Global block

bissplus@gmail.com

Global Menu

വിശ്വസിക്കാം മിൽമയെ അന്നും ഇന്നും എന്നും

“മിൽമ, കേരളം കണികണ്ടുണരുന്ന നന്മ.....”  മിൽമ എന്നു കേട്ടാൽ  ഒരു കയ്യിൽ പത്രവും മറുകയ്യിൽ ഒരുഗ്ലാസ് ചായയും ദിനാരംഭത്തിൽ ഒഴിച്ചുകൂടാനാവാത്ത മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പരസ്യവാചകമാണിത്. അതൊരു പരസ്യവാചകമാണെന്നു പോലും മലയാളിമനസ്സ് അംഗീകരിച്ചിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം മിൽമ എന്ന നാമം മലയാളിയുടെ ദൈനംദിന ജീവിതത്തോട് ചേർന്നുനിൽക്കുന്നു. ഡോ.വർഗ്ഗീസ് കുര്യൻ എന്ന പേര് പരാമർശിക്കാതെ ക്ഷീരകാർഷികവിപ്ലവുമായി ബന്ധപ്പെട്ടതൊന്നും പൂർണ്ണമാകില്ല. മലയാളിയായ 'ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്' ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്ത് ചെറിയ രീതിയിൽ തുടങ്ങി ലോകമാതൃകയായി വളർന്ന ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിന്റെ (അമുൽ) ചരിത്രം ഇന്ത്യയിലെ ക്ഷീരകർഷകരുടെ കൂടി ചരിത്രമാണ്.  ഇന്നും ഇന്ത്യയിലെ ഒന്നാം നമ്പർ ബ്രാൻഡായി ഈ മേഖലയിൽ അമുൽ നിലനില്ക്കുന്നു. ഇനി കേരളത്തിലേക്ക് വരാം.
ഗുജറാത്തിൽ ആനന്ദ് മിൽക്ക് യൂണിയന്റെ വിജയമാണ് കേരളത്തിൽ മിൽമ പോലൊരു പ്രസ്ഥാനം സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത്. വർഗീസ് കുര്യന്റെ സഹായവും, മേൽനോട്ടവും മിൽമയുടെ തുടക്കത്തിൽ ഏറെ സഹായിച്ചിരുന്നു. ഓപ്പറേഷൻ ഫ്‌ളഡിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളത്തേയും അതിൽ ഉൾക്കൊള്ളിച്ചത്. ദേശീയ ഡെയറി ഡെവലപ്‌മെന്റ് ബോർഡ് (എൻ.ഡി.ഡി.ബി)യുടെ കീഴിലുളള ഓപ്പറേഷൻ ഫ്ളഡ് എന്ന ക്ഷീരവികസന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായി 1980 ൽ കെ.സി.എം.എം.എഫ് സ്ഥാപിതമായി.  തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ടു ജില്ലകളിലായിരുന്നു പദ്ധതി തുടങ്ങിയത്. 1980 ൽ ആരംഭിച്ച കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെസിഎംഎംഎഫ്) എന്ന സഹകരണ സംഘമായിരുന്നു തുടക്കത്തിൽ കർഷകരിൽ നിന്നും പാൽ സംഭരിച്ച് വിതരണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് കെസിഎംഎഫിന്റെ ഉത്പന്നത്തിന്റെ പേരായ മിൽമ കേരളത്തിലെ ക്ഷീരവിപ്ലവത്തിന്റെ പര്യായമായി മാറി. 1983 ഏപ്രിൽ 1 നാണ് മിൽമ എന്ന ബ്രാൻഡ് നെയിം നിലവിൽ വരുന്നത് ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന വർഗ്ഗീസ് കുര്യന്റെ വ്യക്തിത്വത്തേയും മനോവിശാലതയേയും, കേരളത്തിൽ മിൽമ തുടങ്ങുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനേയും,  അക്കാലത്ത് കൃഷിവകുപ്പു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ നിർല്ലോഭം പുകഴ്ത്തിയിട്ടുണ്ട്.
ഇന്ന് ചെറുകിട ക്ഷീരകർഷകർ മുതൽ വനിതകൾ, ഭൂരഹിതർ, ജീവനക്കാർ, വില്പ്പനക്കാർ തുടങ്ങി അസംഖ്യം പേർക്ക് തൊഴിലും ഐശ്വര്യവും പ്രദാനം ചെയ്തുകൊണ്ട് നിരവധി സംഭരണ, സംസ്‌ക്കരണ, വിപണന കേന്ദ്രങ്ങളുമായി സംസ്ഥാനത്തുടനീളം പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു ബൃഹത് സ്ഥാപനമാണ് കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ (കെ.സി.എം.എം.എഫ്).  സാമ്പത്തിക അഭിവൃദ്ധിക്കിടയിലും പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളാൽ കഷ്ടപ്പെടുന്ന കേരള ജനതയെക്കുറിച്ച് കഴിഞ്ഞകാലത്തിനുളളിൽ ഒരു ദീർഘകാല ആരോഗ്യ സംബന്ധമായ കാഴ്ച്ചപ്പാട് മിൽമ രൂപപ്പെടുത്തിയിട്ടുണ്ട്.  സമീകൃത പോഷണവും ചെലവുകുറഞ്ഞ ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഉല്പന്ന ശ്രേണി മിൽമ ഈ കാഴ്ചപ്പാടിനനുരൂപമായി പരിഷ്‌ക്കരിച്ചിട്ടുമുണ്ട്.  ഇതിന്റെ ഭാഗമായി ക്ഷീരോല്പ്പന്നങ്ങൾ കൂടാതെ മറ്റു പുതിയ പാനീയങ്ങളും  വിപണിയിൽ ഇറക്കി. ''ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി'' എന്ന മഹത്തായ ജനാധിപത്യതത്വത്തിൽ കെട്ടിപ്പടുത്ത മിൽമയുടെ പ്രബലമായ പരിഗണന സാമ്പത്തിക നഷ്ടം വരാതെ സമൂഹത്തിന്് ഉത്തമമായ സേവനം പ്രദാനം ചെയ്യുക എന്നുളളതാണ്.
മിൽമ അഥവാ കെസിഎംഎംഎപ് ഒരു ത്രിതല സംവിധാനമാണ്. ഏറ്റവും താഴെ പ്രാഥമിക ക്ഷീരോത്പാദക സഹകരണ സംഘങ്ങളാണ്.  ഈ പ്രാഥമിക സംഘങ്ങളെ പ്രാദേശികാടിസ്ഥാനത്തിൽ മൂന്ന് മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനുകളുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  ഈ യൂണിയനുകൾ യഥാക്രമം തിരുവനന്തപുരം മേഖല ടി.ആർ.സി.എം.പി.യു എന്നും, എറണാകുളം മേഖല ഇ.ആർ.സി.എം.പി.യു എന്നും മലബാർ മേഖല എം.ആർ.സി.എം.പി.യു എന്നും അറിയപ്പെടുന്നു.

 

 

നവംബർ 26
ദേശീയ ക്ഷീരദിനം

 

തിരുവനന്തപുരം മേഖലാ ക്ഷീരോത്പ്പാദക യൂണിയൻ (ടി.ആർ.സി.എം.പി.യു)
1980 ൽ രൂപീകൃതമായ കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെ പ്രവർത്തന മേഖല രണ്ടായി വിഭജിച്ചുകൊണ്ട് മധ്യകേരളത്തിലെ നാലുജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലാ യൂണിയനും ദക്ഷിണ ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലാ യൂണിയനും രൂപീകരിച്ചു. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ നാലുജില്ലകൾ ഉൾപ്പെടുത്തി  തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയൻ (റ്റി.ആർ.സി.എം.പി.യു) എന്ന പേരിൽ 1985 ൽ രജിസ്റ്റർ ചെയ്യപ്പെട്ടു.  തിരുവനന്തപുരം മേഖലാ ക്ഷീരോത്പ്പാദക യൂണിയൻ 37 വർഷത്തെ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.  ആരംഭദിശയിലെ അമിത പാൽ സംഭരണവും തത്ഫലമായി ഉണ്ടായ നഷ്ടങ്ങളും 1990 കളുടെ ആദ്യമുണ്ടായിരുന്ന വില്പനയിലെ സ്തംഭനാവസ്ഥ, സമീപകാലത്തുണ്ടായ പാൽ ദൗർലഭ്യവും, അനുബന്ധ പ്രശ്നങ്ങളും എല്ലാം ടി.ആർ.സി.എം.പി.യു വിജയകരമായി നേരിട്ടു.  കഴിഞ്ഞ കാലങ്ങളിൽ ആർജിച്ച അനുഭവവൈവിധ്യം കൊണ്ടും, ഇപ്പോൾ മുതൽ കൂട്ടായുളള നൈപുണ്യം കൊണ്ടും ഏതു പ്രതികൂല കാലാവസ്ഥയേയും വിജയകരമായി നേരിടാൻ യൂണിയൻ പ്രാപ്തവുമാണ്.

Post your comments