Global block

bissplus@gmail.com

Global Menu

എന്റെ ഏറ്റവും മോശം നിക്ഷേപം എന്റെ ആരോഗ്യമാണ്

രാകേഷ് ജുൻജുൻവാല-ഇന്ത്യയുടെ ബുഗ് ബുൾ,  'ഇന്ത്യയുടെ വാറൻ ബഫറ്റ് ' തൊട്ടതെല്ലാം പൊന്നാക്കിയ ഒരാൾ. അയ്യായിരം രൂപ മൂലധനത്തിൽ നിന്ന് 41000 കോടി രൂപയുടെ ആസ്തിയിലേക്ക് വളർന്ന നിക്ഷേപകൻ, വ്യവസായി. ജൂലായ് 2022ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ധനികരിൽ 36ാം സ്ഥാനക്കാരനാണ് ജുൻജുൻവാല. ഫോബ്‌സിന്റെ കണക്കനുസരിച്ച് ജുൻജുൻവാലയുടെ സമ്പത്ത് 580 കോടി ഡോളറാണ്. ഏകദേശം 46,000 കോടി രൂപ). എന്നാൽ ഇന്ത്യൻ ഓഹരി വിപണിയിൽ അദ്ദേഹമാണ് കിരീടം വയ്ക്കാത്ത രാജാവ്. എന്നാൽ അദ്ദേഹം പറയുന്നത് സ്റ്റോക്ക് മാർക്കറ്റിലെ രാജാവ് വിപണി മാത്രമാണെന്നാണ്.ആഗസ്റ്റ് 14ന് അദ്ദേഹം ഓർമ്മയായി. അതിന് ഏതാനും നാൾ മുമ്പ് അദ്ദേഹം തന്റെ ജീവിതത്തിലെ മോശം നിക്ഷേപത്തെ കുറിച്ചു പറഞ്ഞതിങ്ങനെ: 'എന്റെ ഏറ്റവും മോശം നിക്ഷേപം എന്റെ ആരോഗ്യമാണ്. അതിൽ ഏറ്റവും കൂടുതൽ നിക്ഷേപിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കും'.്‌വളരെ വൈകിവന്ന ഒരു തിരിച്ചറിവായിരുന്നു ഇത്. അതെ ഓഹരി വിപണിയിലും ബിസിനസിലും തൊട്ടതെല്ലാം പൊന്നാക്കുമ്പോൾ അദ്ദേഹം തന്റെ ആരോഗ്യത്തിന് മതിയായ ശ്രദ്ധ നൽകിയില്ല. അത്തരത്തിൽ ചിട്ടയില്ലാത്ത ജീവിതമാണ് അവസാന നാളുകളിൽ അദ്ദേഹത്തെ വീൽചെയറിലാക്കിയത്. പക്ഷേ, അപ്പോഴും ജീവിതം ആഘോഷിക്കുകയായിരുന്നു അദ്ദേഹം. വീൽ ചെയറിലിരുന്നും ബോളിവുഡ് ഗാനത്തിനൊപ്പം ആടിപ്പാടി- അതാണ് ജുൻജുൻവാല. ഒന്നിനും അദ്ദേഹത്തെ പിന്തിരിപ്പിക്കാനാവില്ല.  
അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലിനോട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രതികരിച്ചതിങ്ങനെ: ഇത് കോടിക്കണക്കിന് മൂല്യമുള്ള ഉപദേശമാണ്, ഏറ്റവും നല്ല ഭാഗം, ഇതിന് നിങ്ങളുടെ സമയമാണ് നിക്ഷേപിക്കേണ്ടത്, നിങ്ങളുടെ പണമല്ല. അതെ ഒരു നല്ല ബിസിനസുകാരന് ആരോഗ്യമുളള ശരീരവും മനസ്സും കൂടിയേ തീരു.
ആരാണ് ജൂൻജുൻവാല
ആദായനികുതി വകുപ്പ് കമ്മിഷണറായിരുന്ന രാധേശ്യാംജിയുടെയും ഊർമിളയുടെയും മകനായി 1960 ജൂലായ് അഞ്ചിന് ഹൈദരാബാദിലാണ് ജനനം. മാർവാഡി കുടുംബത്തിൽപ്പെട്ട ഇവർ പിന്നീട് മുംബൈയിലേക്ക് താമസം മാറ്റി. പിതാവ് സുഹൃത്തുക്കളുമായി ഓഹരി വിപണിയെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നാണ് രാകേഷ് കാര്യങ്ങൾ പഠിച്ചത്. ഓഹരി വിപണിയിലേക്ക് രാധേശ്യാംജി മകനെ ഇടയ്ക്കിടെ കൊണ്ടുപോയിരുന്നു.
പക്ഷേ, മകനെ ഒരിക്കലും പണം നൽകി സഹായിച്ചില്ല. സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങരുതെന്നും നിർദേശിച്ചു. ഒടുവിൽ കോളേജിൽ പഠിക്കുമ്പോൾ അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം ചേർത്താണ് ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങിയത്. വെറും അയ്യായിരം രൂപയായിരുന്നു അന്നത്തെ മൂലധനം.അന്ന് സെൻസെക്‌സ് 150 പോയന്റിലായിരുന്നു.ചാർട്ടേഡ് അക്കൗണ്ടന്റായ രാകേഷ് മുംബൈയിലെ സിഡെൻഹാം കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്‌സിലാണ് ബിരുദമെടുത്തത്.
ഇന്ത്യയുടെ വാറൻ ബഫറ്റ്
 ഓഹരിനിക്ഷേപത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ അമേരിക്കക്കാരനാണ് വാറൻ ബഫറ്റ്. കടംവാങ്ങിയ 5000 രൂപയുമായി 1985 -ൽ കമ്പോളത്തിലിറങ്ങി ഓഹരി രാജാവായി മാറിയ അദ്ദേഹം 'ഇന്ത്യയുടെ വാറൻ ബഫറ്റ് ' എന്നറിയപ്പെട്ടു.
റെയർ എന്റർപ്രൈസസ് എന്ന കമ്പനിവഴിയാണ് രാകേഷ് ജുൻജുൻവാല നിക്ഷേപങ്ങൾ നടത്തിയത്. തന്റെയും ഭാര്യയുടെയും പേരിന്റെ ആദ്യാക്ഷരങ്ങളെടുത്താണ് കമ്പനിക്ക് പേരു നൽകിയത്. വിവിധ മേഖലകളിൽ നിക്ഷേപം നടത്തിയ അദ്ദേഹം ആപ്‌ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ചെയർമാനാണ്; ഒട്ടേറെകമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവും. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഇന്റർനാഷനൽ മൂവ്‌മെന്റിന്റെ ഉപദേശകനുമാണ്.
സ്വപ്‌നഭവനം പൂർത്തിയാകും മുമ്പേ
സമാനതകളില്ലാത്ത ജീവിതമായിരുന്നു രാകേഷ് ജുൻജുൻവാലയുടേത്. മുംബൈയിലെ ഒരു അപ്പാർട്ട്‌മെന്റ് ബ്ലോക്കിലുള്ള ഇരുനില വീട്ടിലായിരുന്നു ജുൻജുൻവാല താമസിച്ചുവന്നിരുന്നത്. അംബാനിയേക്കാൾ ആഡംബരമായ വീട് നിർമ്മാണത്തിലായിരുന്നു ജുൻജുൻ വാല. മുംബൈയിലെ മലബാർ ഹില്ലിൽ കെട്ടിപ്പൊക്കിയ ഏകദേശം 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അത് പൂർത്തിയാകും മുമ്പാണ് ജുൻജുൻവാലയുടെ മരണം.  രാജ്യത്തെ ശതകോടീശ്വരന്മാരും പ്രശസ്തരും താമസിക്കുന്ന താമസിക്കുന്ന മേഖലയാണ് മുംബൈയിലെ മലബാർ ഹിൽ. വർഷങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് ജുൻജുൻവാല ഇവിടെ ഒരു ഭവനം കെട്ടിപ്പൊക്കിയത്.  മുംബൈ ബിജെ ഖേർ മാർഗിലുള്ള രണ്ട് ബഹുരാഷ്ട്ര ബാങ്കുകളുടെ കൈവശമുള്ള 12 ഫ്‌ളാറ്റുകളടങ്ങിയ കെട്ടിടം 371 കോടി രൂപ നൽകിയാണ് രാകേഷ് ജുൻജുൻ വാലയും ഭാര്യ രേഖ ജുൻജുൻവാലയും സ്വന്തമാക്കിയത്. 2013-ൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് 176 കോടി രൂപയ്ക്ക് ആറ് ഫ്‌ളാറ്റുകൾ വാങ്ങി. എച്ച്എസ്ബിസി ബാങ്കിന്റെ കൈവശമായിരുന്ന ബാക്കിയുള്ള ഫ്‌ളാറ്റുകൾ  2017ൽ 195 കോടി രൂപയ്ക്ക് വാങ്ങി. അങ്ങനെ ക്രമേണ കെട്ടിടം പൂർണ്ണമായും കൈവശമാക്കിയ ജുൻജുൻവാല അത് പൊളിച്ചുകളഞ്ഞാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം നിർമ്മിച്ചത്.
70,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ 12-ാം നിലയാണ് മാസ്റ്റർ ഫ്‌ളോർ. വലിയൊരു കിടപ്പുമുറി, പ്രത്യേക കുളിമുറി, ഡ്രസ്സിങ് റൂം, സ്വീകരണമുറി എന്നിവ ഉൾക്കൊള്ളുന്ന 12-ാം നില തനിക്കും ഭാര്യക്കും പ്രത്യേകമായി ജുൻജുൻവാല നിർമ്മിച്ചതാണ്. 11-ാം നിലയാണ് മക്കൾക്കായി ഒരുക്കിയിട്ടുള്ളത്. നാലാം നില അതിഥികൾക്കാണ്. കെട്ടിടത്തിൽ എൽ ആകൃതിയിലുള്ള വലിയൊരു അടുക്കളയുണ്ട്. ഒന്നും രണ്ടും മൂന്നും നിലകളിൽ ഇടത്തരം മുറികളും കുളിമുറികളും സ്റ്റോറേജ് ഏരിയകളും ഉണ്ട്. താഴത്തെ നിലയിൽ മൂന്ന് നിലകളുള്ള ലോബി, തിയേറ്റർ, ഫുട്‌ബോൾ മൈതാനം എന്നിവ നിർമ്മിക്കാനാണ് പ്ലാൻ. ഏറ്റവും താഴെ പാർക്കിംഗിനും മറ്റുമായി നീക്കിവച്ചിരിക്കുന്നു. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന് ഏഴ് പാർക്കിങ് സ്ലോട്ടുകളാണ് നിർമ്മിക്കുന്നത്. ജിം,സ്വിമ്മിങ് പൂൾ,പാർക്ക്, തോട്ടങ്ങൾ ഓപ്പൺ ടെറസ് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഭവനം. മുംബൈയിലെ മലബാർ ഹില്ലിലെ റിഡ്ജ് വേ അപ്പാർട്ട്മെന്റുകളുടെ പ്രധാന ആകർഷണം മറൈൻ ഡ്രൈവിന്റെ വിശാലമായ കാഴ്ചയും സമുദ്രത്തിന് അഭിമുഖമായി തുറന്നിട്ടിരിക്കുന്ന ജനലുകളുമാണ്.
മരണവും കാലാവസ്ഥയും ഇൻവെന്ററി മാർക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങിൽ പറഞ്ഞു. അറംപറ്റിയതുപോലെ അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടുപോയി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്നമായ ആകാശ എയർ വിമാനം പറന്ന് തുടങ്ങിയ സന്തോഷത്തിനുമിടെയാണ് അപ്രതീക്ഷിത വിയോഗം.
ദമാനി നയിക്കും
 രാകേഷ് ജുൻജുൻവാലയും രാധാകിഷൻ ദമാനിയും തമ്മിലുള്ള സൗഹൃദം  ദലാൽ സ്ട്രീറ്റിൽ പാട്ടാണ്.  ജുൻജുൻവാല, രാധാകിഷൻ ദമാനിയെ(68) വിശേഷിപ്പിച്ചിരുന്നത് 'ഗുരു' എന്നാണ്. വിപണിയിലെ ഒട്ടേറെ നേട്ടങ്ങളിലും നഷ്ടങ്ങളിലും തോളോടുതോൾ ചേർന്നു നിന്നെങ്കിലും, അവർ ഒരിക്കലും ബിസിനസ് പങ്കാളികളായിരുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ജുൻജുൻവാല നിക്ഷേപകനെന്ന നിലയിൽ മുഖ്യധാരയിൽ നിറഞ്ഞു നിന്നപ്പോൾ, ദമാനി ബിസിനസ് ലോകത്ത് നേട്ടങ്ങൾ കൊയ്തു. ജുൻജുൻവാലയുടെ വിയോഗശേഷം അദ്ദേഹത്തിന്റെ ആസ്തിയുടെ പ്രധാന ട്രസ്റ്റിയായി ദമാനി എത്തുമ്പോൾ അത് സുഹൃത്തിന്റെ കുടുംബത്തോടും ബിസിനസ് പങ്കാളികളോടുമുള്ള കരുതലായാണ് ബിസിനസ് ലോകം കാണുന്നത്.  ജുൻജുൻവാലയുടെ വിശ്വസ്തരായിരുന്ന കൽപ്രജ് ധരംഷിയും അമൽ പരീഖുമാണ് ദമാനിക്കൊപ്പമുള്ള മറ്റ് ട്രസ്റ്റിമാർ. ഭാര്യയ്‌ക്കൊപ്പം ജുൻജുൻവാല തുടങ്ങിയ നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനം 'റെയർ എന്റർപ്രൈസസിന്റെ' പ്രവർത്തനം അദ്ദേഹത്തിന്റെ സഹായികളായിരുന്ന ഉത്പൽ സേത്തും അമിത് ഗോയലയും തന്നെ നിയന്ത്രിക്കും. ഇക്വിറ്റി നിക്ഷേപ രംഗത്ത് ജുൻജുൻവാലയുടെ വലംകൈ ആയിരുന്നു ഉത്പൽ സേത്ത്. ഓഹരി ട്രേഡിങ്ങിലെ കൂട്ടാളിയാണ് അമിത് ഗോയല. ആരോഗ്യസ്ഥിതി കൂടുതൽ മോശമാകാൻ തുടങ്ങിയതോടെ മാസങ്ങൾക്കു മുൻപു തന്നെ ജുൻജുൻവാല സ്വത്തു സംബന്ധിച്ച് കൃത്യമായ ആസൂത്രണം നടത്തിയിരുന്നുവെന്നാണ് വിവരം.

 

ഇന്ത്യൻ വ്യോമയാന മേഖലയെ ഏറ്റവും അമ്പരപ്പിച്ചാണ് ജുൻജുൻവാലയുടെ അപ്രതീക്ഷിത വിയോഗം. ആകാശ എയർലൈൻസ് എന്ന പുതിയ വിമാനക്കമ്പനി ലോഞ്ച് ചെയ്ത്, ആഗസ്റ്റിലാണ് പറന്ന് തുടങ്ങിയത്. അതിന്റെ വാർത്തകൾ നിറഞ്ഞുനിൽക്കെയാണ് ജുൻജുൻവാലയുടെ വിയോഗം. 

 

 

ഇന്ത്യയുടെ വാറൻ
ബുഫറ്റിന് പിഴച്ചതെവിടെ?

 

 

'രാകേഷ് ജുൻജുൻവാല അജയ്യനായിരുന്നു. ജീവിതവും നർമ്മബോധവും ഉൾക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകൾ അവശേഷിപ്പിക്കുന്നു. ഇന്ത്യയുടെ പുരോഗതിയിലും അദ്ദേഹം വളരെയധികം ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്.  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി
-പ്രധാനമന്ത്രി നരേന്ദ്രമോദി

 

 'എന്റെ ഏറ്റവും മോശം നിക്ഷേപം എന്റെ ആരോഗ്യമാണ്. അതിൽ ഏറ്റവും കൂടുതൽ നിക്ഷേപിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കും'
- രാകേഷ് ജുൻജുൻവാല

 

അതെ അദ്ദേഹം ഒരു മികച്ച നിക്ഷേപകനായിരുന്നു; ദശലക്ഷങ്ങൾ സമ്പാദിച്ചു;  എപ്പോഴും ശുഭാപ്തിവിശ്വാസിയായിരുന്നു. പക്ഷേ, എന്റെ ഏറ്റവും ശക്തമായ ഓർമ്മ എപ്പോഴും അദ്ദേഹത്തിന്റെ അചഞ്ചലമായ ദേശസ്നേഹവും ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവുമാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ അദ്ദേഹം എത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
-ആനന്ദ് മഹീന്ദ്ര

Post your comments