Global block

bissplus@gmail.com

Global Menu

വിഴിഞ്ഞം തുറമുഖം വന്നേ തീരു

ഒരിടവേളയ്ക്കു ശേഷം വിഴിഞ്ഞം തുറമുഖപദ്ധതി വീണ്ടും വിവാദമാകുകയാണ്. പാറക്ഷാമവും സിഎജി റിപ്പോർട്ടിലെ വിമർശനങ്ങളും കടന്ന് വിഴിഞ്ഞം പദ്ധതിയുടെ കല്ലിടൽ ജോലിയുടെ എൺപത് ശതമാനം പണിയും പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ വിവാദം ഉരുത്തിരിഞ്ഞിരിക്കുന്നത്. തീരശോഷണത്തിനും കടൽ കയറി തങ്ങളുടെ വാസസ്ഥലങ്ങൾ നശിക്കുന്നതിനും വിഴിഞ്ഞം പദ്ധതി കാരണമാകുന്നു എന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുകയാണ്. ലത്തീൻ അതിരൂപത അവർക്കൊപ്പമുണ്ട്. പ്രളയകാലത്ത് കേരളത്തിന്റെ പോരാളികളും രക്ഷകരുമായി മാറിയ കടലിന്റെ മക്കളുടെ സമരം സർക്കാരിനും പദ്ധതിക്കും വെല്ലുവിളി ഉയർത്തുകയാണ്. എന്നാൽ തീരശോഷണത്തിനു കാരണം വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ കല്ലിടലും മറ്റ് നിർമാണ പ്രവർത്തനങ്ങളും മാത്രമല്ല എന്നത് നേരത്തെ തന്നെ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം പോലൊരു സ്വാഭാവിക തുറമുഖവും തിരുവനന്തപുരം വിമാനത്താവളം പോലെ ഒരു രാജ്യാന്തരവിമാനത്താവളവും ഉണ്ടായിട്ടും തലസ്ഥാനനഗരി വികസിക്കാത്തത്തത് ഇവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു തുറമുഖമില്ലാത്തതാണ്. കാലങ്ങളായി വിഴിഞ്ഞം കേവലം മത്സ്യബന്ധനമേഖലയായി മാത്രം ഒതുങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ കേരളത്തിന്റെ മുഖം തന്നെ മാറ്റാൻ കഴിയുന്ന ഇടമാണ് വിഴിഞ്ഞമെന്നും അവിടെ സുസജ്ജമായ ഒരു തുറമുഖം യാഥാർത്ഥ്യമാക്കുക മാത്രമാണ് അതിന് വേണ്ടതെന്നും ഭരണകൂടം തിരിച്ചറിഞ്ഞതുപോലും വൈകിയാണ്. വൈകി വന്ന ഈ വിവേകം പദ്ധതി സാക്ഷാത്ക്കാരത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ പ്രശ്‌നങ്ങളും തടസ്സവാദങ്ങളും വരുന്നത്. നാളെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല സംസ്ഥാനത്തിന് ആകെയും തലസ്ഥാനനഗരിക്ക് പ്രത്യേകിച്ചും പുരോഗതിക്ക് ഉതകു, വികസന വിഹായസ്സിൽ കുതിക്കാൻ കരുത്തുറ്റ ചിറകായി വർത്തിക്കേണ്ടുന്ന തുറമുഖപദ്ധതിക്ക് തുരങ്കംവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. എന്നാൽ പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെട്ട  നീതിപീഠം നിർമ്മാണം നിർത്തിവയ്‌ക്കേണ്ടതില്ല എന്ന നിലാപാടാണ് എടുത്തിരിക്കുന്നത്.  വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ ബോധപൂർവ്വമായ തെറ്റിദ്ധാരണ പടർത്തിയിരിക്കുന്നുവെന്നത് വ്യക്തമാണ്. വിഴിഞ്ഞം പദ്ധതിയിലൂടെയും വിവാദങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ബിസിനസ് പ്ലസ് ടീം....

 

 

വിഴിഞ്ഞം ഇതുവരെ
കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പട്ട കടൽത്തീരമാണ് വിഴിഞ്ഞം. 8 മുതൽ 14-ാം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായ, ലോകപ്രശസ്തമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം.ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയിൽ അസൂയ മുത്ത ചോള രാജവംശം കാലാകാലങ്ങളിൽ അക്രമങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം നശിപ്പിച്ചുവെന്നും ചരിത്രം പറയുന്നു.നിരന്തരമുളള ആ ആക്രമണങ്ങളിൽ തകർന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമീപ്യം, തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്. ഇതൊക്കെയാണ് അവിടെ ഒരു തുറമുഖം എന്ന ചിന്തയിലേക്ക് പിൽക്കാലത്ത് ഭരണകൂടത്തെ നയിച്ചത്.
തിരുവിതാംകൂറിൽ നിരവധി വികസനപദ്ധതികൾക്ക് തുടക്കംകുറിച്ച ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ ആദ്യമായി മനസിലാക്കിയതും യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ചതും. പള്ളിവാസൽ, പീച്ചിപ്പാറ ഇലക്ട്രിക് പദ്ധതി, തിരുവിതാംകൂറിൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ, പെരിയാർ വന്യമൃഗസംരക്ഷണം, തിരുവനന്തപുരം - കന്യാകുമാരി റോഡ് ദേശവത്ക്കരണം, രാജ്യത്താദ്യമായി എൺപത്തിയെട്ടു മൈൽ ദൂരം തിരുവനന്തപുരം - കന്യാകുമാരി റോഡ് റബർ ടാറിംഗ്, പാവപ്പെട്ട കുട്ടികൾക്കായി സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി, പിന്നീട് സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആയി മാറിയ ട്രാവൻകൂർ ബാങ്ക്, ആലുവാ അലൂമിനിയം ഫാക്ടറി, എഫ്.എ.സി.ടി, തിരുവിതാംകൂർ സിമെന്റ് ഫാക്ടറി, ടൈറ്റാനിയം, ട്രാവൻകൂർ റയോൺസ്, പിന്നീട് കേരള സർവകലാശാലയായ ട്രാവൻകൂർ സർവകലാശാല, ഇന്ത്യയിലാദ്യമായി സൗജന്യമായ നിർബന്ധിത വിദ്യാഭ്യാസപദ്ധതി തുടങ്ങി നിരവധി വികസനപദ്ധതികളുടെ ഉപജ്ഞാതാവായ മികച്ച ഭരണാധികാരിയാണ് സർ സി.പി. അദ്ദേഹം വിഴിഞ്ഞം തുറമുഖത്തിൽ കണ്ണുവച്ചെങ്കിൽ അത് സംസ്ഥാനത്തിന്റെ വികസനത്തിന് എത്രത്തോളം നിർണായകമാണെന്ന ബോദ്ധ്യമുളളതുകൊണ്ടാണ്.  വിഴിഞ്ഞം യാഥാർത്ഥ്യമാകാതിരിക്കാൻ വർഷങ്ങളായി മറ്റ് അന്താരാഷ്ട്ര തുറമുഖ ഏജൻസികൾ നിരന്തരം ശ്രമിച്ചിരുന്നുവെന്നതും തിരിച്ചറിയണം.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുടക്കമിട്ടത് 1991 ലെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറാണ്. സി എം പി സ്ഥാപകനും അന്ന് തുറമുഖ മന്ത്രിയുമായിരുന്ന എം.വി. രാഘവനാണ് ചുക്കാൻ പിടിച്ചത്. 1995 ൽ എ.കെ. ആന്റണി സർക്കാർ കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷേ തുടർന്ന് വന്ന 1996 ലെ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്ത് മുന്നോട്ടുപോയില്ല. പിന്നീട് 2004 ൽ ഉമ്മൻചാണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി  രൂപരേഖ തയാറാക്കി. 2005 ൽ പി പി പി (പൊതു-സ്വകാര്യ പങ്കാളിത്തം) മാതൃകയിൽ ടെണ്ടർ വിളിച്ചു. ടെണ്ടറിൽ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കൺസോർഷ്യത്തിനു സുരക്ഷാ കാരണത്താൽ കേന്ദ്രം അനുമതി നിഷേധിച്ചു.2008 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ലാൻകോ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലെറ്റർ ഓഫ് ഇൻറ്റന്റ് നൽകി. പക്ഷേ നിയമക്കരുക്ക് കാരണം അന്തിമ കരാറിലേക്ക് എത്തിയില്ല. എൽ ഡി എഫ് സർക്കാർ ഇൻർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ (ഐ എഫ് സി) സഹായത്തോടെ പദ്ധതിയെ ലാൻഡ് ലോർഡ് മോഡലിലേക്ക് മാറ്റി.
2011 ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറിന്റെ കാലത്താണ് അദാനി ചിത്രത്തിലേക്ക് വരുന്നത്. വിഴിഞ്ഞം പദ്ധതിക്ക് 2012ൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഏറെക്കാലം ഒന്നും നടന്നില്ല. 2013 ൽ സർക്കാർ പദ്ധതിയെ പി പി പി മോഡലിലേക്ക് മാറ്റി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂട്ടരും അദാനി ഗ്രൂപ്പ് മേധാവികളുമായി നടത്തിയ ചർച്ചയും വിവാദമായിരുന്നു. ചർച്ചയുടെ മിനിട്‌സ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആവശ്യപെട്ടുവെങ്കിലും അത് ലഭിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2010 സെപ്റ്റംബർ നാലിന് അദാനി വി.എസ്. അച്യുതാനന്ദനെ കണ്ടിരുന്നുവെന്ന വാദം മാത്രമാണ് യു.ഡി.എഫ് മറുപടിയായി പറഞ്ഞത്. പിന്നീട് മൂന്ന് വർഷങ്ങൾ കഴിഞ്ഞ്  2015 ആഗസ്റ്റ് 17നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമുളള കരാർ ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവയ്ക്കുന്നത്. സുതാര്യമായ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ബിഡ്ഡർ ആയ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ പദ്ധതിക്കായി രൂപീകരിച്ച പ്രത്യേക ഉദ്ദേശ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായാണ് സർക്കാർ കരാർ ഒപ്പുവച്ചത്. മുന്നൂറോളം പേജുകളുളള ഈ കരാർ പൂർണ്ണരൂപത്തിൽ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആസൂത്രണ കമ്മിഷൻ തയ്യാറാക്കിയ സംസ്ഥാന തുറമുഖങ്ങൾക്കായുളള മാതൃക കൺസഷൻ എഗ്രിമെന്റ് പ്രകാരമാണ് ഈ പദ്ധതിക്കായുളള കൺസഷൻ കരാർ തയ്യാറാക്കിയിട്ടുളളത്. കരാറിലെ ചില മുഖ്യ വ്യവസ്ഥകൾ താഴെ പറയുന്നവയാണ്.
കരാർ കാലാവധി: 40 വർഷമാണ് കരാർ കാലാവധി. ഇതിൽ നാല് വർഷം നിർമാണ കാലാവധിയും ഉൾപ്പെടും. കൺസഷനയർ സ്വന്തം ചെലവിൽ തുടർഘട്ട നിർമാണ പ്രവർത്തനങ്ങൾ കരാറിന് അനുസൃതമായി നടത്തുകയാണെങ്കിൽ മാത്രം 20 വർഷം കൂടി നീട്ടി നൽകുന്നതാണ്.
കരാർതുകയും സഹായധനവും: കരാർ പ്രകാരം വിഴിഞ്ഞം പദ്ധതിയിൽ തുറമുഖത്തിനു മാത്രമായുളള ആകെ തുക 5552 കോടി രൂപയാണ്. ഇതിൽ 4089 കോടി രൂപ പിപിപി ഘടകവും 1463 കോടി രൂപ സർക്കാർ ചെലവിൽ നിർമ്മിക്കുന്ന ഫൺഡ് വർക്കായ ബ്രേക്ക് വാട്ടറിന്റെ തുകയുമാണ്.
പിപിപി ഘടകത്തിൽ സ്വകാര്യ പങ്കാളിക്ക് 40% സഹായധനത്തിന് അർഹതയുണ്ട്. ബിഡ്ഡർ ആവശ്യപ്പെട്ട സഹായധനം 1635 കോടി രൂപയാണ്. ഇതിൽ പിപിപി ഘടകത്തിന്റെ 30% സഹായധനം 1226.7 കോടി രൂപ ഇക്വിറ്റി സപ്പോർട്ട് ആയി നിർമാണ ഘട്ടത്തിലും 408.3 കോടി രൂപ ഒ ആൻഡ് എം സപ്പോർട്ട് ആയി നടത്തിപ്പു കാലയളവിലും സ്വകാര്യ പങ്കാളിക്ക് നൽകേണ്ടതാണ്.
കേന്ദ്രസർക്കാർ നിർമ്മാണ കാലയളവിൽ 817.8 കോടി രൂപ ചെലവ് സഹായധനമായി നൽകും (പിപിപി ഘടകത്തിന്റെ 20%)
സംസ്ഥാന സർക്കാർ നിർമ്മാണ കാലയളവിൽ 1463 കോടി രൂപയുടെ ഫണ്ടഡ് വർക്കിന്റെ ചെലവ് വഹിക്കും. ഒപ്പം 408.9 കോടി രൂപ ചെലവ് സഹായധനമായി (പിപിപി ഘടകത്തിന്റെ 10%) നല്കും. നിർമ്മാണ കാലയളവിൽ സംസ്ഥാന സർക്കാരിന്റെ ചെലവ് 1871.9 കോടി രൂപയാണ് (1463+408.9).
സംസ്ഥാന സർക്കാർ നടത്തിപ്പു കാലയളവിൽ 408.3 കോടി രൂപ സഹായധനമായി നല്കും.
വരുമാനവിഹിതം:തുറമുഖനടത്തിപ്പിന്റെ പതിനഞ്ചാം വർഷം മുതൽ (കരാറിന്റെ പത്തൊമ്പതാം വർഷം) സംസ്ഥാന സർക്കാരിന് തുറമുഖത്തിന്റെ നടത്തിപ്പിൽ നിന്നുളള വരുമാനത്തിന്റെ വിഹിതം ലഭിച്ചുതുടങ്ങും. ഇരുപതാം വർഷം ഈ വിഹിതം ഒരു ശതമാനവും പിന്നീടുളള ഓരോ വർഷവും ഒരു ശതമാനം വീതം കൂടി കരാർ കാലാവധി പൂർത്തിയാകുിന്ന നാല്പതാം വർഷം ഇരുപത്തി ഒന്ന് ശതമാനം വരെ ഉയരും. തുറമുഖേതര പ്രവർത്തനങ്ങളായ പോർട്ട് എസ്‌റ്റേറ്റ് ഡെവലപ്‌മെന്റിന്റെ ആകെ വരുമാനത്തിന്റെ 10% തുറമുഖ നടത്തിപ്പിന്റെ ഏഴാം വർഷം മുതൽ സംസ്ഥാനസർക്കാരിന് ലഭിക്കും.
മറ്റു വ്യവവസ്ഥകൾ: പൊതു സ്വകാര്യ പങ്കാളിത്തത്തിൽ വികസിപ്പിക്കുന്ന ഈ പദ്ധതിയിൽ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുവാൻ നിരവധി വ്യവസ്ഥകളുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു.
കർശനമായ നിബന്ധനകൾക്ക് അനുസൃതമായി മാത്രമാണ് സഹായധനം നല്കുന്നത്. കൺസഷനയർ സ്വന്ചം മുതൽമുടക്ക് പൂർണ്ണമായി വിനിയോഗിച്ചതിനു ശേഷം മാത്രമേ സഹായധനം നൽകുകയുളളു.
കരാർ പ്രകാരമുളള എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും ഒരു എസ്‌ക്രോ അക്കൗണ്ടിനും എസ്‌ക്രോ എഗ്രിമെന്റിനും അനുസൃതമായിരിക്കും.
നിർമ്മാണ നിർവ്വഹണ മേൽനോട്ടത്തിനായി ഒരു സ്വതന്ത്രഏജൻസി  ഉണ്ടായിരിക്കുന്നതാണ്.
കണക്കുകൾ പരിശോധിക്കുന്നതിനായി ഓഡിറ്റർ പാനൽ സർക്കാർ തയ്യാറാക്കുന്നതാണ്. സ്വതന്ത്ര ഓഡിറ്റിംഗ് സർക്കാരിന് നടത്താം.
നിർമ്മാണം കർശനമായും സർക്കാർ നിഷ്‌കർഷിക്കുന്ന മാന്വൽ ഓഫ് സ്‌പെസിഫിക്കേഷൻ ആൻഡ് സ്റ്റാൻഡേർഡ്‌സ്് പ്രകാരമായിരിക്കും.
ആക്ഷേപങ്ങളും മറുപടിയും
വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ചുളള പ്രധാന ആക്ഷേപങ്ങളിലൊന്ന് സർക്കാർ വൻതുക മുടക്കുന്നു, അതിന് തക്ക ഗുണമില്ല എന്നതാണ്. എന്നാൽ അത് തെറ്റാണെന്ന് സർക്കാർ രേഖാമൂലം തന്നെ നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. സർക്കാർ മുടക്കുന്ന തുകയ്ക്ക് സർക്കാരിന് ലഭിക്കുന്ന സാമ്പത്തികനേട്ടങ്ങൾ വിശകലനം ചെയ്താൽ അതായത് സോഷ്യൽ കോസ്റ്റ് ബെനഫിറ്റ് അനാലിസിസ് നടത്തിയാൽ മുതൽമുടക്കിന് 12 ശതമാനത്തിൽ കൂടുതൽ ഇക്കണോമിക് റേറ്റ് ഓഫ് റിട്ടേൺ നൽകുന്നുണ്ടെന്നാണ് സർക്കാർ വിശദീകരണം.
കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടൽ മേഖലകളിൽ ഒന്നാണ് വിഴിഞ്ഞമെന്നും കടൽ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതായിരിക്കുമെന്നതായിരുന്നു മറ്റൊരു തടസ്സവാദം. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ പരിസരാഘാത പത്രികയിൽ വിഴിഞ്ഞം തീരത്തെ ജൈവവ്യവസ്ഥക്കുണ്ടാകുന്ന അപരിഹാര്യമായ ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം പദ്ധതിക്കായി കടലിൽ ഏതാണ്ട് 3200 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കേണ്ടിവരും. ഇതിനായി ടൺകണക്കിന് പാറ കണ്ടെത്തേണ്ടിവരും എന്നുമാത്രമല്ല, വിവിധ പദ്ധതിക്കായി ഇന്ത്യയുടെ വിവിധ കടൽത്തീരങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട പുലിമുട്ടുകൾ കടൽത്തീരത്തുണ്ടാക്കിയിട്ടുള്ള വളരെ അപകടകരവും പ്രത്യക്ഷവുമായ മാറ്റങ്ങൾ വിഴിഞ്ഞത്തും ഉണ്ടാകും. പുലിമുട്ടിന്റെ ആഘാതവും പരിസ്ഥിതി ആഘാതപത്രികയിൽ പരിഗണിച്ചിട്ടില്ല-എന്നീ ആക്ഷേപങ്ങളും ഉയർന്നു. എന്നാൽ മേൽവാദഗതികളെല്ലാം തന്നെ 30 വർഷക്കാലമായി ഈ പദ്ധതിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവരുന്ന മറ്റു തുറമുഖലോബികളുടെ തന്ത്രമാണെന്നാണ് തിരുവനന്തപുരം വാസികളുടെ പക്ഷം.
വിഴിഞ്ഞം പദ്ധതി അവകാശപ്പെടുന്നപോലെ ലാഭകരമല്ലെന്നാണ് മറ്റൊരു ആക്ഷേപം. അദാനിയുമായി കേരള സർക്കാർ നടത്തിയ ഒത്തുതീർപ്പു വ്യവസ്ഥകളിലൂടെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടുഭാഗം തുകയും കേരളത്തിന്റെ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം കേരളം തിരിച്ചുനൽകണം. മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയൽ എസ്റ്റേറ്റിനായി വിട്ടുനൽകണം. ഇത് ഈടുവച്ച് വായ്പയെടുക്കാൻ അദാനിക്ക് അവകാശം നൽകിയിട്ടുണ്ട്. അവിടെ നടക്കുന്ന സ്വകാര്യ നിർമ്മാണങ്ങൾ പോർട്ടിന്റെ പേരിലായതിനാൽ നിലവിലുള്ള തീരദേശ നിയന്ത്രണ നിയമങ്ങൾ ബാധകമല്ല- എന്നിങ്ങനെ ആരോപണങ്ങൾക്ക്് അന്തമില്ല. എന്നാൽ ഇതൊക്കെ പദ്ധതിയെക്കുറിച്ചും കരാറിനെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തവരുടെ മുട്ടുന്യായങ്ങളാണെന്നാണ് അധികൃതർ പറയുന്നത്.
വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് പദ്ധതിയില്ല എന്ന ആക്ഷേപത്തിന് തുറമുഖ പദ്ധതിക്കായി മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല എന്ന സുവ്യക്തമായ മറുപടിയാണ് സർക്കാരിനുളളത്.
തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്നതും അടിസ്ഥാനരഹിതമായ ആരോപണമാണ്. ഇക്കാര്യം പഠനങ്ങളിൽ കണ്ടെത്തിയിട്ടുമില്ല. തീരശോഷണം കാലങ്ങളായി കേരളതീരത്ത് നടന്നുവരുന്ന പ്രതിഭാസമാണ്. അതിന് കാരണങ്ങൾ പലതാണ്.
 2022 ഓഗസ്റ്റ് 30 ന് മുഖ്യമന്ത്രിയുടെ വിശദീകരണം
പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പൊതുമേഖലയിൽ ആരംഭിക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അന്നത്തെ സർക്കാർ അത് അംഗീകരിച്ചില്ല. തുടർന്ന് എൽഡിഎഫ് സർക്കാർ വരുമ്പോൾ പദ്ധതി പ്രവർത്തനം ആരംഭിച്ചിരുന്നു. അതിനാൽ പദ്ധതി തുടരട്ടെ എന്ന നിലപാട് സംസ്ഥാന താൽപ്പര്യം മുൻനിർത്തി എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു. ഇപ്പോൾ ആറ് വർഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിർവഹണത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കാനേ ആവില്ല.
തീരശോഷണത്തിന് തുറമുഖം നിർമ്മാണവുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ കാണിക്കുന്നത്. എങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിച്ച് ഇക്കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വിദഗ്ധസമിതിയെ സർക്കാർ നിയോഗിക്കും. ഈ സമിതിയോട് മൂന്നു മാസത്തിനകം ഇടക്കാല റിപ്പോർട്ട് ലഭ്യമാക്കാൻ നിർദ്ദേശിക്കും. റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തിൽ, അത് നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതിൽ സർക്കാരിന് വിമുഖതയില്ല. കേന്ദ്രസർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ഈ പഠന റിപ്പോർട്ട് പരിശോധിച്ച ശേഷം അനുമതിയിൽ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണൽ പദ്ധതിപ്രദേശത്തിന്റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങൾ പഠിച്ച് എല്ലാ ആറ് മാസം കൂടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഷോർലൈൻ നിരീക്ഷിക്കുവാൻ ഒരു മോണിറ്ററിങ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളിൽ കടൽക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോർട്ടും ഉണ്ട്. തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
സംസ്ഥാനത്തിന്റെ തീരമേഖലയിൽ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം. 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാർജ് എത്തുമെന്നും 2023 ഒക്ടോബറോടെ കൊമേഴ്‌സ്യൽ ഓപ്പറേഷൻ ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പഠനങ്ങളും പൂർത്തിയാക്കിയ ശേഷമാണ് കരാറിലേർപ്പെട്ട് നിർമാണ പ്രവർത്തനം ആരംഭിച്ചത്.
 സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൻമേൽ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി വരികയാണ്. തുറമുഖത്തിന്റെ നിർമാണപ്രവർത്തികൾ കടലോര മേഖലയിൽ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആശങ്ക ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ പരിഗണിച്ചുവരികയാണ്. ഇവ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികളും സഹകരിക്കുന്നുണ്ട്. ചർച്ചകളിൽ അവർ പൂർണ്ണമായും സഹകരിക്കുന്നുമുണ്ട്.
തുറമുഖ പദ്ധതിക്കായി മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും CRZ പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെയും മാറ്റിപാർപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. ഇതിനായി തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മുട്ടത്തറയിലുള്ള എട്ട് ഏക്കർ ഭൂമി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. കടൽക്ഷോഭത്തിന്റെയും CRZ നിയന്ത്രണങ്ങളുടെയും ഭാഗമായി വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പുനരധിവാസം വേണ്ടിവരുന്നവരുടെ ആവശ്യത്തിന് സർക്കാർ മുൻഗണന നൽകും. ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളും വേഗത്തിൽ പൂർത്തിയാക്കും.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതുവരെ 5500 രൂപ പ്രതിമാസ വാടകയും സർക്കാർ വഹിക്കും. ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനർഗേഹം പദ്ധതിയിൽ 2450 കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ 335 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. സ്വന്തമായി വീട് വയ്ക്കാൻ തയാറാവുന്നവർക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്.പുനരധിവാസ പദ്ധതിയിലെ വീടുകളുടെ നിർമ്മാണം കാര്യക്ഷമമായി നടപ്പാക്കാൻ മാസംതോറും അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും ഫീഷറീസ്, ജലവിഭവ വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർ എന്നിവർ അംഗങ്ങളുമായുള്ള ഒരു സമിതി രൂപീകരിക്കും.
2021-22 ലെ ബജറ്റിൽ സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി അഞ്ച് വർഷക്കാലയളവിലേക്ക് 5300 കോടി രൂപയുടെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ജിയോ ട്യൂബുകൾ, ജിയോ കണ്ടെയ്‌നറുകൾ, റോളിങ് ബാരിയർ സംവിധാനങ്ങൾ, ടെട്രാപോഡുകൾ തുടങ്ങിയവയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഉചിതമായ തീരസംരക്ഷണം പ്രാദേശിക പങ്കാളിത്തത്തോടെയും കൂടിയാലോചനകളോടെയും നടപ്പാക്കും.
പൂന്തുറയ്ക്കും വലിയതുറയ്ക്കും ഇടയ്ക്ക് കണ്ടെത്തിയിട്ടുള്ള എല്ലാ ഹോട്ട് സ്‌പോട്ടുകളിലും തീരസംരക്ഷണത്തിന് 150 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. പൂന്തുറയിൽ 100 മീറ്ററിൽ നടപ്പാക്കിയ പദ്ധതിയുടെ വിലയിരുത്തലിനു ശേഷം മറ്റു ഹോട്ട്‌സ്‌പോട്ടുകളും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ശംഖുമുഖം പാതയോര സംരക്ഷണം പുരോഗമിക്കുകയാണ്. കോവളം ബീച്ച് പുനരുദ്ധാരണ ടൂറിസം പദ്ധതിയ്ക്കായുള്ള 58 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിക്കഴിഞ്ഞു.
മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ല. മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയക്കുകയും ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിയെ നേരിൽ കാണുകയും ചെയ്തിരുന്നു. നിലവിൽ ലിറ്ററിന് 25 രൂപ സർക്കാർ സബ്‌സിഡി നൽകുന്നുമുണ്ട്. കേന്ദ്ര സർക്കാർ മണ്ണെണ്ണ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ മണ്ണെണ്ണ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന യാനങ്ങൾ മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കണം. ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികൾ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ഒരു പദ്ധതി ആവിഷ്‌കരിച്ച് സർക്കാർ നടപ്പാക്കും.
പ്രകൃതിക്ഷോഭം പോലുള്ള ഘട്ടങ്ങളിലും കോവിഡ് സാഹചര്യത്തിലും എല്ലാ മത്സ്യത്തൊഴിലാളികൾക്കും സാമ്പത്തിക സഹായവും, സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർന്നും ആവശ്യാനുസരണം ഉചിതമായ നടപടി സ്വീകരിക്കും.
മുതലപ്പൊഴി ഹാർബറിന്റെ വടക്കുവശത്തായി 23 കോടി രൂപ ചെലവിൽ 1.91 കി.മീ ദൂരം ഗ്രോയിൻ സംരക്ഷണത്തിനായി ഏറ്റെടുത്തിട്ടുണ്ട്. ഇത് തുറമുഖത്ത് ലാൻഡിങ് സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി പ്രദേശങ്ങളിൽ ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ചിപ്പി ശേഖരണത്തിലും ലോബ്സ്റ്റർ മത്സ്യബന്ധന തൊഴിലിലും ഏർപ്പെട്ടിരിക്കുന്നവർക്കും കരമടി മത്സ്യബന്ധന വിഭാഗത്തിൽപ്പെട്ടവർക്കും റിസോർട്ട് തൊഴിലാളികൾക്കുമെല്ലാം ഇതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ട്. നിലവിലെ വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ 100 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിയായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തുറമുഖ പദ്ധതിക്കായി 7.3 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിനു പുറമെ, കഴിഞ്ഞ വർഷം 1.74 കോടി രൂപ ചെലവിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആയിരത്തിൽപ്പരം ജലവിതരണ കണക്ഷനുകൾ നൽകിക്കഴിഞ്ഞു.
മാലിന്യനിർമാർജനത്തിനായി വിപുലമായ പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. കോട്ടപ്പുറം പ്രദേശത്ത് ഭവനരഹിതരായ 1026-ൽ പരം ആളുകൾക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മാത്രം 340 കുടുംബങ്ങളെ ഫ്‌ളാറ്റ് നിർമ്മിച്ച് സർക്കാർ പുനരധിവസിപ്പിച്ചിട്ടുണ്ട്. മുട്ടത്തറയിൽ 192 ഉം കാരോട് 128 ഉം ബീമാപള്ളിയിൽ 20 കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ വീട് നിർമിക്കാനായി 832 പേർക്ക് ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 399 പേർ വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ തുടർനടപടികൾ പുരോഗമിക്കുന്നു.
സമരസമിതിയുടെ ആവശ്യങ്ങൾ
ഓഗസ്റ്റ് 31 ന് ലത്തീൻ അതിരൂപത വികാരി ജനറലും സമര സമിതി ജനറൽ കൺവീനറുമായ ഫാദർ യൂജിൻ പെരേര, സമര സമിതി കൺവീനർ ഫാദർ തീയോഡേഷ്യസ് ഡിക്രൂസ് അടക്കമുള്ളവർ ഉന്നയിച്ച ആവശ്യങ്ങൾ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷണത്തിനു ശാശ്വത പരിഹാരം കാണുക.
തീരശോഷണം മൂലം വീട് നഷ്ടപെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ വാടക നൽകി മാറ്റിപ്പാർപ്പിക്കുക.
വീടും സ്ഥലവും നഷ്ടപെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക.
തീരശോഷണത്തിനു കാരണവും വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുംമുഖം ബീച്ചുകൾക്കും ഭീഷണിയായ തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപെടുത്തി സുതാര്യമായ പഠനം നടത്തുക.
മണ്ണെണ്ണ വില വർധന പിൻവലിക്കാൻ ഇടപെടുക; തമിഴ്‌നാട് മാതൃകയിൽ മണ്ണെണ്ണ ലഭ്യമാക്കുക.
കാലാവസ്ഥാ മുന്നറിയിപ്പ് കാരണം കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾക്കു മിനിമം വേതനം നൽകുക
മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക.

 

എം.വി.ഗോവിന്ദൻ മാസ്റ്റർ
സിപിഐഎം സംസ്ഥാന സെക്രട്ടറി
 വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് പിന്നിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തോടും സമരത്തോടും യോജിപ്പില്ല. സമരം ചെയ്യുന്നവർ ശത്രുക്കളാണെന്ന നിലപാട് സർക്കാരിനില്ല. അവർ പാവപെട്ട മത്സ്യത്തൊഴിലാളികളാണ്. അവർക്ക് പിന്നിൽ മറ്റുചിലർ പ്രവർത്തിക്കുന്നുണ്ട്.  വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്ന് പറയുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. യുഡിഎഫ് അതിനൊപ്പം ചേരുകയാണ്. ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. അദാനിക്ക് തുറമുഖത്തിന്റെ ചുമതല നൽകിയത് കോൺഗ്രസ്, ബിജെപി സർക്കാരുകളാണ്. അന്ന് സിപിഎം ചില വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് തുറമുഖ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വലിയ രീതിയിൽ വളർന്നാൽ കേരളത്തിലെ ജനങ്ങൾക്ക് നേട്ടമുണ്ടാകും, അദാനിക്കും നേട്ടമുണ്ടാകും. അതേസമയം സമരങ്ങളെ അടിച്ചമർത്തണമെന്ന നിലപാട് സർക്കാരിനില്ല.

വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി

 

ശശി തരൂർ എംപി

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തേണ്ട സാഹചര്യമില്ലെന്ന് ശശി തരൂർ പറയുന്നു. ഭൂമി നഷ്ടപ്പെടുന്നതിന് കാരണം തുറമുഖം എന്നു പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം ഉണ്ടാക്കണം. വിഴിഞ്ഞം സമരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ല. ഇത് ജീവിതത്തിന്റെ പ്രശ്നമാണ്. കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് തീരത്തിന്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം.  വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല. 25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങൾ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല.

 

 

കെ.സുരേന്ദ്രൻ
ബിജെപി സംസ്ഥാന അധ്യക്ഷൻ
കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണം. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

 

 

ഇ.പി ജയരാജൻ
എൽ.ഡി.എഫ് കൺവീനർ
വിഴിഞ്ഞം തുറമുഖം വന്നാൽ തിരുവനന്തപുരം കൊച്ചിയെക്കാളും വികസിക്കും. കാലങ്ങളായി നടന്നുവരുന്ന കേരളത്തിന്റെ സമഗ്രവികസനമാണിത്.  വിഴിഞ്ഞം തുറമുഖം പൂർത്തിയായാൽ തിരുവനന്തപുരം കൊച്ചിയെക്കാളും വികസിക്കും. തിരുവനന്തപുരം ലോകത്തിലെ ശ്രദ്ധേയമായ കേന്ദ്രമാകും. വികസനരംഗത്ത് തൊഴിൽ, കയറ്റുമതി, വ്യാപാരം, ഹോട്ടൽ, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വൻകുതിപ്പ് സൃഷ്ടിക്കുന്ന പദ്ധതിയാണ്. കൊച്ചിയെക്കാളും മുന്നിൽകടന്നുപോകും. അത്രയും വലിയ സാധ്യതയുള്ള നിർമാണ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?  വിഴിഞ്ഞം തുറമുഖം ഇടതുപക്ഷത്തിന്റെ കാലത്ത് തുടങ്ങിയതല്ല. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് കേരളത്തിന്റെ കടലോരത്ത് ഇറക്കുമതിക്കു പ്രാധാന്യം നൽകി ഒരു അന്താരാഷ്ട്ര തുറമുഖം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. അത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ്. അത് നടപ്പാക്കാൻ ഇടതുപക്ഷ സർക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചു. തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത് തിരുവനന്തപുരത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യമാണോ?  

 

 ഫാ.യൂജിൻ പേരേര
ലത്തീൻ അതിരൂപത വികാരി ജനറൽ
മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണം. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണം.

Post your comments