Global block

bissplus@gmail.com

Global Menu

"പ്രശ്‌നത്തിൽ നിന്നും ആശയത്തിലേക്ക്" - ഡോ. സുധീർ ബാബു

സംരംഭകന്റെ യാത്ര അദ്ധ്യായം 3

 

വീടിന്റെ ചുമരുകൾ ഞാൻ നല്ല നിറങ്ങൾ നല്കി ഭംഗിയാക്കിയിരിക്കുകയാണ്. എങ്കിലും അവിടെ എന്തോ അപൂർണ്ണത എനിക്കനുഭവപ്പെടുന്നുണ്ട്. ചുമരുകൾ ഒഴിഞ്ഞു കിടക്കുന്നു. അവ വിരസങ്ങളായിരിക്കുന്നു. ആ വിരസത എന്നെ വേട്ടയാടുന്നു. ചുമരുകളിലേക്ക് നോക്കുമ്പോൾ അതിന്റെ നഗ്‌നത എന്നെ മടുപ്പിക്കുന്നു. ഇവിടെ ചുമരുകളുടെ വിരസത, ഒന്നുമില്ലാതുള്ള അതിന്റെ  കാത്തുനില്പ്പ് എന്റെ പ്രശ്‌നമാകുന്നു. ചിലപ്പോൾ ചില അലങ്കാര വസ്തുക്കൾ ഈ വിരസതയെ, മടുപ്പിനെ തുടച്ചു നീക്കാം. അപ്പോൾ ഞാൻ ചുമരുകൾ അലങ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. ഒരു ചിത്രത്തിന് ചുമരിനെ ജീവസുറ്റതാക്കാൻ കഴിയും. അത് കാഴ്ചക്കാരനിൽ ഉളവായ മടുപ്പിനെ ഇല്ലാതാക്കും. ആ ചിത്രം എന്റെ പ്രശ്‌നത്തിന്റെ പരിഹാരമാകുന്നു. അങ്ങനെ മീര വരച്ച ചിത്രം എനിക്ക് ആവശ്യമാകുകയാണ്. ചിത്രകാരിയായ മീരക്ക് അത് വ്യവഹാരത്തിനുള്ള ഒരു സന്ദർഭമാകുന്നു. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് ഏത് ബിസിനസും ഉപഭോക്താവിന്റെ പ്രശ്‌നത്തിനുള്ള പരിഹാരം തന്നെയാണ്.''
നിയാസിക്ക പറഞ്ഞു നിർത്തിയപ്പോൾ ഒരു മഴ പെയ്തു തോർന്നതുപോലെ രാഹുലിനും മീരക്കും തോന്നി.
എത്ര മനോഹരമായ, ലളിതമായ വിശദീകരണം. ഓരോ ഉത്്പന്നവും സേവനവും ഉപഭോക്താവിന്റെ പ്രശ്‌നങ്ങളുടെ പരിഹാരമാണെന്ന നിയാസിക്കയുടെ വാക്കുകളുടെ കാതൽ അവർക്ക്  ബോധ്യപ്പെട്ടു തുടങ്ങി.താൻ വരയ്ക്കുന്ന ചിത്രങ്ങൾക്ക് ജീവനുണ്ടെന്ന് പെട്ടെന്ന് മീരക്ക് തോന്നി. ചിത്രം വരച്ചു വില്ക്കുന്ന ചിത്രകാരനും ബിസിനസുകാരൻ തന്നെ.
ബിസിനസിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന, അതിനെക്കുറിച്ച് ഗൗരവപൂർവ്വം പഠിക്കാത്ത വ്യക്തികൾ എന്ന നിലയിൽ ഒരു അദ്ധ്യാപകന്റെ  മുന്നിലിരിക്കുന്ന കൊച്ചുകുട്ടികളായി അവർ മാറി.ബിസിനസ് കേട്ട് പഠിക്കേണ്ടതല്ലെന്നും ചെയ്ത് പഠിക്കേണ്ട ഒന്നാണെന്നും അവർ വിചാരിച്ചിരുന്നു. എന്നാലിപ്പോൾ ബിസിനസിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കേണ്ടതിന്റെ ആവശ്യകത അവർക്ക്  മുന്നിൽ വെളിപ്പെടുകയാണ്. നിയാസിക്കയെ കാണാനെടുത്ത തീരുമാനം ഏതായാലും നന്നായി.
''ഇതിന്റെ മറ്റൊരു തലം കൂടി നമുക്ക് നോക്കാം.'' നിയാസിക്ക തുടരുകയാണ്. രാഹുലും മീരയും അറിവിന്റെ ഗുഹയിലൂടെ നിയാസിക്കയുടെ ഒപ്പം സഞ്ചരിച്ചു തുടങ്ങി.
''മീര സ്വന്തമായി ചിത്രത്തിനാവശ്യമുള്ള സാമഗ്രികളൊക്കെ വാങ്ങിച്ച് ചിത്രം വരച്ച് എനിക്കത് വിലയ്ക്കുതന്നു എന്ന് കരുതുക. ഇപ്പോൾ ആ ചിത്രം ഒരു ഉത്പന്നമാണ് മീര ഒരു ഉത്പാദകയും. എന്നാൽ ചിത്രത്തിനാവശ്യമായ സാമഗ്രികളെല്ലാം ഞാൻ വാങ്ങിക്കുകയും മീര എനിക്കായി ചിത്രം വരച്ചു നല്കുകയും അതിനായി പ്രതിഫലം വാങ്ങുകയും ചെയ്യുമ്പോൾ മീര ഒരു സേവനദാതാവായി മാറുകയാണ്. ഒരേ കാര്യം രണ്ടു രീതിയിൽ നടപ്പിലാക്കപ്പെടുമ്പോൾ വരുന്ന മാറ്റം ഇവിടെ കാണാം.''
''ഉത്പാദനവും സേവനവും തങ്ങളുടേതായ രൂപത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അല്ലേ?'' രാഹുൽ ചോദിച്ചു.
നിയാസിക്കയുടെ ഫോൺ ശബ്ദിച്ചു. അതെടുത്ത് മ്യൂട്ട് ബട്ടൺ അമർത്തിയശേഷം നിയാസിക്ക രാഹുലിന്റെ ചോദ്യത്തിലേക്ക് ശ്രദ്ധ തിരിച്ചു.
''തീർച്ചയായും.ഉല്പാദനം മൂർത്തമായ ഒരു വസ്തുവിനെ സൃഷ്ടിക്കലാണ്. ആ വസ്തുവിനെ നമുക്ക് കാണാം. തൊടാം. ഉപഭോക്താവിന് അത് വില്ക്കുമ്പോൾ ഉടമസ്ഥാവകാശം കൂടി അതിനോടൊപ്പം കൈമാറ്റം ചെയ്യപ്പെടുന്നു. സേവനം എന്നത് ഉപഭോക്താവിന് സ്വയം ചെയ്യുവാൻ കഴിയാത്ത കാര്യങ്ങൾ മറ്റൊരാൾ ചെയ്തു നല്കലാണ്. അത് അമൂർത്തമായ ഒന്നാണ്. ഉത്പന്നം ദൃശ്യവും സേവനം അദൃശ്യവുമാണ്.''
എങ്ങനെയാണ് ഈ മനുഷ്യനിൽ നിന്നും ഇങ്ങനെ വാക്കുകൾ പ്രവഹിക്കുന്നത്. രാഹുൽ അത്ഭുതത്തോടെ നിയാസിക്കയെ നോക്കി.
നിയാസിക്ക തുടരുകയാണ്.
''എന്നാൽ ഒരു കാര്യം നാം മനസിലാക്കേണ്ടത് ഉത്പന്നവും യഥാർത്ഥത്തിൽ സേവനം തന്നെയാണ് ഉപഭോക്താവിന് നല്കുന്നത് എന്നതാണ്. ഉത്പന്നംനല്കുന്ന സേവനത്തിനായാണ് ഉപഭോക്താവ് ഉത്പന്നത്തെ ആശ്രയിക്കുന്നത്.''
''അതെങ്ങനെയാണ് ഉത്പന്നം സേവനം നല്കുന്നത്. ഞാൻ വാങ്ങിക്കുന്നത് ഉത്പന്നമല്ലേ? സേവനമല്ലല്ലോ?'' മീരയുടെ ചോദ്യം കേട്ട നിയാസിക്ക തല കുലുക്കി.
''കുറേക്കൂടി സൂക്ഷ്മ തലത്തിൽ നാമിതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഉപഭോക്താവിന്റെ  പ്രശ്‌നത്തിന്റെ പരിഹാരമാണ് ബിസിനസെന്ന് നാം കണ്ടുകഴിഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നത് എപ്പോഴും സേവനങ്ങൾ കൊണ്ട് മാത്രമാണ്. ഒന്നുകിൽ ആ സേവനം വ്യക്തികൾ നല്കും അല്ലെങ്കിൽ ഉത്പന്നങ്ങൾ നല്കും. അത്രയേ വ്യത്യാസമുള്ളൂ. മീര വാഷിംഗ് മെഷീൻ വാങ്ങിയത് ഇവിടെ നിന്നല്ലേ? എന്തിനാണ് അത് വാങ്ങിയത്?''
''തുണികൾ അലക്കുവാൻ.''
''അതായത് തുണികൾ അലക്കുവാൻ ഒരു ജോലിക്കാരിക്ക് കഴിയും. ജോലിക്കാരി ചെയ്ത് നല്കുമ്പോൾ അത് അവർ നല്കുന്ന സേവനമാകും. ജോലിക്കാരിക്ക് പകരം വാഷിംഗ് മെഷീൻ അത് ചെയ്തു നല്കുന്നതും സേവനമല്ലേ? തുണി കഴുകുക എന്ന ഉദ്ദേശമാണ് വാഷിംഗ് മെഷീൻ വാങ്ങിച്ചതിന് കാരണം. ആ സേവനത്തിനായാണ് ആ ഉത്പന്നത്തെ മീര ഉപയോഗിക്കുന്നത്. അപ്പോൾ ഉത്പന്നം നല്കുന്നതും സേവനം തന്നെയല്ലേ?''
''മീര, വീട്ടിലുള്ള ഓരോ ഉത്പന്നവും നിരീക്ഷിക്കൂ. സേവനം നല്കാത്ത ഏത് ഉത്പന്നമുണ്ട്? ഓരോ ഉത്പന്നവും നാം വാങ്ങുമ്പോൾ അതിൽ നിന്നും നാം പ്രതീക്ഷിക്കുന്ന ഒരു സേവനമുണ്ട്. കേടായ ഒരു ഫ്രിഡ്ജ് മീര ഉപയോഗിക്കാത്തത് എന്താണ്? അത് സേവനം നല്കുന്നത് നിർത്തിയിരിക്കുന്നു. ആ ഉത്പന്നം അവിടെതന്നെയുണ്ട്. നമുക്കത് കാണാം, തൊടാം. അത് മൂർത്തമാണ്. പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ല. അത് പ്രവർത്തനക്ഷമമാണെങ്കിലേ മീരക്കതുകൊണ്ട് ഗുണമുള്ളൂ. അല്ലെങ്കിൽ വെറുതെ അത് സ്ഥലം മിനക്കെടുത്തും. അപ്പോൾ ആ ഉത്പന്നം നല്കുന്ന സേവനമല്ലേ മുഖ്യം?''
''അപ്പോൾ എല്ലാം സേവനം തന്നെ അല്ലേ?'' മീരക്ക് തലയിൽ വെളിച്ചം വീണു തുടങ്ങി.
''എന്തിന് സംശയിക്കണം. ചെയ്യുന്ന പ്രവൃത്തിയനുസരിച്ച് ബിസിനസിനെ വേർതിരിക്കാമെങ്കിലും എല്ലാ ബിസിനസിന്റേയും ഉദ്ദേശലക്ഷ്യം സേവനം തന്നെയാണ്. ചിലവ വ്യക്തികളിലൂടെ നേരിട്ട് സേവനം നല്കുമ്പോൾ മറ്റുള്ളവ ഉത്പന്നങ്ങളിലൂടെ സേവനം നല്കുന്നു. സേവനം നല്കാത്ത ഒരു ഉത്പന്നത്തിനെയും വിപണി സ്വീകരിക്കുന്നില്ല. അതുകൊണ്ട് നാം ഉത്പാദിപ്പിക്കുന്ന അല്ലെങ്കിൽ നല്കുന്ന സേവനത്തിന്റെ ഉപയോഗയോഗ്യത (Utility) യാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം.''
രാഹുൽ തല ചരിച്ച് മീരയെ നോക്കി. അവൾ സാകൂതം നിയാസിക്ക പറയുന്നത് ശ്രദ്ധിക്കുകയാണ്. ശ്രദ്ധ വ്യതിചലിക്കുന്നതേയില്ല.
''ഇവിടെയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. പ്രശ്‌നത്തിന് പരിഹാരമായി ഒരു ആശയം ഉരുത്തിരിഞ്ഞു വരുമ്പോൾ അതിനെ ഒരു ബിസിനസാക്കി മാറ്റാൻ ഏറ്റവും വേണ്ട യോഗ്യത ആ ആശയത്തിൽ നിന്നും ഉടലെടുക്കുന്ന ഉത്പന്നത്തിന്റൈയോ സേവനത്തിന്റെയോ ഉപയോഗക്ഷമതയാണ്. ഉപഭോക്താവിന്റെ പ്രശ്‌നത്തിന് പരിഹാരമാകുവാൻ ഈ ഉത്പന്നം നല്കുന്ന സേവനത്തിനാകുമോ? എന്ന ചോദ്യം സംരംഭകന്റെ് മനസിൽ ഉണരണം.''
''അപ്പോൾ വെറുതെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്നാൽ പോര. ആ ആശയത്തിന് ഉപഭോക്താവിന്റെ പ്രശ്‌നം പരിഹരിക്കുവാൻ കഴിയുന്ന ആന്തരികശക്തികൂടി ഉണ്ടായിരിക്കണം.''
നിയാസിക്ക പറഞ്ഞു നിർത്തി .
രാഹുൽ ഒരു ദീർഘനിശ്വാസം ഉതർത്തു . ഈ കൂടിക്കാഴ്ച തങ്ങളെ ഏത് തലത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. മനസിന്റെ ചില്ലു ജാലകങ്ങൾ തുറക്കുന്നു. അറിവിന്റെ ചെറുകാറ്റ് കടന്നു വരുന്നു. പഠനം തുടങ്ങിയിട്ടേയുള്ളു എന്ന തോന്നൽ ശക്തമാകുന്നു.
നിയാസിക്കയോട് യാത്ര പറഞ്ഞ് മടങ്ങുമ്പോൾ രാത്രി നന്നേ കനത്തിരുന്നു.
''ഒരു ചുവടുവെയ്പിലൂടെയാണ് ആയിരം മൈലുകളുള്ള യാത്ര ആരംഭിക്കുന്നത്''
പ്രശസ്തമായ ആ ചൈനീസ് പഴമൊഴി രാഹുലിന്റെ മനസിലേക്ക് കടന്നു വന്നു.
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലുടനീളം അവർ രണ്ടുപേരും നിശബ്ദരായിരുന്നു.
(തുടരും)

 

Post your comments