Global block

bissplus@gmail.com

Global Menu

സംരംഭകത്വത്തിന്റെ ആദ്യപാഠങ്ങൾ

സംരംഭകന്റെ യാത്ര
അദ്ധ്യായം 2

നീയൊന്ന് വരുന്നുണ്ടോ'' ഉമ്മറത്തു നിന്നും രാഹുലിന്റെ ശബ്ദം ഉയർന്നുപൊങ്ങി.
ശിവാനിയെ ജോലിക്കാരിയെ ഏല്പ്പിച്ച് നിർേ ശങ്ങൾ കൊടുത്തുകൊണ്ടിരുന്ന മീര പെട്ടെന്ന് ശിവാനിക്കൊരുമ്മ കൊടുത്ത് ''അമ്മ വേഗം വരാട്ടൊ'' എന്നും പറഞ്ഞ് രാഹുലിനടുത്തേക്കോടി. ബുള്ളറ്റും സ്റ്റാർട്ട് ചെയ്ത് അക്ഷമനായി നിന്നിരുന്ന രാഹുൽ, മീര പിന്നിൽ കയറിയപാടെ വണ്ടി മുന്നോട്ടെടുത്തു.
ബുള്ളറ്റിലുള്ള യാത്ര ഒരനുഭവമാണ്. അവർക്ക്  രണ്ടുപേർക്കും ഏറ്റവും പ്രിയവും അതാണ്. ചുമരുകൾ സൃഷ്ടിക്കുന്ന ഇടുക്കുകൾ ഇവിടെ അപ്രത്യക്ഷമാകുന്നു. കാറ്റിനെ കീറിമുറിച്ച് പ്രകൃതിയെ തൊട്ടൊരു യാത്ര. ജീവിതത്തിലെ ചില സുന്ദരനിമിഷങ്ങളാണവ. രാഹുലും മീരയും അത്രയേറെ ഈ യാത്രകൾ ഇഷ്ടപ്പെടുന്നു.
ഇരുട്ടിന് മെല്ലെ കനം വെച്ചു തുടങ്ങുന്നു. നിയാസിക്കയെ രാവിലെ വിളിച്ചപ്പോൾ സന്ധ്യക്ക് എത്തിക്കൊള്ളാൻ പറഞ്ഞതാണ്. ഇറങ്ങുന്നതിനു മുമ്പേ വീണ്ടും വിളിച്ചു. പുള്ളിക്കാരൻ ഫോൺ എടുക്കുന്നില്ല. വിളിച്ചാൽ കിട്ടാൻ വലിയ പാടാണ്. ഫോൺ എടുക്കില്ല. തിരിച്ചും വിളിക്കില്ല. നിയാസിക്കായോട് ആകെയുള്ള ഒരു അഭിപ്രായവ്യത്യാസം ഇതാണ്. നിയാസിക്കായുടെ ഉമ്മ ഇടയ്ക്ക് പറയും.
ഓനെ ആവശ്യോള്ളപ്പൊ ആർക്കും  കിട്ടൂല. ആവശ്യോല്ലാത്തപ്പോഴൊക്കെ എവിടേം കാണേം ചെയ്യും.'' എന്ത് പറഞ്ഞാലും നിയാസിക്കാനെ അതൊന്നും ഏശില്ല. ''ഞാനിങ്ങനെയാണ്. അതങ്ങനെ തന്നെ മതി.'' എന്ന് പറഞ്ഞ് ഒരു ചിരി ചിരിക്കും.
ബിസിനസ് ആരംഭിക്കും മുന്പ്  ആരോട് ഉപദേശം തേടണം എന്ന ചിന്ത വന്നപ്പോൾ മീര രണ്ടാമതൊന്നാലോചിക്കാതെ പറഞ്ഞ പേരാണ് നിയാസിക്കയുടേത്. കറ കളഞ്ഞ ബിസിനസുകാരൻ. നന്നേ ചെറുപ്പത്തിലേ കച്ചോടത്തിനിറങ്ങി പടവെട്ടി നേടിയൊരാൾ. വർഷങ്ങളായുള്ള അടുപ്പം. എന്തും മുഖത്തു നോക്കി പറയുന്ന സ്വഭാവം. ഈ മനുഷ്യൻ എന്താ ഇങ്ങനെ എന്ന് ചിന്തിച്ചു പോകുന്നപോലെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞു കളയും. മറ്റുള്ളവർക്കെന്ത് തോന്നും എന്ന വിചാരമൊന്നുമില്ല. അതു കൊണ്ടുതന്നെ ഒരുവിധപ്പെട്ടവർക്കൊക്കെ ഇടപെടാൻ അല്പ്പം പേടിയുണ്ട്.
നിയാസിക്കയുടെ കടയുടെ മുന്നിലെത്തി വണ്ടി നിർത്തി രണ്ടുപേരും ഇറങ്ങി. ഷോപ്പിൽ നല്ല തിരക്കുണ്ട്. ഹോം അപ്ലയൻസും സൂപ്പർ മാർക്കറ്റുമാണ് പുള്ളിക്കാരന്റെ പ്രധാന ബിസിനസുകൾ. പലയിടങ്ങളിലായി നാല് കടകൾ ഉണ്ട്. കടയുടെ മുകളിൽ മൂന്നാം നിലയിലാണ് ഓഫീസ്. ലിഫ്റ്റിൽ കയറി രണ്ടുപേരും അവിടേക്കെത്തി.
അവരെ കണ്ടതോടെ റിസപ്ഷനിലിരുന്ന പെൺകുട്ടി ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു. അവളോട് നിയാസിക്ക പറഞ്ഞേല്പ്പിച്ചിരുന്നു എന്ന് വ്യക്തം. സാനിറ്റെസർ ഇരുന്ന ഭാഗത്തേക്ക് അവൾ കൈകൾ ചൂണ്ടി. കൈകളിൽ സാനിറ്റെസർ പുരട്ടിക്കൊണ്ട് രണ്ടുപേരും അവൾക്ക്  പിന്നാലെ നിയാസിക്കയുടെ മുറിയിലേക്ക് നടന്നു.
ഡോർ തുറന്ന് മുറിയുടെ കുളിരിലേക്ക് അവരെ കയറ്റി വിട്ട് അവൾ പറഞ്ഞു ''സാറിപ്പോൾ തന്നെ വരും. നിങ്ങൾ എത്തിയിട്ടുണ്ടെന്ന് ഞാൻ പറയാം.'' അവൾ ഒരു പുഞ്ചിരിയോടെ വിടവാങ്ങി.
കസേരയിൽ ഇരുന്ന് രാഹുൽ ആ മുറിയിലാകെ കണ്ണോടിച്ചു. മുമ്പും പലതവണ അവിടെ വന്നിട്ടുണ്ട്. എത്ര മനോഹരമായി ഓഫിസ് അലങ്കരിച്ചിരിക്കുന്നു. ഭിത്തിയിൽ ഒരു ഭാഗത്ത് നിയാസിക്ക യാത്ര ചെയ്ത രാജ്യങ്ങളിൽ നിന്നും വാങ്ങിച്ച ചില ഓർമ്മ വസ്തുക്കൾ ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു. മറുഭാഗത്ത് ബിസിനസ് ജീവിതത്തിൽ ലഭിച്ച പുരസ്‌ക്കാരങ്ങൾ. മുന്നിൽ നിവർന്നു  കിടക്കുന്ന കടുംകാപ്പിയുടെ നിറമുള്ള മേശയിലൂടെ രാഹുൽ കൈകളോടിച്ചു.
താനും ഇതുപോലുള്ള വിശാലമായ ഒരു ഓഫീസ് മുറിയിൽ ഇരിക്കുന്ന ചിത്രം മനസിലേക്ക് കടന്നുവന്നു. രാഹുലിന്റെ ചുണ്ടിന്റെ കോണിലൊരു ചിരി മിന്നി.
നിയാസിക്ക ക്ഷമാപണത്തോടെ കടന്നു വന്നു. രണ്ടുപേരും കസേരയിൽ നിന്നും എഴുന്നേറ്റു ''കൈ തരുന്നില്ല'' എന്ന് പറഞ്ഞുകൊണ്ട് നിയാസിക്ക കസേരയിലേക്കിരുന്നു.
കുശലങ്ങൾക്ക്  ശേഷം മീര നേരെ കാര്യത്തിലേക്ക് കടന്നു ''നിയാസിക്കാ രാഹുൽ ജോലി റിസൈൻ ചെയ്യാൻ പോണു. എന്തേലും ബിസിനസ് തുടങ്ങാനാണ് പ്ലാൻ. ഞങ്ങൾക്ക് നിയാസിക്കയുടെ സഹായം വേണം.''
''നല്ല കാര്യമല്ലേ. നീ ബേജാറാവണ്ട. എന്ത് ബിസിനസാ മനസിൽ.''നിയാസിക്കക്ക് ഉത്സാഹമായി.
''ബിസിനസ് എന്താണെന്നൊന്നും തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും ചെയ്തു തുടങ്ങണം. അതിനുള്ള അഭിപ്രായം ചോദിക്കാൻ കൂടിയാണ് ഈ വരവ്.'' രാഹുൽ കൈകൾ മേശയിൽ കുത്തി മുന്നോട്ടല്പ്പം ആഞ്ഞിരുന്നു.
''നിനക്കെന്താ പ്രാന്തുണ്ടോ.'' നിയാസിക്കയുടെ അടുത്ത ചോദ്യം അല്പ്പം ക്രൂരമായിപ്പോയി.
''ബിസിനസ് ചെയ്യുന്നത് ഭ്രാന്താണോ?'' രാഹുൽ മറുചോദ്യം ഉന്നയിച്ചു.
''എന്താ ചെയ്യാൻ പോകുന്നതെന്നുപോലും നിശ്ചയിക്കാതെ നീ ജോലി റിസൈൻ ചെയ്യുന്ന പ്രാന്തിനെ പറ്റിയാണ് ഞാൻ ചോദിച്ചത്. കൃത്യമായ ഒരു ധാരണ ആയിട്ടു പോരെ ജോലി റിസൈൻ ചെയ്യുന്നത്. ജോലിയിലിരുന്നുകൊണ്ടു തന്നെ ബിസിനസിനെക്കുറിച്ചൊരു ഏകദേശ ധാരണ വരുത്താമല്ലോ? അതിനുശേഷം പോരെ അവിടെ നിന്നും ചാടുന്നത്.''
''ശരിയാണ് നിയാസിക്കാ. ഞാനും ഇതുതന്നെയാണ് പറഞ്ഞത്. പറഞ്ഞാൽ തലയിൽ കയറണ്ടേ.'' താൻ പറഞ്ഞിടത്ത് കാര്യങ്ങൾ എത്തുന്നത് കണ്ടപ്പോൾ മീര അതിൽ തൂങ്ങി.
''ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ജീവിതം നിയാസിക്കാക്ക് അറിയാമല്ലോ. അമേരിക്കക്കാരന്റെ സൗകര്യമനുസരിച്ച് പകല് രാത്രിയും രാത്രി പകലുമാക്കി നടക്കുന്നവരാണ് ഞങ്ങൾ. അതും ചെയ്തുകൊണ്ട് ഒരു ബിസിനസിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. മറ്റൊന്നിനും സമയമില്ലാതെയുള്ള ഓട്ടമാണ്. അതങ്ങനെ ഓടിത്തീർക്കലണോ അതോ സ്വപ്നത്തിനായി പൊരുതണോ എന്ന ചിന്തയാണ്. ജോലിയിൽ തുടർന്നു കൊണ്ട് ബിസിനസിനെക്കുറിച്ച് ആലോചിക്കുക ബുദ്ധിമുട്ടാണ്'' രാഹുൽ നിരാശയോടെ കസേരയിലേക്ക് ചാഞ്ഞു.

Post your comments