Global block

bissplus@gmail.com

Global Menu

200 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി "യുപിഐ ലൈറ്റ്"

 

യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള തുകകൾ അതിവേഗം അയയ്ക്കാനുള്ള 'യുപിഐ ലൈറ്റ്' സേവനം നിലവിൽ വന്നു. നിലവിൽ ഭീം ആപ്പിൽ മാത്രാണുള്ളതെങ്കിലും വൈകാതെ ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം അടക്കമുള്ള പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാകും. ഇന്റർനെറ്റ് ഇല്ലാതെ (ഓഫ്‍ലൈൻ) തന്നെ ഇതുവഴി പണമയയ്ക്കാൻ അവസരമൊരുങ്ങുമെന്നാണ് എൻപിസിഐ പറയുന്നതെങ്കിലും നിലവിൽ സേവനം ലഭ്യമല്ല. ഉടൻ വന്നേക്കും. ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ അക്കൗണ്ട് ഉടമകൾക്കാണ് ഈ സേവനം ലഭ്യമാകുക.

200 രൂപ വരെയുള്ള ഇടപാടുകൾ നടത്താനായി യുപിഐ ആപ്പിൽ പ്രത്യേകമായ ഒരു 'വോലറ്റ്' ആണ് യുപിഐ ലൈറ്റ്. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം. 'യുപിഐ ലൈറ്റ്' ഇനേബിൾ ചെയ്താൽ 200 രൂപയ്ക്ക് താഴെയുള്ള എല്ലാ പേയ്മെന്റുകൾക്കുമുള്ള തുക ഈ വോലറ്റിൽ നിന്നായിരിക്കും പോകുന്നത്. അവയ്ക്ക് യുപിഐ പിൻ നൽകേണ്ടതില്ല. ഫോണിലെ ഒരു വോലറ്റിൽ നിന്നാണ് ഇടപാടെന്നതിനാൽ വേഗവും കൂടും. ചെറിയ തുകകൾ യുപിഐ വഴി സ്ഥിരമായി അയയ്ക്കുന്നത് വഴി ബാങ്ക് പാസ്‍ബുക്കും സ്റ്റേറ്റ്മെന്റും നിറയുന്ന സ്ഥിതിയുണ്ട്. 200 രൂപ വരെയുള്ള ഇടപാടുകൾ യുപിഐ ലൈറ്റ് വോലറ്റിൽ നിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ്‍ബുക്കിലും രേഖപ്പെടുത്തില്ല. പകരം വോലറ്റിലേക്ക് പണം ഉൾപ്പെടുത്തുന്ന ഇടപാട് മാത്രമേ ഉണ്ടാകൂ. യുപിഐ ലൈറ്റ് ഇടപാടുകളുടെ ചുരുക്കം ദിവസവും എസ്എംഎസ് ആയും ലഭിക്കും.

എങ്ങനെ? 
∙ ഭീം ആപ് തുറന്ന് മുകളിലെ മെനുവിൽ യുപിഐ ലൈറ്റിനു നേരയുള്ള 'ഇനേബിൾ നൗ' ടാപ് ചെയ്യുക. 
∙ തുറന്നുവരുന്ന 'Disclaimer' വായിച്ച് 'I agree....' ടിക്ക് ചെയ്തശേഷം 'ഇനേബിൾ നൗ' ടാപ് ചെയ്യുക. 
∙ യുപിഐ ലൈറ്റ് ടോപ്–അപ് പേജിൽ 2,000 രൂപയിൽ താഴെയുള്ള തുക 'Add Fund' ഓപ്ഷൻ വഴി ചേർക്കുക. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം വോലറ്റിലേക്ക് നീങ്ങും. 
∙ ഇനി മുതൽ 200 വരെയുള്ള ഇടപാടെങ്കിൽ പണം വോലറ്റിൽ നിന്നായിരിക്കും പോകുന്നത്.

Post your comments