Global block

bissplus@gmail.com

Global Menu

പുതിയ ഭരണസമിതിക്ക് കീഴിൽ പുതുകാഴ്ചപ്പാടോടെ ടിആർസിഎംപിയു

എന്‍. ഭാസുരാംഗന്‍,
കണ്‍വീനര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, ടിആര്‍സിഎംപിയു

 

കേരള സ്റ്റേറ്റ് മിൽക്ക് മാർക്കറ്റിംങ് ഫെഡറേഷൻ അഥവാ മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകളിൽ ഏറ്റവും മികച്ച മേഖലായൂണിയനാണ് തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ (ടിആർസിഎംപിയു). 1985ലാണ് ടിആർസിഎംപിയു രൂപീകൃതമാകുന്നത്. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിങ്ങനെ നാല് ജില്ലകളാണ് ടിആർസിഎംപിയുവിന് കീഴിലുളളത്. 1986ലാണ് യൂണിയൻ ഡെയറികളുെ പ്രവർത്തനം ഏറ്റെടുത്തത്. കേരള സ്റ്റേറ്റ് ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡി(കെഎൽഡി ബോർഡ്)ൽ നിന്നും ഏറ്റെടുത്ത ഡെയറികളാണ് അന്നുണ്ടായിരുന്നത്.അന്ന് പുതുതായി ഡെയറി ആരംഭിച്ചത് കൊല്ലത്ത് മാത്രമാണ്. 1989ൽ ആലപ്പുഴയിൽ പുതിയ ഡെയറി ആരംഭിച്ചു. തിരുവനന്തപുരത്ത് പട്ടത്ത് കെഎൽഡിബോർഡിൽ നിന്നും ലഭിച്ച പഴയ ഡയറിയാണുണ്ടായിരുന്നത്. അവിടെ നിന്നാണ് തിരുവനന്തപുരം ജില്ലയിൽ പാൽ വിപണനം നടത്തിയിരുന്നത്. 1992ലാണ് തിരുവനന്തപുരത്ത് ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുളള പുതിയ ഡയറി ആരംഭിച്ചത്. നിലവിൽ ഏകദേശം അഞ്ചുലക്ഷം ലിറ്റർ പാൽ വരെ ടിആർസിഎംപിയു വിറ്റഴിക്കുന്നു. ആ യൂണിയന്റെ ചരിത്രത്തിലെ തന്നെ മികച്ച ഭരണസമിതികളിലൊന്നാണ് നിലവിൽ യൂണിയന്റെ ഭരണം കൈയാളുന്നത്. ഇക്കഴിഞ്ഞ ആറുമാസമായി  നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങൾ പാൽ വില്പന 450000 ലക്ഷം ലിറ്റർ എന്നതിൽ അഞ്ചുലക്ഷം ലിറ്ററിലേക്ക് ഉയർത്തി. 2023 മാർച്ച് മാസത്തോടെ 1000 പ്രാഥമിക സംഘങ്ങൾ 50,000 ക്ഷീരകർഷകർ ആറ് ലക്ഷം ലിറ്റർപാൽ പ്രതിദിന വിറ്റുവരവ് എന്ന നിലയിലേക്ക് ഉയർത്താനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലൂന്നിയുളള സമയബന്ധിതമായ പ്രവർത്തനങ്ങളെപ്പറ്റി ടിആർസിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ   എൻ.ഭാസുരാംഗൻ സംസാരിക്കുന്നു.
പ്രവർത്തനമികവിന്റെ അർദ്ധ വർഷം
കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമാണ് മിൽമ. തിരുവനന്തപുരം മേഖലാ യൂണിയന്റെ (ടിആർസിഎംപിയു) ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ചരിത്രത്താളുകളിലൂടെയാണ് കടന്നുപോകുന്നത്. തിരുവനന്തപുരം മേഖല യൂണിയനിൽ ഞങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വന്നതിനുശേഷം ക്ഷീരകർഷകരെയും പ്രാഥമിക ക്ഷീരസംഘങ്ങളെയും പരമാവധി ഉയർത്തിക്കൊണ്ടുവന്ന് മേഖലാ യൂണിയൻ ശക്തിപ്പെടുത്തുന്നതിനാണ് പ്രാഥമിക പരിഗണന നൽകിയത്. ക്ഷീരകർഷകർ ഉത്പാദിപ്പിക്കുന്ന പാൽ അവരുടെ ആവശ്യം കഴിഞ്ഞ് വിൽക്കാൻ കഴിയാത്ത ഒരു സാഹചര്യം പണ്ടുണ്ടായിരുന്നു. അതിന് പരിഹാരമായിട്ടാണ് ആദ്യം പ്രാഥമിക സംഘങ്ങൾ വന്നത്. എന്നാൽ സംഘങ്ങൾ ശേഖരിക്കുന്ന പാൽ പ്രാദേശികമായി വിറ്റുകഴിഞ്ഞ് ബാക്കിവന്നാൽ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയായി. അതിന് പരിഹാരമായി മിൽക്ക് യൂണിയനുകൾ ഉണ്ടായി. ഇത്തരം മിൽക്ക് യൂണിയനുകളിൽ നിന്ന് പാൽ ശേഖരിച്ച് ക്ഷീരവികസന വകുപ്പ് കുപ്പികളിൽ പാൽ വിതരണം ചെയ്തു തുടങ്ങി. പിന്നീട് 1980-82 കാലഘട്ടത്തിൽ ഗുജറാത്തിലെ ആനന്ദ് മോഡലിൽ ഡോ.വർഗ്ഗീസ്  കുര്യന്റെ നേതൃത്വത്തിൽ കേരളത്തിൽ  കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെസിഎംഎംഎഫ്) സംവിധാനം വന്നത്. അന്ന് നമുക്ക് വ്യവസായ സംഘങ്ങളുണ്ടായിരുന്നു. അതിൽ പകുതിയോളം സംഘങ്ങൾ കെസിഎംഎംഎഫ് എന്ന സംവിധാനത്തോട് യോജിക്കാതെ മാറിനിന്നു. മറുപകുതി സഹകരിച്ചു. 15 വർഷത്തെ എൻഡിഡിബി കരാർ നിലനിന്നിരുന്ന കാലത്ത് കർഷകർകർക്ക് ഈ സംവിധാനം വളരെ ഗുണകരമായിരുന്നു. എന്നാൽ എൻഡിഡിബിയുടെ എഗ്രിമെന്റ് കാലാവധി കഴിഞ്ഞതോടെ മേഖലാ യൂണിയനുകൾ കൈകാര്യം ചെയ്തിരുന്ന സമിതികൾ പതുക്കെ പതുക്കെ പിന്നോട്ടുവലിഞ്ഞു. അതുകൊണ്ടുതന്നെ ഉത്പാദനത്തിൽ സാധ്യതയ്ക്കനുസരിച്ചുളള വർദ്ധനവുണ്ടായില്ല. വിപണനത്തിലും വെല്ലുവിളികളുണ്ടായി.
അന്യസംസ്ഥാനപാലിന്റെ കുത്തൊഴുക്ക്
2000ന് ശേഷം സ്വകാര്യകമ്പനികൾക്ക് പാൽ വിൽക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ലൈസൻസിങ് സംവിധാനം സർക്കാർ എടുത്തുകളഞ്ഞു. അതോടെ അയൽസംസ്ഥാനങ്ങളിൽ നിന്നുളള പാൽ ഒരു നിയന്ത്രണവുമില്ലാതെ കേരളത്തിൽ വരികയും അതിൽ പ്രിസർവേറ്റീവുകൾ ചേർത്ത് ഗുണനിലവാരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഇവിടെ വ്യാപകമായി വിപണി കണ്ടെത്തുകയും ചെയ്തു.  വിതരണക്കാർ സ്വകാര്യകമ്പനികളുടെ പാലിനാണ് മുൻഗണന കൊടുക്കുന്നത്. കാരണം അത്തരം പാലിന് കമ്മീഷൻ കുടുതൽ കിട്ടും. എന്നുമാത്രമല്ല, പ്രിസർവേറ്റീവുകൾ ധാരാളം ചേർക്കുന്നതുകൊണ്ട് പെട്ടെന്ന് കേടാകുകയുമില്ല. ഇത്തരം പാലുകൾ വാങ്ങി കഴിക്കുന്ന മുതിർന്നവർക്ക് ഉദരസംബന്ധമായ രോഗങ്ങളും കുട്ടികൾക്ക് മാരകമായ അസുഖങ്ങളും പിടിപെടാനുളള സാധ്യത ഏറെയാണ്. ഇതൊന്നും ഉപഭോക്താക്കൾ അറിയുന്നില്ല.
പുതിയ ഭരണസമിതി വരുന്നു
മിൽമ പലതരത്തിലുളള വെല്ലുവിളികൾ നേരിടുന്ന  സാഹചര്യത്തിലാണ് പുതിയ ഭരണസമിതി വരുന്നത്. പ്രാഥമിക സംഘങ്ങൾ ശക്തിപ്പെടുത്തിയാൽ മാത്രമേ ഈ മേഖല നിലനില്ക്കൂ. 955 പ്രാഥമിക സംഘങ്ങളുളളതിൽ 413 സംഘങ്ങളും 200 ലിറ്ററിൽ താഴെ പാലാണ് ശേഖരിക്കുന്നത്. അങ്ങനെ വന്നാൽ സംഘം നടത്തിക്കൊണ്ടുപോകാൻ തന്നെ ബുദ്ധിമുട്ടാണ്. സംഘം ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനം നൽകുവാൻ കഴിയില്ല. 200 ലിറ്ററിൽ താഴെ പാൽ ശേഖരിക്കുന്ന സംഘങ്ങൾക്ക് ജീവനക്കാർക്ക് 7000 രൂപ അടിസ്ഥാനശമ്പളം പോലും നല്കാൻ പറ്റില്ല. 2000-3000 രൂപ മാത്രം ശമ്പളം വാങ്ങുന്ന സെക്രട്ടറിമാരുണ്ടായിരുന്നു.പുതിയ ഭരണസമിതി ആദ്യം ചെയ്തത് ഇത്തരം സംഘങ്ങളെ അപ്‌ഗ്രേഡ് ചെയ്യാൻ 'ഉണർവ്വ്' എന്ന പദ്ധതി കൊണ്ടുവരികയാണ്.  അതിന്റെ ഭാഗമായി അവർക്ക് മാനേജ്‌മെന്റ് സബ്‌സിഡി നൽകി. പാൽ ഉത്പാദനം വർദ്ധിപ്പിക്കാനുളള സാഹചര്യങ്ങളൊരുക്കി, ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തി, കർഷകരമായുളള ബന്ധം മികച്ചതാക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തി. അതോടെ പാലുല്പാദനം കൂടി. സംഘങ്ങൾ ശേഖരിക്കുന്ന പാലിന്റെ അളവും കൂടി. ആ പദ്ധതി വിജയകരമായതോടെ 300 ലിറ്ററിന് മുകളിൽ പാൽ ശേഖരിക്കുന്ന സംഘങ്ങൾക്കുവേണ്ടിയും പദ്ധതികൾ നടപ്പിലാക്കി.
മിൽമ എന്നും ക്ഷീരകർഷകർക്കൊപ്പം
ക്ഷീരകർഷകന് മുൻഗണന നൽകിയുളള പ്രവർത്തനമാണ് ടിആർസിഎംപിയുവിന്റെ പുതിയ ഭരണസമിതി നടത്തിവരുന്നത്. സംഭരിക്കുന്ന പാലിന്റെ വിപണനത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 85% വിവിധ ആനുകൂല്യങ്ങളായി ക്ഷീരകർഷകർക്ക് നൽകുന്നു. മാത്രമല്ല അവർക്കായി ഇൻഷൂറൻസ് പരിരക്ഷ നടപ്പിലാക്കി. നേരത്തേ സംഘത്തിന്റെ ജീവനക്കാർക്ക് മിൽമയുടെ ജീവനക്കാർക്ക് ലഭിക്കുന്ന ഒരു പരിഗണനയും ലഭിച്ചിരുന്നില്ല. പുതിയ ഭരണസമിതി  വന്നതിനുശേഷം സംഘത്തിന്റെ ജീവനക്കാർക്കും ചില ആനുകൂല്യങ്ങളും പരിഗണനകളും നൽകിവരുന്നു. ഓണക്കാലത്ത് ഓരോ ജീവനക്കാരനും പ്രത്യേക ആനുകൂല്യം നൽകി. ഓണക്കാലത്ത് അധികമായി ലഭിക്കാനിടയുളള വില്പന നേടിയെടുക്കുന്നതിനായി എല്ലാ തലത്തിലുമുളള ജീവനക്കാർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി. ഈ ഓണക്കാലത്ത് മികച്ച വില്പന ലക്ഷ്യം കൈവരിച്ചത് അഭിനന്ദനാർഹമാണ്. ഇത് മിൽമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വൻ വില്പന. അതോടെ സംഘങ്ങളിലെ ജീവനക്കാർക്ക് മിൽമയുമായുളള ബന്ധം മെച്ചപ്പെട്ടു.  കർഷകരോടുളള അവരുടെ സമീപനത്തിലും മാറ്റം വന്നു. മേഖലയിൽ ഒരു ഉണർവ്വ് ഉളവാക്കാൻ കഴിഞ്ഞു.
അർഹതയുളളവർക്ക് സ്ഥാനക്കയറ്റം
അതുപോലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ അധികാരത്തിന് ചില പരിമിതികളുണ്ട്. പ്രൊമോഷൻ നൽകാൻ പാടില്ല എന്നത് ഒരു പരിമിതിയായിരുന്നു. അത് ഒരു നയപരമായ തീരുമാനമാണ്. പക്ഷേ വർഷങ്ങളായി ജോലിചെയ്യുന്ന, പ്രൊമോഷന് അർഹതയുളള ഓഫീസർമാർ ഉണ്ട്. ഞങ്ങൾ അർഹരായ 27 പേർക്ക് പ്രൊമോഷൻ നൽകി. കോടതിയലക്ഷ്യത്തിന് നോട്ടീസ് വന്നു. ഞങ്ങൾ വിശദീകരണം നൽകി. കോടതിക്ക് ബോധ്യംവന്നു. വെറുതെ വിട്ടു. അതോടെ ജീവനക്കാരും ഓഫീസർമാരും നല്ല നിലയിൽ ഇടപെടാനും ആത്മാർത്ഥതയോടെ പ്രവർത്തിക്കാനും തുടങ്ങി. അത് ഉത്പാദനം വർദ്ധിപ്പിച്ചു.
പുതിയ എംഡി മികച്ച മാർക്കറ്റിങ് തന്ത്രങ്ങൾ മെനയുന്ന മാനേജ്‌മെന്റ് വിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ മാർക്കറ്റിംഗ് നൈപുണ്യം വിപണനത്തിലും ദൃശ്യമായി. 450000 ലിറ്റർ പാൽ വിറ്റിരുന്ന സ്ഥാനത്ത് തിരുവനന്തപുരം മേഖലാ യൂണിയൻ അഞ്ചുലക്ഷത്തോളം ലിറ്റർ വിറ്റഴിക്കുന്നു. ഈ ഓണക്കാലത്ത് ചരിത്രവില്പനയാണ് നടന്നത്. 12,85,000 ലിറ്റർ പാൽ ഉത്രാടനാളിൽ മാത്രം വിറ്റു.  അതുകൊണ്ടുതന്നെ താഴേത്തട്ടിലുളള ജീവനക്കാരെ വരെ വിളിച്ച് അഭിനന്ദിച്ചു. അങ്ങനെ ഈ മേഖലയിൽ ക്ഷീരകർഷകരെയും സംഘം ജീവനക്കാരെയും മേഖലാ യൂണിയൻ തൊഴിലാളികളെയും ഓഫീസർമാരെയും ഒരുമിച്ച് കൊണ്ടുപോകുക എന്ന കാഴ്ചപ്പാടിൽ ഊന്നിയാണ് ഈ ഭരണസമിതി പ്രവർത്തിക്കുന്നത്. ഞങ്ങൾ ഒരുമിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഇത് ജീവനക്കാരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനും ഇടയാക്കി.
ഓരോ മാസവും പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ
ടിആർസിഎംപിയുവിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ക്ഷീരകർഷകർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതുമായ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഞങ്ങൾ പുറത്തിറക്കുന്നത്. ഒക്ടോബർ 26ന് 4 ഉത്പന്നങ്ങൾ കൂടി പുറത്തിറക്കി. അതുപോലെ പാലിൽ തന്നെ 525 എംഎൽ പാൽ (വെളളക്കവർ)25 രൂപയ്ക്ക് കൊടുക്കുന്നു. 60 ശതമാനം പേരും അതാണ് വാങ്ങുന്നത്. നേരത്തേ 500 എംഎൽ ആണ് കൊടുത്തിരുന്നത്. ഇപ്പോഴാകട്ടെ സ്വകാര്യകമ്പനികൾ 400 എംഎൽ പാൽ 25 രൂപയ്ക്ക് വിൽക്കുമ്പോൾ നമ്മൾ 525 എംഎൽ 25 രൂപയ്ക്ക് കൊടുക്കുന്നു. അതുപോലെ മറ്റ് ഉത്പന്നങ്ങളുടെ വില്പന ആകെയുളള വിറ്റുവരവിന്റെ 12 ശതമാനമായിരുന്നത് 20% ആയി ഉയർന്നു. നടപ്പുവർഷത്തെ ടേൺഓവർ ടാർഗറ്റ് 1203 കോടി യാണ്. അത് 2025 ഓടെ 1500 കോടിയിലേക്ക് ഉയർത്താനാണ് പദ്ധതി.
വില വർദ്ധന ഒഴിവാക്കാനാവില്ല
 അയൽസംസ്ഥാനങ്ങളിലൊക്കെ പാൽ വില കൂടുതലാണ്. നമ്മുടെ ഉത്പാദനച്ചെലവ് അവരുടേതിനേക്കാൾ കൂടുതലാണ്. സർക്കാർ നാലു രൂപ ഇൻസെന്റീവ് നൽകുന്നതുകൊണ്ടാണ് കർഷകർ തത്കാലം സമാധാനപ്പെടുന്നത്. എന്നാലും അത് മതിയാകില്ല. വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിയുമായി സംസാരിച്ചു.  വില വർദ്ധനവിനെക്കുറിച്ചുമാത്രമല്ല ക്ഷീരകർഷകന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ഈ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചുമെല്ലാം പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. നവംബർ മാസം തന്നെ റിപ്പോർട്ട് നൽകണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. നവംബർ 30ന് അകം ഇടക്കാല റിപ്പോർട്ടെങ്കിലും കിട്ടിയാൽ തീർച്ചയായും ഡിസംബർ 1 മുതൽ പാൽവില വർദ്ധിപ്പിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. എന്തായാലും ലിറ്ററിന് 5 രൂപയിൽ കുറയാത്ത വർദ്ധനവുണ്ടാകും.
മേഖലായൂണിയനുകൾ തമ്മിൽ സഹകരണം ശക്തമാക്കി
നിലവിൽ കർഷകരും സംഘങ്ങളും മേഖലായൂണിയനുകളും ജീവനക്കാരും ഓഫീസർമാരും എല്ലാം പരസ്പരം സഹകരിച്ചു മുന്നോട്ടുപോകുകയാണ്. നേരത്തേ കേരളത്തിലെ മൂന്ന് മേഖലാ യൂണിയനുകൾ തമ്മിൽ കാര്യമായ സഹകരണമുണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി അതല്ല.  മികച്ച യൂണിയന്റെ പ്രവർത്തനം പകർത്തി സ്വയം മെച്ചപ്പെടാനുളള ശ്രമങ്ങൾ നടത്തുന്നു. വിറ്റുവരവിൽ മുന്നിൽ തിരുവനന്തപുരം മേഖലയാണെങ്കിലും ബിസിനസ് വ്യാപ്തിയിൽ മലബാർ യൂണിയനാണ് മുന്നിൽ. മലബാറിന്റെ പ്രവർത്തനപരിധി ആറ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. അതുമാത്രമല്ല സ്വകാര്യമേഖലയിൽ നിന്നുളള മത്സരവും കുറവാണ്. അതുപോലെ അവിടെ മലയോര മേഖലയിൽ പാലുല്പാദനം കൂടുതലാണ്. തിരുവനന്തപുരം മേഖലയ്ക്ക് കീഴിൽ നാല് ജില്ലയാണുളളത്. ഇവിടെ നമുക്ക് മുമ്പൊരു തന്ത്രമുണ്ടായിരുന്നത് കർണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലേക്കാൾ പാലിന് വില കുറവുണ്ടായിരുന്നപ്പോൾ ഇവിടെ ഉത്പാദനം കൂടിയില്ലെങ്കിലും കുഴപ്പമില്ല അവിടെ നിന്ന് പാലെടുത്ത് പ്രോസസ് ചെയ്യുക എന്നതായിരുന്നു. മുമ്പുണ്ടായിരുന്നവർ സ്വകാര്യകമ്പനികളെപ്പോലെ ചിന്തിച്ചു. പക്ഷേ മിൽമ എന്ന സംവിധാനത്തിന്റെ ലക്ഷ്യം അതല്ല. ക്ഷീരകർഷകരുടെ ഉന്നതിയാണ് ഈ സംവിധാനത്തിന്റെ ആത്യന്തികമായ ലക്ഷ്യം.  മുൻഭരണസമിതി ആ ലക്ഷ്യത്തിൽ നിന്ന് കുറച്ചകന്നു. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായി. ടിആർസിഎംപിയുവിനെ 1000 പ്രാഥമിക സംഘങ്ങൾ 50,000 ക്ഷീരകർഷകർ 5 ലക്ഷം ലിറ്റർപാൽ എന്ന രീതിയിലേക്ക് വളർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 955 പ്രാഥമിക സംഘങ്ങളാണുളളത്. 2023 മാർച്ച് 31 മുമ്പ് 1000 സംഘങ്ങൾ എന്ന ടാർഗറ്റ് നേടിയെടുക്കാനുളള പദ്ധതികൾ ആവിഷ്‌ക്കരിച്ചുവരികയാണ്. 5 മാസം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ആറുമാസം ലക്ഷ്യമിട്ടത് വില്പനയിലെ നേട്ടമാണ്. നമ്മുടെ സംഘങ്ങളിലെല്ലാം ഉത്പന്നങ്ങൾ വിതരണം ചെയ്യാനുളള സ്റ്റാളുകൾ തുടങ്ങാനുളള സൗകര്യം നൽകി. ഫ്രീസർ, ഫ്രിഡ്ജ് തുടങ്ങിയവയെല്ലാം സൗജന്യമായി നൽകി. അതുകൊണ്ടുളള നേട്ടമെന്ന് വച്ചാൽ മിൽമ ഉത്പന്നങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിലേക്കെത്തും അതുവഴി വിറ്റുവരവ് വർദ്ധിക്കും.
യുവാക്കൾക്ക് സ്വാഗതം, പ്രവേശനം                                സംഘങ്ങൾ വഴി മാത്
പ്രാഥമിക ക്ഷീരസഹകരണസംഘങ്ങൾ വഴിയേ കർഷകരെ മിൽമയുമായി യോജിപ്പിച്ചുനിർത്താനാവൂ. ഇത് അംഗസംഘങ്ങളുടെ സ്ഥാപനമാണ്. ചെറുപ്പക്കാർക്ക് സംഘങ്ങളിൽ പാൽ നൽകാം. ക്ഷീരകർഷകർക്കുളള ആനുകൂല്യം അവർക്ക് ലഭ്യമാക്കണമെങ്കിൽ അത് സംഘങ്ങൾ മുഖേനയേ കഴിയൂ. മിൽമ സംഘങ്ങൾക്കാണ് ആനുകൂല്യങ്ങൾ നൽകുക. ഓണക്കാലത്ത് 2 രൂപ സബ്‌സിഡി കൊടുത്തു. 50 പൈസ സംഘത്തിനും ഒന്നരരൂപ കർഷകനും. അത് സംഘം വഴിയേ ലഭിക്കൂ. ഫാം നടത്തുന്നവർക്ക് സംഘങ്ങളിൽ പാൽ നൽകുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല.

 

 

രണ്ടും ഒരേ തരത്തിലുളള ഫെഡറേഷനുകളാണ്. എന്തുകൊണ്ട് അമുൽ ഇത്രത്തോളം വളർന്നു എന്നു ചോദിച്ചാൽ അതിലൊക്കെ ചില സംഗതികളുണ്ട്. എന്തായാലും അഞ്ചുവർഷം നിലവിലെ ഭരണസമിതിക്ക് കീഴിലാണ് മിൽമയെങ്കിൽ അമുലിനോട് കിടപിടിക്കുന്ന ഫെഡറേഷനായി മിൽമ മാറും. എന്തായാലും ഈ ഭരണസമിതിക്ക് കീഴിൽ ടിആർസിഎംപിയുവിന്റെ ഭാവി ഭാസുരമാണ്---ഭാസുരാംഗൻ പറയുന്നു.

 

 

നിലവിൽ 955 പ്രാഥമിക സംഘങ്ങളാണുളളത്. 2023 മാർച്ച് 31 മുമ്പ് 1000 സംഘങ്ങൾ എന്ന ടാർഗറ്റ് നേടിയെടുക്കാനുളള പദ്ധതികൾ ആവിഷ്‌ക്കരിച്ചുവരികയാണ്. 5 മാസം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ആറുമാസം ലക്ഷ്യമിട്ടത് വില്പനയിലെ നേട്ടമാണ്.ടിആർസിഎംപിയുവിനെ 1000 പ്രാഥമിക സംഘങ്ങൾ 50,000 ക്ഷീരകർഷകർ 5 ലക്ഷം ലിറ്റർപാൽ എന്ന രീതിയിലേക്ക് വളർത്താനാണ് ലക്ഷ്യമിടുന്നത്.

 

 

 

Post your comments