Global block

bissplus@gmail.com

Global Menu

വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വയ്ക്കരുത്

എസ് എൻ രഘുചന്ദ്രൻ നായർ
പ്രസിഡന്റ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്

 

 

തുറമുഖങ്ങൾ വികസനത്തിന്റെ ഇടനാഴികളാണ്. മോഹൻജൊദാരോ, ഹാരപ്പ തുടങ്ങിയ ഇന്ത്യൻ നാഗരികതകൾ പഠനവിധേയമാക്കുമ്പോൾ പോലും മനസ്സിലാകുന്നത് അവിടങ്ങളിൽ തുറമുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് പുരാതനസംസ്‌കാരങ്ങളിൽ വച്ച് അവ മികച്ച മാതൃകകളാകുന്നത്. വിഴിഞ്ഞം തുറമുഖം വീണ്ടും വാർത്തകളിൽ നിറയുകയാണ്. തുറമുഖത്തിനെതിരെ മുട്ടുന്യായങ്ങളുമായി നിക്ഷിപ്ത താല്പര്യക്കാർ വരുന്നു. വികസനത്തിന് തുരങ്കം വയ്ക്കുന്ന വിവാദങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ ഇത്തരക്കാർ വിസ്മരിക്കുന്ന ഒന്നുണ്ട്; വിഴിഞ്ഞം തുറമുഖം വന്നാൽ അത് തിരുവനന്തപുരത്തിന് മാത്രമല്ല കേരളത്തിന്റെ തന്നെ വികസനഇടനാഴിയാകുമെന്ന കാര്യം.
സർ സിപിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത ആദ്യം ഉയർത്തിക്കാട്ടിയതും അതിനായി പരിശ്രമിച്ചതും. പക്ഷേ, അദ്ദേഹത്തിന് ശ്രമങ്ങൾ പാതിവഴിയിൽ നിർത്തി തിരുവിതാംകൂർ വിടേണ്ടിവന്നു. പിന്നീട് എത്രയോ കാലം ഈ തുറമുഖത്തിന്റെ കാര്യം വിസ്മൃതിയിലാണ്ടു. പിന്നീട് കരുണാകരൻ സർക്കാരിന്റെ കാലത്ത് വീണ്ടും വെളളിവെളിച്ചത്തിലേക്ക്.അപ്പോഴും പ്രതിബന്ധങ്ങളേറെ. കടമ്പകൾ നിരവധി താണ്ടിയാണ് 2015ൽ കരാർ ഒപ്പിടുന്നത്. ആയിരം ദിനം കൊണ്ട് പൂർത്തിയാകേണ്ട പദ്ധതി പല കാരണങ്ങളാൽ നീണ്ടു. ഇപ്പോഴിതാ അത് നിർണ്ണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ തീരശോഷണവും കടലിന്റെ മക്കളുടെ പ്രശ്‌നവും ഉയർത്തിക്കാട്ടി തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യമുയർന്നിരിക്കുന്നു. പ്രത്യക്ഷ സമരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.
പ്രളയകാലം മുതലിങ്ങോട്ട് കേരള ജനത ഹൃദയത്തോട് ചേർത്തവരാണ് കടലിന്റെ മക്കൾ. അവരുടെ ജീവന്മരണപോരാട്ടം മലയാളി മറക്കില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം വേണമെന്നു തന്നെയാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. പക്ഷേ, അവരുടെ പ്രശ്‌നങ്ങൾ മറയാക്കി നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനുളള ശ്രമം അപലപനീയം തന്നെയാണ്. പാരിസ്ഥിതികാഘാത പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം തുറമുഖനിർമാണം ആരംഭിച്ചത് എന്നത് ഓർക്കേണ്ടതുണ്ട്. മറ്റൊരു കാര്യം ഓർക്കേണ്ടത് ഇതിലും വലിയ തുറമുഖങ്ങളുളള ദുബായ്, സിംഗപ്പൂർ, തുടങ്ങിയ ഇടങ്ങളിലൊന്നും തുറമുഖം പാരിസ്ഥിതികപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന മുട്ടുന്യായം ആരും ഉയർത്തുന്നില്ല എന്നതാണ്. ഈ സ്ഥലങ്ങളുടെയെല്ലാം വികസനത്തിന് ചുക്കാൻ പിടിച്ചത് ഇവിടത്ത സുസജ്ജമായ തുറമുഖങ്ങളാണെന്ന കാര്യവും വിസ്മരിക്കരുത്.
വിഴിഞ്ഞം തുറമുഖം വന്നാൽ, വിഴിഞ്ഞത്ത് മദർ ഷിപ്പുകൾ നങ്കൂരമിട്ടാൽ ക്രൂ ചെയ്ഞ്ച് മുതൽ വിനോദസഞ്ചാരവും ചരക്കുനീക്കവും ഉൾപ്പെടെ എന്തെല്ലാം തരം പ്രവർത്തനങ്ങൾ നടക്കും. അതുവഴി തീരത്തിനും നഗരത്തിനും സംസ്ഥാനത്തിനാകെയും നേട്ടമുണ്ടാകും. വരാനിരിക്കുന്നത് പരമ്പരാഗത തൊഴിൽ രീതികളുടെ കാലമല്ല. മൊത്തം യന്ത്രവത്ക്കരണത്തിലേക്ക് നീങ്ങുകയാണ്. അത്തരമൊരു കാലത്ത് വിഴിഞ്ഞം തുറമുഖം കടലിന്റെ മക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല. അവരുടെ തൊഴിലിൽ തന്നെ പുത്തൻ സാധ്യതകളുണ്ടാകും. വരുംതലമുറയ്ക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ഭൂമിവില വർദ്ധിക്കും.
വിഴിഞ്ഞം സമരക്കാർ ഏഴ് ഡിമാൻഡുകളാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ വച്ചത്. അതിൽ അഞ്ചും സർക്കാർ അംഗീകരിച്ചു. മണ്ണെണ്ണ വിലയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുകയും ചെയ്തു. അത് സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിൽ മാത്രം വരുന്ന കാര്യമല്ല. എന്നിരുന്നാലും ആ വിഷയത്തിൽ സംസ്ഥാനസർക്കാർ കഴിയുന്നത് ചെയ്യണമെന്നാണ് ട്രിവാൻഡ്രം ചേംബർ ഓഫ് കമേഴ്‌സിന്റെ അഭിപ്രായം.
വിഴിഞ്ഞം വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് തുറമുഖനിർമ്മാണം തടസ്സപ്പെടുത്തരുത് എന്നാണ്. അത് ഈ തുറമുഖത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുളള പ്രാധാന്യം നീതിപീഠത്തിന് ബോധ്യപ്പെട്ടതുകൊണ്ടാണ്. നിക്ഷിപ്തതാല്പര്യങ്ങളല്ല, നാടിന്റെ വികസനമാണ് വലുത്. അത് ഏവർക്കും ഗുണം ചെയ്യുന്നതാണ്. നാട് വളർന്നാലേ വരുംതലമുറയ്ക്ക് ഗുണമുണ്ടാകൂ. ഇപ്പോൾ തന്നെ ചെറുപ്പക്കാർ തൊഴിൽതേടി നാടുവിടുകയാണ്. വിദേശരാജ്യങ്ങൾ പലതും സ്വദേശീവത്ക്കരണത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടണം. അതിന് വിഴിഞ്ഞം പോലുളള വലിയ പദ്ധതികൾ യാഥാർത്ഥ്യമാകണം. വരാനിരിക്കുന്നത് ബ്ലു ഇക്കോണമിയുടെ കാലമാണ്. 590 കി.മി കടൽത്തീരമുളള കേരളത്തിന് അത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം. വികസനവിഷയത്തിൽ ആരും രാഷ്ട്രീയം കളിക്കരുത്.

 

 

 

 

 

സമരങ്ങളുടെ ഘോഷയാത്ര
ആയിരം ദിനങ്ങൾ കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാകുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം 2019ൽ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു.പലകാരണങ്ങൾ കൊണ്ട് അത് നടന്നില്ല.വിഴിഞ്ഞം തുറമുഖപദ്ധതിക്ക് ആദ്യം എതിരുനിന്നത് ഇടതുപക്ഷസംഘടനകളാണ്. അതെല്ലാം പറഞ്ഞുതീർത്താണ് 2015ൽ നിർമ്മാണത്തിന് തുടക്കമിട്ടത്. പരിസ്ഥിതിപഠനങ്ങളും സാമൂഹ്യാഘാതപഠനങ്ങളും തുടങ്ങി എല്ലാ കടമ്പകളും മറികടന്നാണ് നിർമ്മാണം തുടങ്ങിയത്. എന്നാൽ ഇത്രയും വലിയ വികസനപദ്ധതി നടപ്പാക്കുമ്പോൾ അതിന് സർക്കാർതലത്തിൽ സഹായങ്ങൾ നൽകാൻ ഒരു നോഡൽ ഭരണസംവിധാനം ഒരുക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ അതുണ്ടായില്ല.ആവശ്യത്തിന് കല്ലുകിട്ടാതെയും മതിയായ സർക്കാർ സഹായങ്ങൾ ലഭിക്കാതെയും വിഴിഞ്ഞം തുറമുഖ നിർമ്മാണം ഇഴഞ്ഞുനീങ്ങി. അതിനിടയിലാണ് ജനകീയ സമരങ്ങൾ. വിഴിഞ്ഞത്ത് തുറമുഖമുണ്ടാകുമ്പോൾ അവിടെ താമസിച്ചിരുന്ന നിരവധി പേരുടെ വീടും വസ്തുവകകളും നഷ്ടമായെന്നത് വസ്തുതയാണ്. അതിനെല്ലാം പരിഹാരം ഉറപ്പാക്കിയിട്ടാണ് നിർമ്മാണം തുടങ്ങിയതും. എന്നാൽ അത് പറഞ്ഞപോലെ കിട്ടാതെ വരുമ്പോഴാണ് അറ്റകൈ എന്ന നിലയിൽ ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരുന്നത്. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. വികസനകാര്യങ്ങളോട് കാലം കടന്നുപോകുമ്പോൾ അധികൃതർക്കുണ്ടാകുന്ന താത്പര്യമില്ലായ്മയിലേക്കാണിത് വിരൽചൂണ്ടുന്നത്. സംഘടിതസമുദായമായത് കൊണ്ടാണ് ലത്തീൻ സഭ സമരത്തിനൊരുമ്പെട്ടത്. ലത്തീൻസഭയുടെ സമരം വികസനവിരുദ്ധമാണെന്ന് പറയാനാവില്ല. ലത്തീൻ സഭക്കാരുടെ മാത്രമല്ല നാടാർ,മറ്റ് ഹിന്ദുവിഭാഗങ്ങൾ എന്നിവരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. എന്നാൽ ഏവരും ഈ പദ്ധതിയിലെ രാഷ്ട്രീയവും നിക്ഷിപ്തതാല്പര്യവുമല്ല വികസനതാത്പര്യമാണ് മുന്നിൽ കാണേണ്ടത്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ തന്നെ സമീപിച്ച സമരക്കാരോട് ശശി തരൂരിൽ നിന്ന് പദ്ധതിയെക്കുറിച്ച് അറിഞ്ഞ രാഹുൽ ഗാന്ധി വിഷയത്തിൽ പരസ്യമായി അഭിപ്രായം പറയാത്തതും ഇതിന്റെ വികസനസാധ്യത തിരിച്ചറിഞ്ഞതുകൊണ്ടാണ്.
വിഴിഞ്ഞം വന്നാൽ               തലസ്ഥാനഗരിയുടെ മുഖംമാറും
സമരസമിതിയുടെ ആവശ്യങ്ങൾക്കുളള മറുപടി തന്നെയാണ് സുവ്യക്തമായി മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖപദ്ധതി പൂർത്തിയായാൽ അതുകൊണ്ട് ഏറ്റവും ഗുണമുണ്ടാകുക മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും തന്നെയാണ്. അവർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പടുമെന്നതാണ് പ്രധാനം. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു വിമാനം വന്നിറങ്ങിയാൽ 200 പേരാണ് എത്തുക. എന്നാൽ വിഴിഞ്ഞത് ഒരു കപ്പലടുക്കുമ്പോൾ 1000 പേരിറങ്ങും. അതായത് വിനോദസഞ്ചാരത്തിന് അനന്തമായ സാധ്യതകൾ തുറക്കും. കൂടുതൽ സഞ്ചാരികളെത്തുമ്പോൾ അത് തീരദേശത്തുളളവർക്ക് ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമില്ല. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ കോവളം ഭാഗത്തേക്കുളള ദേശീയപാതകളിലുണ്ടായ വികസനം നോക്കിയാൽ മതി ഈ പദ്ധതി തലസ്ഥാനനഗരിക്ക് എത്രമാത്രം ഗുണകരമാകുമെന്ന് മനസ്സിലാക്കാൻ. അനന്തപുരിയുടെ മുഖച്ഛായ തന്നെ മാറും കൊച്ചിയെക്കാൾ വലിയ മെട്രോനഗരമായി തലസ്ഥാനനഗരി മാറും.
രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് ടെർമിനലായ വിഴിഞ്ഞം പോർട്ട് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖ പദ്ധതിയാണിത്. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു (20 അടി തുല്യമായ യൂണിറ്റുകൾ) കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാവുക. നിലവിലുള്ള 800 മീറ്റർ ബെർത്ത് ഭാവിയിൽ 2000 മീറ്ററാക്കി വർദ്ധിപ്പിക്കും. ഇതോടെ മൂന്ന് ദശലക്ഷം ടി.ഇ.യു ആയി ശേഷി വർദ്ധിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നേട്ടമുണ്ടാകും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്മെന്റ് നടത്തുമ്പോൾ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. മാത്രമല്ല തലസ്ഥാനനഗരത്തിൽ നിരവധി പേർക്ക് അനുബന്ധ തൊഴിലവസരങ്ങളും ഉണ്ടാകും.
ഷിപ്പിംഗ് ഏജന്റുമാർ, ലോജിസ്റ്റിക്‌സ്, ട്രാൻസ്പോർട്ടേഷൻ സർവീസുകൾ, ഗോഡൗണുകൾ, കപ്പൽ മെയിന്റനൻസ്, കുടിവെള്ള പദ്ധതികൾ, വൈദ്യുതി വിതരണം, ഗതാഗതം, താമസസൗകര്യം, ഹോട്ടൽ, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ ആവശ്യമായി വരും. ഇതിലൂടെ സർക്കാരിന് നികുതി വരുമാനവും നിരവധി പേർക്ക് തൊഴിലവസരവും ലഭിക്കും. തുറമുഖത്തിനാവശ്യമായ സേവനമേഖലയിലെ നിരവധി പ്രവൃത്തികൾ ആവശ്യമായി വരുന്നതിനാൽ തിരുവനന്തപുരത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഗുണമാകും.
ഏറെ കടമ്പകൾ കടന്നാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിലുളള ഈ വികസനസാധ്യതകൾ തിരിച്ചറിയാതെയാണ് ഇപ്പോഴത്തെ കോലാഹലങ്ങൾ. അത് ജനം തിരിച്ചറിഞ്ഞേ മതിയാകൂ. അധികൃതരും ജനങ്ങളും പിന്തുണച്ചാൽ പദ്ധതിയുടെ പൂർത്തീകരണം കയ്യെത്തും ദൂരത്താണ്. അതിനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്.

 

 

Post your comments