Global block

bissplus@gmail.com

Global Menu

"വിജയമന്ത്രത്തിന്റെ ചുരുളഴിയുന്നു"- ഡോ. സുധീർ ബാബു

സംരംഭകന്റെ യാത്ര
അദ്ധ്യായം 4

രാഹുൽ ബാംഗ്ലൂർ എയർപോർട്ടിൽ എത്തിച്ചേരുമ്പോൾ മനു അവിടെ കാത്തുനിന്നിരുന്നു. അവർ ഒരുമിച്ച് എഞ്ചിനീയറിംഗ് പഠിച്ചതാണ്. പഠനം കഴിഞ്ഞപ്പോൾ മനു ബാംഗ്ലൂരിൽ പപ്പയ്‌ക്കൊപ്പം ബിസിനസിൽ കൂടി.
അതിരാവിലെ പുറപ്പെട്ടതാണ് അഞ്ചരയുടെ ഫ്ൈളറ്റായിരുന്നു. ഇപ്പോൾ എഴുമണിയാകുന്നതേയുള്ളൂ. ബാംഗ്ലൂർ സിറ്റിയിൽ തന്നെയാണ് മനുവിന്റെ താമസം. മനുവും ഭാര്യയും രണ്ടു കുട്ടികളും പപ്പയും മമ്മിയും ഒരുമിച്ചു തന്നെ. പഠിച്ചു കൊണ്ടിരിക്കുമ്പോൾ മനുവിന്റെ  വീട്ടിൽ പോയിട്ടുണ്ട്. കല്യാണത്തിനും പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ അപരിചിതത്വത്തിന്റെ  പ്രശ്‌നമില്ല.
കഴിഞ്ഞൊരു ദിവസം തികച്ചും അപ്രതീക്ഷിതമായാണ് രാഹുലിനെത്തേടി മനുവിന്റെ വിളിയെത്തിയത്. ''നീ ഫ്രീയാണെങ്കിൽ ബാംഗ്ലൂർ വരെ ഒന്നു വരണം. ഫാക്ടറിയിൽ ഒരു സോഫ്റ്റ്വെയർ പ്രശ്‌നമുണ്ട്. നിന്റെ എക്‌സ്‌പേർട്ട് ഏരിയ ആണ്. അതുകൊണ്ടാണ് നിന്നെത്തന്നെ വിളിച്ചത്. നീ വന്നൊന്നു നോക്കണം.''
ജോലിവിട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ബിസിനസിനായുള്ള തിരച്ചിൽ തുടരുന്നു. അതിനിടയിലാണ് മനുവിന്റെ  അഭ്യർത്ഥന.
''രാഹുൽ പോയിട്ട് വരൂ. മനുവിന്റെ  ബിസിനസൊക്കെ കാണാം. അത് വലിയൊരു എക്‌സ്പീരിയൻസ് തന്നെയാവും. പിന്നീട് നമുക്കത് ഗുണം ചെയ്താലോ?.'' മീരയുടെ വാക്കുകൾ രാഹുലിനെ ബാംഗ്ലൂർക്ക്  പോകാം എന്ന തീരുമാനത്തിലെത്തിച്ചു.
മനുവിന്റെ വീട്ടിലെത്തി കുളിച്ച് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് ഇറങ്ങിയപ്പോൾ സമയം പത്തുമണിയോടടുത്തിരുന്നു. മനുവിന്റെ പപ്പ നേരത്തേയിറങ്ങി. പീന്യ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറി. സിറ്റിയിൽ നിന്നും പതിനാല് കിലോമീറ്ററോളം യാത്രയുണ്ട്. യാത്രക്കിടയിൽ മനു സോഫ്റ്റ്വെയർ പ്രശ്‌നങ്ങളൊക്കെ രാഹുലുമായി ചർച്ച ചെയ്തു.
ഇൻഡസ്ട്രിയൽ  എസ്റ്റേറ്റ് രാഹുലിന് ഒരു അത്ഭുതമായിരുന്നു. ഇന്നുവരെ അത്തരമൊരിടം രാഹുൽ കണ്ടിരുന്നില്ല. ഏകദേശം 40 ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന വിശാലമായ ലോകം. ഗാർമെന്റ്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്‌സ് അങ്ങിനെ ഇല്ലാത്ത വ്യവസായങ്ങളൊന്നുമില്ല.വ്യവസായം എന്ന് പറയുന്നതിന്റെ ആഴവും വ്യാപ്തിയും രാഹുൽ തിരിച്ചറിഞ്ഞത് അത് കണ്ടപ്പോഴായിരുന്നു.
മനുവിന്റെ പപ്പക്ക് ഓട്ടോമൊബൈൽ പാർട്‌സ്  നിർമ്മിക്കുന്ന വ്യവസായമാണ്. മുപ്പത് വർഷം മുമ്പ് ഒരു ചെറുകിട വ്യവസായം പോലെ തുടങ്ങിയതായിരുന്നു. ഇന്നത് വളർന്ന് ഇന്ത്യയിലെ വൻകിട ഓട്ടോമൊബൈൽ കമ്പനികൾക്ക്  പാർട്‌സ് നിർമ്മിച്ചു നല്കുന്ന വ്യവസായമായി വളർന്നിരിക്കുന്നു.മനുവിന്റെ പപ്പ വളരെ പരിശ്രമശാലിയായ ഒരു വ്യക്തിയാണ്. അദ്ദേഹം സൃഷ്ടിച്ചെടുത്ത സാമ്രാജ്യം രാഹുലിനെ അമ്പരപ്പിച്ചു.
പപ്പയും മനുവും കൂടി രാഹുലിനെ ഫാക്ടറി മുഴുവൻ ചുറ്റിനടന്നു കാണിച്ചു കൊടുത്തു. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളും ക്വാളിറ്റി പരിശോധനയും പാക്കിങ്ങുമൊക്കെ രാഹുലിന് പുതിയ കാഴ്ചകളായിരുന്നു.
''പപ്പ, എന്താണ് ഈ വിജയത്തിനു പിന്നിലുള്ള രഹസ്യം'' രാഹുൽ അത്ഭുതമടക്കാൻ കഴിയാതെ മനുവിന്റെ പപ്പയോട് ചോദിച്ചു.
''വരൂ'' പപ്പ രാഹുലിന്റെ കൈപിടിച്ചു മുന്നോട്ടു നടന്നു.
അസ്സംബ്ലി ലൈനിലൂടെ നിരനിരയായി അനുസരണയോടെ നീങ്ങുന്ന ഓട്ടോമൊബൈൽ പാർട്‌സ്  നോക്കിക്കൊണ്ട് രാഹുലും മനുവും പപ്പയ്‌ക്കൊപ്പം നീങ്ങി. ജീവനക്കാർ അവരവരുടെ ജോലിയിൽ വ്യാപൃതരാണ്. യന്ത്രങ്ങളുടെ ശബ്ദം അവർക്കു  പിന്നിൽ നേർത്തു  നേർത്തു  വന്നു. പിന്നീടത് കേൾക്കാതെയായി.നീണ്ടു നിവർന്നു  കിടക്കുന്ന കെട്ടിടത്തിന്റെ ഒരറ്റത്ത് അവരെത്തി. അവിടെ വിശാലമായ ഒരു മുറിയുടെ മുന്നിൽ പപ്പ നിന്നു. ധാരാളം പേർ അകത്ത് ജോലികളിൽ മുഴുകിയിരിക്കുന്നു.
''റിസർച്ച്  ആൻഡ് ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്്'' രാഹുൽ മുറിയുടെ മുന്നിലുള്ള ബോർഡ് വായിച്ചു.
''ഇതാണ് എന്റെ വിജയത്തിനു പിന്നിലുള്ള രഹസ്യം'' പപ്പ രാഹുലിന്റെ മുഖത്തു നോക്കി ചിരിച്ചു.
രാഹുലിന് ഒന്നും മനസിലായില്ല. രാഹുൽ പപ്പയുടെ മുഖത്തേക്ക് നോക്കി. അദ്ദേഹം രാഹുലിനെയും മനുവിനെയും കൂട്ടി തന്റെ  മുറിയിലെത്തി. കസേരയിൽ ഇരുന്നതിനു ശേഷം അദ്ദേഹം രാഹുലിനോട് ചോദിച്ചു.
''ബിസിനസ് ചെയ്യുവാനായി നിങ്ങൾക്ക്  മൂന്നുതരം ഉത്പന്നങ്ങളെ കണ്ടെത്താം. ഏതൊക്കെയെന്ന് രാഹുലിന് പറയാമോ?''
രാഹുൽ ചിന്തിച്ചു നോക്കി. ഇല്ല, ഒരു പിടുത്തവും കിട്ടുന്നില്ല. രാഹുൽ നിഷേധാർത്ഥത്തിൽ തലകുലുക്കി.
''ഒന്നാമത്തേത് ഇപ്പോൾ വിപണിയിൽ നിലവിലുള്ള ഉത്പന്നങ്ങൾ തന്നെയാണ്. ബിസിനസ് ചെയ്യാനായി നിങ്ങൾക്കവ അതേപോലെ തിരഞ്ഞെടുക്കാം. വളരെ എളുപ്പമുള്ള ഒരു പണിയാണത്. കാരണം അതുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും നിപുണതകളും അസംസ്‌കൃത വസ്തുക്കളും നിർമ്മാണപ്രക്രിയയുമൊക്കെ വളരെയെളുപ്പം ലഭ്യമാണ്. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളികളൊന്നും കൂടാതെ തന്നെ അത്തരമൊരു ബിസിനസ് തുടങ്ങാൻ സാധിക്കും.'' പപ്പ രാഹുലിന്റെ കണ്ണുകളിലേക്ക് നോക്കി.
രാഹുൽ മെല്ലെ തലയാട്ടി.
''എന്നാൽ ഇവിടെയൊരു പ്രശ്‌നമുണ്ട്. നിങ്ങൾ നേരിടാൻ പോകുന്നത് കടുത്ത മത്സരമായിരിക്കും. കാരണം നിങ്ങൾ തിരഞ്ഞെടുത്തത് വിപണിയിൽ ഇപ്പോൾ സുലഭമായിട്ടുള്ള ഉത്പന്നമാണ്. നിങ്ങൾ മറ്റുള്ളവർക്കൊിപ്പം വിപണി പങ്കിടാൻ പോകുകയാണ്. അതിശക്തമായ കിടമത്സരം നിങ്ങളുടെ ലാഭം കുറയ്ക്കും. വിപണിയിലെ ശക്തരായ എതിരാളികളുമായി മത്സരിച്ചു ജയിക്കുക എളുപ്പമല്ല. ഇത് നിങ്ങളുടെ ബിസിനസിന്റെ വിജയസാധ്യത കുറയ്ക്കും. തുടർച്ചയായി ശക്തമായ വെല്ലുവിളികൾ നിങ്ങളെ തേടിയെത്തും.''
''പക്ഷേ വലിയൊരു വിപണി അവിടെയില്ലേ? അത് ശരിക്കും ഗുണകരമല്ലേ?'' രാഹുൽ ചോദിച്ചു.
''നിങ്ങളുടെ ഉത്്പന്നത്തിന് എന്ത് പ്രത്യേകത? അത് മറ്റുള്ളവപോലെ തന്നെ. വിപണിയിൽ സ്ഥാനം പിടിച്ച മറ്റ് ഉത്പന്നങ്ങളുമായി മത്സരിക്കുവാൻ നിങ്ങളുടെ പോക്കറ്റിന് കനമുണ്ടായിരിക്കണം. മത്സരം സ്വാഭാവികമായി ചെലവ് വർദ്ധിപ്പിക്കും. എതിരാളികളുടെ ഉത്പന്നങ്ങളുടെ വിലയേക്കാൾ കൂടുതൽ നിങ്ങൾക്ക് ഉപഭോക്താക്കളുടെ കയ്യിൽ നിന്നും വാങ്ങുവാൻ കഴിയില്ല. ഇത് നിങ്ങളുടെ ലാഭം കുറയ്ക്കും. നിങ്ങൾ ബ്ലീഡ് ചെയ്യും. അവസാനം നിങ്ങൾക്ക്  വിപണിയിൽ പിടിച്ചു നില്ക്കാൻ സാധിക്കാതെ വരും.''
രാഹുലിന് രസം പിടിച്ചു. പപ്പ തുടരുകയാണ്.
''രണ്ടാമത്തേത് ഇപ്പോൾ വിപണിയിൽ നിലവിലുള്ള ഉത്പന്നത്തെക്കാൾ മികവുറ്റ ഉത്പന്നത്തെ നിങ്ങൾ അവതരിപ്പിക്കുക എന്നതാണ്. അതായത് വിപണിയിൽ ഇപ്പോഴുള്ള ഏതെങ്കിലും ഉതപന്നം തിരഞ്ഞെടുത്ത് അത് മെച്ചപ്പെടുത്തുക. ഇത് എതിരാളികളുടെ ഉത്പന്നങ്ങളെക്കാൾ മികച്ച ഉത്പന്നമായി നിങ്ങളുടെ ഉത്പന്നത്തെ മാറ്റും. എന്തുകൊണ്ട് നിങ്ങളുടെ ഉത്പന്നം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു എന്ന് നിങ്ങൾക്ക് ഉപഭോക്താക്കളോട് പറയുവാൻ സാധിക്കും. ഇത് വിപണി വേഗത്തിൽ പിടിച്ചെടുക്കുവാൻ നിങ്ങൾക്ക് കരുത്തു പകരും.''
''ഒരു Improved Version അല്ലേ.'' രാഹുൽ ചോദിച്ചു.
''അതേ. അത് വിപണിയിൽ നിങ്ങൾക്ക് മുൻതൂക്കം നല്കും. ഉപഭോക്താക്കൾ എന്നും മികച്ചതിനായി ആഗ്രഹിക്കുന്നവരാണ്. അവർക്ക്  മികച്ച ഒരു ഉത്പന്നം നിങ്ങൾ നല്കുമ്പോൾ അതവർ സ്വീകരിക്കും. നിങ്ങളുടെ നീക്കത്തിൽ എതിരാളികൾ പെട്ടെന്ന് സ്തബ്ധരാകുന്നു. അവർ നിങ്ങളുടെ ഉത്പന്നവുമായി കിടപിടിക്കുന്ന ഉത്പന്നവുമായി എത്തുമ്പോഴേക്കും നിങ്ങൾക്ക് വിപണിയിൽ ഒരു സ്ഥാനം ലഭിച്ചു കഴിയും.''
''മൂന്നാമത്തേത് തികച്ചും വ്യത്യസ്തമായ ആർക്കുമില്ലാത്ത പുതിയൊരു ഉത്പന്നത്തെ വിപണിയിലെത്തിക്കുക എന്നതാണ്. സ്റ്റീവ് ജോബ്‌സ് ആപ്പിൾ ഐ ഫോൺ കൊണ്ടു വന്നതു പോലെ. ഇത് വിപണിയിൽ കനത്ത ചലനം സൃഷ്ടിക്കും. എതിരാളികളില്ലാത്ത ഒരു വിപണി പെട്ടെന്ന് തുറന്നെടുക്കാം. അവിടെ നിങ്ങളാണ് രാജാവ്. ഒരു Disruptive Innovation  നിങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. നൂതനങ്ങളായ മികച്ച ഉത്പന്നങ്ങൾ പെട്ടെന്ന് വിപണിയെ കീഴടക്കും. എന്തിന് എതിരാളികളുമായി യുദ്ധം ചെയ്യണം? മികച്ച ലാഭവും കിട്ടും. പക്ഷേ ഇതത്ര എളുപ്പമായ സംഗതിയുമല്ല.'' പപ്പ വർത്തമാനത്തിന് വിരാമമിട്ടു.
''ഇതിൽ ഏതായിരുന്നുപപ്പയുടെ വഴി?'' രാഹുലിന് ഉദ്വേഗം അടക്കാൻ സാധിക്കുന്നില്ല.
''എന്റെ വഴി രണ്ടാമത്തേതായിരുന്നു. മറ്റ് നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ മികച്ച പാർട്‌സ്  ഞാൻ നിർമ്മിച്ചു നല്കി. പണ്ടൊക്കെ ഒരു അപ്പോയിന്റ്‌മെന്റ് കിട്ടാൻ ഞാൻ വിഷമിച്ചിട്ടുണ്ട്. ഇന്ന് ആവശ്യക്കാർ എന്നെതേടി വരുന്നു. മേന്മയിൽ ഒരു വിട്ടുവീഴ്ചയും എന്റെ കമ്പനി ചെയ്യാറില്ല. എന്റെ് ഉത്പന്നങ്ങൾ ഞാൻ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. റിസർച്ച്  ആന്ഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് രാഹുൽ കണ്ടില്ലേ. അവരാണ് ഈ വിജയത്തിനു പിന്നിൽ. നിരന്തരം മെച്ചപ്പെടുത്തുന്ന ബിസിനസുകളേ നിലനില്ക്കുകയും വളരുകയും ചെയ്യൂ. വിജയിച്ചു എന്നു കരുതി ആ തണലിൽ വിശ്രമിച്ചിരുന്നാൽ നിങ്ങൾ പിന്തള്ളപ്പെടും.''
പപ്പ രാഹുലിനേയും മനുവിനേയും നോക്കി പുഞ്ചിരിച്ചു.
''പുതിയ അറിവുകൾ പറക്കാൻ മറ്റൊരാകാശത്തെ സൃഷ്ടിക്കും'' രാഹുൽ ഓർത്തു.
 

(തുടരും) 

Post your comments