Global block

bissplus@gmail.com

Global Menu

കൊപ്ര വ്യവസായം കേരളത്തിലേക്ക് തിരിച്ച് കൊണ്ടുവരണം ബൈജു നെടുങ്കേരി

രാസവസ്തുക്കളില്ലാത്ത കൊപ്ര കേരളത്തിൽ നിർമ്മിക്കാനായാൽ സംരംഭകർക്ക് വരുമാനവും കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതും ജനങ്ങൾക്ക് മായമില്ലാത്ത വെളിച്ചെണ്ണ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്ന വിജയ മാതൃകയാണ് കൊപ്ര നിർമ്മാണം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നവീകരിച്ച  ഇലക്ട്രിക്ക് കൊപ്ര ഡ്രയറുകൾ കൊപ്ര നിർമാണം സുഗമമാക്കാൻ സംരംഭകരെ സഹായിക്കും.
മനുഷ്യ വിഭവ ശേഷി പ്രയോജനപ്പെടുത്തി കേരളത്തിൽ നിലനിന്നിരുന്ന പരമ്പരാഗത വ്യവസായമായിരുന്നു കൊപ്ര നിർമ്മാണം. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ കൊപ്ര നിർമ്മാണ വ്യവസായത്തിന് തിരശീല വീഴുകയും തമിഴ്നാട്ടിലെ കാങ്കയവും, കർണാടകയിലെ തിപ്തൂരും കൊപ്ര നിർമ്മാണ കേന്ദ്രങ്ങളായി ഉയർന്ന് വരുകയും ചെയ്തു. കേരളത്തിൽ കൊപ്ര നിർമ്മാണം വടക്കേ മലബാറിലെ ചുരുക്കം  ചില യൂണിറ്റുകളിൽ മാത്രമായി കേരളത്തിലുണ്ടാകുന്ന തേങ്ങ അന്യസംസ്ഥാനങ്ങളിലെത്തിച്ച് കൊപ്രയാക്കി തിരികെ കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന രീതിയാണ് നിലവിലുള്ളത്. അന്യസംസ്ഥാന കളങ്ങളിൽ കൊപ്ര ഉണക്കുമ്പോൾ സൾഫർ പുകയ്ക്കുന്നത് സാധാരണമാണ്. കളങ്ങളിലെ വൃത്തിക്കുറവ് മൂലം മണ്ണും പൊടിപടലങ്ങളും കൊപ്രക്കുള്ളിൽ കലരുന്നു. ഇത്തരത്തിലുള്ള കൊപ്ര ഉപയോഗിച്ച് എണ്ണ നിർമ്മിക്കുമ്പോൾ വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെതന്നെ ഇത് സാരമായി ബാധിക്കുന്നു.  എണ്ണ മില്ലുകൾ നടത്തുന്ന സംരംഭകർ  നല്ല വെളിച്ചെണ്ണ വിൽക്കണം എന്ന് ആഗ്രഹിക്കുമ്പോഴും ഗുണമേന്മയുള്ള കൊപ്രയുടെ ലഭ്യതകുറവ് പ്രതിസന്ധിയാക്കുന്നു.ഈ പ്രതിസന്ധി തന്നെയാണ് ഇപ്പോൾ അവസരമായി കേരളം മുതലെടുക്കേണ്ടതും.  
അവസരങ്ങൾ
കേരളത്തിൽ അടുത്തകാലത്തായി  ധാരാളം എണ്ണ മില്ലുകളും ചക്കിലാട്ടിയ വെളിച്ചെണ്ണ, ഉപഭോക്താക്കൾ കാൺകെ നിർമ്മിച്ച് വിൽക്കുന്ന യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. പാരമ്പര്യ രീതിയിൽ നിലനിന്നിരുന്ന എണ്ണ ഉല്പാദ മില്ലുകളുമുണ്ട്. പ്രതിദിനം ഓരോ യൂണിറ്റിൽ നിന്നും 100 ലിറ്ററിൽ കുറയാതെ വില്പനയുമുണ്ട്. ഏറ്റവും കുറഞ്ഞ കണക്കിൽ പോലും 150 kg കൊപ്ര ഒരു ദിവസം ഒരു മില്ലിന് ആവശ്യമായി വരും. പ്രതിമാസം 5 -8 ടൺ കൊപ്ര ചെറിയ മില്ലുകൾക്കു പോലും ആവശ്യമാണ്. ഇത്രയും ആവശ്യകത കേരളത്തിൽ തന്നെ നിലനിൽക്കുന്നു. എന്നതും ഭാവിയിൽ ടി ആവശ്യകത വർദ്ധിക്കും എന്നതും കൊപ്ര നിർമ്മാണ വ്യവസായം തുറന്നു വയ്ക്കുന്ന വലിയ അവസരങ്ങളുടെ തെളിവാണ്.

ആധുനിക വത്ക്കരണം
ലാഭകരമായ കൊപ്രാനിർമ്മാണം നടത്തുന്നതിന് ആധുനികവത്ക്കരിച്ച നിർമ്മാണയന്ത്രങ്ങളും നിർമ്മാണ രീതികളും ഇപ്പോൾ ലഭ്യമാണ്. മുൻപ് 36 മുതൽ 48 മണിക്കൂർ വരെ നീണ്ട നിർമ്മാണ പ്രവർത്തികൾ ഇന്ന് 22 മണിക്കൂറിൽ പൂർത്തീകരിക്കാനാകും. വിറകും ചിരട്ടയും തുടർച്ചയായി കത്തിച്ച്  ഉണക്കിയിരുന്ന സ്ഥാനത്ത് വൈദ്യുതി ക്ഷമതയുള്ള ഇലക്ട്രിക്കൽ ഡ്രയറുകൾ ഇന്ന് ലഭ്യമാണ്. പുകകലർന്ന നിറമില്ലാത്ത കൊപ്രയ്ക്ക് പകരം തെർമോസ്റ്റാറ്റിക് സെൻസറുകൾ  ഉപയോഗിച്ച് താപനിയന്ത്രണം നടത്തി ചൂട് കാറ്റ് ചംക്രമണം ചെയ്ത് വെള്ള നിറത്തിൽ ഗുണമേന്മയുള്ള  കൊപ്ര നിർമ്മിക്കാൻ സാധിക്കും. മൂന്ന് നാല് ദിവസം തുടർച്ചയായി തീ എരിക്കുന്നതിന്  പകരം തെങ്ങ വെട്ടി ഡ്രയറിൽ നിറച്ചതിന് ശേഷം അടുത്ത ജോലി നോക്കാം. തനിയെ പ്രവർത്തിക്കുന്ന ഗ്രാമിക ഇലക്ട്രിക് കൊപ്ര ഡ്രയർ താപവും ഈർപ്പവും നിയന്ത്രിച്ച് സ്വയം പ്രവർത്തിക്കും. ഇടയ്ക്ക് വൈദ്യുതി മുടക്കം നേരിട്ടാലും അല്പ സമയത്തിനുശേഷം വൈദ്യുതി തിരികെയെത്തുമ്പോൾ മനുഷ്യ സഹായമില്ലാതെ തന്നെ വീണ്ടും പ്രവർത്തിച്ച് തുടങ്ങും. നമ്മുടെ വൈദ്യുതി ബോർഡ് ഇപ്പോൾ തലേദിവസം മുൻകൂട്ടി മെസ്സേജ് തന്നിട്ടാണ് ദീർഘനേരത്തേക്ക് വൈദ്യുതി മുടക്കുന്നത് എന്നതിനാൽ കൊപ്ര നിർമ്മാണം ഭംഗം വരാതെ പ്ലാൻ ചെയ്യാനും സാധിക്കും. താപ സംരക്ഷക സംവിധാനങ്ങൾ ഗ്രാമിക ഇലക്ട്രിക്കൽ ഡ്രയറിൽ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ താപ നഷ്ടം ഉണ്ടാകുന്നില്ല. ഇത് വൈദ്യുതി ചാർജ് കുറയ്ക്കാൻ സഹായിക്കും.
വൈദ്യുതി ചിലവ്
1 കിലോ തേങ്ങ കൊപ്രയാക്കി ഉണക്കിയെടുക്കുന്നതിന് 1 രൂപയാണ് വൈദ്യുതി ചാർജ് ഇനത്തിൽ ചിലവ് വരുക.
കുറഞ്ഞ സ്ഥല സൗകര്യം
പരമ്പരാഗത കൊപ്ര നിർമ്മാണ യൂണിറ്റുകൾ വലിയ ഷെഡിനുള്ളിൽ നടന്നിരുന്നതാണെങ്കിൽ ആധുനിക കൊപ്ര നിർമ്മാണ യൂണീറ്റുകൾ 500 സ്‌ക്വയർ ഫീറ്റിനുള്ളിലും ആരംഭിക്കാം.
ചിരട്ട ലാഭം
ഗ്രാമിക ഇലക്ട്രിക്കൽ ഡ്രയറുകളിൽ കൊപ്ര നിർമ്മിക്കുമ്പോൾ ചിരട്ട ലഭിക്കാൻ കഴിയുന്നു. പരമ്പരാഗത ഡ്രയറുകളിൽ ഈ ചിരട്ട കത്തിച്ചാണ് തേങ്ങ ഉണക്കിയിരുന്നത് . നിലവിൽ 1 കിലോ ചിരട്ടക്ക് 12 -15 രൂപ വിലയുണ്ട്. അധിക വരുമാനമാണ്  ടി തുക.
സംരംഭക സാധ്യത
പ്രാദേശികമായ എണ്ണ മില്ലുകളുമായി സഹകരിച്ച് ചെറുകിട കൊപ്ര നിർമ്മാണ യൂണിറ്റുകളും തേങ്ങയുടെ ലഭ്യത കൂടുതലുള്ള സ്ഥലങ്ങളിൽ വലിയ കൊപ്ര നിർമ്മാണ യൂണിറ്റുകൾക്കും സാധ്യതയുണ്ട്.
തേങ്ങയുടെ ലഭ്യത
പ്രാദേശികമായുള്ള നാളികേരം സംഭരിക്കുന്നതിനൊപ്പം ചാവക്കാട്,പൊന്നാനി, കോഴിക്കോട്, കുറ്റ്യാടി , കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തേങ്ങ  ലോഡ് കണക്കിന് എത്തിച്ച് തരുന്ന ഏജൻസികളും നിലവിലുണ്ട്.
മൂലധന നിക്ഷേപം
1. പ്രതിദിനം 1000 തേങ്ങ ഉണക്കി കൊപ്രയാക്കി മാറ്റുന്നതിനുള്ള ഡ്രയർ = 1,80,000.00
2. അനുബന്ധ സൗകര്യങ്ങൾ =10,000.00
ആകെ= 1,90,000.00
പ്രവർത്തന വരവ്-ചിലവ് കണക്ക്
(പ്രതിദിനം 1000 തേങ്ങ കൊപ്രയാക്കി മാറ്റുന്നതിനുള്ള ചിലവ്)
1. 400 kg *28.00= 11200.00
2. തൊഴിലാളികളുടെ വേതനം = 500.00
3. വൈദ്യുതി ചാർജ്  = 500.00
ആകെ= 12200.00
വരവ്
കൊപ്ര 128kg*105 = 1344.00
ചിരട്ട വിൽക്കുമ്പോൾ ലഭിക്കുന്നത് = 1500.00
ആകെ= 14840.00
ലാഭം
14840.00- 12200.00= 2640.00
കൊപ്ര നിർമ്മാണ പരിശീലനം
ആധുനിക രീതിയിൽ കൊപ്ര നിർമ്മാണം നടത്തുന്നതിനുള്ള സൗജന്യ പരിശീലനം പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485-2999990,9446713767
അനുബന്ധ ഉല്പന്നങ്ങൾ

നാളികേരം ഉടയ്ക്കുമ്പോൾ ലഭിക്കുന്ന തേങ്ങാ വെള്ളത്തിൽ നിന്നും കേരാകൂൾ ശീതള പാനീയവും വിനഗറും നിർമ്മിച്ചാൽ അധിക വരുമാനം നേടാം.

 

Post your comments