Global block

bissplus@gmail.com

Global Menu

ബില്യൺ ഡോളർ ബ്രാൻഡായി മാറി സ്പ്രൈറ്റ്

 

സോഫ്റ്റ് ഡ്രിങ്ക് മേഖലയിലെ ഭീമനായ കൊക്ക കോള ബ്രാൻഡായ സ്പ്രൈറ്റ് ഇന്ത്യൻ‌ മാർക്കറ്റിലെ ബില്യൺ ഡോളർ ബ്രാൻഡായി മാറി. ഇന്ത്യയിലെ ബിസിനസിൽ വലിയ വോളിയം വളർച്ച ഉണ്ടായി എന്ന് കമ്പനി അവകാശപ്പെട്ടു. 2022 ലെ മൂന്നാം പാദത്തിലുണ്ടായ ബിസിനസ് വളർച്ചയാണ് ഇപ്പോഴത്തെ നേട്ടത്തിന് തുണയായത്. ഇന്ത്യൻ വിപണിയിൽ പ്രാദേശികമായി വിപണി പിടിച്ചത് സ്പ്രൈറ്റിന്റെ വളർച്ചയ്ക്ക് കാരണമായി. 2021 ൽ കൊക്ക കോളയുടെ മറ്റൊരു ബ്രാൻഡായ തംബ്സ് അപ്പും ഒരു ബില്യൺ ഡോളർ വിപണി ഇന്ത്യയിൽ നേടിയിരുന്നു. മികച്ച മാർക്കറ്റിങ് തന്ത്രങ്ങൾ നടപ്പാക്കിയതും, വ്യത്യസ്ത അവസരങ്ങളിലെ മാർക്കറ്റിങ് തന്ത്രങ്ങളും വില്പന വർധിക്കാൻ സഹായിച്ചെന്നും കൊക്കകോള കമ്പനി സിഇഒയും, ചെയർമാനുമായ ജെയിംസ് ക്വിൻസി പറഞ്ഞു. ഇന്ത്യയിലെ അഫോർഡബിൾ പ്രൈസ് പോയിന്റ്സ് വഴി 2.5 ബില്യൺ വിനിമയങ്ങൾ നടന്നു. റിട്ടേൺ ചെയ്യാൻ സാധിക്കുന്ന ഗ്ലാസ് ബോട്ടിലുകൾ, സിംഗിൾ സേർവ് പാക്കറ്റുകൾ എന്നിവയുടെ വില്പന വർധിച്ചതാണ് കാരണം.

ആഗോളതലത്തിൽ കൊക്ക കോളയുടെ അഞ്ചാമത്തെ വലിയ മാർക്കറ്റാണ് ഇന്ത്യ. 2022 സെപ്തംബർ 30 വരെയുള്ള അവസാന മൂന്നു മാസങ്ങളിൽ കൊക്ക കോളയുടെ യൂണിറ്റ് കേസ് വോളിയം 4% വർധന നേടി. വെസ്റ്റേൺ യൂറോപ്പ്, മെക്സിക്കോ, യുഎസ് എന്നിങ്ങനെയുള്ള വികസിത രാജ്യങ്ങളിലാണ് കൊക്ക കോളയ്ക്ക് വലിയ വിപണിയുള്ളത്. വികസിച്ചു വരുന്നതും, പ്രാധാന്യമുള്ളതുമായ സമ്പദ് വ്യവസ്ഥകളായ ഇന്ത്യ, ചൈന, ബ്രസീൽ എന്നിവിടങ്ങളിലും കമ്പനിക്ക് വലിയ വിപണിയുണ്ട്. കമ്പനിയുടെ വളർച്ച മൂന്നു ശതമാനം വർധിക്കാൻ സഹായിച്ച വിപണികളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. മെക്സിക്കോ, ചൈന എന്നിവയാണ് തൊട്ടു പിന്നിൽ.

ന്യൂട്രീഷൻ, ജ്യൂസ്, ഡയറി, പ്ലാന്റ് അടിസ്ഥാനത്തിലുള്ള ബീവറേജുകളുടെ വില്പനയിലും വലിയ വർധനയുണ്ട്. ഈ വിഭാഗത്തിൽ ചൈനയിൽ മിനുട്ട് മെയ്‍ഡ് പൾപ്പിയും, ഇന്ത്യയിൽ മാസയും, യുഎസിൽ ഫെയർ ലൈഫുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. നേരിട്ടോ അല്ലാതെയോ കമ്പനിയോ, കമ്പനിയുടെ ബോട്ടിലിങ് പങ്കാളികളോ ഉപഭോക്താക്കൾക്ക് വിൽക്കുന്ന യൂണിറ്റ് കേസുകൾക്കാണ് യൂണിറ്റ് കേസ് വോളിയം എന്നു പറയുന്നത്. ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മാർക്കറ്റിൽ കൊക്ക കോളയുടെ യൂണിറ്റ് കേസ് വോളിയം 9% വളർച്ചയാണ് നേടിയത്.

ഇന്ത്യയിൽ കൊക്ക കോള ബ്രാൻഡിനു കീഴിൽ കൊക്ക കോള, മാസ, ഫാന്റ, തംബ്സ് അപ്, ലിംകാ, മിനുട്ട് മെയ്ഡ്, മാസ, സ്പ്രൈറ്റ് തുടങ്ങി 13 ബ്രാൻഡുകളിൽ സോഫ്റ്റ് ഡ്രിങ്കുകൾ കമ്പനി വിൽക്കുന്നുണ്ട്. നിരന്തരമായ പരസ്യങ്ങളിലൂടെ മാർക്കറ്റ് പിടിച്ചെടുക്കുന്ന തന്ത്രം എക്കാലത്തും കൊക്ക കോളയ്ക്കു തുണയായിട്ടുണ്ട്. ഒരു അംബ്രല്ല ബ്രാൻഡിനു കീഴിൽ വിവിധ ഫ്ലേവറുകൾ നൽകുന്ന നിരവധി ബ്രാൻഡുകളിലൂടെ വില്പന നടത്തുകയെന്ന തന്ത്രവും കമ്പനിക്ക് സഹായകമായി.

Post your comments