ ഈ ആളുകൾ ഹസോർ ഭായിയുടെ കട അന്വേഷിച്ച് എത്തുകയാണ്. ദൂരദേശങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പോലും ഇവിടെ വണ്ടി നിർത്തുന്നു. ഭക്ഷണം കഴിക്കുന്നു. സംതൃപ്തരായി തിരികെ പോകുന്നു. അവർ വീണ്ടും വീണ്ടും ഇവിടെയെത്തുവാൻ കൊതിക്കുന്നു. ചായമടിക്കാത്ത ഈ കടയും കാലിളകിയ ബെഞ്ചുകളുമല്ല ഒരിക്കലും കസ്റ്റമേഴ്‌സിനെ ഇങ്ങോട്ട് ആകർഷിക്കുന്നത്. മറിച്ച് രുചിയും ഗുണവും മാത്രമാണ്. ഭക്ഷണത്തിൻറെ മേന്മ കസ്റ്റമറെ വേട്ടയാടുകയാണ്. നീ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.'' രാഹുൽ തലകുലുക്കി.
'നീ ചുറ്റുപാടും നോക്കൂ. മേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ നല്കിയ എത്ര ബിസിനസ് സ്ഥാപനങ്ങൾ ദീർഘകാലം നിലനില്ക്കുന്നുണ്ട്. ബിസിനസ് വിജയത്തിൻറെ ശക്തമായ തന്ത്രങ്ങളിലൊന്ന് മികച്ച ഉൽപ്പന്നങ്ങളെ നിർമ്മിക്കുക എന്നതാണ്. ഞാൻ പപ്പയിൽ നിന്നും പഠിച്ച പാഠമാണ്. ഞങ്ങൾ ഫാക്ടറിയിൽ ഒരിക്കലും ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ നിർമ്മിച്ചിട്ടില്ല. അത് കസ്റ്റമേഴ്‌സിനിടയിൽ നമ്മുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു. അവരെ ഒരിക്കലും വഞ്ചിക്കുകയില്ല എന്ന വിശ്വാസം വർഷങ്ങൾ നീണ്ട പ്രവർത്തനത്താൽ അവരുടെ മനസിൽ  ഉറച്ചു. ബിസിനസിൻറെ നിലനിൽപ്പ് തന്നെ ആ വിശ്വാസത്തിലാണ്.''
''ഉൽപ്പന്നം രൂപകല്പന ചെയ്യുമ്പോൾ തന്നെ മാർക്കറ്റിംഗ് ആരംഭിക്കുകയാണ്. ബിസിനസിൻറെ ഏറ്റവും നല്ല പരസ്യം ഉൽപ്പന്നത്തിൻറെ മേന്മയാണ്. ഈ ചായയുടെ ഗന്ധം പോലെയാണത്. അത് മെല്ലെ പരക്കും. കസ്റ്റമേഴ്‌സ് അത് തിരിച്ചറിയും. മോശം ഉൽപ്പന്നത്തെ അവർ തിരസ്‌കരിക്കും. പരസ്യങ്ങൾ കൂടുതൽ നല്കി ഉൽപ്പന്നം വില്ക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്. അതൊരു നല്ല ബിസിനസുകാരൻറെ ലക്ഷണമല്ല. വഞ്ചിക്കപ്പെടുന്ന കസ്റ്റമേഴ്‌സ് അത് തിരിച്ചറിയും. നിലനിൽക്കുവാനും വളരുവാനും ആഗ്രഹിക്കുന്ന ബിസിനസുകാരൻ മികച്ച ഉൽപ്പന്നങ്ങളുടെ ആരാധകനായിരിക്കും സ്റ്റീവ് ജോബ്‌സ് എന്ന വ്യക്തിയെപ്പോലെ.'' ഇതിനിടയിൽ മറ്റൊരു ചായ കൂടി അവർ കുടിച്ചു കഴിഞ്ഞിരുന്നു.
ഹസോർ ഭായിയും ഭാര്യയും നല്ല തിരക്കിൽ പെട്ടിരിക്കുന്നു. ആളുകൾ വന്നു കൊണ്ടിരിക്കുകയാണ്. തിരക്കിനിടയിലും പുഞ്ചിരിച്ച മുഖത്തോടെ ഹസോർ ഭായി എല്ലാവരോടും ഇടപെടുന്നു. മനു പണം നല്കിയപ്പോൾ അയാൾ കൈകൾ കൂപ്പി. ഇനിയൊരിക്കലും മായാത്ത പോലെ ആ മുഖം രാഹുലിൻറെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞു.

ഒരു ചായയും ചായക്കടക്കാരനും ജീവിതത്തിൽ പകരുന്ന രുചി എത്ര മഹത്തരമാണ്. 

Post your comments