Global block

bissplus@gmail.com

Global Menu

കൊവിഡ് ജൂനിയർ ക്രിക്കറ്റിനെ ബാധിച്ചു

അഡ്വ.ശ്രീജിത്ത് വി നായർ
സെക്രട്ടറി കേരള ക്രിക്കറ്റ് അസോസിയേഷൻ

 

കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ജൂനിയർ ക്രിക്കറ്റിനെയാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ.ശ്രീജിത്ത് വി നായർ പറയുന്നു. അതായത് 14ൽ വയസ്സിൽ താഴെ, പതിനാറ് വയസ്സിൽ താഴെ, പത്തൊമ്പത് വയസ്സിൽ താഴെയുളള ടീമുകളെ.  അതിൽ തന്നെ കൂടുതൽ ബാധിച്ചത് അണ്ടർ 14, അണ്ടർ 16 ടീമുകളെയാണ്. കാരണം അണ്ടർ 14, അണ്ടർ 16 വിഭാഗത്തിൽ വരുന്ന കുട്ടികളെ നിരീക്ഷിച്ച് അന്തർ ജില്ലാ മത്സരങ്ങളും സോണൽ മത്സരങ്ങളും ക്യാമ്പുകളുമൊക്കെ നടത്തിയാണ് താരങ്ങളെ കണ്ടെത്തുന്നത്. ബിസിസിഐ സംബന്ധിച്ചാണെങ്കിൽ 1500 മത്സരങ്ങളാണ് ഒരു വർഷം നടത്തുന്നത്. ലോകത്ത് ഇത്രയും മത്സരങ്ങൾ നടത്തുന്ന മറ്റൊരു സംഘടന ഇല്ല. ബിസിസിഐ നടത്തുന്നു എന്നു പറയുമ്പോൾ ബിസിസിഐ നിർദ്ദേശപ്രകാരം അതത് സംസ്ഥാന അസോസിയേഷനുകളാണ് മത്സരങ്ങൾ നടത്തുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ലോക്ഡൗണും കൊവിഡും കാരണം പുതിയ താരങ്ങളെ കണ്ടെത്തുക എന്നു പറയുന്നത് വളരെ കടുത്ത വെല്ലുവിളിയായിരുന്നു. നിലവിൽ അണ്ടർ 19, അണ്ടർ 25 ടീമുകളും സീനിയർ ടീമും ഉണ്ട്. ഇതെല്ലാം മികച്ച ടീമുകളാണ്. പക്ഷേ മേൽപ്പറഞ്ഞ വെല്ലുവിളിയുടെ ഇഫക്ട് ഉണ്ടാവുക രണ്ടു വർഷം കഴിഞ്ഞായിരിക്കും. കാരണം പുതിയ കുട്ടിത്താരങ്ങളെ കണ്ടെത്താനായിട്ടില്ല. ഇത് മുന്നിൽ കണ്ടുളള പ്രവർത്തനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ചുകഴിഞ്ഞു.
കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ഏവരും ചോദിക്കുന്നു. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളെ സംബന്ധിച്ച് ബിസിസിഐക്ക് ഒരു ജനറൽ പോളിസിയുണ്ട്. റൊട്ടേഷൻ സംവിധാനമുണ്ട്. നേരത്തേ ടെസ്റ്റും ഏകദിനവും മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ടെസ്റ്റിനും  ഏകദിനത്തിനും പുറമെ ടി20ത്സരങ്ങളുമുണ്ട്. ഇങ്ങനെ മൂന്ന് ഫോർമാറ്റിലുളള മത്സരങ്ങൾ വരുമ്പോൾ നിലവിലെ രീതിവച്ച് ഒരു സംസ്ഥാനത്തിന്  ഒരു ടിട്വന്റിയും ഒരു ഏകദിനവും സ്വന്തമായി സ്‌റ്റേഡിയമുളളവർക്ക് ഒരു ടെസ്റ്റും എന്ന രീതിയിലാണ് അനുവദിക്കുക-ശ്രീജിത്ത് വി നായർ പറയുന്നു.
നിലവിൽ കേരളത്തിൽ നിന്നുളള ബിസിസിഐ പ്രതിനിധിയും സൗത്ത് സോൺ കൺവീനറുമാണ് ശ്രീജിത്ത് വി നായർ.

 

 

തിരുവനന്തപുരം മുന്നിൽ

 

വിനോദ് എസ് കുമാർ
സെക്രട്ടറി ,തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ

 

രളത്തിൽ തന്നെ മൂന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുളളത് തിരുവനന്തപുരത്താണ്. ഇന്ത്യയിൽ തന്നെ അപൂർവ്വം സിറ്റികളിൽ മാത്രമാണ് ബിസിസിഐ അപ്രൂവ് ചെയ്ത രണ്ടിൽ കൂടുതൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുളളത്. അതുകൊണ്ടു തന്നെ തിരുവനന്തപുരത്ത് കുട്ടികൾക്ക് പരിശീലനത്തിനുളള സംവിധാനങ്ങളുണ്ട്. അതുമാത്രമല്ല, രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്ന ഗ്രൗണ്ടുകളിൽ പരിശീലിക്കാനുളള അവസരവും ലഭിക്കുന്നു. അതുകൊണ്ടാവണം സംസ്ഥാന ജൂനിയർ ടീമിൽ തിരുവനന്തപുരത്തിന്റെ പ്രാതിനിധ്യം കൂടുതലാണ്. കഴിഞ്ഞ അണ്ടർ 19 സംസ്ഥാന ടീമിൽ 9 പേർ തിരുവനന്തപുരത്തുളളവരാണ്. ഇത് കൂടാതെ തന്നെ മറ്റ് ജില്ലകളിലുളള കുട്ടികൾ തിരുവനന്തപുരത്ത് വന്ന് അവരുടെ ചെലവിൽ താമസിച്ച് പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുപോലെ ഇവിടെ രണ്ട് ഏലൈറ്റ് ടൂർണമെന്റുകൾ നടക്കുന്നു. സെലസ്ട്രൽ ട്രോഫി, ക്യാപ്റ്റൻ ജെറി പ്രേംരാജ് ട്രോഫ എന്നിങ്ങനെ. സെലസ്ട്രൽ ട്രോഫി 25 വർഷമായി  നടക്കുന്നു. അണ്ടർ 19 സംസ്ഥാന ടൂർണമെന്റും അസോസിയേഷൻ ലീഗ് മത്സരങ്ങൾ കൂടാതെ ജൂനിയർ ലീഗ് മത്സരങ്ങളും വനിതാ ലീഗ് മത്സരങ്ങളും നടക്കുന്നു.തിരുവനന്തപുരത്ത് അഖിലേന്ത്യാ തലത്തിലുളള വനിതാ ടൂർണമെന്റും നടക്കുന്നു.
ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിങ്ങനെ പ്രാദേശികതലത്തിൽ സ്‌കൂളുകളുമായിസഹകരിച്ച് നമ്മുടെ പരിശീലകർ കോച്ചിംഗ് നൽകിവരുന്നു. കൊവിഡിന്റെ സമയത്തും തിരുവനന്തപുരത്ത് ഫസ്റ്റ് ക്ലാസ് മാച്ചുകൾ നിയന്ത്രണങ്ങളോടെ നടന്നു. ഇന്ത്യ-ശ്രീലങ്ക മത്സരം ഇവിടെ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വർദ്ധിച്ച സാഹചര്യത്തിൽ മാറിപ്പോയി. നിലവിൽ കാര്യങ്ങൾ സാധാരണഗതിയിലേക്ക് വന്നു കഴിഞ്ഞു. ആഭ്യന്തര മത്സരങ്ങളെല്ലാം പൂർവ്വസ്ഥിതിയിലേക്ക് വന്നുകഴിഞ്ഞു. സെലക്ഷൻ മത്സരങ്ങളും പഴതുപോലെ ഫുൾ സ്വിങ്ങിലാണ്.
സെപ്തംബർ 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത്. നടക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരു മത്സരം നടക്കുമ്പോൾ അതിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സജീവപങ്കാളിത്തമുണ്ട്. എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. വിനോദ നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമുണ്ട്. നേരത്തേ ജിഎസ്ടി ഉണ്ടായിരുന്നെങ്കിലും വിനോദനികുതി എന്ന സംവിധാനം ഇല്ലായിരുന്നു. കൊവിഡിന് തൊട്ടുമുമ്പ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരത്തിന് തൊട്ടുമുമ്പ് കോർപറേഷനിൽ നിന്ന് വിനോദനികുതിയുമായി ബന്ധപ്പെട്ട അറിയിപ്പു വന്നു.  ജിഎസ്ടിയും വിനോദനികുതിയും കൂടിയാകുമ്പോൾ വലിയൊരു തുകയാണ്. അത് ഒഴിവാക്കുകയോ കുറച്ചുതരികയോ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കൂടുതൽ മത്സരങ്ങൾ കൊണ്ടുവരുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രമിക്കുന്നു. പക്ഷേ അതിനുളള ഇൻഫ്രാസ്ട്രക്ചർ ഇല്ല. കാര്യവട്ടത്തെ സ്‌റ്റേഡിയം തന്നെ കംപ്ലീറ്റ് അല്ല. ഐപിഎൽ പോലുളള മത്സരങ്ങളൊക്കെ വരുമ്പോൾ കോർപറേറ്റ് ബോക്‌സൊക്കെ കംപ്ലീറ്റാവണം. അത് ബിസിസിഐ ചട്ടങ്ങളിലുളളതാണ്. കാര്യവട്ടത്തെ സ്‌റ്റേഡിയത്തിൽ അതൊന്നും ശരിയായിട്ടില്ല. ആകെ നാല് കോർപറേറ്റ് ബോക്‌സുകളാണുളളത്. അതുകൊണ്ടാണ് ഇവിടേക്ക് ഐപിഎൽ പോലുളള മത്സരങ്ങൾ വരാത്തത്.

 

 

Post your comments