Global block

bissplus@gmail.com

Global Menu

സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: മന്ത്രി പി രാജീവ്

സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് (കീഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാംപ് സംസ്ഥാനതല കോൺക്ലേവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പരിപാടികൾക്ക് മികച്ച പ്രതികരണമുണ്ടെങ്കിലും സംരംഭകത്വം എന്ന ആശയത്തിന് പാഠ്യപദ്ധതിയിൽ അർഹമായ പ്രധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  യുവാക്കളെ തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ സർവകലാശാലകൾ സ്റ്റാർട്ടപ്പുകൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അക്കാദമിക് മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. രാജശ്രീ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ, ടി.സി.എസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, കിഡ് സി.ഇ.ഒ ശരത് വി.രാജ്, ജോസഫ് പി.ജെ തുടങ്ങിയവർ പങ്കെടുത്തു.സംരംഭകത്വ ചർച്ചയ്ക്ക് ടി.ഐ.ഇ കേരള സഹസ്ഥാപകൻ എസ്.ആർ. നായർ നേതൃത്വം നൽകി. ഡോ സുനിൽ ശുക്ല (ഡയറക്ടർ ജനറൽ, ഇ.ഡി.ഐ.ഐ അഹമ്മദാബാദ്) റിയാസം പി.എം (ജനറൽ മാനേജർ, കേരള നോളജ് ഇക്കോണമി മിഷൻ), ഹരി ടി.എൻ, സരേഷ് ഗുണ്ടപ്പ, ബിയാൻലി തുടങ്ങിയവർ സംസാരിച്ചു. 

 

 

 

ചെറുസംരംഭങ്ങൾക്ക്  കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പ

 

2022 - 2023  സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരു കുടുംബത്തിൽ നിന്നും ഒരു സംരംഭം എങ്കിലും ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് 'ഒരു കുടുംബം ഒരു സംരംഭം പദ്ധതി.  ഈ പദ്ധതിയിൽ ബാങ്ക് വായ്പയുടെ പലിശ നിരക്കിൽ 5% വരെ ഇളവ് ധനസഹായമായി സർക്കാർ നൽകുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ ബാങ്ക് ലോൺ ഉള്ള ഉൽപ്പാദന, സേവന, വ്യാപാര മേഖലയിലെ സ്ഥാപനങ്ങൾക്ക് പദ്ധതി വഴി പലിശ ഇളവ് നൽകുന്നു. പദ്ധതി പ്രകാരം സ്ഥിരമൂലധന വായ്പക്കും, പ്രവർത്തന മൂലധന വായ്പക്കും ആനുകൂല്യം ലഭിക്കുന്നു. 2022  ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ യൂണിറ്റുകൾക്ക് മാത്രമാണ് ഈ പദ്ധതി പ്രകാരം സർക്കാരിൽ നിന്നുള്ള പലിശ ഇളവ് ലഭ്യമാകുന്നത്. ഈ പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കൾ വനിതാ സംരംഭകർ ആയിരിക്കും.
കാഴ്ചകൾ തെളിയട്ടെ, കാഴ്ചപ്പാടുകൾ മാറട്ടെ
കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും വ്യവസായ വകുപ്പിന്റെ ഊർജിത പ്രവർത്തനങ്ങളും  സംസ്ഥാന സർക്കാരിന്റെ പിന്തുണയും നമ്മുടെ നാടിനെക്കുറിച്ചുള്ള പഴയ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതുന്നതും വ്യവസായ സൗഹൃദാന്തരീക്ഷം വ്യക്തമാക്കുന്നതുമാണ്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കൈത്താങ്ങാകുന്ന വിധത്തിൽ സംസ്ഥാനത്തെ എം.എസ്.എം.ഇ മേഖലയിൽ ഉണർവ്വ് സാധ്യമാക്കുന്നതിനും വ്യവസായ നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനും ഇതിനോടകം വ്യവസായ വകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെ  സാധിച്ചിട്ടുണ്ട്.  സ്ഥാപനം തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ ലൈസൻസുകൾ  നേടിയെടുത്താൽ മതി എന്നത് സംസ്ഥാനത്ത് കൂടുതൽ സംരംഭകരെ സൃഷ്ടിക്കാനുതകുന്നതാണ്. കൂടാതെ സിംഗിൾ വിൻഡോ ക്ലിയറൻസ്, ഹെൽപ്ഡെസ്‌ക്കുകളുടെ സേവനം എന്നിവയിലൂടെ  സംരംഭം ഈസിയായി തുടങ്ങാം എന്ന് അനുഭവസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംരംഭക വർഷത്തിന്റെ ഏഴ് മാസം പൂർത്തിയാകുമ്പോൾ മുക്കാൽലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചു എന്നത് അതിന്റെ നേർസാക്ഷ്യം കൂടിയാണ്.
ലക്ഷ്യം സാധ്യമാക്കാൻ ഇവരും
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള ഇന്റേണുകളുമായി വ്യവസായ മന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തി. ലോൺ, ലൈസൻസ് മേളകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സംരംഭക സഹായ ഹെൽപ് ഡെസ്‌കുകൾ നടത്തുകയും ചെയ്യുന്ന  പ്രൊഫഷണൽ യോഗ്യതയുള്ള സമർത്ഥരായ 1153 ഇന്റേണുകളെയാണ് സംരംഭക വർഷത്തിന്റെ ഭാഗമായി നിയമിച്ചിട്ടുള്ളത്. ഇവരുടെ ബിസിനസ്/മാനേജ്‌മെന്റ് മേഖലകളിലെ ഇടപെടൽശേഷി വർധിപ്പിക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുമായി ചേർന്ന് ഒരു സർട്ടിഫിക്കറ്റ് പ്രോഗ്രാം അരംഭിച്ചിട്ടുണ്ട്. ജനറൽ മാനേജ്‌മെന്റ്, എന്റർപ്രെണർഷിപ്പ്, ഫിനാൻസ് മാനേജ്‌മെന്റ്, ഡിജിറ്റൽ ടെക്‌നോളജി മുതലായ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവ് നൽകുകയും, അതുവഴി വിജയകരമായ ബിസിനസ്സ് ആശയങ്ങൾ വികസിപ്പിക്കുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ പ്രൊഫഷണലുകളുമായിട്ടായിരുന്നു മന്ത്രി കൂടിക്കാഴ്ച നടത്തിയത്.' ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ' സാധ്യമാക്കുക എന്ന വ്യവസായ വകുപ്പിന്റെ ദൗത്യത്തെ പൂർത്തിയാക്കുന്നതിന് ഓരോ ഇന്റേണുകളുടെയും സേവനം നിസ്തുലമാണ്.
നയം വ്യക്തമാണ്; സംരംഭകർക്കൊപ്പം
ഉത്തരവാദിത്ത-സുസ്ഥിര നിക്ഷേപങ്ങൾ കാഴ്ചപ്പാടിലൂന്നി വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി  2022 - 27 കാലയളവിലേക്കുള്ള വ്യവസായ നയത്തിന്റെ കരട് വ്യവസായ കയർ  വകുപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി. നയം അന്തിമമാക്കുന്നതിന് മുമ്പ് വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങളിൽ  നിന്നും നിര്‌ദ്ദേ്ശങ്ങൾ സ്വീകരിക്കും.  പുതിയ വ്യവസായ നയം 2023 ജനുവരിയിലാണ് പുറത്തിറങ്ങുക. 2023 ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിൽ വരും. ബഹിരാകാശ മേഖല, ആയുർവേദം, ബയോടെക്നോളജി, ഡിസൈനിംഗ്, നിർമിത ബുദ്ധി, ഇലക്ട്രോണിക് സിസ്റ്റം ഡിസൈനും മാനുഫാക്ചറിംഗും, ഇലക്ട്രിക് വാഹനങ്ങൾ, എഞ്ചിനീയറിംഗും ഗവേഷണ വികസനവും, ഭക്ഷ്യ സാങ്കേതികവിദ്യ, ഗ്രാഫീൻ, ഹൈടെക് ഫാമിംഗ്, ഉയർന്ന മൂല്യവർധിത റബ്ബർ ഉൽപ്പന്നങ്ങൾ, ലോജിസ്റ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, പുനരുപയോഗ ഊർജം, റീട്ടെയിൽ, റോബോട്ടിക്സ്, ടൂറിസവും ഹോസ്പിറ്റാലിറ്റിയും, ത്രീഡി പ്രിന്റിംഗ്, മറൈൻ ക്ലസ്റ്റർ എന്നിവയാണ് കരട് വ്യവസായ നയത്തിൽ പ്രാധാന്യം നല്കുുന്ന മേഖലകളിൽ ചിലത്. സ്ഥിര മൂലധനത്തിൽ നിക്ഷേപ സബ്സിഡി, എസ്ജിഎസ്ടി റീഇംബേഴ്സ്മെന്റ്, ഉൽപ്പാദന മേഖലയ്ക്കുള്ള അപ്രന്റീസ്ഷിപ്പ് ഇൻസെന്റീവുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രോത്സാഹനങ്ങൾ കരട് നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

സംരംഭകത്വം ഊരുകളിലേക്കും

 

സംരംഭകത്വവർഷത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും കേരളത്തിന്റെ വളർച്ചയ്ക്കായി ഒപ്പം കൂട്ടേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ആദിവാസി  ഊരുകളിലേക്കും പദ്ധതിപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾക്ക് സംരംഭകരാകാൻ പരിശീലനം.  ഐ എച്ച് ആർ ഡി കോളേജും സീമേറ്റും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലൂടെ ആദിവാസി ഊരുകളിലെ യുവാക്കൾക്ക് സ്വന്തമായി വരുമാന മാർഗ്ഗം കണ്ടെത്താൻ സഹായിക്കുകയാണ് ലക്ഷ്യമിടുന്നത്.അട്ടപ്പാടിയിലെ മട്ടത്തുക്കാട് ഐ.റ്റി.ഐ യിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇൻവെർട്ടർ, എൽ.ഇ.ഡി. ബൾബ്, സൗരോർജ്ജ റാന്തൽ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവ നിർമ്മിക്കാനാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. പാലക്കാട് ജില്ലയിൽ ആദ്യമായി പരിശീലനം സംഘടിപ്പിച്ചത് അട്ടപ്പാടി അഗളി ഐ.എച്ച്.ആർ.ഡി കോളേജിലാണ്. രണ്ടാമത്തെ പരിശീലന പരിപാടിയാണ് അട്ടപ്പാടി മട്ടത്തുക്കാട് ഐ.റ്റി.ഐ യിൽ സംഘടിപ്പിച്ചത്. 61 വിദ്യാർത്ഥികൾക്കാണ് അഞ്ച് ദിവസം പരിശീലനം നൽകിയത്. അട്ടപ്പാടി മേഖലയിൽ അധികം ഉപയോഗിക്കാത്ത എൽ ഇ ഡി ബൾബ് പോലെയുള്ള ഉത്പന്നങ്ങൾ വലിയ രീതിയിൽ ഉണ്ടാക്കാൻ സാധിച്ചാൽ പ്രദേശവാസികൾക്ക് ഇത് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നാണ് പരിശീലം ലഭിച്ച വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നത്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലേയും ആദിവാസി ഊരുകളിൽ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യറാക്കി വരികയാണ് സീമാറ്റ്. ഇത്തരത്തിലുള്ള സംരംഭക പരിശീലനം നൽകുന്നതോടെ ഊരിലെ യുവാക്കൾക്ക് സ്വന്തമായി വരുമാന മാർഗം കണ്ടെത്തുന്നതിനും, മറ്റുള്ളവർക്ക് ജോലി നൽകാനും സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം.

Post your comments