Global block

bissplus@gmail.com

Global Menu

സർവ്വതല സ്പർശിയായ വികസനത്തിന് നവകേരളം കർമ്മപദ്ധതി-2

കേരളം അടിമുടി മാറ്റത്തിന്റെ പാതയിലാണ്. സാമ്പത്തികപുരോഗതി ലക്ഷ്യമിട്ട് കാർഷിക-വ്യാവസായിക-അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നൽനൽകുമ്പോൾ തത്തുല്യമായ ഇടം ആരോഗ്യ-വിദ്യാഭ്യാസ-സാമുഹിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നൽകിക്കൊണ്ടാണ് കേരള സർക്കാർ മുന്നോട്ടുപോകുന്നത്.  എല്ലാ അർത്ഥത്തിലും ഒരു നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യമാണ് ഒന്നാം പിണറായി സർക്കാർ മുന്നോട്ടുവച്ചത്. അതിനായി വിപുലമായ പദ്ധതികളും ആവിഷ്്ക്കരിച്ചു നടപ്പിലാക്കി. കേരളം അഭിമുഖീകരിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ വികസന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനായി 2016-21 ൽ പ്രവർത്തിച്ചുവന്നിരുന്ന ഹരിതകേരളം മിഷൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ, ആർദ്രം മിഷൻ എന്നിവയും പ്രളയാനന്തരം രൂപംകൊടുത്ത കേരള പുനർനിർമ്മാണ പദ്ധതിയും ചേർത്ത്, അവയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി 2020 ആഗസ്റ്റ് മാസത്തിൽ 'നവകേരളം കർമ്മപദ്ധതി 2' എന്ന ഏകീകൃത സംവിധാനം സർക്കാർ രൂപീകരിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ  വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷനെ വിദ്യാകിരണം എന്ന് പുനർനാമകരണം ചെയ്തുകൊണ്ടും ഇതുൾപ്പെടെയുളള മിഷനുകൾക്ക് കീഴിൽ വിപുലമായ തുടർപ്രവർത്തനങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടും ഏകോപിത നവകേരളം കർമ്മപദ്ധതി-2 പുരോഗമിക്കുകയാണ്. ഈ പദ്ധതിയുടെ നടത്തിപ്പിനായി ബഹു. മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ജോയിന്റ് കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും  നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിച്ചിട്ടുണ്ട്. ഡോ. ടി.എൻ. സീമയാണ് നവകേരളം കർമ്മ പദ്ധതിയുടെ സംസ്ഥാന കോർഡിനേറ്റർ.  
പൊതുലക്ഷ്യങ്ങൾ
പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, അടിസ്ഥാന ആവശ്യങ്ങളും ജീവനോപാധിയും, കൃഷിവ്യാപനം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, പരിസ്ഥിതിസംരക്ഷണം, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദപരവുമായ വികസന പദ്ധതികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിലവിലുള്ള പരിമിതികൾ പരിഹരിച്ച് ഏറ്റവും ഉയർന്ന ഗുണമേന്മ ഉറപ്പാക്കിയും ഭാവിയിൽ ഉയർന്നുവന്നേക്കാവുന്ന വെല്ലുവിളികളെക്കൂടി മുൻകൂട്ടിക്കണ്ട് അവ നേരിടാൻ കഴിയുംവിധത്തിലുള്ള മുന്നേറ്റമുണ്ടാക്കിയും  ജനപങ്കാളിത്തത്തോടെ ഒരു നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് ഈ പ്രഖ്യാപിത കർമ്മപദ്ധതിയുടെ പ്രധാന ലക്ഷ്യം.
പാർപ്പിടവും ഉപജീവന മാർഗ്ഗങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഇല്ലാത്തവരെ അപാകതകളില്ലാത്തവിധം കണ്ടെത്തി അവരുടെ ജീവിതനിലവാരവും ഉപജീവന സൗകര്യങ്ങളും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുക, ആശുപത്രികളിലും പൊതുവിദ്യാലയങ്ങളിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി അവിടങ്ങളിൽനിന്ന്ലഭിക്കുന്ന സേവനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉയർത്തുക, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി, പരിസ്ഥിതിസംരക്ഷണം, പൊതുആസ്തികളുടെ പരിപാലനം, ആശുപത്രികളുടെയുംആരോഗ്യസേവനങ്ങളുടെയും പരിപാലനം എന്നിവയിൽ ഉത്തരവാദിത്ത സമീപനം വളർത്തിയെടുക്കുകയും നേട്ടങ്ങൾ സുസ്ഥിരമാക്കുകയും ചെയ്യുക, നാല്വികസന മിഷനുകളുടേയും കേരള പുനർനിർമ്മാണ പദ്ധതിയുടെയും  നിലവിലുള്ള പ്രവർത്തനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക,
നിലവിലുണ്ടായിരുന്ന മിഷൻ പ്രവർത്തനങ്ങളുടെ തുടർച്ച സൃഷ്ടിക്കുക, ഉത്തരവാദിത്തത്തോടെ, സുതാര്യവും ഫലപ്രദവുമായ ഭരണ നിർവഹണം സാധ്യമാക്കുക,പദ്ധതികൾ ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും മോണിറ്ററിംഗിനും വർദ്ധിച്ച ജനപങ്കാളിത്തം ഉറപ്പാക്കുക, വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കി ജനകീയ ക്യാമ്പയിനുകളായി പ്രവർത്തനങ്ങൾ നടപ്പാക്കുക, പുതിയസാങ്കേതികവിദ്യയുടെ ഗുണപരമായ സാധ്യതകൾ എല്ലാമേഖലയിലും പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയവയും പൊതുലക്ഷ്യങ്ങളാണ്.
നവകേരള സൃഷ്ടിക്കായി ഹരിതകേരളം മിഷൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ, ആർദ്രം മിഷൻ, കേരള പുനർനിർമ്മാണ പദ്ധതി എന്നിവയ്ക്കു കീഴിൽ ഇതുവരെ നടത്തിയ  സമയബന്ധിതവും വിപുലവുമായ പ്രവർത്തനങ്ങൾ ചുരുക്കത്തിൽ.....
ഹരിതകേരളം മിഷൻ
ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ ,ശുചിത്വവും മാലിന്യ സംസ്‌കരണവും, എന്നിവ അടിസ്ഥാനമാക്കിയുള്ള ജലഉപമിഷൻ, കൃഷി ഉപമിഷൻ,ശുചിത്വവും മാലിന്യസംസ്‌കരണവും ഉപമിഷൻ മൂന്ന് ഉപമിഷനുകളുടെ കീഴിൽ വിപുലമായ പ്രവർത്തനങ്ങളാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നത്. സുസ്ഥിരമായ ഉപജീവന മാർഗങ്ങളുടെ വികസനവും, ജൈവവൈവിധ്യ സംരക്ഷണവും  സംബന്ധിച്ച് ഹരിതകേരളം മിഷൻ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്ന നിലയിൽ ചെയ്യുന്ന യു.എൻ.ഡി.പി. പ്രോജക്റ്റായ ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്‌സ്‌കേപ്പ് പ്രോജക്റ്റ് അഞ്ചുനാട്ടിലും സമീപ പ്രദേശങ്ങളിലും നടപ്പിലാക്കി.
ജല ഉപമിഷൻ
 ജല ഉപമിഷന് കീഴിൽ 44 നദികളാൽ സമ്പന്നമായ കേരളത്തിൽ വർഷകാലത്ത് പ്രളയക്കെടുതിയും വേനൽക്കാലത്ത് വരൾച്ചയുംസങ്കീർണ്ണമാകുന്നതിന് ശാശ്വത പരിഹാരം കാണുവാൻ ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങളാണ് മുഖ്യമായും  ജല ഉപമിഷന് കീഴിൽ നടന്നുവരുന്നത്. ജലസംരക്ഷണവും ജലസുരക്ഷയും മുൻ നിർത്തി മിഷന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി.  പുഴപുനരുജ്ജീവനം, ജലസ്രോതസ്സുകളുടെ ശുചീകരണം, കിണറുകളുടെയും കുളങ്ങളുടെയും നിർമ്മാണം- നവീകരണം-റീചാർജ്ജിംഗ് തുടങ്ങി മുമ്പൊരിക്കലും ഇല്ലാത്ത വിധമുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ ഈ മിഷനു കീഴിൽ നടന്നു. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച 'ഇനി ഞാനൊഴുകട്ടെ' കാമ്പയിൻ വൻജനപങ്കാളിത്തംകൊണ്ട് വിജയമായി. മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനുള്ളിൽ ആകെ 412 കി.മീ. പുഴകളും 45736 കി.മീ. തോടുകളും പുനരുജ്ജീവിപ്പിച്ചു. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനസംയോജനത്തിലൂടെ 5,200 ലധികം ഏക്കറിൽ കൃഷി പുനരാരംഭിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് ഇക്കഴിഞ്ഞ വർഷകാലത്ത് ചിലയിടങ്ങളിൽ അതിതീവ്ര മഴ കാരണമുണ്ടായ വെള്ളക്കെട്ടിന്റെ തീവ്രത കുറയ്ക്കുവാനും പ്രാദേശിക വെള്ളപ്പൊക്കം തടയുന്നതിനും ജലഉപമിഷനുകീഴിൽ ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങൾ വലിയതോതിൽ സഹായകരമായി. തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ഏറ്റെടുത്തിട്ടുള്ള മാതൃകാപദ്ധതിയായ പുഴയൊഴുകും മാണിക്കൽ, ഇനി ഞാനൊഴുകട്ടെ'  നീർച്ചാലുകളുടെ പുനരുജ്ജീവന പരിപാടിക്ക് തുടർച്ചയായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സവിശേഷ പദ്ധതിയായ നീരുറവ് പദ്ധതി.  പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഹരിത കേരളം മിഷനും CWDRDM ഉം സംയുക്തമായി ആവിഷ്‌കരിച്ച ജല സുരക്ഷാ പദ്ധതിയായ ജലാഞ്ജലി.സമഗ്രവും സുസ്ഥിരവുമായ  ജലസംരക്ഷണം ലക്ഷ്യം വെച്ച് കൊണ്ട് ഹരിത കേരളം മിഷനും പായം ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കിവരുന്ന അമൃതബിന്ദു പദ്ധതി പാനൂർ ബ്ലോക്കിലെ തോട് സഭ, കുട്ടനാട്ടിലെ കുളവാഴപ്രശ്‌നത്തിനുളള പരിഹാരമെന്ന നിലയിൽ നടപ്പിലാക്കി തുടങ്ങിയ കുളവാഴയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പദ്ധതി എന്നിവ ജലഉപമിഷന് കീഴിൽ പുരോഗമിക്കുന്ന പദ്ധതികളാണ്. ഇതിനുപുറമെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജലസുരക്ഷാ പ്ലാൻ ആവിഷ്‌കരിക്കുന്നതിനായി ജലബജറ്റ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും സി.ഡബ്ല്യു.ആർ.ഡി.എം. ന്റെ സഹായത്തോടെ തയ്യാറാക്കിയ മാർഗ്ഗരേഖ സർക്കാർ അംഗീകരിക്കുകയും ചെയ്തു.
കൃഷി ഉപമിഷൻ
കാർഷിക മേഖലയിലെ ദീർഘകാലവികസനം ലക്ഷ്യമിട്ടുകൊണ്ടുളള പ്രവർത്തനങ്ങളാണ് ഈ ഉപമിഷനുകീഴിൽ നടക്കുന്നത്.  കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.  ഇതിന്റെ ഭാഗമായി  തരിശുരഹിത ഗ്രാമം, ഹരിതസമൃദ്ധി വാർഡ്, ദേവഹരിതം, വ്യവസായസ്ഥാപനങ്ങളിലെ കൃഷി പദ്ധതികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ഹരിതവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഇതുവരെ കേരളത്തിലാകമാനം  2445 പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു.  87 ഔഷധ സസ്യ ഉദ്യാനങ്ങളും യാഥാർത്ഥ്യമായി. കാർബൺ ന്യൂട്രൽ കേരള പദ്ധതി സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയുമാണ്.
ശുചിത്വവും മാലിന്യസംസ്‌കരണവും ഉപമിഷൻ പ്രവർത്തനങ്ങൾ
ഒരു കാലത്ത് വഴിയരികിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ കേരളത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് ശാശ്വതപരിഹാരം കാണുന്നതിനുളള  പദ്ധതികളാണ് ശുചിത്വവും മാലിന്യസംസ്‌കരണവും ഉപമിഷൻ വഴി പ്രധാനമായും നടപ്പാക്കിവരുന്നത്. കെട്ടിടങ്ങളിൽ ഖരദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തൽ,ഹരിതമിത്രം-സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്റ്റം, മാലിന്യ പരിപാലന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾ ജനകീയമാക്കുന്നതിനും, ഹരിതകർമ്മസേനയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും, ലക്ഷ്യമിട്ട് ആരംഭിച്ച  ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ പരിപാലന അവസ്ഥാ വിലയിരുത്തൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് മിഷനുകീഴിൽ നടന്നുവരുന്നത്. ഇതിനുപുറമെ ഖരമാലിന്യ പരിപാലനത്തിൽ സ്വയംപര്യാപ്തതയിലെത്തിയ 718 ഗ്രാമപഞ്ചായത്തുകൾക്കും 73 നഗരസഭകൾക്കും, ശുചിത്വ പദവി നൽകി പ്രോത്സാഹിപ്പിച്ചു. പൊതു-സ്ഥാപന-ഗാർഹിക തലങ്ങളിൽ സ്ഥാപിക്കപ്പെടുന്ന ജൈവമാലിന്യ പരിപാലന സംവിധാനങ്ങളുടെ പരിപാലനം, തകരാറുകൾ പരിഹരിക്കൽ സംബന്ധിച്ച വിഷയത്തിൽ കില വികസന പരിശീലന കേന്ദ്രങ്ങൾ മുഖേന 3000ത്തോളം ഹരിതകർമ്മസേനാംഗങ്ങൾക്ക് പരിശീലനം ലഭ്യമാക്കി. ലെഗസി മാലിന്യം ക്ലീൻ കേരള കമ്പനി മുഖേന നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തൊട്ടാകെ 1842 ടോയ്‌ലെറ്റുകൾ പണിയുന്നതിനുളള നടപടികളും ഖരമാലിന്യ പരിപാലനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ദ്രവമാലിന്യ പരിപാലന നയവുമായി ബന്ധപ്പെട്ട കാര്യങ്ങളും C&D വേസ്റ്റ് മാനേജ്‌മെന്റ് ,ഗാർഹിക ബയോമെഡിക്കൽ/സാനിട്ടറി മാലിന്യ സംസ്‌കരണം, ജൈവമാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുന്നു.
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്‌സ്‌കേപ്പ് പ്രോജക്റ്റ്-       യു.എൻ.ഡി.പി.
സുസ്ഥിരമായ ഉപജീവന മാർഗങ്ങളുടെ വികസനവും, ജൈവവൈവിധ്യ സംരക്ഷണവും  സംബന്ധിച്ച് അഞ്ചുനാട്ടിലും സമീപ പ്രദേശങ്ങളിലും വിവിധ ഘടകങ്ങളുടെ ഏകോപനം വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്‌സ്‌കേപ്പ് പ്രോജക്റ്റ്-  
   യു.എൻ.ഡി.പി.  ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി (ജി.ഇ.എഫ്) ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  ഇന്ത്യൻ ഉപദീപിൽ ഉൾപ്പെടുന്ന തെക്കൻ പശ്ചിമഘട്ടത്തിലെ ഹൈറേഞ്ച് മലനിരകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിസമ്പന്നമായ ജൈവവൈവിധ്യം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങൾ, വികസന സമ്മർദ്ദങ്ങൾ, വിഭവങ്ങൾ കുറയുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉയർന്ന അപകട സാധ്യത തുടങ്ങിയ ഈ പ്രദേശത്തിന്റെ സവിശേഷതകൾ പരിഗണിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഹരിതകേരളം മിഷൻ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്ന നിലയിൽ ജി.ഇ.എഫ്-യു.എൻ.ഡി.പി സംയുക്തമായി അഞ്ചുനാടിനും സമീപ ഭൂവ്യവസ്ഥയ്ക്കും വേണ്ടിയുള്ള സുസ്ഥിര ഉപജീവന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂർ, മറയൂർ, ചിന്നക്കനാൽ, മൂന്നാർ, ദേവികുളം, ഇടമലക്കുടി, മാങ്കുളം, അടിമാലി എന്നീ ഗ്രാമ പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തുകളിലുമാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നത്.
ലൈഫ് മിഷൻ
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കിവരുന്നത്. ഈ പദ്ധതിക്കുകീഴിൽ ഇതുവരെ മൂന്നുലക്ഷത്തിലധികം (301912) ഭവനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനുപുറമെ ലൈഫ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസത്തിനായി 1,000 ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി ഒരു ഗുണഭോക്താവിന് പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ ഗുണഭോക്താവിന് ലഭ്യമാക്കുന്നതിനായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പിട്ടു.  മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനും തുടക്കമായി.
വിദ്യാകിരണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അതിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക ലക്ഷ്യമിട്ട് ഈ മിഷനെ വിദ്യാകിരണം മിഷൻ എന്ന് പുനർനാമകരണം ചെയ്തു. 5 കോടി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ 20 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും 13 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇതിനോടകം നിർവഹിക്കുകയും ചെയ്തു. 3 കോടി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി സ്‌കൂളുകളുടെ ഭൗതിക സൗകര്യവികസന പദ്ധതിയിൽ 42 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും 28 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇതിനോടകം നിർവഹിക്കുകയും ചെയ്തു.
പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, എം.എൽ.എ. ഫണ്ട്, എസ്.എസ്.കെ ഫണ്ട് എന്നിവയിലുൾപ്പെടുത്തിയുള്ള ഭൗതിക സൗകര്യ വികസന പദ്ധതിയിൽ 95 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും 72 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇതിനോടകം നിർവഹിക്കുകയും ചെയ്തു.
സ്‌കൂളുകളുടെ ലാബ്, ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്ന പദ്ധതിയിൽ 51 ലാബ്, ലൈബ്രറി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തല അക്കാദമിക മാസ്റ്റർപ്ലാനുകൾ മെച്ചപ്പെടുത്തി നടപ്പിലാക്കുന്നതിനും മെന്ററിംഗ് പദ്ധതിയും ഡിജിറ്റൽ വിദ്യാഭ്യാസവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുളള നടപടികൾ പുരോഗമിക്കുന്നു.
ആർദ്രം മിഷൻ
ആർദ്രം മിഷന് കീഴിൽ ആക്ടീവ് കേസ് ഡിറ്റക്ഷൻ ആൻറ് റെഗുലർ സർവൈലൻസ് ഫോർ ലെപ്രസി (ACD&RS),സ്പർശ് ലെപ്രസി അവയർനസ് കാമ്പയിൻ , ഇറാഡിക്കേഷൻ ഓഫ് ലെപ്രസി ത്രൂ സെൽഫ് റിപ്പോർട്ടിംഗ് ആൻറ് അവയർനസ് , കുഷ്ടരോഗികളിൽ അംഗവൈകല്യം തടയുന്നതിനും പുനരധിവാസത്തിനും വേണ്ടിയുളള പ്രവർത്തനങ്ങൾ എന്നിവ ഈ മിഷന് കീഴിൽ പുരോഗമിക്കുന്നു. കൂടാതെ Disability  Prevention & Medical Rehabilitation (DPMR)  ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കുഷ്ഠരോഗബാധയെ തുടർന്ന് അംഗവൈകല്യം വന്ന 9 പേർക്ക് വൈകല്യം മാറ്റുന്നതിനുളള ശസ്ര്തക്രിയ നടത്തി വൈകല്യ മുക്തരാക്കി. കൂടാതെ കുഷ്ഠരോഗം മൂലം ഉണ്ടായ വൈകല്യം കുറയ്ക്കാനായി 378 ആളുകൾക്ക് സെൽഫ് കെയർ കിറ്റുകളും, 429 ആളുകൾക്ക് മൈക്രോ സെല്ലുലാർ റബർ ചപ്പലുകളും വിതരണം ചെയ്തു. ജീവിതശൈലി രോഗങ്ങൾ തടയുന്നതിനുളള സമഗ്രപദ്ധതിക്ക് തുടക്കം കുറിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ 140 പഞ്ചായത്തുകളിലെ 30 വയസ്സുകഴിഞ്ഞവരിൽ ഇതു സംബന്ധിച്ച പരിശോധനകൾ നടത്തി. തുടർനടപടികൾ പുരോഗമിച്ചു വരുന്നു.  
കേരള പുനർ നിർമ്മാണ പദ്ധതി
 (റീബിൽഡ് കേരള ഇനിഷ്യേറ്റീവ്)
2018ലെ പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ പുനർനിർമ്മിക്കുവാൻ ലക്ഷ്യമിട്ട് ഒന്നാം പിണറായി സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് റീബിൽഡ് കേരള പദ്ധതി. ദുരന്ത പ്രതിരോധത്തിനും അപകട സാധ്യതകൾ മുൻകൂട്ടി അറിയുമ്പോൾ വേണ്ടത്ര തയ്യാറെടുപ്പിനും ദുരന്തശേഷമുള്ള പുനസൃഷ്ടിയും ലക്ഷ്യമിട്ട് 2019 ലാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സംസ്ഥാനത്ത് സ്ഥാപിതമാകുന്നത്. ദുരന്ത പ്രതിരോധ ശേഷിയുള്ള കേരളത്തെ രൂപപ്പെടുത്തുന്നതിനും അതിനായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമുള്ള സംസ്ഥാനതല സംഘടനാ (പ്രവർത്തന) സംവിധാനമാണ് ഇതിനുള്ളത്. ഈ പദ്ധതിക്ക് കീഴിൽ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന്റെയും പുനർ നിർമ്മാണത്തിന്റെയും ഭാഗമായി LSGD-CE, LSGD-PMU എന്നിവ നടപ്പിലാക്കുന്ന 37 റോഡ് പദ്ധതികളുടെ നിർമ്മാണം പൂർത്തിയായി. പ്രളയാനന്തര അറ്റകുറ്റപ്പണികളും അണക്കെട്ടുകൾ/റെഗുലേറ്ററുകൾ/ കനാലുകൾ/ജലസേചന സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണിക ളുമായി ബന്ധപ്പെട്ട 7 പദ്ധതികൾ ജലവിഭവ വകുപ്പ് പൂർത്തിയാക്കി.  വനങ്ങളിൽ നിന്ന് സ്വകാര്യജനവാസ കേന്ദ്രങ്ങൾ മാറ്റി പുനരധിവസിപ്പിക്കുക, നം ശിഥിലീകരണം (നശീകരണം) തടയുക, വനമേഖല ഏകീകരിക്കുക എന്നീ പദ്ധതികൾക്കായി 78 കുടുംബങ്ങളെ അവർ വസിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
കേരളത്തിലെ തീരദേശത്തെ മണ്ണൊലിപ്പ് തടഞ്ഞ് സുസ്ഥിരമായി സംരക്ഷിക്കുന്നതിന് തീരദേശ പ്രതിരോധം ശക്തിപ്പെടുത്തുക, പമ്പാ ബേസിനായുള്ള സംയോജിത നദീതട പരിപാലന പദ്ധതിക്ക് കീഴിലുള്ള നിർണ്ണായക നിക്ഷേപങ്ങൾ വികസിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

Post your comments